...
Home News International ജനപ്രിയ വീഡിയോ ചാറ്റിങ് വെബ്സൈറ്റിന് വിട; സേവനം അവസാനിപ്പിച്ച് ഓമേഗിൾ

ജനപ്രിയ വീഡിയോ ചാറ്റിങ് വെബ്സൈറ്റിന് വിട; സേവനം അവസാനിപ്പിച്ച് ഓമേഗിൾ

ലോകത്തിന്റെ ഏത് കോണിൽ നിന്നും അപരിചിതരായ ആളുകൾക്ക് പരസ്പരം വീഡിയോ ചാറ്റുകൾ ചെയ്യാം എന്നതായിരുന്നു ഇതിന്റെ പ്രത്യേകത.

236

ഇന്റർനെറ്റിൽ വീഡിയോ ചാറ്റിങ് ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ വളരെ വേദനയോടെയാണ് ഓമേഗിൾ സ്ഥാപകൻ ലീഫ് കെ ബ്രൂക്സിന്റെ പോസ്റ്റ്‌ കണ്ടത്. 14 വർഷത്തെ പ്രവർത്തനങ്ങൾക്ക് ഒടുവിൽ വീഡിയോ ചാറ്റിങ് വെബ്സൈറ്റായ ഒമേഗിൾ സേവനം അവസാനിപ്പിക്കുന്നു എന്നതായിരുന്നു ആ വാർത്ത. 23.5 മില്യൺ ഉപഭോക്താക്കളാണ് ഒമേഗിളിനുള്ളത്. എക്സ് പ്ലാറ്റഫോമിലൂടെയാണ് ഓമേഗിൾ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന കുറിപ്പ് ബ്രൂക്സ് പങ്കുവെച്ചത്. ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾക്ക് പരസ്പരം കണ്ട് സംസാരിക്കാനുള്ള ഈ വെബ്സൈറ്റ് 2009ലാണ് ആരംഭിച്ചത്.

ഒമേഗിളിന്‍റെ ദുരുപയോഗവും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ചെലവും മാനസികസമ്മർദവുമാണ് പ്രവർത്തനം അവസാനിപ്പിക്കാൻ പ്രേരിപ്പിച്ചതെന്നാണ് ബ്രൂക്സ് പറയുന്നത്. 2009ൽ തന്റെ പതിനെട്ടാം വയസിലാണ് ലീഫ് കെ ബ്രൂക്സ് ഓമേഗിൾ ആരംഭിക്കുന്നത്. ലോകത്തിന്റെ ഏത് കോണിൽ നിന്നും അപരിചിതരായ ആളുകൾക്ക് പരസ്പരം വീഡിയോ ചാറ്റുകൾ ചെയ്യാം എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. ആളുകളുടെ വ്യക്തി വിവരങ്ങളോ മറ്റ് യാതൊരു വിവരങ്ങളോ നൽകേണ്ടതില്ല എന്നത് ഓമേഗിളിന് ഉപഭോക്താക്കളെ ആകർഷിക്കാൻ വഴിയൊരുക്കി.

കോവിഡ് കാലത്താണ് ഓമേഗിൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് ഉണ്ടായത്. ഓമേഗിൾ വഴി നടത്തിയ രസകരമായ വീഡിയോ ചാറ്റുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. നിരവധി മലയാളികളും ഈ വെബ്സൈറ്റ് പ്രയോജനപ്പെടുത്തിയിരുന്നു. എന്നാൽ അത് ചില മോശം കാര്യങ്ങൾക്ക് ഉപയോഗിച്ചതോടെ ഓമേഗിളിന്റെ പേരും കളങ്കപ്പെടാൻ തുടങ്ങിയിരുന്നു. അശ്ലീല പ്രദർശനം, വംശീയത, പീഡോഫീലിയ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഓമേഗിളിനെതിരെ പരാതികൾ ഉയർന്നിരുന്നു. ഇത്തരം ചില പ്രവർത്തങ്ങൾ കാരണമാണ് ഓമേഗിൾ പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതമായത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.