...
Home News Kerala സ്വർണ്ണക്കടത്തും സ്വപ്നയുടെ കിടപ്പറയും തമ്മിൽ എന്താണ് ബന്ധം?

സ്വർണ്ണക്കടത്തും സ്വപ്നയുടെ കിടപ്പറയും തമ്മിൽ എന്താണ് ബന്ധം?

സോളാർ അഴിമതി കേസിലെ പ്രതി സരിത ഉടുത്ത സാരിയുടെ നിറവും സരിതയ്‌ക്കിഷ്‌ടപ്പെട്ട പെർഫ്യൂമും വരെ ചർച്ചയാക്കി മലയാളി ആൺ പൊതുബോധത്തെ കോരിത്തരിപ്പിച്ചവരാണ് നിങ്ങൾ

524

| ശ്രീജ നെയ്യാറ്റിൻകര

മാധ്യമങ്ങളോടാണ്, ക്രൈമുകളിൽ ഉൾപ്പെടുന്ന സ്ത്രീകളെ ഒരു ലൈംഗിക വസ്തുവാക്കി ചിത്രീകരിച്ച് ലൈംഗിക ദാരിദ്ര്യം പിടിപെട്ട പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന പണി നിങ്ങൾ ഇന്നും ഇന്നലേയും തുടങ്ങിയതല്ല … സ്ത്രീ ഉൾപ്പെടുന്ന കുറ്റ കൃത്യങ്ങളിൽ അവളുടെ കിടപ്പറ തേടിപ്പോകുന്ന പണി നിങ്ങൾ നിർത്താൻ പോകുന്നില്ല എന്നുമറിയാം .

സോളാർ അഴിമതി കേസിലെ പ്രതി സരിത ഉടുത്ത സാരിയുടെ നിറവും സരിതയ്‌ക്കിഷ്‌ടപ്പെട്ട പെർഫ്യൂമും വരെ ചർച്ചയാക്കി മലയാളി ആൺ പൊതുബോധത്തെ കോരിത്തരിപ്പിച്ചവരാണ് നിങ്ങൾ … സോളാർ അഴിമതി കേസിൽ ആരൊക്കെ ഉൾപ്പെട്ടു അങ്ങനൊരു അഴിമതിയിൽ അന്നത്തെ ഭരണകൂടം ഏതൊക്കെ വിധത്തിൽ പങ്കാളിയായി എന്നൊക്കെ അറിയേണ്ടതിന് പകരം സരിത ആരോടൊക്കെ ലൈംഗിക ബന്ധം പുലർത്തിയിരുന്നു ലൈംഗിക ബന്ധം പുലർത്തുമ്പോൾ ആർക്കൊക്കെ മുട്ട് വേദന വന്നു എന്നൊക്കെ കണ്ടെത്തി മലയാളി ആൺ പൊതുബോധത്തെ ഇക്കിളിപ്പെടുത്താനായിരുന്നു നിങ്ങൾക്ക് താല്പര്യം.

സോളാർ കേസിലെ പുരുഷ പ്രതികളുടെ പേരുകളെങ്കിലും പൊതുബോധത്തിന്റെ ഓർമ്മയിലിപ്പോഴുണ്ടോ …? പക്ഷേ സരിത എന്ന പേര് എവിടെ കേട്ടാലും മലയാളിക്ക് ആദ്യം ഓർമ്മയിൽ തെളിയുന്നത് സോളാർ കേസിലെ പ്രതി സരിതയെ ആണെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല … അത്രയ്ക്കും സരിതയെ മലയാളി പൊതുബോധം ആഘോഷിച്ചിട്ടുണ്ട്..

സ്വപ്നയിലേക്ക് വരാം , സ്വപ്ന കുറ്റാരോപിതയായ സ്വർണ്ണക്കടത്ത് കേസ് എന്താണെന്ന് പോലും മലയാളി പൊതുബോധത്തിന് കൃത്യമായി അറിയുമോ എന്നറിയില്ല . മനസിലാകാഞ്ഞിട്ട് ചോദിക്കുകയാണ് ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് നികുതി വെട്ടിച്ചു കൊണ്ട് നടത്തിയ സ്വർണ്ണക്കടത്തും സ്വപ്നയുടെ കിടപ്പറയും തമ്മിൽ എന്താണ് ബന്ധം?

മുൻ മന്ത്രി കെ ടി ജലീലും മുൻ സ്പീക്കർ ശ്രീരാമ കൃഷ്ണനും സ്വർണ്ണക്കടത്തിന്റെ ഭാഗമായിട്ടുണ്ടോ എന്നാണറിയേണ്ടത് അല്ലാതെ അവരുമായി സ്വപ്ന ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്നറിയേണ്ട കാര്യം എനിക്കില്ല ഉണ്ടെങ്കിലും ഇല്ലെങ്കിലും അതവരുടെ സ്വകാര്യ വിഷയം.

ശിവശങ്കരനും സ്വപ്നയും തമ്മിലുള്ള വ്യക്തി ബന്ധത്തിന്റെ ആഴവും പരപ്പും ഒന്നും എനിക്കറിയണ്ട അയാൾ അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നോ അല്ലയോ എന്നതും പിന്നീട് ചതിക്കപ്പെട്ടതും മറ്റൊരു വിഷയമാണ് …. അറിയേണ്ടത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരൻ ഏതെങ്കിലും വിധത്തിൽ സ്വർണ്ണക്കടത്തിൽ പങ്കാളി ആയിട്ടുണ്ടോ എന്നാണ് … അതുവഴി മുഖ്യ മന്ത്രിയുടെ ഓഫീസ് ക്രിമിനൽ ഗൂഡാലോചനകൾക്ക് വേദിയായോ എന്നാണ്.

അതിനുമപ്പുറം സ്വപ്ന ആർക്കൊപ്പം കിടന്നു ആർക്കൊപ്പം മദ്യപിച്ചു എന്നതൊന്നും ഇവിടെ വിഷയമേയല്ല … അതൊക്കെ അവരുടെ സ്വകാര്യ വിഷയങ്ങൾ മാധ്യമങ്ങളോട് ഒന്നേ പറയാനുള്ളൂ ക്രൈമുകളിൽ ഉൾപ്പെടുന്ന സ്ത്രീകളുടെ ഉടലുകൾ പൊതുബോധത്തിന്റെ ലൈംഗിക ദാരിദ്ര്യത്തിന്റെ ഫ്രസ്ട്രേഷൻ തീർക്കാൻ വേണ്ടി അവറ്റകളുടെ തീന്മേശയിൽ വിളമ്പി വയ്ക്കരുത്.

പൊതുബോധത്തിനത് രുചികരമായ ഭക്ഷണമായിരിക്കും എന്നാൽ ഏതൊരു കുറ്റവാളിക്കും സ്വകാര്യതയുണ്ട് അത് അവരുടെ ഭരണഘടനാവകാശവും അത്‌ നിങ്ങൾ മറക്കരുത്. സ്വർണ്ണക്കടത്ത് കേസും സോളാർ അഴിമതി കേസും കോളിളക്കം സൃഷ്ടിച്ചത് ആ ക്രൈമുകളിൽ ഒക്കെയും സ്ത്രീകൾ ഉൾപ്പെട്ടു എന്നതുകൊണ്ടാണ് . അഥവാ അവർ ചെയ്ത കുറ്റകൃത്യത്തേക്കാൾ ചർച്ച ചെയ്യപ്പെട്ടത് അവരുടെ ശരീരവുമായി ബന്ധപ്പെട്ട സ്വകാര്യതകളായിരുന്നു എന്ന് സാരം. നാട്ടിൽ റേപ്പിസ്റ്റുകളേയും പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളേയും വളർത്തുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് ചെറുതല്ല

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.