Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
വികസനത്തിനുവേണ്ടി കുടിയൊഴിയേണ്ടിവന്ന ജനതകളുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട് | Nalamidam
20 September 2026
Home News Kerala വികസനത്തിനുവേണ്ടി കുടിയൊഴിയേണ്ടിവന്ന ജനതകളുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്

വികസനത്തിനുവേണ്ടി കുടിയൊഴിയേണ്ടിവന്ന ജനതകളുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്

വികസനപരിപാടികൾ ആസൂത്രണം ചെയ്യുമ്പോൾ പട്ടിണികിടക്കുന്നവനേക്കാൾ പരിഗണിക്കേണ്ടത് പണിയെടുക്കുന്നവനെയാണ്. കാരണം അവനാണ് സമൂഹത്തെ ബാധിക്കുന്ന ഭീകരമായ "ദാരിദ്ര്യരോഗം" മാറ്റുന്നയാൾ.

511

| അശോകൻ ചരുവിൽ

കെ.റെയിൽ പദ്ധതിയെ അനുകൂലിക്കുന്ന ആളാണ് ഞാൻ. ആധുനിസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വേഗതയേറിയ ഗതാഗതസൗകര്യങ്ങൾ ഉപയോഗിക്കാൻ അർഹതയും യോഗ്യതയുള്ളവരാണ് കേരളത്തിലെ ജനങ്ങൾ എന്നു ഞാൻ കരുതുന്നു. പട്ടിണികിടക്കുന്നവന് കെ.റെയിൽ കൊണ്ടെന്ത് കാര്യം എന്നാണ് ചിലർ ചോദിക്കുന്നത്. വികസനപരിപാടികൾ ആസൂത്രണം ചെയ്യുമ്പോൾ പട്ടിണികിടക്കുന്നവനേക്കാൾ പരിഗണിക്കേണ്ടത് പണിയെടുക്കുന്നവനെയാണ്. കാരണം അവനാണ് സമൂഹത്തെ ബാധിക്കുന്ന ഭീകരമായ “ദാരിദ്ര്യരോഗം” മാറ്റുന്നയാൾ.

പദ്ധതിയെ അനുകൂലിക്കുമ്പോൾ തന്നെ അതുമൂലം കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രശ്നങ്ങളെപ്പറ്റി ഞാൻ ആശങ്കാകുലനായിരുന്നു. കാരണം വികസനത്തിനുവേണ്ടി കുടിയൊഴിയേണ്ടിവന്ന ജനതകളുടെ ചരിത്രം നമ്മുടെ മുന്നിലുണ്ട്. എന്നാൽ അനുഭവത്തിൻ്റെ വെളിച്ചത്തിൽ ആ ആശങ്ക മാറിയിരിക്കുന്നു. ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി ഭൂമിനഷ്ടപ്പട്ടവർക്ക് ഈയിടെ ലഭിച്ച നഷ്ടപരിഹാരമാണ് ആ അനുഭവം. ദേശീയപാത എൻ്റെ അയൽ ഗ്രാമത്തിലൂടെയാണ് കടന്നു പോകുന്നത്. പാതവികസിപ്പിക്കുന്നതിനും ഭൂമിഏറ്റെടുക്കുന്നതിനുമെതിരെ നിരന്തര സമരങ്ങൾ അവിടെ നടന്നിരുന്നു.

സി.പി.ഐ.എം.എൽ, ആർ.എം.പി (തളിക്കുളം), ഹിന്ദു / മുസ്ലീം തീവ്രവാദസംഘങ്ങൾ, ഒരുവിഭാഗം പരിസ്ഥിതിപ്രവർത്തകർ ഒത്തുചേർന്നാണ് സമരങ്ങൾ നടത്തിയത്. ന്യായമായ വില ഭൂമിക്ക് കിട്ടും എന്ന വാഗ്ദാനം സ്വീകരിക്കാൻ സമരക്കാർ തയ്യാറായില്ല. സമരംമൂലം ഭൂമി ഏറ്റെടുക്കലും പാതാവികസനവും വർഷങ്ങൾ വൈകി സമരക്കാരുടെ പ്രചരണത്തിന് വശംവദരായി നഷ്ടപരിഹാരം കിട്ടില്ല എന്നു കരുതി തങ്ങളുടെ ഭൂമി തീരെ കുറഞ്ഞവിലക്ക് വിറ്റ് സ്ഥലം വിട്ടവരുണ്ട്.

ഇപ്പോൾ ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം കൊടുത്തുകൊണ്ടിരിക്കുകയാണ്. എൻ്റെ ഒരു സുഹൃത്ത് കഴിഞ്ഞദിവസം വിളിച്ചിരുന്നു. ഏറ്റെടുക്കാൻ പോകുന്ന 3 സെൻ്റ് ഭൂമിക്ക് അദ്ദേഹത്തിന് 32 ലക്ഷം രൂപ വില കിട്ടി എന്നറിയിക്കാൻ വിളിച്ചതാണ്. അദ്ദേഹം അതുകൊണ്ട് വീട് പുതുക്കിപ്പണിയാൻ പോകുന്നു. പലർക്കും കോടിക്കണക്കിന് രൂപ കിട്ടിയതിൻ്റെ കഥയും അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് ബൂം ഇല്ലാതായി ഭൂമിവില തീരെകുറഞ്ഞ സാഹചര്യത്തിലാണ് ഇതെന്ന് ഓർക്കണം.

ദേശീയപാതാ സ്ഥലമെടുപ്പ് സംരംഭത്തേക്കാൾ മികച്ച വില കെ-റെയിലിനുവേണ്ടി ഭൂമി നഷ്ടപ്പെടുന്നവർക്ക് ലഭ്യമാക്കും എന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. എങ്കിൽപോലും ജനിച്ചുവളർന്ന ഭൂമിയിൽ നിന്നു മാറിതാമസിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന മാനസീകവും സാമൂഹികവുമായ പ്രശ്നങ്ങൾ കൂടി പരിഹരിക്കേണ്ടതുണ്ട്. തൊഴിൽ നഷ്ടപ്പെടുക എന്നതാണ് അതിൽ പ്രധാനം. അതുകൂടി പരിഹരിക്കാൻ കെ.റെയിൽ അധികാരികൾ ശ്രദ്ധിക്കണം.