12 September 2026
Home Sports പെനാല്‍റ്റിയില്‍ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് ഐഎസ്എൽ കിരീടം ഹൈദരാബാദിന്

പെനാല്‍റ്റിയില്‍ ബ്ലാസ്റ്റേഴ്സിനെ തകര്‍ത്ത് ഐഎസ്എൽ കിരീടം ഹൈദരാബാദിന്

മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയെങ്കിലും അവിടെയും ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിയാതെ വന്നതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീങ്ങി.

211

ഇന്ന് നടന്ന അത്യന്തം ആവേശകരമായ ഐ.എസ്.എല്‍ 2022 ഫൈനല്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകര്‍ത്ത് ഹൈദരാബാദ് കിരീടം നേടി. ഹൈദരാബാദ് ഗോള്‍കീപ്പര്‍ കട്ടിമണിയുടെ തകര്‍പ്പന്‍ സേവുകളാണ് ടീമിന് ഇത്തവണ കന്നിക്കിരീടം നേടിക്കൊടുത്തത്. രണ്ടാം പകുതി അവസാനിക്കുമ്പോൾ ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു.

മത്സരത്തിലെ 69ആം മിനുറ്റില്‍ മലയാളി താരം രാഹുല്‍ കെ.പിയുടെ തകര്‍പ്പന്‍ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സാണ് മുന്നിലെത്തിയത്. പിന്നാലെ തന്നെ 88ആം മിനുറ്റില്‍ സഹില്‍ ടവോരയിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ച് ഹൈദരാബാദ് സമനില പിടിക്കുകയായിരുന്നു. ഇതൊടുകൂടി മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങിയെങ്കിലും അവിടെയും ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിയാതെ വന്നതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീങ്ങി.

കലാശ പോരാട്ടത്തിലെ ആദ്യപകുതിയില്‍ 66 ശതമാനം പന്ത് കൈവശം വെച്ചിരുന്നത് ബ്ലാസ്റ്റേഴ്സ് ആയിരുന്നു. ഗോളുകൾ നേടാനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിലും ബ്ലാസ്റ്റേഴ്സായിരുന്നു മുന്നില്‍. 69-ാം മിനുറ്റില്‍ കട്ടിമണിയയുടെ പ്രതിരോധം തകര്‍ത്ത ലോങ് റെയ്ഞ്ചറിലൂടെ രാഹുല്‍ കെ പി ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചു. എന്നിരുന്നാലും 88-ാം മിനുറ്റില്‍ ടവോരയുടെ ലോംഗ് വോളി ഹൈദരാബാദിനെ ഒപ്പമെത്തിക്കുകയായിരുന്നു.