അടിമുടി പരിഷ്‌കരണങ്ങളുമായി സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ്. കാർ ഉൾപ്പെടെയുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ ലൈസൻസ് ലഭിക്കാൻ ഗ്രൗണ്ടിൽ ഇനി ‘H’ എടുത്താൽ മാത്രം മതിയാകില്ലെന്നതാണ് പ്രധാന മാറ്റം. ഇരുചക്ര വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിന് കാൽപ്പാദങ്ങൾ ഉപയോഗിച്ച് ഗിയർ മാറ്റുന്ന (Manual) വാഹനങ്ങൾ നിർബന്ധമാക്കി. ഓട്ടോമാറ്റിക് ഗിയർ ഷിഫ്റ്റുള്ള വാഹനങ്ങൾക്കും വൈദ്യുതവാഹനങ്ങൾക്കും ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പുതിയ ഉത്തരവ് ഗതാഗത കമ്മീഷണർ എസ്. ശ്രീജിത്ത് പുറത്തിറക്കി. മാറ്റങ്ങൾ മെയ് ഒന്ന് മുതൽ നിലവിൽ വരും.
മോട്ടോർ സൈക്കിൾ ലൈസൻസിനായുള്ള റോഡ് ടെസ്റ്റ് വാഹന ഗതാഗതമുള്ള റോഡിൽ നടത്തണം. ഗ്രൗണ്ടിൽ ടെസ്റ്റ് നടത്തുന്നത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി കണക്കാക്കും. ഡ്രൈവിങ് സ്‌കൂളുകളുടെ വാഹനങ്ങളുടെ കാലാവധി 15 വർഷമാക്കി നിജപ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിലവിൽ 15 വർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങൾ മെയ് ഒന്നിന് മുമ്പായി ഒഴിവാക്കി പകരം വാഹനങ്ങൾ ഏർപ്പെടുത്താനും ഉത്തരവിൽ നിഷ്കർഷിക്കുന്നു.
ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിലെ ഗ്രൗണ്ട് ടെസ്റ്റിൽ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ ഉൾപ്പെടുത്താനും നിർദേശിക്കുന്നു. ഡ്രൈവിങ് ടെസ്റ്റ് കമ്പ്യൂട്ടറൈസ്ഡ് ഡ്രൈവിങ് ട്രാക്കിൽ നടക്കുന്ന ഇടങ്ങളിൽ ആംഗുലാർ പാർക്കിങ്, പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ്, ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവ പ്രത്യേകം ട്രാക്കിൽ പരിശോധിക്കണം.
കേന്ദ്ര-സംസ്ഥാന സർക്കാരുകളോ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ബോർഡുകളോ അംഗീകാരം നൽകിയിട്ടുള്ള സ്ഥാപനങ്ങൾ നടത്തുന്ന മോട്ടോർ മെക്കാനിക്ക് അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് കോഴ്‌സ് വിജയിച്ചവർക്ക് മാത്രമായിരിക്കും ഡ്രൈവിങ് സ്‌കൂളുകളിൽ പരിശീലനം നൽകാൻ പറ്റുകയുള്ളുവെന്നും ഉത്തരവിൽ പറയുന്നു. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവർത്തനത്തെ അടിമുടി മാറ്റുന്ന ഉത്തരവാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.



