അഭിമുഖം: സി പി ശുഭ / ശ്യാം സോർബ
സി പി ശുഭ. അദ്ധ്യാപിക, മികച്ച വായന കൈമുതൽ ആക്കിയ, നിരന്തരം സമൂഹത്തിൽ ഇടപഴകുന്ന, നിരന്തരമായി മനുഷ്യരോട് സംസാരിക്കുന്ന, കൃത്യമായ രാഷ്ട്രീയ വീക്ഷണങ്ങൾ ഉള്ള, നാടകവും സിനിമയും പുസ്തകവും രാഷ്ട്രീയവും ഒക്കെ ഒരുപോലെ ഹൃദയോട് ചേർത്ത് നിൽക്കുന്ന ഒരു വ്യക്‌തിത്വമാണ്. ന്നാ താൻ കേസ് കൊട്, മോണിക്ക, പൊറാട്ട് നാടകം, ഉൾപ്പെടേ ഒരുപിടി നല്ല സിനിമകളിൽ അഭിനേത്രി എന്ന നിലയിൽ കൂടെ ശ്രദ്ധ ആകർഷിച്ച കലാകാരി കൂടിയാണ് ശുഭ ടീച്ചർ.
? അധ്യാപിക, അഭിനേത്രി, സാമൂഹിക പ്രവർത്തക, മികച്ച വായനക്കാരി, എന്നീ നിലകളിൽ എങ്ങനെയാണ് താങ്കളുടെ മേഖലകൾ സന്തുലിതമാക്കുന്നത്? ജീവിതത്തിൽ ഈ വ്യത്യസ്ത മേഖലകൾ പരസ്പ്പരം എങ്ങനെയാണ് ബന്ധിപ്പിക്കുന്നത്?
ശുഭ: ആത്യന്തികമായി പറയുമ്പോൾ മനുഷ്യനാവുക എന്നതാണ് പ്രധാനം. ഒരു പക്ഷെ നല്ലൊരു മനുഷ്യൻ ആകാൻ വേണ്ടി തന്നെ ആയിരിക്കണം ഇത്തരം മേഖലകളിൽ ഒക്കെ ഇടപെടുന്നത് എന്നെനിക്ക് തോന്നാറുണ്ട്. മനുഷ്യൻ കൂടുതൽ നല്ല മനുഷ്യൻ ആകുന്നത് സമൂഹവും കലയും എല്ലാം ആയി ബന്ധപ്പെടുമ്പോഴാണ്. എന്നെ സംബന്ധിച്ച് ഒരു അദ്ധ്യാപിക മികച്ചൊരു നടിയായിരിക്കണം, അത്യാവശ്യം പാടാൻ സാധിക്കണം, സമകാലിക സംഭവങ്ങളെ പറ്റി നല്ല ധാരണ ഉണ്ടാവേണ്ടതുണ്ട്.

വളരെ കൃത്യമായി സാമൂഹികവും രാഷ്ട്രീയപരവുമായ അറിവ് ഒരു അധ്യാപികയ്ക്ക് ഉണ്ടാകണം. അത് കുട്ടികളുടെ മുന്നിൽ അവതരിപ്പിക്കാൻ കഴിയുമാറ് അപ്‌ഡേറ്റഡ് ആയിരിക്കണം അധ്യാപകർ. അതുപോലെ തന്നെ നല്ലൊരു പദസമ്പത്ത് ഉണ്ടാവണം. ഈ പറയുന്നത് ഒക്കെ വേണം എന്നുണ്ടെങ്കിൽ നന്നായി വായിക്കണം. അതുകൊണ്ട് തന്നെ ഇവയൊക്കെ പരസ്പ്പര പൂരിതങ്ങൾ ആണ് എന്ന കാര്യത്തിൽ സംശയമില്ല.
?: താങ്കളുടെ കലാപരമായ ഇടപെടലുകൾ ഏത് തരത്തിൽ ആണ് സാമൂഹിക മാറ്റങ്ങളിലേക്ക് നയിക്കും എന്ന് കരുതുന്നത്?
ശുഭ: ചെയ്യുന്ന പ്രവർത്തികളിൽ സ്വാഭാവികമായും പലതരത്തിലുള്ള ആശയങ്ങളെയും സംഭവങ്ങളെയും തീർച്ചയായും നേരിടേണ്ടി വരും. ചെയ്യുന്ന വർക്കുകളിൽ എന്നതിൽ ഉപരിയായി ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്ന ഒരാൾ എന്ന നിലയിൽ സാമൂഹികപരമായി നല്ലത് ഉണ്ടാക്കാൻ സാധിക്കുന്ന പ്രവർത്തികളിൽ ഒക്കെയും ഇടപെട്ടു കാണിക്കുക എന്നതാണ് പ്രധാനം.
നമ്മുടെ അതിരുകളും, നമ്മുടെ സാധ്യതകളും, നമ്മുടെ പരിമിതികളും എല്ലാം കണ്ടെത്തുന്നതും തീരുമാനിക്കുന്നതും നമ്മൾ തന്നെയാണ്, അത് നമ്മൾ തന്നെ ആയിരിക്കണം. അങ്ങനെ നോക്കുമ്പോൾ നമ്മളുടെ അതിരില്ലാത്ത, നമുക്ക് കയ്യെത്താവുന്ന, നമ്മുടേതായിട്ടുള്ള ഇടങ്ങൾ ഒക്കെയും നമ്മൾ മറ്റുള്ളവർക്ക് ഉപയോഗിച്ച് കാണിക്കുക എന്ന അർത്ഥത്തിൽ ആണ് ഇത്തരത്തിലുള്ള എല്ലാ പ്രവർത്തനങ്ങളിലും അധ്യാപനത്തിലും ഒക്കെ കാണിച്ചു കൊടുക്കുന്നത്.
?: സിനിമയിലോ നാടകത്തിലോ വേഷങ്ങൾ ലഭിക്കുമ്പോൾ അത് സ്വന്തം ഐഡിയോളജിയുമായി ചേർന്ന് നിൽക്കുന്നതാണോ എന്ന പരിശോധന നടത്താറുണ്ടോ?
ശുഭ: സിനിമയിലോ നാടകത്തിലോ വരുന്ന ആശയങ്ങൾ എല്ലാം ഒന്നും പൊളിറ്റിക്കൽ കറക്റ്റ്‌നസിലൂടെ വരുന്നതൊന്നുമല്ല. അത് ചിലപ്പോ അത് മാത്രമേ ഞാൻ അവതരിപ്പിക്കു എന്ന വാശി പിടിക്കാറില്ല. അതിൽ വ്യക്തമായ കാര്യങ്ങളുണ്ട്. കഥ, സംഭവം, കഥാപാത്രം ഇതൊക്കെ ചിലപ്പോൾ ആവശ്യപ്പെടുന്നുണ്ടാകും അതൊക്കെ. ചില കഥാപാത്രങ്ങൾ ഒക്കെ ഒരുപക്ഷെ മനുഷ്യവിരുദ്ധമായിട്ടുള്ള പ്രവർത്തനങ്ങളെ പൊളിച്ചു കാണിക്കാൻ ആയിരിക്കും അങ്ങനെ രൂപപ്പെടുത്തിയിട്ടുണ്ടാവുക. അങ്ങനെ ആ അർത്ഥത്തിൽ നോക്കുമ്പോൾ, കഥയും, സംഭവവും, കഥാപാത്രവും, സംവിധായകനും ആഗ്രഹിക്കുന്ന തരത്തിൽ സമൂഹത്തിന്റെ പ്രതിച്ഛയകളുടെ ഒരു പരിച്ഛേദം എന്ന നിലയിൽ നമുക്ക് അവതരിപ്പിക്കേണ്ടി വരും.

അതൊരിക്കലും ഒരു തെറ്റായിട്ട് തോന്നുന്നില്ല. പിന്നെ നമ്മുടെ നാടിന്റെ ഭംഗി തന്നെ ബഹുസ്വരതയാണല്ലോ. ഇത്തരത്തിലുള്ള വൈവിധ്യങ്ങൾ ആയിട്ടുള്ള മനുഷ്യ ജീവനുകൾ, ചുറ്റുപാടുകളും അതിന്റെ നിറവും ഗന്ധവും ഉൾപ്പെടെ നമ്മൾ ഉൾക്കൊള്ളേണ്ടതുണ്ട്, അല്ലെങ്കിൽ അവതരിപ്പിക്കേണ്ടതുണ്ട് എന്നാണു എനിക്ക് തോന്നുന്നത്. സ്ത്രീ വിരുദ്ധമോ, മനുഷ്യ വിരുദ്ധ പരാമര്ശങ്ങളോ നമുക്ക് പരമാവധി ഒഴിവാക്കാം. പക്ഷെ ഒരു നല്ല അർത്ഥത്തിൽ ആണെങ്കിൽ അതിനെ സ്വീകരിക്കുകയും ആവാം.
?: സിനിമ, നാടക മേഖലയിൽ സ്ത്രീകളുടെ പ്രാതിനിധ്യത്തെ കുറിച്ചുള്ള താങ്കളുടെ വീക്ഷണം എന്താണ്? കൂടുതൽ മെച്ചപ്പെടുത്താൻ എന്ത് മാറ്റം കൊണ്ട് വരണം എന്നാണ് ആഗ്രഹിക്കുന്നത്?
ശുഭ: പഴയ കാലത്ത് നിന്ന് ഒരുപാട് മാറ്റങ്ങൾ നാടകങ്ങളിൽ ആയാലും സിനിമയിൽ ആയാലും വന്നിട്ടുണ്ട്. പഴയ സിനിമകൾ പലതും നമ്മൾ ഇന്ന് കാണുമ്പോൾ വീണ്ടും ചിന്തിക്കും, എന്തൊരു തെറ്റായ സന്ദേശമാണ് അന്ന് ആ സിനിമ കൊടുത്തിരുന്നത് എന്ന്. പക്ഷെ ആ കാലം അത് ആവശ്യപ്പെട്ടു, അത് കൊടുത്തു എന്ന് മാത്രമേ ഉള്ളു. സിനിമയിൽ ആയാലും നാടകത്തിൽ ആയാലും സ്ത്രീകളുടെ പ്രാധിനിധ്യം എന്നത് വർഷങ്ങൾ കഴിയുമ്പോൾ കൂടി വരുന്നുണ്ട്. വലിയ മാറ്റങ്ങൾ ആണ് ഈ മേഖലയിൽ വന്നിട്ടുള്ളത്.
നമുക്ക് അറിയുന്നത് പോലെ ഒരു കാലത്ത് നാടകങ്ങളിൽ പെൺവേഷം കെട്ടി പുരുഷന്മാർ ആണ് അഭിനയിച്ചിരുന്നത്. ഓച്ചിറ വെളുക്കുട്ടിയെ പോലെയുള്ള മഹാന്മാരുടെ ആത്മകഥകളിലൂടെ അതിനെപ്പറ്റി ഒക്കെ നമ്മകൾ മനസിലാക്കിയിട്ടുള്ളതാണ്. ആ കാലത്ത് നിന്ന് നോക്കുമ്പോൾ നാടക രംഗത്ത് ഒക്കെ ഒരുപാട് സ്ത്രീകൾ ആണ് ഇന്ന് മുന്നോട്ട് വരുന്നത്. സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നൊക്കെ പഠിച്ചിറങ്ങുന്ന, ശക്തമായ അഭിനയവും കാഴ്ചപ്പാടും മുന്നോട്ട് വെക്കുന്ന നടിമാരും വിദ്യാർത്ഥികളെയും ഒക്കെ നമുക്ക് കാണാൻ പറ്റുന്നുണ്ട്. നാടകത്തിൽ വലിയ മാറ്റങ്ങൾ ആണ് ഇതൊക്കെ, ഒപ്പം സിനിമയിലും അതെ.
ഇതിൽ ഏറ്റവും സന്തോഷമുള്ള വലിയൊരു കാര്യം എന്താണെന്ന് വെച്ചാൽ നിർമ്മാണം, സംവിധാനം, കാമറ ഉൾപ്പെടെ കൈകാര്യം ചെയ്യുന്ന രീതിയിൽ സ്ത്രീകൾ വരികയും, വലിയ മാറ്റങ്ങൾ ഇവിടെ ഉണ്ടാകുകയും ചെയ്യുന്നുണ്ട് എന്നതാണ്. ഒച്ച് വേഗത്തിൽ കുഞ്ഞു കുഞ്ഞു മാറ്റങ്ങൾ ആണ് ഇവയൊക്കെ എങ്കിലും വലിയ പ്രതീക്ഷകൾ തരുന്ന കാര്യമാണ് ഇത്.
ഉദാഹരണത്തിന് ശ്രുതി ശരണ്യം ഒക്കെ എടുത്ത സിനിമകൾ പ്രേക്ഷകര് അത്രയേറെ ആഘോഷിക്കുന്നില്ല എന്ന് കാണുമ്പോൾ ആദ്യം ഒരു ഭയം ഉണ്ടായി എങ്കിലും, ഒരുപാട് ആളുകൾ അത്തരം സിനിമകൾ ഏറ്റെടുക്കുന്നുമുണ്ട്. സർക്കാർ തലത്തിലും ഇതിനൊക്കെ സപ്പോർട്ട് ചെയ്യുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ ഉണ്ട് എന്നതും സന്തോഷമാണ്. വളരെ സാവകാശമുള്ള മാറ്റങ്ങൾ ആണെങ്കിലും മാറ്റങ്ങൾ സംഭവിക്കുന്നു എന്നത് തന്നെ വലിയ പ്രതീക്ഷയാണ്.
?: താങ്കളുടെ പ്രൊഫഷണൽ പ്രവർത്തനങ്ങളുമായോ രാഷ്ട്രീയ കാഴ്ചപ്പാടുകളുമായോ ബന്ധപ്പെട്ട വിമർശനങ്ങളെ എങ്ങനെ ആണ് കൈകാര്യം ചെയ്യാറുള്ളത്? കാഴ്ച്ചപ്പാടുകളെ മാറ്റി മറിച്ച വിമർശനങ്ങൾ ഉണ്ടായിട്ടുണ്ടോ?
ശുഭ: വിമർശങ്ങൾ ധാരളം ഉണ്ടായിട്ടുണ്ട്. നമ്മുടെ പ്രവർത്തന മേഖല ഇതാണ് എന്നിരിക്കെ നമ്മുടെ എഴുത്തുകൾ ഒക്കെ ബന്ധപ്പെടുത്തി ഒരുപാട് വിമർശങ്ങൾ വന്നിട്ടുണ്ട്. ചുറ്റുപാടുകളിൽ നിന്നും, സഹപ്രവർത്തകരിൽ നിന്നും , സുഹൃത്തുക്കളിൽ നിന്നും സമൂഹത്തിൽ നിന്നുമൊക്കെ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും നമ്മളെ തളർത്തുന്നതല്ല എന്നതാണ് സത്യം. നമ്മുടെ കാഴ്ചപ്പാടുകളെ തളർത്താനും മാറ്റിമറിക്കാനും പുറത്തുനിന്നുള്ള വിമർശനങ്ങൾക്ക് വലിയ പങ്കുണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. അഥവാ അങ്ങനെ ഉള്ള വിമർശനങ്ങൾ വരുമ്പോൾ സ്വയം വിമർശനങ്ങളാണ് അവയെ എടുക്കുകയും സ്വയം ചിന്തിക്കുകയും അത് ചിലപ്പോൾ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവെക്കാവുന്നതുമാണ്.
മാറ്റം ഇല്ലാത്തത് മാറ്റത്തിന് മാത്രമാണ് എന്ന് പറയുന്നത് പോലെ, മാറ്റം മാത്രമാണ് മാറാത്തത്. സ്വയം നവീകരിക്കാൻ ഒരുപാട് കാര്യങ്ങൾ ചെയ്യാറുണ്ട്. അതിനെ സഹായിക്കുന്നതാണ് സമൂഹവും മനുഷ്യരും ആയുള്ള ഇടപെടലുകൾ ഒക്കെ. വീട്ടിൽ ഇരിക്കുന്ന ഒരു ആളെ അല്ല ഞാൻ. മനുഷ്യരുടെ ഇടയിൽ നിരന്തരം ഇടപഴകുകയും അവയിൽ നിന്നുണ്ടാകുന്ന സൗഹൃദങ്ങൾ, ഇന്നത് ചെയ്യാം, ഇന്നത് ചെയ്യാൻ പാടില്ല, ഒരു കാര്യം ഏത് രീതിയിൽ ആണ് സമൂഹത്തെ ബാധിക്കുന്നത് എന്നൊക്കെയുള്ള തിരിച്ചറിവുകൾ സ്വയം നവീകരണത്തിന്റെ ഭാഗമായി ഉണ്ടാകും.
നമ്മളെ നമ്മൾ തന്നെ ഉണ്ടാക്കുന്ന ഒരു പ്രക്രിയയാണ്. അല്ലാതെ മറ്റുള്ളവരുടെ വാക്കുകളിൽ ആണ് മാറ്റം വരുന്നത് എന്ന് തോന്നുന്നില്ല. സ്വയം ഉലയിൽ ഇട്ട് ഊതി ഉരുക്കി എടുക്കുന്ന പ്രക്രിയയാണ്. അല്ലാതെ വിമർശനങ്ങളിൽ തളരുകയോ അഭിനന്ദനങ്ങളിൽ അധികമായി സന്തോഷിക്കുകയോ ചെയ്യാറില്ല. സ്വയം വേവിച്ചെടുത്ത് രുചിച്ച് നോക്കി ആനന്ദം കണ്ടെത്തുന്ന പ്രക്രിയയാണത്.
?: തീക്ഷണമായ ഒരു വായനക്കാരി എന്ന നിലയിൽ അത് കലാ പ്രവർത്തനങ്ങളെയും, ജീവിതത്തെയും, കാഴ്ചപ്പാടുകളെയും എങ്ങനെ ആണ് സ്വാധീനിക്കുന്നത്? ജീവിതത്തെ കാര്യമായി സ്വാധീനിച്ച പുസ്തകങ്ങളോ രചയിതാക്കളോ ഉണ്ടോ?
ശുഭ: എന്നെ ഉണ്ടാക്കിയെടുത്തതിൽ വലിയൊരു പങ്ക് പുസ്തകങ്ങൾക്ക് ഉണ്ട്. നമ്മുടെ നടത്തവും ഭാഷയും എടുപ്പും എന്ന് തുടങ്ങി എല്ലാത്തിലും, നമ്മുടെ ചലനങ്ങളിൽ പോലും എന്നെ സ്വാധീനിച്ചത് പുസ്തകങ്ങൾ ആണ്. ജീവിതം തൊട്ട പുസ്തകങ്ങൾ ഉണ്ട്. അതിൽ തന്നെ ആദ്യം പറയേണ്ടത്, ഞാൻ കുട്ടികളോടും, വായിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരോടും, ജീവിതത്തെ പേടിയോടെ കാണുന്ന മനുഷ്യരോടും ഒക്കെ നിർദ്ദേശിക്കുന്ന ഒരു പുസ്തകമാണ് ഹെമിങ്വെയുടെ കിഴവനും കടലും, അത് ഞാൻ എല്ലാവർക്കും നിർദ്ദേശിക്കുന്ന ഒരു പുസ്തകവുമാണ്.
പിന്നെ യയാതി. ഓരോ കഥാപാത്രത്തിനും അവനവന്റെ സ്വയം ആയിട്ടുള്ള, നട്ടെല്ലിൽ നിന്നുകൊണ്ട് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നായിട്ടാണ് വി എസ് കാണ്ടേക്കറിന്റെ യയാതി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ സ്ത്രീ എന്താണ് എന്ന് എത്രയോ വർഷങ്ങൾക്ക് മുൻപ് ജനങ്ങളോട് വിളിച്ചു പറഞ്ഞൊരു പുസ്തകമാണ് പ്രതോം പ്രതിശ്രുതി, ആശാ പൂർണ്ണ ദേവിയുടെ. അതിലെ സതി എന്ന കഥാപാത്രമൊക്കെ ഒരു സാധാരണ വായനക്കാരി എന്ന നിലയിൽ വലിയ ആവേശം ഉണ്ടാക്കിയ കഥാപാത്രമാണ്.
അതിനു ശേഷം വന്ന അവരുടെ ഒരുപാട് രചനകൾ. ബംഗാളി സാഹിത്യത്തിലെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരി കൂടിയാണ് ആശാ പൂർണ്ണ ദേവി. അതിനുശേഷമാണ് മഹാശ്വേതാ ദേവിയും സുനിൽ ഗംഗോപാധ്യയും ഒക്കെ അതിനു ശേഷം വരുന്ന എഴുത്തുകളാണ്. ഘട്ടകിന്റെ സിനിമകളും, രബീന്ദ്ര സംഗീതം പോലെ ബംഗാളി കലകളും സിനിമയും ഒക്കെ ഒരുപാട് ഇഷ്ട്ടമുള്ള കാര്യമാണ്. അതുപോലെ താര ശങ്കർ ബാനർജിയുടെ ആരോഗ്യ നികേതൻ, അതിലെ കഥാപാത്രങ്ങൾ ഒക്കെ എന്നും ഉള്ളിൽ കിടക്കുന്നതാണ്.
മലയാളത്തിലേക്ക് വരുമ്പോൾ മാധവിക്കുട്ടിയും ബഷീറും ഒക്കെ ഏത് കാലവും ഇഷ്ട്ടപ്പെടുത്തുന്നവരാണ്. പിന്നെ കസന്തസാക്കിസിന്റെ സോർബ ഉൾപ്പെടെ അദ്ദേഹത്തിന്റെ എല്ലാം തന്നെ, അദ്ദേഹത്തിന്റെ എഴുത്തുകൾ വലിയ പ്രതേകതകൾ ഉള്ളതാണ്. ജീവിതത്തെ ഏറ്റവും സരസമായി കാണാൻ പഠിപ്പിക്കുന്ന ഒരാളാണ്. ഫിലോസോഫിക്കൽ ആയി ചിന്തിക്കുമ്പോഴും ജീവിതത്തെ ലളിതമായി കാണുക എന്ന് പറയുന്നത് ഒക്കെ അതിഗംഭീരമാണ്.
ചെറുപ്പത്തിലേ റഷ്യൻ വിവർത്തനങ്ങൾ ഒക്കെ ഒരുപാട് വായിച്ചിട്ടുണ്ട്. ദസ്തേവ്സ്ക്കിയുടെ ഒക്കെ രചനകൾ ഒക്കെ തന്നെ ചെറിയ പ്രായത്തിൽ തന്നെ വായനയെ സ്വാധീനിച്ചവർ ആണ്. പൗലോ കൊയ്‌ലോ, മാർക്വിസ്, ആന്റൺ ചെക്കോവ്, അങ്ങനെ. പിന്നെ വീണ്ടും മലയാളത്തിലേക്ക് വരുമ്പോൾ പകരം വെക്കാൻ സാധിക്കാത്ത കുഞ്ചൻ നമ്പ്യാർ. അദ്ദേഹത്തിന് പകരം വെക്കാൻ വേറൊരു കുഞ്ചൻ നമ്പ്യാർ ഇല്ല എന്ന് തന്നെ പറയാം. വാക്കുകളെ കൊണ്ടും ആശയങ്ങളെ കൊണ്ടും ആക്ഷേപഹാസ്യം കൊണ്ടും സാഹിത്യം നിറച്ചൊരു മനുഷ്യൻ അല്ലെ.
അതുപോലെ സഞ്ചയൻ, വി കെ എൻ, അങ്ങനെ പറയുമ്പോ ആവേശം കൂടും. അതുപോലെ ആമോസ് ട്യൂട്ടുവോള, ഗോഗ്ഗോൽ, എം മുകുന്ദൻ, ഓ വി വിജയൻ എന്നിങ്ങനെ നീണ്ടു നീണ്ടു പോകും. പക്ഷെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട, പ്രിയപ്പെട്ട പുസ്തകം എന്നും ഇന്ത്യൻ ഭരണഘടനയാണ്. ഓരോ മനുഷ്യനും വായിച്ചിരിക്കേണ്ട പുസ്തകം.

?: ഇന്ത്യയിലെ സിനിമ മേഖലയിൽ നിലനിൽക്കുന്ന സെൻസർഷിപ്പിന്റെ അവസ്ഥകളെ കുറിച്ചുള്ള അഭിപ്രായം എന്താണ്? രാഷ്ട്രീയം കലയിൽ ഇടപെടുന്നതിൽ എങ്ങനെയാണു നോക്കി കാണുന്നത്?
ശുഭ: സെൻസർ ബോർഡിനെ പറ്റി അങ്ങനെ കാര്യമായി ചിന്തിച്ച ഒരാൾ അല്ല ഞാൻ, അതുകൊണ്ട് തന്നെ അതിൽ കാര്യമായി അഭിപ്രായം പറയാൻ ഞാൻ ആളല്ല. പക്ഷെ ഭരണഘടനാ വിരുദ്ധമായിട്ടും അതുപോലെ മൗലീക അവകാശ ലംഘനങ്ങളും നടത്തിയ ഒരുപാട് സംഭവങ്ങൾ നമുക്ക് സിനിമ ചരിത്രം എടുത്തു നോക്കിയാൽ കാണാം. അത്തരത്തിൽ ഉള്ള അവകാശലംഘനപരമായിട്ടുള്ള സെൻസർ ബോർഡ് നടത്തുന്ന ഇടപെടലുകൾ ശരിയല്ല എന്നും അത് മാറ്റി ചിന്തിക്കണം എന്നുമാണ് പറയാനുള്ളത്.
എല്ലാ കലാരൂപങ്ങളും, എല്ലാ ആവിഷ്ക്കാരങ്ങളും എല്ലാം തന്നെ മൗലീകമാണ്, അത് മനുഷ്യന് വേണ്ടി ഉള്ളതാണ്. അതിൽ സ്ലീല അശ്ലീലങ്ങൾ ഇല്ല എന്നാണ് എനിക്ക് പറയാനുള്ളത്. ഞാൻ പൊതുവെ കുട്ടികളോട് പറയാറുണ്ട്, തെറി പറയുക എന്നത് ഏറ്റവും മനോഹരമായിട്ടുള്ള ഒരു കാര്യമാണ് എന്നതാണ്. പക്ഷെ അത് അനുയോജ്യമായ ഇടങ്ങളിൽ ആയിരിക്കണം എന്ന് മാത്രം.
ഭാഷയിൽ സാധ്യമായിട്ടുള്ള എന്ത് തെറിയും നമുക്ക് വിളിക്കാം. അത് പ്രാദേശികമായി നമ്മൾ ഉപയോഗിക്ക ഭാഷയിൽ ഒക്കെ ആവാം. പക്ഷെ അത് ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ മാത്രം ആയിരിക്കണം. ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ടല്ലോ , അതിൽ പറയും പോലെ അസ്ഥാനത്ത് എല്ലാം വൃത്തികേടാണ്. സ്ഥാനത്ത് വരുമ്പോൾ അതൊക്കെ ഓക്കേ ആണ്. സിനിമയിൽ ഒക്കെ അത് അത്തരത്തിൽ ആവശ്യം ഉള്ളത് കൊണ്ടാണല്ലോ പലതും അവിടെ ഉപയോഗിക്കുന്നത് . അത് അപ്പാടെ സെൻസർ ബോർഡ് ഒഴിവാക്കുന്ന പ്രവണതയൊക്കെ ശരിയാണ് എന്ന് തോന്നുന്നില്ല.
?: ശക്തമായ രാഷ്ട്രീയ സന്ദേശങ്ങൾ ഉള്ള സിനിമകളോട് കേരളത്തിലെ പ്രക്ഷകർ എങ്ങനെ പ്രതികരിക്കുന്നു എന്നാണ് കരുതുന്നത്? മുൻകാലങ്ങളെ അപേക്ഷിച്ച് അതിൽ കൂടുതൽ സ്വീകാര്യത ഉണ്ടോ?
ശുഭ: സമൂഹത്തിൽ എല്ലാ കലകളിലും, നമ്മുടെ ജീവിതത്തിലും ഒക്കെ രാഷ്ട്രീയമുണ്ട്. അത് കക്ഷി രാഷ്ട്രീയമല്ല, മറിച്ച് ഒരു സമൂഹത്തിൽ നടക്കുന്ന ഒരു കാര്യത്തോട് നമ്മൾ എടുക്കുന്ന നിലപാട്, നമ്മുടെ തീരുമാനം, നമ്മുടെ മനോഭാവം ഒക്കെ ആണ് നമ്മുടെ രാഷ്ട്രീയം. കക്ഷി രാഷ്ട്രീയം അല്ലാത്ത, വ്യക്തമായിട്ടില്ല രാഷ്ട്രീയം മതത്തെയും ജാതിയെയും ഒക്കെ ചൊടിപ്പിച്ചേക്കാം, ചോദ്യം ചെയ്തേക്കാം. എനിക്ക് പറയാൻ ഉള്ളത് നിർഭയത്വം ആണ് കലാകാരന്റെ ഏറ്റവും പ്രധാനപ്പെട്ട അടയാളം എന്നതാണ്.
അത് ജനങ്ങളെ പിണക്കിയേക്കാം. നമ്മൾ എല്ലായ്പ്പോഴും പ്രേക്ഷകനെ തെറ്റിദ്ധരിക്കുന്ന ഒരു പ്രവണതയുണ്ട്. ഒരു സിനിമ വന്നാൽ അത് ചുവട് പിടിച്ച്, ട്രെൻഡ് പിടിച്ച്, വേണ്ടത് കൊടുക്കുക എന്നതിൽ അല്ലാതെ, എല്ലാം പ്രേക്ഷകന് കൊടുക്കുക എന്നതാണ്. പ്രേക്ഷകരെ ഒരിക്കലും അണ്ടർഎസ്റ്റിമേറ്റ് ചെയ്യാതെ, പ്രേക്ഷകരെ മുൻവിധിയോടെ കാണാതെ, പറയേണ്ട കാര്യങ്ങൾ, വ്യക്തമായ രാഷ്ട്രീയ ബോധ്യത്തോടെ പറയുക എന്നതാണ്. അത് എടുക്കുമ്പോൾ ചിലപ്പോൾ ഏറ്റക്കുറച്ചിൽ ഉണ്ടാകും.
വളരെ പതുക്കെ ഉള്ള ഒരു വളർച്ചയാണ് മാനസികമായി മനുഷ്യനാണ് സംഭവിക്കുന്നത്. ഭൗതീകമായ മാറ്റങ്ങൾ ഒക്കെ വളരെ പെട്ടന്ന് സംഭവിക്കുന്നതായിരിക്കും. പക്ഷെ മനുഷ്യന്റെ മാനസിക വളർച്ച ഇപ്പഴും ഒച്ചു വേഗത്തിൽ തന്നെയാണ്. ഒരു കാലത്ത് തള്ളിക്കളഞ്ഞ സിനിമകൾ പിന്നീട് ആഘോഷിക്കപ്പെടുന്നതും, ഒരുകാലത്ത് ആഘോഷിക്കപെട്ട പലതും പൊളിറ്റിക്കൽ കറക്റ്റ് അല്ല എന്ന തിരിച്ചറിവും ഒക്കെ നമ്മൾ കാണുന്നതാണ്. സഫ്‌ദർ ഹാഷ്മി പറഞ്ഞതുപോലെ, ഹല്ലാബോൽ, ഉറക്കെ പറയുക എന്ന് തന്നെ ആണ്.
?: വായനയെ ഇഷ്ട്ടപ്പെടുന്ന, വായിക്കാൻ ആഗ്രഹിക്കുന്ന, കലയെ സ്നേഹിക്കുന്ന, കൃത്യമായ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ ഉള്ള ഒരാൾ എന്ന നിലയിൽ പുതു തലമുറയോട് എന്താണ് പറയാൻ ആഗ്രഹിക്കുന്നത്?
ശുഭ: പുതു തലമുറ എന്ന പ്രയോഗം തന്നെ തമാശയായിട്ടാണ് എനിക്ക് തോന്നാറുള്ളത്. എന്നെ സംബന്ധിച്ച്, തീർത്തും വ്യക്തിപരമായ ഒരു അഭിപ്രായം പറയാം. ഓരോ നിമിഷവും ചരിത്രമായിക്കൊണ്ടിരിക്കുകയാണ്, പുതിയ തലമുറ എന്നോ, കഴിഞ്ഞ തലമുറ എന്നോ പറഞ്ഞ ഒന്നില്ല എന്ന് തോന്നുന്നു. ഇതിന്റെ ഒരു കാലഗണന എവിടുന്നാണ് എന്ന് ചിന്തിക്കുമ്പോൾ പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. ഈ പുതിയ തലമുറ എന്ന് പറയുന്നത് ഏത് കാലം തൊട്ട്, ഏത് വയസ്സ് തൊട്ട്, ഏത് പ്രായത്തിൽ ആണ് പഴയ തലമുറയാകുന്നത്. ഇതൊരു ചോദ്യമാണ്. ഞാൻ ഇപ്പഴും ഉറച്ചു വിശ്വസിക്കുന്നത് പുതിയ തലമുറ, പഴയ തലമുറ എന്നൊരു വേർതിരിവില്ല എന്ന് തന്നെയാണ്.
കുട്ടികളുടെ അടുത്ത് ഇടപഴകുന്നത് അവരിൽ ഒരാൾ ആയിട്ടാണ്. അവരുടെ തമാശകളും ഒപ്പം ഞാൻ പേടിപ്പിക്കേണ്ട കാര്യങ്ങൾ അവരുടെ ടേസ്റ്റ് അറിഞ്ഞു പഠിപ്പിക്കുക, അവരുടെ ഒപ്പം നിൽക്കുന്ന എന്ന് തന്നെയാണ്.എന്റെ സുഹൃത്തുക്കൾ എല്ലാം തന്നെ എന്റെ മക്കളുടെ പ്രായം ഉള്ളവരാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ പോലും എന്റെ രണ്ട് മക്കളാണ്. എന്റെ ഏത് കലാസാംസ്കാരിക ഇടപഴകലുകളും അങ്ങനെ ഉള്ള മനുഷ്യരാണ്. എന്ന് വെച്ച് അവരോ ഞാൻ ഇതൊരു പുതിയ തലമുറ, പഴയ തലമുറ എന്ന് കാണുന്നില്ല എന്നതാണ്. പ്രായം ഒരു ഘടകം അല്ല എന്ന് ചിന്തിക്കുന്നത് കൊണ്ട് അങ്ങനെ ഒരു തലമുറ വേർതിരിവ് ഇല്ല.
രാഷ്ട്രീയ കാഴ്ചപ്പാട് എന്നുള്ളത്, എങ്ങനെ ആണോ സാമൂഹികരണം നടക്കുന്നത്, അവർ ഇടപഴകുന്ന വീട്, സമൂഹം, സ്കൂൾ, ഈ പറയുന്ന ഇടപഴകലുകളിൽ എല്ലാം സാമൂഹീകരണം നടക്കുന്നുണ്ട്. എന്റെ ശരി നിങ്ങളുടെ ശരി ആവാത്ത കാലത്തോളം, ഉപദേശിക്കുന്ന എന്നോ, അങ്ങനെ ഒരു തലമുറയോട് പറഞ്ഞു കൊടുക്കുന്ന എന്ന ആളെയല്ല ഞാൻ. പക്ഷെ എല്ലാവരോടും നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യം ഉണ്ട്. മനുഷ്യരാവുക, മനുഷ്യരാവുക, വീണ്ടും വീണ്ടും മനുഷ്യരാവുക എന്ന് തന്നെ ആണ്.



