...
Home News Kerala കേരളത്തിൽ വീണ്ടും കർഷക ആത്മഹത്യ; കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമില്ലേ?

കേരളത്തിൽ വീണ്ടും കർഷക ആത്മഹത്യ; കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമില്ലേ?

ഇത്രയൊക്കെ ആത്മഹത്യകൾ നടന്നിട്ടും അന്നമൂട്ടുന്ന കർഷകരെ സഹായിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നതാണ് സത്യം.

362

കേരളത്തിൽ കർഷക ആത്മഹത്യകൾ പുതിയൊരു സംഭവമല്ല. പല കാലങ്ങളിലായി നിരവധി കർഷകർ കേരളത്തിലെ വിവിധ ഇടങ്ങളിൽ കടക്കെണി മൂലം ആത്മഹത്യ ചെയ്തിട്ടുണ്ട്. അതാത് കാലത്തെ കാർഷിക മേഖലകളിലെ പ്രതിസന്ധികളും സാമ്പത്തിക പ്രശ്നവുമാണ് കർഷക ആത്മഹത്യകൾക്ക് ഏറ്റവും കൂടുതൽ കാരണമായി കണ്ടുവരാറുള്ളത്.

ഇത്രയൊക്കെ ആത്മഹത്യകൾ നടന്നിട്ടും അന്നമൂട്ടുന്ന കർഷകരെ സഹായിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്നതാണ് സത്യം. അത്തരം അവഗണനകളുടെ മറ്റൊരു ഇരയാണ് ആലപ്പുഴ കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി. പ്രസാദ്. കൃഷി ആവശ്യത്തിന് വായ്പക്ക് വേണ്ടി പ്രസാദ് ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പിആർഎസ് വായ്പ കുടിശ്ശിക ചൂണ്ടിക്കാട്ടി ബാങ്ക് വായ്പ അനുവദിച്ചില്ല. ഇതിൽ മനംനൊന്താണ് പ്രസാദ് ആത്മഹത്യ ചെയ്തത്.

കേരളത്തിലെ പല കർഷകരും വായ്പ എടുത്ത് വളരെ ബുദ്ധിമുട്ടിയാണ് കൃഷി ചെയ്യുന്നത്. അനുകൂല കാലാവസ്ഥയും പ്രതീക്ഷിച്ച വിളവും ലഭിക്കാതെ ഒരു വശത്ത് കർഷകർ വലയുമ്പോൾ മറുഭാഗത്ത്‌ അവർക്ക് താങ്ങാകേണ്ട സർക്കാരുകൾ അവഗണിക്കുകയാണ്. പിആർഎസ് കുടിശ്ശിക കർഷകരെ ബാധിക്കില്ലെന്നും സർക്കാർ അടയ്ക്കുമെന്നുമായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ അതൊന്നും അതുപോലെയല്ല എന്നതിന്റെ തെളിവ് കൂടിയാണിത്.

കേരളത്തിൽ ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രവണതയാണ് ആളുകളുടെ രാഷ്ട്രീയം നോക്കി സംഭവങ്ങൾക്ക് പ്രാധാന്യം നൽകുക എന്നത്. വ്യക്തിയോ സംഭവങ്ങളോ അല്ല മറിച്ച് അവരുടെ രാഷ്ട്രീയമാണ് ഇവിടെ പ്രധാനം. കർഷക ആത്മഹത്യയിലും ഈ നിലപാട് ആണ് പലരും സ്വീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ ന്യായമായി ലഭിക്കേണ്ടതൊന്നും ഇരകൾക്ക് കിട്ടില്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.