...
Home News Kerala ജാതി വെറിയാൽ ഇരുളടഞ്ഞ മനയല്ല; നവോത്ഥാനത്തിന്റെ വെളിച്ചമുൾക്കൊള്ളുന്ന ചരിത്രവീടാണത്

ജാതി വെറിയാൽ ഇരുളടഞ്ഞ മനയല്ല; നവോത്ഥാനത്തിന്റെ വെളിച്ചമുൾക്കൊള്ളുന്ന ചരിത്രവീടാണത്

ക്ഷയിച്ച കാലഘട്ടത്തിൽ നമ്പൂതിരി മന വിൽക്കാൻ തീരുമാനിക്കുമ്പോൾ അത് വാങ്ങിയത് ചെത്തു തൊഴിലാളി യൂണിയനാണ് . ഗാന്ധിയെ പുറത്തിരുത്തിയ മനയ്ക്ക് കാലം കരുതി വച്ചത് അതായിരുന്നു.

260

| ശ്രീജ നെയ്യാറ്റിൻകര

കെ സുരേന്ദ്രനോട്‌ ചരിത്രം പഠിക്കാൻ പറയുന്നത് പോലൊരു മണ്ടത്തരം വേറെയില്ലാത്തത് കൊണ്ട് അത് പറയുന്നില്ല. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുക്കാൻ വന്ന ഗാന്ധി സന്ദർശിച്ച വീട് ( ‘ഇണ്ടംതുരുത്തി മന’ ) സി പി ഐ ഓഫീസ് ആണെന്നും അത് സർക്കാർ തിരിച്ചെടുക്കണമെന്നുമാണ് സുരേന്ദ്രന്റെ ആവശ്യം .

ഗാന്ധിയെ കൊന്ന് കളഞ്ഞ ചരിത്രമാണ് സുരേന്ദ്രൻ പേറുന്ന പ്രത്യയ ശാസ്ത്രത്തിനുള്ളത് . അതേ ഗാന്ധിയെ ബ്രഹ്മണനല്ലാത്തത് കൊണ്ട് പ്രവേശിപ്പിക്കാത്ത ചരിത്രമുള്ള ഇണ്ടം തുരുത്തി മനയെയാണ് ഇന്ന് ഗാന്ധി സന്ദർശിച്ച വീടെന്നും അതേറ്റെടുക്കണം എന്നും സുരേന്ദ്രൻ പറഞ്ഞത് . വൈക്കം സത്യാഗ്രഹ വേളയിൽ മന സന്ദർശിച്ച ഗാന്ധിക്ക് ജാതി വാദികൾ അഥവാ സവർണ്ണ ഭീകരത പ്രവേശനം നിഷേധിച്ച ചരിത്രമാണ് ആ മനയ്ക്കുള്ളത്.

ഇന്ന് ആ വീട് എ ഐ ടി യു സിയുടെ വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയൻ ഓഫീസാണ് .. അഥവാ ആ വീടിന്റെ ചരിത്രം നവോത്ഥാന സമരത്തിന്റെ ചരിത്രമാണ് പേറുന്നത് . ചാതുർവർണ്യം കൊടി കുത്തിവാണിരുന്ന കാലഘട്ടത്തിൽ താണ ജാതിയിൽ പെട്ട മനുഷ്യർക്ക് വിദ്യാഭ്യാസം ചെയ്യാനോ എന്തിനേറെ പൊതുവഴിയിലൂടെ സഞ്ചരിക്കാനോ പോലും കഴിയാത്ത സാമൂഹ്യ സാഹചര്യത്തിൽ വൈക്കം ക്ഷേത്രത്തിലേക്കുള്ള വഴികൾ അവർണർക്ക് തുറന്നു കൊടുക്കണമെന്ന ആവശ്യം ഉന്നയിച്ചു നടന്ന നവോത്ഥാന സമരമായിരുന്നു വൈക്കം സത്യാഗ്രഹം .

ആ സത്യാഗ്രഹത്തിന് പിന്തുണയർപ്പിക്കാനാണ് ഗാന്ധി വൈക്കത്തെത്തുന്നത്.സമരത്തെ എതിർക്കുന്ന സവർണ ചേരിക്ക് നേതൃത്വം നൽകുന്നത് ഇണ്ടം തുരുത്തി മനയുടെ കാരണവർ നീലകണ്ഠൻ നമ്പൂതിരിയായിരുന്നു . അയാളെ കണ്ട് കാര്യങ്ങൾ സംസാരിച്ച് സമരം പരിഹരിക്കാൻ പോയ ഗാന്ധിയെ മനയ്ക്കുള്ളിലേക്ക് കയറ്റാതെ പുറത്തിരുത്തിയാണ് നീലകണ്ഠൻ നമ്പൂതിരി സംസാരിച്ചത് . അതിനായയാൾ ഒരു പൂമുഖം നിർമിച്ചു എന്ന് ചരിത്ര പുസ്തകങ്ങൾ അടയാളപ്പെടുത്തുന്നു. ചർച്ച കഴിഞ്ഞ് ഗാന്ധി മടങ്ങുമ്പോൾ മന ശുദ്ധികലശം നടത്തിയതും ചരിത്രമാണ്.

ക്ഷയിച്ച കാലഘട്ടത്തിൽ നമ്പൂതിരി മന വിൽക്കാൻ തീരുമാനിക്കുമ്പോൾ അത് വാങ്ങിയത് ചെത്തു തൊഴിലാളി യൂണിയനാണ് . ഗാന്ധിയെ പുറത്തിരുത്തിയ മനയ്ക്ക് കാലം കരുതി വച്ചത് അതായിരുന്നു. ഇതാണ് ചരിത്രം എന്നിരിക്കെ മനയെ തിരിച്ചു പിടിക്കണം എന്ന് പറഞ്ഞു കൊണ്ട് കെ സുരേന്ദ്രൻ ചെന്നാൽ ഓട് സുരേന്ദ്രാ കണ്ടം വഴി എന്ന് പറയാനുള്ള ആർജ്ജവം നവോത്ഥാന ചരിത്രം അറിയുന്ന ഓരോ മലയാളിക്കുമുണ്ട് . ജാതി വെറിയാൽ ഇരുളടഞ്ഞ മനയല്ല ഇന്നത് നവോത്ഥാനത്തിന്റെ വെളിച്ചമുൾക്കൊള്ളുന്ന ചരിത്രവീടാണത്

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.