...
Home News Kerala ഹൃദ്യം പദ്ധതി: റിപ്പോർട്ടറിൽ എന്ത് കൊണ്ട് ഈ വാർത്ത ഇങ്ങനെ വന്നു; ഷാഹിന പറയുന്നു

ഹൃദ്യം പദ്ധതി: റിപ്പോർട്ടറിൽ എന്ത് കൊണ്ട് ഈ വാർത്ത ഇങ്ങനെ വന്നു; ഷാഹിന പറയുന്നു

ഇത്രയും ഗുരുതരമായ ഒരു ആരോപണത്തെ കുറിച്ച് സർക്കാരിൻ്റെ പ്രതികരണമേയില്ല വാർത്തയിൽ. ആരോഗ്യ മന്ത്രിയെയോ,ആരോഗ്യ വകുപ്പ് സെക്രട്ടറിയെയോ, അല്ലെങ്കിൽ ഹൃദ്യം പദ്ധതിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെയോ ഫോണിൽ ഒന്ന് വിളിച്ചാൽ കിട്ടാത്തതാണോ?

359

സംസ്ഥാന സർക്കാരിന്റെ ‘ഹൃദ്യം’ പദ്ധതി വഴി ഹൃദയത്തിനു തകരാറുകളുമായി ജനിക്കുന്ന ആയിരക്കണക്കിനു കുട്ടികളെ രക്ഷിച്ചെടുക്കുമ്പോൾ അതിനെതിരെ റിപ്പോർട്ടർ ചാനലിൽ വന്ന വാർത്ത വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. പദ്ധതി സ്വകാര്യ ആശുപത്രികൾക്ക് ലാഭമുണ്ടാക്കിക്കൊടുക്കാനാണെന്ന് റിപ്പോർട്ടർ ചാനൽ പുറത്തുവിട്ടത്.

എങ്ങിനെയെങ്കിലും നല്ല റേറ്റിങ്ങ് സ്ഥാപിച്ചെടുക്കാനുള്ള തത്രപ്പാടിൽ ചെയ്യുന്ന ഇതുപോലെയുള്ള വാർത്തകൾക്കും ഹൃദ്യം പദ്ധതിയുടെ വാർത്തയ്ക്ക് പിന്നിലെ വാസ്തവത്തെക്കുറിച്ചും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നിരിക്കുകയാണ് പ്രശസ്ത മാധ്യമ പ്രവർത്തക കെകെ ഷാഹിന.

കെകെ ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:

ഹൃദ്യം പദ്ധതി .
രണ്ട് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ആണല്ലോ ‘ പ്രത്യേക അന്വേഷണ സംഘം’ പുറത്ത് വിട്ടത്. ഒന്ന് സ്വകാര്യ ആശുപത്രികളിലേക്ക് കോടികൾ ഒഴുകുന്നു. എത്ര കോടി എന്ന് വാർത്തയിൽ ഇല്ലായിരുന്നല്ലോ. ചുമ്മാ ഫോൺ എടുത്ത് കുത്തി നാല് പേരെ വിളിക്കാൻ കപ്പാസിറ്റി ഉള്ള ഏതൊരു മാധ്യമ പ്രവർത്തകനും കിട്ടാവുന്ന വിവരമാണ്. KJ Jacob അദ്ദേഹത്തിൻ്റെ പോസ്റ്റിൽ ആ വിവരങ്ങൾ പറഞ്ഞിരുന്നു. 57 കോടി. ആറ് വർഷം. 6100 സർജറി. അപ്പോ ആ കഥ കഴിഞ്ഞു.

ശ്രീ ചിത്തിരയെ ഒഴിവാക്കി എന്നായിരുന്നല്ലോ മറ്റൊരു ആരോപണം. അതെന്ത് കൊണ്ടാണെന്ന് ആ വാർത്തയിൽ പറയുന്നുണ്ടോ? ഇല്ല. അതാണല്ലോ ആ വാർത്തയുടെ മർമ്മം. ഞാൻ അന്വേഷിച്ചു. ശ്രീ ചിത്തിര എന്ത് കൊണ്ട് ഈ പദ്ധതിയിൽ ഉൾപ്പെടുന്നില്ല എന്നതിൻ്റെ കാരണം മനസ്സിലായി. അതോടൊപ്പം മറ്റൊന്ന് കൂടി മനസ്സിലായി.റിപ്പോർട്ടറിൻ്റെ വാർത്തയിൽ നിന്ന് ഇത്ര പ്രധാനപ്പെട്ട ഒരു വിവരം എന്ത് കൊണ്ടായിരിക്കാം ഒഴിവാക്കപ്പെട്ടത് എന്നും. സംഗതി ഇതാണ്.

ഹൃദ്യം പദ്ധതിയിൽ ശ്രീ ചിത്തിരയും ഉൾപ്പെട്ടിരുന്നു. അവരുമായുള്ള MoU വിൻെറ കാലാവധി 2022 മാർച്ച് 31 ന് അവസാനിച്ചു. തുടർന്ന് എന്ത് കൊണ്ട് MoU പുതുക്കിയില്ല? അത് പുതുക്കേണ്ടതില്ല എന്ന് സർക്കാർ ഏകപക്ഷീയമായി തീരുമാനിച്ചതാണോ ? അല്ല. കരാർ പുതുക്കാനായി ശ്രീ ചിത്തിര തയ്യാറാക്കിയ പുതിയ MoU സർക്കാരിന് സ്വീകാര്യമായിരുന്നില്ല. എന്തുകൊണ്ട്? പദ്ധതിയിൽ ഉൾപ്പെട്ട മറ്റെല്ലാ ആശുപത്രികളും- സ്വകാര്യ ആശുപത്രികൾ അടക്കം-അംഗീകരിച്ച നിബന്ധനകൾ ശ്രീചിത്തിരക്ക് സമ്മതമല്ലായിരുന്നു.

ആദ്യത്തെ രണ്ട് സർജറിയും (ചില കുട്ടികൾക്ക് രണ്ടോ അതിലധികമോ സർജറി വേണ്ടി വരും) ഒരു വർഷത്തെ ഫോളോഅപ്പും പൂർണമായും സൗജന്യമാകണം എന്നതാണ് സർക്കാരിൻ്റെ നിബന്ധന. ശ്രീചിത്തിരക്ക് അത് സമ്മതം അല്ലായിരുന്നു. നേരത്തെയുള്ള MoU വിൽ ഇക്കാര്യം അംഗീകരിച്ചിരുന്നു. എന്നാൽ അവർ മുന്നോട്ട് വെച്ച പുതിയ ഡ്രാഫ്റ്റിൽ ഇത് ഉണ്ടായിരുന്നില്ല.

സർജറിക്കായി ഉപയോഗിക്കുന്ന ഗ്ലൗസ് സിറിഞ്ച് തുടങ്ങിയ ഡിസ്പോസിബിൾ വസ്തുക്കളുടെ ബില്ല് വേറെ പരിഗണിക്കണം എന്നായിരുന്നു ശ്രീചിത്തിര മുന്നോട്ടുവെച്ച രണ്ടാമത്തെ ആവശ്യം. മറ്റൊരു ആശുപത്രിയും ഇങ്ങനെയൊരു ആവശ്യമുന്നയിച്ചിട്ടില്ല. സ്വകാര്യ ആശുപത്രികൾ അടക്കം. സർക്കാർ അനുവദിക്കുന്ന തുകയ്ക്കകത്ത് ഇതെല്ലാം ഉൾപ്പെടുത്തി കൊണ്ടുള്ള നിബന്ധന സ്വീകരിച്ച് മറ്റെല്ലാ ആശുപത്രികളും ഹൃദ്യം പദ്ധതിയിൽ ചേരാൻ തയ്യാറായി .എന്നാൽ ശ്രീചിത്തിര അതിന് തയ്യാറായില്ല .

മൂന്നാമത് ഹൃദ്യം പദ്ധതി കൈകാര്യം ചെയ്യാൻ വേണ്ടി മാത്രമായി തങ്ങൾക്ക് ഒരു സോഷ്യൽ വർക്കറെ തരണം എന്ന ഒരാവശ്യം കൂടി ശ്രീചിത്ര മുന്നോട്ട് വെച്ചു. ഈ കാര്യം പരിഗണിക്കാം എന്ന സർക്കാർ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്ന് വെച്ചാൽ ഹൃദ്യം പദ്ധതിയിൽ നിന്നും ശ്രീചിത്രയെ സർക്കാർ ഒഴിവാക്കിയതല്ല എന്നർത്ഥം. മറിച്ച് ഇത്രയും സൗജന്യങ്ങൾ കൊടുക്കാൻ കഴിയില്ല എന്ന നിലപാട് ശ്രീചിത്തിര എടുത്തതാണ് പദ്ധതിയിൽ അവർ ഉൾപ്പെടാതെ പോയതിൻ്റെ കാരണം.

ശ്രീ ചിത്തിരക്ക് കൊടുക്കാനുള്ള തുക സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നു.അക്കാര്യത്തിൽ ധാരണയിൽ എത്തിക്കഴിഞ്ഞിട്ടുണ്ട് എന്നാണ് അറിയുന്നത്. ശ്രീചിത്തിരയെ, ഈ പദ്ധതിയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടിയുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ മാസം അഞ്ചാം തീയതി ഇത് സംബന്ധിച്ച ചർച്ച നടന്നിട്ടുണ്ട്. റിപ്പോർട്ടർ ടിവി മിഴി തുറക്കുന്നതിന് ഒക്കെ വളരെ മുൻപേ. തുടർന്നുള്ള കത്തിടപാടുകളും നടക്കുന്നുണ്ട്. എന്നുവച്ചാൽ റിപ്പോർട്ടർ ടിവി ആഞ്ഞടിച്ചത് കൊണ്ട് ഉള്ള ഇമ്പാക്ട് അല്ല എന്നർത്ഥം.

ഇക്കഴിഞ്ഞ പതിനാറാം തിയ്യതി NHM സ്റ്റേറ്റ് മിഷൻ ഡയറക്ടർ ശ്രീ ചിത്തിരക്ക് അയച്ച കത്തിൽ ഇക്കാര്യങ്ങൾ വിശദമായി പറയുന്നുണ്ട്. കത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ ഇതോടൊപ്പം. ഇനി പറയാൻ പോകുന്നത് ചില സൂചനകളാണ്. സൂചന കണ്ട് പഠിച്ചാൽ എല്ലാവർക്കും കൊള്ളാം. ഒന്നോ രണ്ടോ ഫോൺ കോളുകൾ കൊണ്ട് അരമണിക്കൂറിനുള്ളിൽ സംഘടിപ്പിക്കാവുന്ന ഈ വിവരം റിപ്പോർട്ടർ ടിവിയുടെ പ്രത്യേക അന്വേഷണ സംഘത്തിന് കിട്ടാതെ പോയതാണ് എന്ന് നിങ്ങൾ കരുതുന്നുണ്ടോ? അങ്ങനെ കരുതാൻ മാത്രം മണ്ടത്തരം നിങ്ങൾക്കുണ്ടോ ?

ഈ ഞെട്ടിപ്പിക്കുന്ന വാർത്ത കണ്ടപ്പോൾ തന്നെ ആ വാർത്തയുടെ പിന്നിൽ ആരായിരിക്കും എന്നൊരു ഊഹം എനിക്ക് ഉണ്ടായിരുന്നു. അത് തെറ്റിയില്ല എന്ന് വേണം വിചാരിക്കാൻ. അതറിയാൻ ശ്രീചിത്തിര ഇപ്പോൾ ആരുടെ കൈയിലാണ് എന്ന് ഒരു അന്വേഷണം നടത്തി നോക്കിയാൽ മതി. ആരൊക്കെയാണ് ശ്രീചിത്തിരയുടെ ഗവേണിംഗ് ബോഡിയിലുള്ളത് എന്നും അതാരാണ് നിയന്ത്രിക്കുന്നത് എന്നും അന്വേഷിച്ചാൽ മതി . അപ്പോൾ നിങ്ങൾക്കു മനസ്സിലാകും ഈ വാർത്ത എവിടുന്നാകാം വന്നിട്ടുണ്ടാകുക എന്ന്.എന്തായിരുന്നു ഈ വാർത്തയുടെ പിറകിലുള്ള താൽപര്യം എന്ന്.

ഇത്രയും ഗുരുതരമായ ഒരു ആരോപണത്തെ കുറിച്ച് സർക്കാരിൻ്റെ പ്രതികരണമേയില്ല വാർത്തയിൽ. ആരോഗ്യ മന്ത്രിയെയോ,ആരോഗ്യ വകുപ്പ് സെക്രട്ടറിയെയോ, അല്ലെങ്കിൽ ഹൃദ്യം പദ്ധതിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെയോ ഫോണിൽ ഒന്ന് വിളിച്ചാൽ കിട്ടാത്തതാണോ? എന്നിട്ടും എന്ത് കൊണ്ട് ഈ വാർത്ത ഇങ്ങനെ വന്നു? പറഞ്ഞല്ലോ ..സൂചന കണ്ട് പഠിച്ചാൽ എല്ലാവർക്കും കൊള്ളാം. ജേർണലിസം വിദ്യാർത്ഥികളോടാണ്. വാർത്ത എന്നാല് പ്രൊപ്പഗാൻഡ അല്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.