...
Home News Kerala രമേശ് പിഷാരടിയുടെ ഒഴുക്കോടെയുള്ള മലയാളവും കോൺഗ്രസും

രമേശ് പിഷാരടിയുടെ ഒഴുക്കോടെയുള്ള മലയാളവും കോൺഗ്രസും

രമേശ് പിഷാരടിയെക്കാൾ പ്രാദേശിക രാഷ്ട്രീയ പ്രവർത്തനം നടത്തിയതും തെരഞ്ഞെടുപ്പിൽ മത്സരിച്ചതും അദ്ദേഹത്തിന്റെ സുഹൃത്തായ ധർമജൻ ബോൾഗാട്ടിയാണ്. പക്ഷെ ധർമജൻ ബോൾഗാട്ടി മാര്ക്സിനെയും ഗോവിന്ദൻ മാഷിനെയും പറത്തി വിട്ടു എന്ന് പ്രസംഗിച്ചാൽ കോൺഗ്രസ് നേതാക്കൾ അത് ഇത് പോലെ അഭിമാനത്തോടെ ഷെയർ ചെയ്യില്ല.

250

| ശ്രീകാന്ത് പികെ

പിണറായി വിജയനെ മിനിസ്റ്റർ ആർ. ബിന്ദു ജൈവ ബുദ്ധിജീവി എന്ന് വിശേഷിപ്പിക്കുകയും അതിനെ തുടർന്ന് ജൈവ ബുദ്ധിജീവി അഥവാ ഓർഗാനിക് ഇന്റലക്ച്വൽ എന്ന ഗ്രാംഷിയൻ പരികല്പനയെ കുറിച്ചുള്ള ചർച്ചകളും പരിഹാസങ്ങളുമൊക്കെ നടന്ന ദിവസത്തിന്റെ വൈകുന്നേരമാണ് യൂത്ത് കോൺഗ്രസ് – കോൺഗ്രസ് നേതാവും, അടുത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായേക്കാവുന്ന രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് വേദിയിൽ വച്ച് രമേശ് പിഷാരടി പത്ത് മിനിറ്റ് പ്രസംഗത്തിൽ ‘കാൾ മാർക്സിനെ മുതൽ ഗോവിന്ദൻ മാഷിനെ വരെ പറത്തി വിട്ടു’ എന്ന കാപ്‌ഷനോട് കൂടി ഒരു പോസ്റ്റ് പങ്കു വച്ചത് കണ്ടത്.

ബുദ്ധി ജീവികളെ കുറിച്ചുള്ള ചർച്ചയിൽ ഒരു കോൺഗ്രസ് സുഹൃത്ത് ഉന്നയിച്ചത്, കമ്യൂണിസ്റ്റുകാർ മാത്രമേ പുസ്തകം വായിക്കാറുള്ളൂ എന്നതും അവർ മാത്രമാണ് ബുദ്ധിജീവികൾ എന്ന നാട്യവും കാപട്യമാണ് എന്നതും പോളിഷ്ഡ് ഭാഷയും ജാർഗൻസും ഉപയോഗിച്ച് സംസാരിച്ചാൽ ബൗദ്ധിക ശേഷി കൈവരിക്കില്ല എന്നുമാണ്. വളരെ ശരിയായ കാര്യമാണത്. ഭാഷയിലെ കൃത്രിമത്വം കൊണ്ട് മേൽക്കൈ നേടാൻ ശ്രമിക്കുന്ന കസറത്തുകളെ ഏറ്റവുമധികം തുറന്നു കാണിച്ചത് എന്റെ അറിവിൽ മാർക്സിസ്റ്റുകൾ തന്നെയാണ്.

കേരളത്തിലെ എണ്ണം പറഞ്ഞ മാർക്സിറ്റ്‌ ഇന്റലക്ച്വൽസ് ആരും വൊക്കാബുലറി ഉപയോഗിച്ച് ബൗദ്ധിക നേതൃത്വം വഹിച്ചവരല്ല. വിഷയങ്ങളുടെ പരപ്പിൽ നിന്ന് വിട്ട് ആഴത്തിലേക്ക് പോയി, അവയെ ചരിത്രപരവും വൈരുധ്യാത്മകവുമായ രീതി ശാസ്ത്രത്തിലൂടെ സമീപിച്ച് വിഷയത്തിന്റെ സത്ത കണ്ടെത്തുകയും പുതുതായി ഒരു ചിന്ത അവതരിപ്പിക്കുകയും ചെയ്ത് കൊണ്ടാണ്. സാഹിത്യമാകട്ടെ, സംസ്കാരമാകട്ടെ, സാമ്പത്തിക രംഗമാകട്ടെ, രാഷ്ട്രീയമാകട്ടെ ; മാർക്സിസ്റ്റ് വീക്ഷണമെന്നത് വ്യതിരക്തമാണ്.

രമേശ് പിഷാരടി പൊതുവെ അദ്ദേഹത്തിന്റെ തൊഴിൽ മേഖലയിൽ നിന്ന് നമ്മൾ കേട്ടിട്ടുള്ള മനുഷ്യരുമായി താരതമ്യം ചെയ്താൽ നേരത്തെ പറഞ്ഞ കോൺഗ്രസ് സുഹൃത്തിന്റെ ഭാഷയിൽ ‘മെച്ചപ്പെട്ട മലയാളം’ സംസാരിക്കുന്ന വ്യക്തിയാണ്. വളരെയധികം വാചാലനായി സംസാരിക്കുന്ന അദ്ദേഹത്തിന് ഒഴുക്കോടെ മലയാളം വരും. അത് കൊണ്ട് തന്നെയാണ് ശരാശരി കോൺഗ്രസുകാർക്ക് അയാൾ പറയുന്നത് എന്തോ കൂടിയ കാര്യമായി തോന്നുന്നത്. സത്യത്തിൽ ഭാഷയെ കൊണ്ടോ വൊക്കാബുലറി കൊണ്ടോ ബൗദ്ധിക ശേഷി കൈവരിക്കും എന്ന് വിശ്വസിക്കുന്നത് വലതുപക്ഷക്കാർ മാത്രമാണ്, കോളേജുകളിലെ എസ്.ഐ.ഓ കാരുടെ വർത്തമാനം കേട്ട് അവരെന്തോ കൂടിയ കാര്യമാണ് പറയുന്നതെന്ന് തെറ്റിദ്ധരിച്ച അനേകം പേരുണ്ട്.

ഗോവിന്ദൻ മാഷിനെ തത്കാലം മാറ്റി നിർത്താം എന്ന് വെച്ചാലും, രമേശ് പിഷാരടി കാൾ മാർക്സിനെ പറത്തി വിട്ടു എന്ന് ടൈപ്പ് ചെയ്യാനും അത് പോസ്റ്റ് ചെയ്യാനും യാതൊരു ചളിപ്പും തോന്നാത്ത, അല്ലെങ്കിൽ അങ്ങനെയൊരു തോന്നലുണ്ടാക്കാൻ ശേഷിയുള്ള തലച്ചോറില്ലാത്ത കൂട്ടത്തിനാണ് രാഹുൽ മാങ്കൂട്ടത്തിൽ നേതാവാകുന്നത്. അവരെ സംബന്ധിച്ച് കാൾ മാർക്സ് എന്നത് കേട്ട് കേൾവി മാത്രമുള്ള ഏതോ നാട്ടിലെ ‘അന്തം കമ്മി’ മാത്രമാണ്.

കോൺഗ്രസുകാർക്ക് ഒരു വിഷയത്തെ ബൗദ്ധികമായി സമീപിക്കേണ്ട യാതൊരു ബാധ്യതയുമില്ല, അങ്ങനെയൊരു ബാധ്യതയുണ്ടായാൽ തന്നെ അതിനായൊരു രീതി ശാസ്ത്രം കൈമുതലായില്ല, അവരെ സംബന്ധിച്ച് ഭരണം പിടിക്കുക എന്നതാണ് രാഷ്ട്രീയ പ്രവർത്തനത്തിന്റെ പരമമായ ലക്ഷ്യം. അത്തരക്കാർക്ക് പ്രസംഗങ്ങൾ മാത്രമാണ് ആകെ ഊർജ്ജം നൽകുന്ന ഘടകം, ആ അർത്ഥതിൽ രമേശ് പിഷാരടിയുടെ പ്രസംഗം അവർ ആഘോഷിക്കുന്നതിന്റെ കുറ്റം പറയാൻ പറ്റില്ല. പക്ഷെ അപ്പോഴും ഈ കൂട്ടത്തോടാണ് ഗ്രാംഷിയൻ പരികല്പനയെ കുറിച്ചും ധൈഷണിക സങ്കൽപ്പനത്തെ കുറിച്ചുമൊക്കെ കമ്യൂണിസ്റ്റുകാർ സംസാരിക്കേണ്ടത് എന്ന ഗതികേടാണ്.

രമേശ് പിഷാരടിയെക്കാൾ പ്രാദേശിക രാഷ്ട്രീയ പ്രവർത്തനം നടത്തിയതും തെരഞ്ഞെടുപ്പിൽ മത്സരിച്ചതും അദ്ദേഹത്തിന്റെ സുഹൃത്തായ ധർമജൻ ബോൾഗാട്ടിയാണ്. പക്ഷെ ധർമജൻ ബോൾഗാട്ടി മാര്ക്സിനെയും ഗോവിന്ദൻ മാഷിനെയും പറത്തി വിട്ടു എന്ന് പ്രസംഗിച്ചാൽ കോൺഗ്രസ് നേതാക്കൾ അത് ഇത് പോലെ അഭിമാനത്തോടെ ഷെയർ ചെയ്യില്ല. അതിന് കാരണമെന്താണെന്ന് സ്വയം ആലോചിച്ചാൽ മതി. രമേശ് പിഷാരടിയുടെ അഭിമുഖങ്ങളിൽ സന്തോഷ് ജോർജ്ജ് കുളങ്ങരയും ഇ. ശ്രീധരനും ഏതോ പഴയ ഐ.എ.എസുകാരനുമൊക്കെയാണ് മന്ത്രിമാരായി വരരേണ്ടതെന്ന് പറയുന്നത് കേട്ടിട്ടുണ്ട്.

ഈ അടുത്ത നരേന്ദ്രമോദി കേരളത്തിൽ വന്നപ്പോൾ നേരിട്ട് കണ്ടു ആഹ്ലാദിച്ചു നടൻ ഉണ്ണി മുകുന്ദനിട്ട പോസ്റ്റിൽ മഹത്തായ നിലയിൽ ‘മോഡിഫൈഡ്’ ചെയ്ത ഉണ്ണി മുകുന്ദനെ അഭിനന്ദിച്ചു കൊണ്ട് അദ്ദേഹം കോമന്റിട്ടത് കണ്ടു. കോൺഗ്രസുകാർക്ക് എല്ലാം കൊണ്ടും മുന്നോട്ട് വെക്കാവുന്ന നല്ലൊരു ഓപ്‌ഷനാണ് രമേഷ് പിഷാരടി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.