| മിഥുൻ ബാബു സഞ്ജയ്
പാകിസ്ഥാൻകാർക്ക് കാശ്മീർ, പാകിസ്ഥാന്റെ ഭാഗമാക്കണം, ഇന്ത്യക്കാർക്കും കാശ്മീർ ഇന്ത്യയുടെ ഭാഗമാക്കണം… രണ്ടു രാജ്യക്കാർക്കും ഒരേപോലെ വികാരമാണ് കാശ്മീർ. പക്ഷേ നമ്മളെപ്പോഴെങ്കിലും കാശ്മീരികളുടെ വികാരത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ ? അവർക്ക് ഏത് രാജ്യത്തിന്റെ ഭാഗമാവാനാണ് താല്പര്യം എന്നു ചിന്തിച്ചിട്ടുണ്ടോ ?
” ഇത്ര ചിന്തിക്കാനെന്തിരിക്കുന്നു… ഇന്ത്യയുടെ ഭാഗമവാൻ തന്നെ താല്പര്യം.. ” എന്നായിരിക്കും പലരുടെയും ഉത്തരം. എന്റെയും ഉത്തരം അങ്ങനെ തന്നെയായിരുന്നു… കുറച്ചു ദിവസങ്ങൾക്ക് മുൻപ് കാശ്മീർ സന്ദർശിക്കുന്നത് വരെ.. കശ്മീരികളോട് നേരിട്ടു സംസാരിക്കുന്നത് വരെ.
“ഞങ്ങൾക്ക് ഇന്ത്യയോടൊപ്പവും ചേരണ്ട പാകിസ്ഥാനോടൊപ്പവും ചേരണ്ട.. ഞങ്ങൾക്ക് സ്വതന്ത്ര്യമാണ് വേണ്ടത്…” “രണ്ടു രാജ്യക്കാരും ഇലക്ഷനു വോട്ട് നേടാനുള്ള പ്രചാരണ വസ്തുവായിട്ടാണ് ഞങ്ങടെ കാശ്മീരിനെ കാണുന്നത്…”
“ഞങ്ങൾക്ക് നല്ല സ്കൂളുകളില്ല, മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്ല, ഭൂരിഭാഗം പ്രദേശത്തും നല്ല റോഡുകളോ ഗതാഗത സൌകര്യങ്ങളോ ഇല്ലാ….ഭൂരിഭാഗം പ്രദേശത്തും 2g നെറ്റ് വർക്കാണു.. .”
“ആർട്ടിക്കിൾ പിൻവലിച്ചത്തിന്റെ പേരിൽ ഇവിടെ കലാപം ഉണ്ടായി.. അതിൽ ഭൂരിഭാഗവും അവർ തന്നെ സൃഷ്ടിച്ചതാണ്.. എന്നിട്ടു ഒരു കാര്യവുമില്ലാതെ 8 മാസത്തോളം ഇവിടുത്തെ മൊബൈൽ സംവിധാനവും ഇന്റർനെറ്റും വിച്ഛേദിച്ചിട്ടു.. എന്തിന് ? ഇവിടെ നടക്കുന്ന സത്യം പുറം ലോകം അറിയാതെ ഇരിക്കാൻ. മോദിക്ക് ഇലക്ഷൻ പ്രചാരണത്തിന് കൊഴുപ്പ് കൂട്ടാൻ കുറച്ചു വെടിയൊച്ചകളും പ്രത്യാക്രമണങ്ങളും വേണം.. അതിനു മാത്രം ഞങ്ങൾ…. “
“ഇലക്ഷൻ വരുമ്പോൾ രണ്ടു രാജ്യത്തെയും മന്ത്രിമാർ പല പ്രഖ്യാപനങ്ങളും നടത്തും.. ‘ഞങ്ങൾ ജയിച്ചു കഴിഞ്ഞാൽ കാശ്മീരിന് വേണ്ടി അത് ചെയ്യും.. ഇത് ചെയ്യും..’ എന്നൊക്കെ. എന്നിട്ട് ഇലക്ഷൻ കഴിഞ്ഞാലോ, പിന്നെ ആരും തിരിഞ്ഞു നോക്കാറില്ല.. ”
ഇതെല്ലാം പലർ എന്നോടു പറഞ്ഞ വാക്കുകളാണ്. ഇന്ത്യൻ സേന പിൻവാങ്ങുന്നതിനെ പറ്റിയും, പാകിസ്ഥാൻ കാശ്മീർ കൈയടക്കുന്നതിനെ പറ്റിയും ഞാൻ ചോദിച്ചപ്പോൾ, എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞ കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്.
“ഇന്ത്യൻ സേന പിൻവാങ്ങിയാൽ, പാകിസ്ഥാൻ ആ നിമിഷം കാശ്മീർ ആക്രമിച്ചു കീഴടക്കും. പാകിസ്ഥാന്റെ കയ്യിൽ കാശ്മീർ കിട്ടിയാൽ തീർന്നു.. എല്ലാം തീർന്നു.. ഞങ്ങടെ നാട് നാശമാവും.. ഈ ഒരു സാഹചര്യത്തിൽ കാശ്മീർ ഇന്ത്യയുടെ കയ്യിൽ തന്നെയിരിക്കുന്നതാണു സേഫ്…”
ഇതെല്ലാം സാധാരണക്കാരുടെ വാക്കുകളാണ്.. കുറച്ചും കൂടി അഭ്യസ്തവിദ്യരായിട്ടുള്ളവർക്കു കുറച്ചും കൂടി യാഥാർഥ്യ ബോധത്തോടെയുള്ള മറുപടികളാണു പറഞ്ഞത്.
“യാതൊരു റിസോഴ്സ്കളുമില്ലാത്ത കാശ്മീർ സ്വതന്ത്ര രാജ്യമായാൽ, അതിജീവിക്കില്ല.. അതുകൊണ്ടു ഇന്ത്യയെ പോലൊരു രാജ്യം കശ്മീരിന്റെ കൂടെ വേണം. അത്, നിലവിൽ ഉള്ള രീതിയിലോ, അല്ലെങ്കിൽ നേപ്പാളിനെയും ഭൂട്ടാനിനെയും പോലെ ഇന്ത്യയയുടെ തണലിൽ കഴിയുന്ന രാജ്യമായിട്ടോ ആവണം… ”
ഒരു കാര്യം എനിക്കു മനസ്സിലായി. അവർക്ക് ഇന്ത്യയിൽ നിന്നു സ്വാതന്ത്ര്യം വേണം.. പക്ഷേ ഇന്ത്യയോടോ ഇന്ത്യക്കാരോടോ ദേഷ്യമൊന്നുമില്ല.. പക്ഷേ പാകിസ്ഥാനേ അവർക്ക് വേണ്ട.
ഒരുപക്ഷേ, മാറി മാറി വന്ന സർക്കാരുകൾ കാശ്മീരിനെ മറ്റ് സംസ്ഥാനങ്ങളെ പോലെ പരിപാലിച്ചിരുന്നെങ്കിൽ., അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുത്തിരുന്നെങ്കിൽ, അവിടം ഒരു കലാപ ഭൂമിയാക്കില്ലായിരുന്നെങ്കിൽ, തീവ്രവാദത്തിന്റെ പേരിൽ അവരുടെ സ്വസ്ഥ ജീവിതം നശിപ്പിച്ചില്ലായിരുന്നെങ്കിൽ.., അവർ ഒരിക്കലും ഇന്ത്യയിൽ നിന്നു വേർപ്പെട്ടു നിൽക്കാൻ ആഗ്രഹിക്കില്ലായിരുന്നു എന്നാണ് തോന്നിയത്.
എന്തൊക്കെയായാലും ആർട്ടിക്കിൾ 370 പിൻവലിച്ച്, കശ്മീരിനെയും, മറ്റ് സംസ്ഥാനങ്ങളെ പോലെ പരിഗണിച്ചല്ലോ എന്നൊരു ആശ്വാസത്തോടെ, മടക്കയാത്രക്കായി ശ്രീനഗർ എയർ പോർട്ടിൽ എത്തി, ലോഞ്ചിൽ കയറാൻ ചെന്ന് ക്രെഡിറ്റ് കാർഡ് കൊടുത്തപ്പോൾ, അവിടുന്നൊര് മറുപടി- “പ്രയോരിറ്റി പാസ്സ് വേണം സർ.. അല്ലെങ്കിൽ പെയ്ഡ് പാസ്സ് എടുക്കണം..”
“പ്രയോരിറ്റി പാസ്സ് എന്തിന് ? അത് ഇന്ത്യക്ക് പുറത്തുള്ള എയർപോർട്ടുകളിൽ പോരേ.. എന്റെ ഈ കാർഡിൽ കോംപ്ലിമെന്ററി ലോഞ്ച് ആക്സസ് ഉള്ളതാണ്.. ” “ഇന്ത്യൻ ക്രെഡിറ്റ് കാർഡുകളിലെ ലോഞ്ച് ആക്സസ് ഇവിടെ കശ്മീരിൽ വാലീഡല്ലാ സർ…. ”
ഇന്ത്യയുടെ ഭാഗമെന്ന് അവകാശപ്പെടുന്ന കാശ്മീരിലെ എയർപോർട്ടിൽ, വിദേശ എയർപോർട്ടിൽ മാത്രം അവിശ്യം വരുന്ന പ്രയോറിറ്റി പാസ്സ് വേണമെന്ന് !!! അപ്പോ കാശ്മീര് ഇന്ത്യയുടെ ഭാഗമല്ലേ.. ?? അർട്ടിക്കിൾ 370-ഉം, വാദങ്ങളും, ഇന്ത്യയുടെ മാപ്പിലെ കശ്മീരും, എല്ലാം മറ്റുള്ള ഇന്ത്യക്കാരുടെ കണ്ണിൽ പൊടിയിടൽ മാത്രമാണോ…. ?
എന്റെ കയ്യിൽ പ്രയോറിറ്റി പാസ്സ് ഉണ്ടായിരുന്നെങ്കിലും, അത് അവിടെ ഉപയോഗിക്കാൻ മനസ്സ് വന്നില്ല. ഞാൻ തിരികെ നടന്നു.. കുറേയേറെ ചോദ്യങ്ങളുമായി, സംശയങ്ങളുമായി, ഓരോ യാത്രയും തരുന്ന പുതിയ കുറെ അനുഭവങ്ങളുമായി..



