| മുകേഷ് കുമാർ
“മനിതർ ഉണർന്ത് കൊള്ള ഇത് മനിത കാതൽ അല്ല… അതെയും താണ്ടി പുനിതമാനത്” ( മനുഷ്യർക്ക് മനസ്സിലാവാൻ ഇത് മനുഷ്യരുടെ പ്രേമമല്ല… അതിനും അപ്പുറം പാവനമായത്) – “മഞ്ഞുമ്മൽ boys” റിലീസ് ആയതിനു ശേഷം “ഗുണാ” സിനിമയിലെ ഈ വരികൾ ആണല്ലോ ഇപ്പോൾ friendship anthem ആയി എവിടെയും കേൾക്കുന്നത്.
1991- ലെ ദീപാവലി റിലീസ് ആയിരുന്നു ഗുണാ. അന്ന് സിനിമ കമേഴ്സ്യൽ വിജയം ആയിരുന്നില്ല. പെഡ്രോ അൽമോഡൊവറിൻ്റെ സ്പാനിഷ് ചിത്രമായ “Tie me up, Tie me down” (1989)-ൻ്റെ അനുകരണമാണ് ഗുണാ എന്ന് പിന്നീട് പലരും പറയുകയുണ്ടായി. ആ സിനിമയും, Stockholm Syndrome പ്രമേയമാക്കിയ മറ്റു പല സിനിമകളും ഗുണയ്ക്ക് പ്രചോദനം ആയിട്ടുണ്ടാവാം. പക്ഷേ ഗുണാ സിനിമയുടെ ആത്മാവ് തേടിപ്പോയാൽ ശൈവ സിദ്ധാന്തത്തിലെ ഒരു ഐതിഹ്യത്തിൽ ചെന്ന് നിൽക്കും. അതെന്ത് കഥ? നമുക്ക് നോക്കാം…
പതിനെട്ടാം നൂറ്റാണ്ടിൽ കാവേരി നദീ തീരത്തുള്ള തിരുക്കടവൂർ എന്ന ഗ്രാമത്തിൽ ജീവിച്ചിരുന്നുവെന്ന് പറയപ്പെടുന്ന സുബ്രഹ്മണ്യത്തിൻ്റെ കഥയാണത്. അവിടെയുള്ള ക്ഷേത്രത്തിലെ പ്രതിഷ്ഠയായ അഭിരാമി ദേവിയുടെ തീവ്ര ഭക്തനായിരുന്നു അയാൾ. ദിവസത്തിൻ്റെ ഏറിയ പങ്കും ക്ഷേത്രത്തിലെ മണ്ഡപത്തിൽ ഇരുന്ന് അഭിരാമി ദേവിയെ ധ്യാനിക്കുമായിരുന്ന അയാളെ നാട്ടുകാർ പൊതുവേ ചിത്തഭ്രമമുള്ള ആളായാണ് കണ്ടിരുന്നത്.
അയാളുടെ പല ചെയ്തികളും അത്തരത്തിൽ ഉള്ളതായിരുന്നു താനും. ചിലപ്പോൾ ക്ഷേത്രദർശനത്തിന് വരുന്ന സ്ത്രീകളുടെ മുന്നിൽ സാഷ്ടാംഗം വീണ് “അഭിരാമി ദേവിയേ” എന്ന് പ്രാർത്ഥിക്കും. മറ്റു ചിലപ്പോൾ അത്താഴ പൂജ കഴിഞ്ഞ് ക്ഷേത്ര വാതിലിനു താഴിടാനുള്ള സമയം ആയാലും അതൊന്നും അറിയാതെ പ്രാർത്ഥനയിൽ മുഴുകിയിരിക്കും. ദേവിയുടെ ഭക്തൻ അല്ല പിത്തൻ (ഭ്രാന്തൻ) ആണെന്ന് നാട്ടുകാരിൽ പലരും സുബ്രഹ്മണ്യത്തെ പരിഹസിച്ചിരുന്നു.
ഒരിക്കൽ ഒരു അമാവാസി ദിവസം രാവിലെ സർബോജി രാജാവ് (സർഫോജി) തൻ്റെ പരിവാരങ്ങളോടോപ്പം തിരുക്കടവൂർ ക്ഷേത്രത്തിലെത്തി. രാജാവ് സന്നിധിയിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്നവരെല്ലാം ഭയ ഭക്തി ബഹുമാനങ്ങളോടെ രാജാവിനെ പൂർണ്ണകുംഭം നൽകി വരവേറ്റു. പക്ഷേ ഗർഭഗൃഹത്തിന് മുന്നിലെ മണ്ഡപത്തിൽ ധ്യാനനിരതനായിരുന്ന സുബ്രഹ്മണ്യം ആകട്ടെ ഇതൊന്നും അറിഞ്ഞത് പോലുമില്ല. ആരാണ് ഇയാൾ എന്ന സർബോജി രാജാവിൻ്റെ ചോദ്യത്തിന് അഭിരാമി ദേവിയുടെ പരമ ഭക്തൻ ആണെന്ന് ക്ഷേത്ര പൂജാരി മറുപടി നൽകി. ഭക്തനല്ല ഭ്രാന്തനാണെന്നും ക്ഷേത്രത്തിൽ പ്രാർത്ഥിക്കാൻ വരുന്നവർക്ക് ശല്യമാണെന്നും മറ്റു ചിലരും പറഞ്ഞു. എന്നാൽ അയാളെ ഒന്ന് പരീക്ഷിക്കാം എന്ന് കരുതിയ രാജാവ് അയാളുടെ അടുത്തെത്തി “ഇന്ന് ഏതാണ് തിഥി?” എന്ന് ചോദിച്ചു.
കണ്ണ് തുറന്ന് നോക്കുക പോലും ചെയ്യാതെ “പൗർണ്ണമി” എന്ന് സുബ്രഹ്മണ്യം മറുപടിയും നൽകി. തന്നെ പരിഹസിക്കുകയാണെന്ന് കരുതി ദേഷ്യം പൂണ്ട രാജാവ് വീണ്ടും ചോദിച്ചു “അങ്ങനെയാണെങ്കിൽ ഇന്ന് രാത്രി ആകാശത്തിൽ പൂർണ്ണചന്ദ്രൻ ഉണ്ടാവുമെന്നാണോ പറയുന്നത്?”…”അതെ” എന്നായിരുന്നു അയാളുടെ മറുപടി. രാജാവ് ക്ഷോഭം പുറത്ത് കാണിക്കാതെ താൻ സൂര്യാസ്തമനത്തിന് ശേഷം തിരിച്ച് വരുമെന്നും അപ്പോൾ ആകാശത്ത് പൂർണ്ണ ചന്ദ്രനെ കണ്ടില്ലെങ്കിൽ ഇയാളെ അഗ്നി കുണ്ഡത്തിലെറിഞ്ഞ് മരണ ശിക്ഷയ്ക്ക് വിധേയനാക്കുമെന്നും പറഞ്ഞു അവിടെ നിന്നും പോയി.
രാജാവ് പോയി കുറേ നേരം കഴിഞ്ഞാണ് ഭട്ടർ തൻ്റെ ധ്യാനത്തിൽ നിന്നും ഉണരുന്നത്. പൂജാരിയും മറ്റുള്ളവരും സംഭവിച്ച കാര്യം പറയുമ്പോൾ ആണ് അയാൾക്ക് താൻ എത്ര വലിയ പ്രതിസന്ധിയിൽ വന്ന് പെട്ടിരിക്കുന്നുവെന്ന് മനസ്സിലാകുന്നത്. അഭിരാമി ദേവിയുടെ മുന്നിൽ കണ്ണീരോടെ കൈ കൂപ്പി നിന്ന ശേഷം താൻ ഇത്രയും നാൾ ഊണിലും ഉറക്കത്തിലും പ്രാർത്ഥിച്ച ദേവി തന്നെ രക്ഷിക്കുമെന്ന് അയാൾ മറ്റുള്ളവരോടായി പറഞ്ഞു. അമാവാസി ദിവസം പൂർണ്ണ ചന്ദ്രൻ പ്രത്യക്ഷമാകുമെന്ന് വിശ്വസിക്കുന്ന സുബ്രഹ്മണ്യത്തിന് ഭ്രാന്ത് മൂർദ്ധന്യത്തിലെത്തി എന്ന് നാട്ടുകാരും അടക്കം പറഞ്ഞു. പക്ഷേ “അഭിരാമി വരും…തന്നെ രക്ഷിക്കും” എന്ന് അയാൾ പറഞ്ഞു കൊണ്ടേയിരുന്നു.
അപ്പോഴേക്കും രാജാവിൻ്റെ സേവകന്മാർ ക്ഷേത്ര മുറ്റത്ത് ഒരു അഗ്നികുണ്ഡം ഒരുക്കി തുടങ്ങിയിരുന്നു. അതിന് മുകളിൽ 100 വടം കൊണ്ട് ഉറി പോലുള്ള ഒരു മേട സ്ഥാപിച്ചു. ഇതൊക്കെ തയ്യാറായി വന്നപ്പോഴേക്കും അസ്തമന സമയമായി. നാട്ടുകാരെല്ലാം ക്ഷേത്ര മുറ്റത്ത് കൂടി. മേടയിലേക്ക് കയറിയ സുബ്രഹ്മണ്യം ദേവിയെ പ്രകീർത്തിച്ച് പാടാൻ തുടങ്ങി. പാട്ടിൻ്റെ ഓരോ ഖണ്ഡം കഴിയുമ്പോഴും ഓരോ കയർ മുറിക്കപ്പെട്ടു കൊണ്ടിരുന്നു. അമ്പതാം ഖണ്ഡം കഴിഞ്ഞപ്പോൾ മേട സന്തുലനാവസ്ഥ നഷ്ടപ്പെട്ട് ആടിയുലയാൻ തുടങ്ങി. എന്നിട്ടും സുബ്രഹ്മണ്യം പാട്ട് തുടർന്ന് കൊണ്ടിരുന്നു. രാജാവും പരിവാരങ്ങളും അപ്പോഴേക്കും ക്ഷേത്ര മുറ്റത്ത് എത്തി. വെളിച്ചം മാഞ്ഞ് ഇരുട്ട് പൂർണ്ണമായി വ്യാപിച്ച് തുടങ്ങി.
“വിഴിക്കേ അരുളുണ്ട്
അഭിരാമവല്ലിക്ക് വേദം സൊന്ന
വഴിക്കേ വഴിപട നെഞ്ചുണ്ട്…” എന്ന് തുടങ്ങുന്ന 79-മത്തെ ഖണ്ഡം പാടി കഴിഞ്ഞപ്പോഴേക്കും അഭിരാമി ദേവി സുബ്രഹ്മണ്യത്തിൻ്റെ മുന്നിൽ പ്രത്യക്ഷയായെന്നും തൻ്റെ കാതിൽ അണിഞ്ഞിരുന്ന താടങ്കം ഊരി ഇരുൾ മൂടിയ ആകാശത്തിലേക്ക് എറിഞ്ഞുവെന്നും അത് പൂർണ്ണ ചന്ദ്രൻ്റെ രൂപം പ്രാപിച്ച് തിളങ്ങി നിന്നുവെന്നും ആണ് ഐതിഹ്യം. സുബ്രഹ്മണ്യമാകട്ടെ 100 ഖണ്ഡം ആയപ്പോൾ ആണ് പാട്ട് അവസാനിപ്പിച്ചത്. സുബ്രഹ്മണ്യത്തിൻ്റെ ഭക്തിയെ സംശയിച്ചതിൽ രാജാവ് അദ്ദേഹത്തോട് മാപ്പ് ചോദിച്ചു. ദേവിയുടെ സംപ്രീതിക്ക് പാത്രമായ സുബ്രഹ്മണ്യം ഇനി മുതൽ “അഭിരാമി ഭട്ടർ” എന്ന പേരിൽ അറിയപ്പെടുമെന്നും രാജാവ് വിളംബരം ചെയ്തു. അഭിരാമി ഭട്ടർ സ്വയം രചിച്ച് ആലപിച്ച ആ 101 ഖണ്ഡങ്ങളുള്ള ദേവീ സ്തുതിയാണ് “അഭിരാമി അന്താദി” എന്ന് അറിയപ്പെടുന്നത്.
ഇനി ഗുണാ സിനിമയിലേക്ക് തിരിച്ച് വന്നാൽ കമൽഹാസൻ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത് അഭിരാമി ഭട്ടരെ ബേസ് ചെയ്താണ് എന്ന് വ്യക്തമായി മനസ്സിലാകും. സിനിമയിലെ ആദ്യ രംഗത്ത് തന്നെ ഗുണാ ഒരു വിവാഹ ഘോഷയാത്രയിൽ (ജാനവാസം) ഇടിച്ച് കയറി വാഹനത്തിലിരിക്കുന്ന വധുവിനെ നോക്കി “അഭിരാമി…അഭിരാമി” എന്ന് പറയുന്നത് കാണിക്കുന്നുണ്ട്. തുടർന്ന് ആൾക്കൂട്ടം അയാളെ വളഞ്ഞിട്ട് തല്ലുമ്പോൾ “അഭിരാമി അന്താദി”- യിലെ നാൽപ്പത്തി ഒന്നാം ഖണ്ഡമാണ് അയാൾ ഉരുവിടുന്നത്.
“പുണ്ണിയം സെയ്തനമേ മനമേ
പുതുപ്പൂങ്കുവളൈ കണ്ണിയും സെയ്യ കണവരും കൂടി
നം കാരണത്താൽ നണ്ണി ഇങ്കേ വന്ത്
തം അടിയാർകൾ നടു ഇരുക്കപ്പണ്ണി
നം ചെന്നിയിൻ മേൽ പത്മപാദം പതിത്തിടവേ”
അത് കഴിഞ്ഞ് നായികയെ ആദ്യമായി കാണുമ്പോൾ യേശുദാസ് പാടിയ “പാർത്ത വിഴി” എന്ന പാട്ട് ബാക്ഗ്രൗണ്ടിൽ മുഴങ്ങും. അതിലെ കോറസ് പോർഷൻ മുഴുവൻ അഭിരാമി അന്താദിയിലെ വരികളാണ്. “നായകി, നാൻമുഖി, നാരായണി, കൈ നളിന പഞ്ച സായഖി” എന്ന് തുടങ്ങുന്ന അൻപതാം ഖണ്ഡവും “ഇടങ്കൊണ്ട് വിമ്മി, ഇണയ് കൊണ്ടു ഇറുകി” എന്ന നാല്പത്തി രണ്ടാം ഖണ്ഡവും ആ പാട്ടിൽ മുഴുവനായും ഉൾപ്പെടുത്തിയിട്ടുണ്ട്.
അഭിരാമി ഭട്ടരെപ്പോലെ ഗുണയും മറ്റുള്ളവരുടെ പരിഹാസം വകവയ്ക്കാതെ “അഭിരാമി വരും…വരും” എന്ന് ആവർത്തിച്ച് കൊണ്ടിരിക്കുന്നത് സിനിമയിൽ ഒന്നിലധികം രംഗങ്ങളിൽ കാണാൻ കഴിയും. രേഖ അവതരിപ്പിച്ച റോസി എന്ന കഥാപാത്രം ഗുണയെ ഉറക്കാനായി പാട്ട് പാടുന്നതിന് (ഉന്നൈ നാനറിവേൻ എന്ന പാട്ട്) തൊട്ട് മുന്നെയും “അഭിരാമി വരും” എന്ന് ഗുണ പറയുന്നുണ്ട്. പാട്ട് തുടങ്ങുമ്പോൾ റൂമിനകത്ത് നിന്ന് പുറത്തേക്കുള്ള ഒരു ക്യാമറ കാഴ്ചയുണ്ട്. അപ്പോൾ അത് വരെ ഇല്ലാതിരുന്ന പൂർണ്ണ ചന്ദ്രൻ ആകാശത്ത് പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നത് കാണാം.
ഇതും അഭിരാമി ഭട്ടരുടെ കഥയിലേക്കുള്ള റഫറൻസ് തന്നെയാണ്. പിന്നീട് അഭിരാമി ഗുണായോട് തൻ്റെ കഴുത്തിൽ താലി കെട്ടാൻ ആവശ്യപ്പെടുമ്പോൾ ഐതിഹ്യത്തിലെ ഈ “പൗർണ്ണമി” പരാമർശത്തെ തിരിച്ചിടുന്നുമുണ്ട്. പൗർണ്ണമി ദിവസമാണ് താലി കെട്ടേണ്ടതെന്നും പൗർണ്ണമി നാളെയാണെന്നും ഗുണാ പറയുമ്പോൾ അഭിരാമിയാകട്ടെ “ഇല്ല… ഇന്നാണ് പൗർണ്ണമി” എന്ന് ആവർത്തിച്ച് പറയുന്നു. അവസാനം ഗുണാ “അഭിരാമി പറഞ്ഞ് കഴിഞ്ഞാൽ പിന്നെ ഇന്ന് തന്നെയാണ് പൗർണ്ണമി” എന്ന് സമ്മതിക്കുകയാണ്.
അഭിരാമിയോട് ചേരാൻ ആഗ്രഹിക്കുന്ന തന്നെ ശിവനായാണ് ഗുണാ സ്വയം കരുതുന്നത്. ഗുണായെ സിനിമയിൽ ആദ്യം കാണിക്കുന്ന ഷോട്ടിൽ ഒരു പാറപ്പുറത്ത് നടരാജ ഭാവത്തിൽ ഒറ്റക്കാലിൽ നിൽക്കുന്നത് കാണാം. അമ്മയോട് വഴക്കിടുന്ന സീനിലും ക്ലൈമാക്സിലും ഈ posture ആവർത്തിക്കുന്നുണ്ട്. അവസാന രംഗങ്ങൾ ആവുമ്പോഴേക്കും തലയ്ക്ക് മുറിവേറ്റ് ബാൻഡേജ് കെട്ടിയിരിക്കുന്ന ഗുണായുടെ നെറ്റിയുടെ ഭാഗത്ത് രക്തം മൂന്ന് തിരശ്ചീന രേഖകൾ ആയി തെളിഞ്ഞ് കിടക്കുന്നത് കാണാം. ശൈവിസത്തിൻ്റെ പ്രധാന symbol ആയ തിലകം (ത്രിപുന്ദ്ര) തന്നെയാണ് അത്. “ഇത് അഭിരാമി…നാൻ സാമി” എന്നാണ് ഗുണ അവസാനമായി പറയുന്നത്.
അഭിരാമി അന്താദി സ്തുതി എഴുതിയിരിക്കുന്നതിൽ ഒരു പ്രത്യേകതയുണ്ട്. ഓരോ ഖണ്ഡത്തിൻ്റെയും അവസാന വാക്കിൽ നിന്നാണ് അടുത്ത ഖണ്ഡം ആരംഭിക്കുന്നത്. അന്താക്ഷരിയുടെ ഒരു പ്രാചീന രൂപം എന്ന് വേണമെങ്കിൽ പറയാം. അന്താദി എന്നാൽ ഒടുക്കത്തിൽ നിന്ന് തുടക്കം കുറിക്കുന്നത്. ഇത് ഓരോ ഖണ്ഡത്തിലും മാത്രമല്ല മൊത്തം സ്തുതിയിലും കാണാം. അതായത് ഏറ്റവും അവസാനത്തെ ഖണ്ഡം (100) അവസാനിക്കുന്നത് “ഉദിക്കിൻ്റനവേ” എന്ന വാക്കിലാണെങ്കിൽ ഏറ്റവും ആദ്യത്തെ ഖണ്ഡം തുടങ്ങുന്നത് “ഉദിക്കിൻ്റ” എന്ന വാക്കിലാണ്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആദിയും അന്തവും ഇല്ലാത്ത ഒന്ന്.
സെൻ ബുദ്ധിസത്തിലെ എൻസോ symbol പോലെ (വാൽ വിഴുങ്ങുന്ന പാമ്പ് / ഡ്രാഗൺ). Infinite…ഇത് സിനിമയിൽ എങ്ങനെയാണ് മനോഹരമായി വിളക്കി ചേർത്തിരിക്കുന്നത് എന്ന് നോക്കാം. സിനിമയിൽ പലയിടത്തും ഗുണാ പറയുന്നുണ്ട് തനിക്ക് മരണമില്ലെന്ന്. അവസാനം അഭിരാമിയെയും കൊണ്ട് ഗുണ കൊക്കയിലേക്ക് ചാടുന്നതായി കാണിക്കുന്നുണ്ടെങ്കിലും മരിക്കുന്നതായോ, മരിച്ച് കിടക്കുന്നതായോ കാണിക്കുന്നില്ല എന്നത് ശ്രദ്ധിക്കുക.
അന്ത്യം എന്ന് നമ്മൾ കരുതുന്നത് മറ്റൊരു തുടക്കം ആണെങ്കിലോ? (“നായകി തൻ അടിയാർ മരണം പിറവി ഇരണ്ടും എയ്താർ ഇന്ത വൈയകത്തേ” എന്ന് അന്താദിയിലെ വരികൾ – ദേവിയുടെ അടിയോർക്ക് ഈ ലോകത്തിൽ മരണവും പിറവിയും ഇല്ല). ഇനി സിനിമയുടെ ആദ്യ ഷോട്ട് നോക്കൂ… ആകാശത്ത് ഉദിച്ച് നിൽക്കുന്ന പൂർണ്ണ ചന്ദ്രൻ. അവസാന ഷോട്ടോ? അതും പൂർണ്ണചന്ദ്രൻ തന്നെ. അഭിരാമി അന്താദിയുടെ ഘടന സിനിമയുടെ ദൃശ്യഭാഷയിലും കൊണ്ട് വന്നിട്ടുണ്ടെങ്കിൽ എത്രത്തോളം സർഗ്ഗ വൈഭവം ഉള്ളവരായിരിക്കും ഈ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവർ എന്ന് അദ്ഭുതപ്പെട്ട് പോകുന്നു.
( കടപ്പാട് – M3DB യിൽ എഴുതിയത്)



