കോൺഗ്രസിലെ ആഭ്യന്തര ഗ്രൂപ്പ് തർക്കങ്ങൾ ഫ്ലെക്സ് യുദ്ധത്തിലേക്ക് വഴിമാറുന്നു. ഷാഫി പറമ്പിൽ എംപിയെ അനുകൂലിച്ചുകൊണ്ട് യൂത്ത് കോൺഗ്രസിന്റെ പേരിൽ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടതോടെയാണ് പോര് പുതിയ തലത്തിലെത്തിയത്.
കോഴിക്കോട് ഡിസിസി ഓഫീസിന്റെ കവാടത്തിന് മുന്നിലും ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലും ഷാഫി പറമ്പിലിന്റെ സ്വന്തം മണ്ഡലമായ വടകരയിലുമാണ് പ്രധാനമായും ഫ്ലെക്സുകൾ പ്രത്യക്ഷപ്പെട്ടത്. കോഴിക്കോടിന് പുറമെ കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ഷാഫിയെ അനുകൂലിക്കുന്ന സമാനമായ ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
ഏകദേശം ഒരു വർഷം മുമ്പ് തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സിപിഎം-കോൺഗ്രസ് സംഘർഷത്തിലും തുടർന്നുണ്ടായ പോലീസ് കയ്യാങ്കളിയിലും മൂക്കിൽ നിന്ന് രക്തം വാർന്ന് പരിക്കേറ്റുനിൽക്കുന്ന ഷാഫി പറമ്പിലിന്റെ ചിത്രമാണ് ഈ ഫ്ലെക്സുകളിൽ ഉപയോഗിച്ചിരിക്കുന്നത്. ഡിസിസി ഓഫീസിന് മുന്നിലെ ഫ്ലെക്സ് ഒരു കോൺഗ്രസ് പ്രവർത്തകൻ വന്ന് തിരിച്ചു വെക്കുകയും തുടർന്ന് എടുത്തുമാറ്റി ഓഫീസിനകത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.


