| ശ്രീജ നെയ്യാറ്റിൻകര
ഏത് കോടതി കുറ്റ വിമുക്തനാക്കിയാലും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡന വീരൻ തന്നെയാണ് . സിസ്റ്റർ അനുപമയ്ക്കും കൂട്ടർക്കും ഐക്യദാർഢ്യം നൽകിക്കൊണ്ട് എറണാകുളം വഞ്ചി സ്ക്വയറിൽ സമരം ചെയ്ത ഒരു സ്ത്രീ എന്ന നിലയിൽ പറയട്ടെ സ്ത്രീകളെ ബലാൽസംഗം ചെയ്യുന്ന പാതിരിമാരെ ഏത് കോടതി പ്രോസിക്യൂഷന്റെ സഹായത്തോടെ കുറ്റവിമുക്തനാക്കിയാലും കാലം കുറ്റവിമുക്തനാക്കില്ല. ഫ്രാങ്കോ മുളയ്ക്കലിനെ പീഡന വീരൻ എന്ന് തന്നെ കാലം അടയാളപ്പെടുത്തും.പോരാട്ടങ്ങൾ നിലച്ചിട്ടില്ല.
ഇനി കുറച്ചു ചരിത്രം കൂടെ പറയട്ടെ, മധ്യകാല ലോക ചരിത്രത്തിൽ ‘വിച്ച്’ എന്നൊരു മനോഹര പദത്തെ കുറിച്ചും ഒടുവിൽ ആ പദത്തെ തന്നെ വികലമാക്കിയ ക്രൈസ്തവസഭയെ കുറിച്ചും അടയാളപ്പെടുത്തിയിട്ടുണ്ട് . വിച്ച് എന്ന പദത്തിനർത്ഥം ‘ജ്ഞാന വൃദ്ധ ‘എന്നായിരുന്നത്രെ. ബിഷപ്പിനേക്കാളും പോപ്പിനേക്കാളും ജ്ഞാനമുള്ള, സ്നേഹത്തിന്റെ തത്വശാസ്ത്രമറിയാവുന്ന ആയിരക്കണക്കിന് സ്ത്രീകൾ അവരെയാണ് ‘വിച്ച് ‘എന്ന് വിശേഷിപ്പിച്ചിരുന്നത്.
അറിവുള്ള ഈ സ്ത്രീകൾ ക്രമേണ ക്രൈസ്തവ സഭയുടെ പ്രതിയോഗികളും തലവേദനയുമായി മാറി … അവരുടെ അറിവുകളിൽ നിന്നുയിർ കൊണ്ട കഴിവുകൾക്ക് മുന്നിൽ ക്രൈസ്തവ സഭ നിസഹായരായിപ്പോയി അറിവും കഴിവും ഇല്ലെങ്കിലും സഭയ്ക്ക് ഒന്നുണ്ടായിരുന്നു അധികാരം. ആ അധികാരം ഉപയോഗിച്ച് സഭ ജ്ഞാനികളായ ഈ സ്ത്രീകളെ ഉന്മൂലനം ചെയ്യാൻ തീരുമാനിച്ചു. അതിനായവർ ഒരു പ്രത്യേക കോടതിക്ക് പോലും രൂപം കൊടുത്തു.
അങ്ങനെ അറിവും പ്രതികരണശേഷിയും കൊണ്ട് സമൂഹത്തിൽ സ്വാധീനമുണ്ടായിരുന്ന സകല സ്ത്രീകളേയും സഭ നിയോഗിച്ച അധികാരികൾ പിടികൂടി ക്രൂരമായി പീഡിപ്പിച്ചു . ഇതിനിടയിൽ മിസ്റ്റിക് പോലെ അർത്ഥമുണ്ടായിരുന്ന ‘വിച്ച്’എന്ന വാക്കിന്റെ വിവക്ഷയെ തന്നെ സഭ മാറ്റിയിരുന്നു. ജ്ഞാന വൃദ്ധ എന്ന മനോഹര അർത്ഥത്തെ മാറ്റി ‘ചെകുത്താനുമായി വേഴ്ചയിലേർപ്പെടുന്നവൾ ‘ എന്നാക്കി ‘വിച്ച് ‘എന്ന വാക്കിന്റെ അർത്ഥത്തെ മാറ്റി പൗരോഹിത്യ നരാധാമന്മാർ .
അങ്ങനെ അറിവ് നേടിയ ഈ സ്ത്രീകളെ വേട്ടയാടി പിടിച്ച് നിരന്തരം ക്രൂരമായ പീഡനങ്ങൾക്ക് വിധേയരാക്കി ചെകുത്താനുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നവരാണ് തങ്ങളെന്ന് ആ സ്ത്രീകളെ കൊണ്ട് തന്നെ പറയിപ്പിച്ച് പോപ്പിന്റെ പ്രത്യേക കോടതിയിൽ ഹാജരാക്കും. ക്രിസ്തീയ വിശ്വാസത്തിന്റെ കണ്ണിൽ ഏറ്റവും ഹീന കുറ്റകൃത്യമായ ചെകുത്താനുമായി വേഴ്ച നടത്തിയ സ്ത്രീകൾക്കുള്ള ശിക്ഷ കോടതി വിധിക്കും. ജീവനോടെ ചുട്ടു കൊല്ലലാണ് ശിക്ഷ. അറിവ് നേടിയ ആയിരക്കണക്കിന് സ്ത്രീകളെ അഥവാ നേടിയ അറിവ് കൊണ്ട് തങ്ങൾക്ക് നേരെ ശബ്ദമുയർത്തിയ സ്ത്രീകളെ അവർ എഴുതിയ പുസ്തകങ്ങളെയടക്കം ക്രിസ്തുമതം ഉന്മൂലനം ചെയ്ത ചരിത്രമാണിത്. അഥവാ ഒരു സ്ത്രീയും ഇനി അറിവ് നേടാൻ ധൈര്യപ്പെടരുത് എന്ന സന്ദേശം കൂടെയാണത്.
ക്രിസ്ത്യൻ പൗരോഹിത്യത്തിന് ഇത്തരത്തിൽ നാറിയ പല ചരിത്രങ്ങളുമുണ്ട് . ക്രിസ്തുമതം കൊന്നു കുഴിച്ചു മൂടിയ അനേകായിരം പെണ്ണുങ്ങളുടെ ചരിത്രം കൂടെ അടങ്ങിയതാണ് ക്രൈസ്തവ സഭാ ചരിത്രം. ഇനി ഇന്നത്തെ കോടതി വിധിയിലേക്ക് വരാം .
ഇനി ഒരു കന്യാസ്ത്രീയും ബിഷപ്പുമാരുടെ ലൈംഗികാക്രമണത്തിനെതിരെ മിണ്ടാൻ ധൈര്യപ്പെടരുത് എന്ന താക്കീത് കൂടെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസിൽ കോടതി ഇന്ന് പുറപ്പെടുവിച്ച വിധി. ഈ വിധി എങ്ങനെയാണ് ആരുടെ സഹായത്തോടെയാണ് ഫ്രാങ്കോ മുളയ്ക്കൽ നേടിയെടുത്തത് എന്നല്ലേ, തീർച്ചയായും അധികാരത്തെ കൈപ്പിടിയിലൊതുക്കി ആ പീഡനവീരൻ നേടിയെടുത്ത വിധിയാണിത്.
സഹപ്രവർത്തകയെ ബലാൽസംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്ത പേട്ടന് ആശ്വാസം നൽകുന്ന വിധി കൂടെയാണിത്. പണവും സ്വാധീനവും ഉള്ള ആർക്കും പെൺ ശരീരങ്ങളെ വേട്ടയാടാൻ പ്രേരിപ്പിക്കുന്ന വിധിയാണിത് . സത്യം ജയിച്ചു എന്ന് പറയുന്ന ബിഷപ്പ് ഫ്രാങ്കോ അസത്യം മാത്രം ചെയ്തവനാണ് .
അതുകൊണ്ടുതന്നെ ഇവിടെ സംഭവിച്ചത് അസത്യത്തിന്റെ താൽക്കാലിക വിജയം മാത്രമാണ്. ആ വിജയം നശ്വരമാണ് ഫ്രാങ്കോ മുളയ്ക്കലേ എന്ന് പതറാതെ, ഭയപ്പെടാതെ,ശുഭാപ്‌തി വിശ്വാസത്തോടെ, പുഞ്ചിരിയോടെ പറയാൻ സിസ്റ്റർ അനുപമയ്ക്കും സുഹൃത്തുക്കൾക്കും കഴിയണം.കഴിയും . ദുഷ്‌ടനെ പന പോലെ വളർത്തും എന്നത് ബൈബിൾ വചനമാണല്ലോ.



