| പ്രേംകുമാർ
ഇടതുപക്ഷം രണ്ടാംവട്ടം അധികാരത്തിൽ വന്നാൽ അഹംഭാവം കൂടുമെന്നും അതുകൊണ്ട് കോൺഗ്രസിന് വോട്ട് ചെയ്യണമെന്നുമായിരുന്നു കോൺഗ്രസ് യൂണിയൻകാരനായിരുന്ന സി.പി.എം. വിരുദ്ധനാണെന്ന് പിന്നീട് സ്വയം പ്രഖ്യാപിച്ച കാരശ്ശേരി പറഞ്ഞിരുന്നത്. കാരശ്ശേരിയോട് പോയ് പണി നോക്കാൻ പറഞ്ഞ മലയാളികൾ ഇടതുപക്ഷത്തിന് തന്നെ വോട്ട് ചെയ്തു.
മൂന്ന് വട്ടം അധികാരം കിട്ടിയാൽ ഇടതുപക്ഷം തകർന്നേ പോവുമെന്നാണ് സച്ചിതാനന്ദൻ മാഷ് പറയുന്നത്. അടുത്ത തവണയെങ്കിലും ജയിക്കാതിരിക്കണേയെന്ന് പ്രാർത്ഥിക്കാൻ സഖാക്കളോട് താൻ പറയാറുണ്ടെന്നും പറയുന്നു മാഷ്. I keep telling my comrades – pray that next time you don’t come to power. Because that would be the end of it (Laughs).
പറയുന്നത് പിണറായി വിജയന് വരാൻ പറ്റാഞ്ഞതുകൊണ്ട് പകരക്കാരനായ് മിനിഞ്ഞാന്ന് കൃഷ്ണപ്പിള്ള സ്മൃതി സെമിനാർ ഉദ്ഘാടനം ചെയ്ത സച്ചിമാഷാണെന്നാലും അടുത്ത തവണ കെ.സുധാകരൻ മുഖ്യമന്ത്രിയാവണേയെന്ന് സഖാക്കൾ പ്രാർത്ഥിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അഥവാ പ്രാർത്ഥിച്ചാലും സഖാക്കളെ വിശ്വാസമില്ലാത്ത ദൈവങ്ങൾ പ്രസാദിക്കാനും പോവുന്നില്ല. ഇതിപ്പോ പറഞ്ഞത് സച്ചിമാഷായതുകൊണ്ട് നമ്മൾക്ക് വിട്ടു കളയാനും പറ്റില്ലല്ലോ. മൂന്നാം വട്ടം ജയിക്കാതിരിക്കാൻ എന്താണ് ചെയ്യുക. ഞാനിങ്ങനെ ആലോചിക്കുവാ. മൂന്ന് വഴികൾ മനസ്സിൽ വരുന്നുണ്ട്.
ഒന്നാം വഴി:
2026 ൽ നോട്ടിഫിക്കേഷൻ വരുമ്പോൾ പരമാവധി 69 സീറ്റിൽ മാത്രം മത്സരിക്കുക. അല്ലാണ്ട്, നോമിനേഷൻ കൊടുത്ത്, ബാലറ്റിൽ അരിവാൾ ചുറ്റിക അടിച്ചു വന്നിട്ട് കോണിക്ക് കുത്തണമെന്ന് പറഞ്ഞാൽ നാട്ടുകാർ അനുസരിക്കുമെന്നെനിക്ക് തോന്നുന്നില്ല.
രണ്ടാം വഴി:
ജനങ്ങളുടെ പക്ഷത്തുനിൽക്കുന്ന മുന്നണിയാണെന്ന് തോന്നിയതുകൊണ്ടാണ് നാട്ടുകാർ പിന്നെയും ഇടതുമുന്നണിയെ തെരഞ്ഞെടുത്തത്. ഇനിയങ്ങോട്ട് ജനവിരുദ്ധ നിലപാടുകളുമായ് മുന്നോട്ട് പോവുക. പോയിപ്പോയ് ജനങ്ങൾ വെറുത്ത്, വെറുത്ത് മാറി വോട്ട് ചെയ്യും. അങ്ങനെ വിപ്ലവം സത്യമാവും.
മൂന്നാം വഴി:
പതിവുപോലെ ഇടതുമുന്നണി മുഴുവൻ സീറ്റിലും മത്സരിക്കുക; സച്ചിതാനന്ദൻ മാഷിനെപ്പോലൊരാളിനെ നേതാവായ് ഉയർത്തിക്കാണിക്കുക. എന്താണെന്നറിയില്ല, അരിവാളായാൽപ്പോലും സാംസ്കാരികസാഹിത്യ സിങ്കങ്ങളെ സ്ഥാനാർത്ഥിയായി കണ്ടാൽ തോൽപ്പിച്ചിരിക്കും മലയാളി എന്നതാണ് ചരിത്രം.
മുന്നണിയെ ഇഷ്ടമാണെന്നാലും നേതാവിനെ വിശ്വാസമില്ലാത്തതുകൊണ്ട് ജനങ്ങൾ സുധാകരനെ മുഖ്യമന്ത്രിയാക്കിക്കൊള്ളും. സുധാകരൻ മുഖ്യനായാൽപ്പിന്നെ ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധം ഉഷാറാവും. ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ നാല് റിപ്പോർട്ടർമാരാണ് വട്ടമിട്ടിരുന്ന് സച്ചിമാഷുമായി സംസാരിച്ചത്. ഗ്രാംഷി, സ്റ്റാലിൻ, ഗാന്ധി, അംബേദ്‌കർ, മാർക്സ്, ലെനിൻ…ഇവരെയൊക്കെ പരാമർശിച്ച്, ലോകത്തിന്റെയും രാജ്യത്തിന്റെയും ഒരുമാതിരിപ്പെട്ട കാര്യങ്ങളെപ്പറ്റിയെല്ലാം മാഷ് ഗംഭീരമായ് സംസാരിക്കുന്നുണ്ട്. മലയാള മാധ്യമങ്ങളിൽ ചർച്ചയാവുന്നത് ഈ മൂന്നാംവട്ട പരാമർശം മാത്രമാണ് എന്നതാണ് ദുരന്തം. ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ദുരന്തമാണെന്ന കാര്യത്തിൽ സച്ചിമാഷിനും വിയോജിപ്പുണ്ടാവാനിടയില്ല.
രണ്ടിലധികം തവണ അധികാരത്തിൽ വന്നതുകൊണ്ടാണ് ബംഗാളിൽ ഇടതുപക്ഷം തകർന്നതെന്നും അതുകൊണ്ട് രണ്ടു തവണ പോലും അധികാരത്തിൽ വരാതിരിക്കാനാണ് ശ്രമിക്കേണ്ടതെന്നുമാണ് മാഷിന്റെ ലോജിക്.
ഇതേ ലോജിക് മാഷിന്റെ കാര്യത്തിൽ വന്നാൽ: ഇന്റർവ്യൂ കൊടുത്തത് കൊണ്ടാണ് ഇങ്ങനെയൊരു കാര്യമുണ്ടായതെന്നും അതുകൊണ്ടിനി ഇന്റർവ്യൂ തന്നെ കൊടുക്കാതിരിക്കുക എന്നതായിരിക്കണമല്ലോ. അതെന്തൊരു പോഴത്തരമാണ്? അല്ല സച്ചിമാഷേ, ബംഗാളിലായാലും റഷ്യയിലായാലും നീണ്ടകാലം അധികാരത്തിലിരുന്നപ്പോൾ വന്നുപോയ പിഴവുകളെന്തെന്ന് കണ്ടെത്തി അത് പരിഹരിക്കുക എന്നതല്ലേ ശാസ്ത്രീയ സമീപനം?
ഭീതിതമായ വേഗതയിൽ സംഘപരിവാരം ഇന്ത്യയെ ഒട്ടാകെ ഗ്രസിച്ചുകൊണ്ടിരിക്കെ അതിനെതിരെ ഉയർത്തിക്കാട്ടാവുന്ന പ്രതിരോധത്തിന്റെ നല്ലൊരു മാതൃകയായ് കേരളം ഉയർന്നു നിൽക്കുമ്പോൾ നിങ്ങളൊക്കെ ഇമ്മാതിരി പ്രാർത്ഥനകൾ നടത്തുന്നത് എന്തൊരു കോമഡിയാണ്! പരിവാറിന്റെ പിണിയാളുകളായ് മാറിക്കഴിഞ്ഞിട്ടുണ്ട് ഒരുവിധപ്പെട്ട ഇന്ത്യൻ മാധ്യമങ്ങളെല്ലാമെന്ന്, അതുകൊണ്ട് പറയുന്നതെന്തും സൂക്ഷിച്ചേ പറയാവൂ എന്ന് മിനിഞ്ഞാന്ന് രാവിലെ സച്ചിമാഷ് പ്രസംഗിക്കുന്നത് നേരിട്ട് കേട്ടിരുന്നു ഞാനും. മോഡിഫൈഡ് മീഡിയയ്ക്ക് ആഘോഷിക്കാനുള്ള സർവസാധ്യതകളുമുള്ള ആ ഒരൊറ്റ വാചകം എന്ത് ട്രാജഡിയായെന്ന് കാണാൻ ഇന്നത്തെ ഒരു പകൽ മാത്രം മതിയാവണം.
ഒരു കാര്യത്തിൽ സമാധാനമുണ്ട്. ഇടതുപക്ഷത്തിന് മൂന്നാം വട്ടമെന്നത് സാഹിത്യകാരൻമാർ വരെ സെൻസ് ചെയ്തുതുടങ്ങി. മുഹമ്മദ് റിയാസ് ഇന്നലെ പറഞ്ഞ, ഉറക്കം വരാനുള്ള ഗുളികകൾ ഇനിയും വേണ്ടി വരും. അതാണെന്ന് വെച്ചാൽ അധികം കഴിക്കുന്നത് തടിക്ക് കേടുമാണ്.



