...
Home News Kerala സമൂഹ മാധ്യമത്തിലൂടെ മതസ്പർദ്ധ വളർത്തൽ; കളമശ്ശേരി സ്ഫോടനത്തിൽ എടുത്തത് 54 കേസുകൾ

സമൂഹ മാധ്യമത്തിലൂടെ മതസ്പർദ്ധ വളർത്തൽ; കളമശ്ശേരി സ്ഫോടനത്തിൽ എടുത്തത് 54 കേസുകൾ

ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 26 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

124

മതത്തിന്റെ പേരിൽ പല നാടുകളിലും ആളുകൾ തമ്മിൽ തല്ലുകയും കൊല്ലുകയും ചെയ്യുമ്പോൾ കേരളത്തിൽ ജീവിക്കാൻ സാധിക്കുന്നതിനെ ഒരു ഭാഗ്യമായി കാണുന്നവരായിരുന്നു മലയാളികൾ. എന്നാൽ സമീപകാലത്ത് സമൂഹമാധ്യമങ്ങളിലൂടെ ഇത്തരത്തിൽ മത തീവ്രവാദ സ്വഭാവമുള്ള പ്രൊഫൈലുകൾ കാണാൻ തുടങ്ങി. എന്നാൽ അതൊന്നും യഥാർത്ഥ പേരിൽ ഉള്ളതല്ല എന്നതാണ് വസ്തുത. പല മതക്കാരുടെ പേരിൽ ഉണ്ടാക്കിയിട്ടുള്ള പ്രൊഫൈലുകളാണ് അവ. ഇത്തരം അക്കൗണ്ടുകളിൽ നിന്നാണ് സമൂഹത്തിൽ മതപരമായ വിദ്വേഷത്തിന്റെ വിത്തുകൾ ഇത്തരക്കാർ മുളപ്പിക്കുന്നത്.

കളമശ്ശേരി ബോംബ് സ്‌ഫോടനത്തെത്തുടര്‍ന്ന് മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലും സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തിലും സമൂഹമാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് ഇപ്പോൾ പോലീസിന്റെ കണക്കുകൾ പറയുന്നത്. അതിൽ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 26 കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

എറണാകുളം സിറ്റിയില്‍ 10, എറണാകുളം റൂറലിലും തിരുവനന്തപുരം സിറ്റിയിലും അഞ്ച് വീതം കേസുകളുണ്ട്. തൃശൂര്‍ സിറ്റിയിലും കോട്ടയത്തും രണ്ടുവീതവും പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് റൂറല്‍ ജില്ലകളില്‍ ഒന്നു വീതവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കളമശ്ശേരി സ്‌ഫോടനത്തെത്തുടര്‍ന്ന് വ്യാജസന്ദേശങ്ങള്‍ നിര്‍മ്മിക്കുകയും സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താന്‍ മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും പ്രത്യേകനിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹികമാധ്യമങ്ങളിലെ സൈബര്‍ പട്രോളിങ്ങും മറ്റ് നിയമനടപടികളും തുടര്‍ന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

വ്യാജ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അവര്‍ ഉപയോഗിച്ച ഐ.പി വിലാസം കണ്ടെത്തി നല്‍കാന്‍ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹികമാധ്യമസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനും തുടര്‍നടപടി സ്വീകരിക്കുന്നതിനുമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക സംഘങ്ങളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.