‘മൃദുഭാവേ, ദൃഢകൃത്യേ’ എന്ന സംസ്‌കൃത പദമാണ് പോലീസിന്റെ ആപ്തവാക്യം. ‘Gentle in manner, Firm in action’ എന്നതാണ് ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ. അധികാരവും സമ്പത്തും ഉള്ളവരോട് മൃദുഭാവവും നിരപരാധികളായ പാപങ്ങൾക്ക് നേരെ ദൃഢ കൃത്യവും എന്നതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഷേർ ഷ-യുടെ കോത്വാളുമാരെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യൻ പോലീസിന്റെ രൂപീകരണമെങ്കിലും ലണ്ടനിലെ ജനങ്ങൾ ‘തൊലിപൊളിപ്പന്മാർ’ എന്ന് വിളിച്ചിരുന്ന ‘ബോസ്റ്റിക് റണ്ണേഴ്‌സി’ന്റെ പാരമ്പര്യമാണ് ഇന്ത്യയിൽ പിന്തുടർന്നത്.
ബ്രിട്ടീഷുകാർ സ്വന്തം രാജ്യത്ത് നടപ്പിലാക്കിയ പോലീസ് നയം പോലുമല്ല ഇന്ത്യ പോലുള്ള കോളനി രാജ്യങ്ങളിൽ നടപ്പാക്കിയത്. മുൻകൂട്ടി ജനങ്ങളെ ശത്രുപക്ഷത്ത് നിർത്തുന്ന ‘ഐറിഷ് കോൺസ്റ്റുബുലറി’യാണ് ഇവിടെ നടപ്പാക്കിയത്. 1947ന് ശേഷവും വലിയ മാറ്റമില്ലാതെ ഈ നയം തുടരുകയാണ്.
1957ൽ ഇ.എം.എസ്-ന്റെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിൽ അധികാരത്തിലേറ്റപ്പോൾ ഇത്തരത്തിലുള്ള പോലീസ് നയം പൊളിച്ചെഴുതാൻ ശ്രമങ്ങൾ ആരംഭിച്ചു. തൊഴിൽ സമരങ്ങളിൽ പോലീസ് ഇടപെടാൻ പാടില്ല എന്ന വിപ്ലവകരമായ പ്രഖ്യാപനമായിരുന്നു അത്. ജന്മി-മാടമ്പിമാരുടെ ഗുണ്ടാപ്പടയുടെ റോളാണ് അന്ന് പോലീസ് നിർവഹിച്ചിരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾ ആചരിക്കുന്ന പുന്നപ്ര-വയലാർ, കയ്യൂർ, കരിവള്ളൂർ, മൊറാഴ, ഒഞ്ചിയം, മുനയംകുന്ന്, പാടിക്കുന്ന്, ശൂരനാട് തുടങ്ങിയ രക്തസാക്ഷി ദിനങ്ങളെല്ലാം ഓർമ്മപ്പെടുത്തുന്നത് പോലീസിന്റെ ക്രൗര്യത്തേയും നിയമവിരുദ്ധ പ്രവർത്തനങ്ങളേയുമാണ്.
ആ ഓർമ്മകൾ പിൻപറ്റുന്ന പ്രസ്ഥാനത്തിന്റെ നേതാവ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയുമായിരിക്കുമ്പോൾ വരാപ്പുഴ, നെടുങ്കണ്ടം പോലെയുള്ള സംഭവങ്ങൾ ആവർത്തിക്കുന്നത് ഒട്ടും ഭൂഷണമല്ല. പോലീസ് ലോക്കപ്പ് മർദ്ദനങ്ങൾക്ക് ഇരയായ ഒരാൾ രാജ്യം ഭരിക്കുമ്പോൾ ഇതൊരിക്കലും ആവർത്തിക്കാൻ പാടില്ലാത്തതാണ്.
വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളും(നിലമ്പൂർ, വൈത്തിരി) ലോക്കപ്പ് കൊലപാതകങ്ങളും തുടങ്ങി, ഇങ്ങേ അറ്റം മൊഫിയയുടെ ആത്മഹത്യ വരെ ഇടതുപക്ഷ സർക്കാരിന് ഭൂഷണമായ നടപടികളല്ല. “നിയമസമാധാനം മനുഷ്യനുവേണ്ടിയുള്ളതാണ്, അല്ലാതെ മനുഷ്യൻ നിയമസമാധാനത്തിന് വേണ്ടിയുള്ളതല്ല” – ഫ്രഞ്ച് വിപ്ലവ കാലത്തെ ഫ്രഞ്ച് നിയമ കൗൺസിലിന്റെ ഈ പ്രസ്താവന ഇടതുപക്ഷ ഭരണകർത്താക്കൾ ഓർക്കുന്നത് നല്ലതാണ്.
‘കാക്കിയണിഞ്ഞ സംഘടിത ക്രിമിനൽ സംഘം’ എന്ന് ജസ്റ്റീസ് എഎൻ മുള്ള ഇന്ത്യൻ പോലീസിനെ വിശേഷിപ്പിച്ചത്, ബീഹാറിലെ ബഗൽപൂരിൽ തടവുകാരുടെ കണ്ണ് കുത്തിപ്പൊട്ടിച്ച പൈശാചിക സംഭവത്തെ തുടർന്നാണ്. (The State Of Uttar Pradesh vs Mohammad Naim)
“ഇപ്പോൾ ഇവർ(ഇന്ത്യൻ പോലീസ്) സമൂഹത്തിന്റെ ശാപവും ജനങ്ങളുടെ കഷ്ട്ടപ്പാടുകളുടേയും അതൃപ്തിയുടെയും ഉറവിടവുമാണ്”. ബ്രിട്ടീഷ് ഇന്ത്യയിലെ പോലീസ് ക്രൂരതകളെ കുറിച്ച് 1855ൽ ടോർച്ചർ കമ്മീഷൻ രേഖപ്പെടുത്തിയതാണ് ഇത്.
ചരിത്രപരവും അതിന്റെ പിന്തുടർച്ചയും നോക്കിയാൽ, ഈ സംഘടിത ക്രിമിനൽ സംഘത്തിന്റെ സംസ്ഥാനത്തെ തലവനാണ് ആഭ്യന്തരമന്ത്രി എന്ന് പറയേണ്ടിവരും.



