...
Home News Kerala ഹരിതാഭമായ ഒരു ചരിത്രരേഖയായി “ഇലകൾ തൊട്ട് കാടിനെ വായിക്കുന്നു”

ഹരിതാഭമായ ഒരു ചരിത്രരേഖയായി “ഇലകൾ തൊട്ട് കാടിനെ വായിക്കുന്നു”

മനുഷ്യമണമടിച്ചാൽ അസ്വസ്ഥമാകുന്ന കാട്ടാനയുടെ ചൂരും ഇലയനക്കങ്ങളും മഴപ്പക്ഷികളും കാട്ടുഗുഹകളും മുനിയറകളുമെല്ലാമുള്ള കാടാണത്.മഴക്കാടുകളിൽ നിന്നും നിറഞ്ഞൊഴുകിയെത്തുന്ന മഴപ്പേടിയിൽപോലും നിറയെ കാടുണ്ട്.

260

| സുനിൽ മാലൂർ \ പുസ്തകപരിചയം

ആകാശം നെടുകെപിളർന്നുകിടക്കുന്ന പെരിയാറിന്റെ നനവിലേക്ക് കുനിഞ്ഞുനിന്നു മുടിയഴിച്ചിടുന്ന ഈറ്റക്കാടുകളുടെ പച്ചപ്പിനെ കവിതയിലുടനീളം അനുഭവങ്ങളുടെ പാലറ്റിൽ ആകാശനീലയും പുഴയിലേക്കടർന്നുവീണ കാഞ്ഞിരത്തിലയുടെ മഞ്ഞയിൽ തോണ്ടി ചേർത്തുകുഴച്ചു ശക്തമായ ബ്രഷ് സ്ട്രോക്കുകൾ കൊണ്ട് ഭാഷയുടെ കാൻവാസിൽ വരച്ചുവെച്ച അക്ബറിന്റെ കാടനുഭവങ്ങൾ “ഇലകൾ തൊട്ട് കാടിനെ വായിക്കുന്നു”നിബിഡമായ ഗദ്യത്തിനുള്ളിൽകൂടി കവിതയുടെ ഒരില നീർച്ചോലയിൽ വീണ് ഒഴുകുംപോലെ ഹൃദ്യവും പുതുമഴയിൽ കലങ്ങിമറിയുന്ന പുഴയിൽ നിന്നും തെളിഞ്ഞ നീരുറവകളിലേക്ക് മീനുകൾ പനിഞ്ഞിൽ മുട്ടകളുമായി കയറിപ്പോകുമ്പോലെയൊരു വനസഞ്ചാര സാഹിത്യവുമാണ് .

പ്രാഥമിക ജീവശാസ്ത്ര ക്‌ളാസ്സുകളിലേക്ക് മുളപ്പിച്ച പയർമണികളുടെ പച്ചയുമായി ഗ്രിഗർ മെന്റൽ നേരിട്ടുവന്ന് ക്ലാസ്സെടുക്കുന്നതുപോലെ ആനന്ദദായകവും സൂക്ഷ്മവുമാണ് അക്ബറിന്റെ വന്യലോകം.കവിതകളിലും ഭാഷണങ്ങളിലും നിരവധി തവണ കടന്നുവന്ന സൗഹൃദവൃന്ദങ്ങൾക്ക് ചിരപരിചിതമായ അക്ബറിന്റെ ചോതിപ്പാപ്പൻ നേര്യമംഗലത്തിന്റെ ഡാർവിനും നേര്യമംഗലം ചോതിപ്പാപ്പന്റെ ഗാലപ്പഗോസുമാകുന്നുണ്ട് അക്ബറിന്റെ കാടനുഭവങ്ങളിൽ.

മലയിറങ്ങിപ്പോകുന്ന ഈറ്റക്കാടുകൾ കടലാസുപുലികളായി തിരികെ മലകയറിയെത്തുമെങ്കിലും സ്വാഭാവിക ഈറ്റക്കാടുകളുടെ ഉൻമൂലനം കാടിന്റെ ആവാസവ്യവസ്ഥയെത്തന്നെ തച്ചുതകർക്കുന്നതും തടഞ്ഞുനിർത്തിയ മലവെള്ളപ്പാച്ചിലിന്റെ മധ്യത്തിൽ ഒരു നീർമാതളം കരിഞ്ഞുണങ്ങി മണ്ണടിയുന്നതും അക്ബർ വരച്ചിടുമ്പോൾ ഇലകൊഴിഞ്ഞു കരുവാളിച്ചുപോയ ചില്ലകളിൽ പടിഞ്ഞാറുനിന്നും പറന്നെത്തുന്ന ഇരപിടിയന്മാരായ നീർക്കാക്കകൾ വെയിലുകാണാൻ നീരിന്റെ നെറുകയിലേക്ക് പൊന്തിവന്ന ഒരു മാനത്തുകണ്ണിയെ ഉന്നംപിടിച്ചു പതുങ്ങിയിരിക്കുന്നതും വായനക്കാരന് കാണാൻ കഴിയും.

മണ്ണിന്റെ പച്ചപ്പും പായലും ചൂരലും പാമ്പും പഴുതാരയും ഈ ഭൂമിയുടെ അവകാശികൾ തന്നെയാണെന്ന സർവ്വലൗകികമായ പാരിസ്ഥിതിക നിലപാടിലേക്ക് അക്ബർ വിരൽ ചൂണ്ടുമ്പോൾ ഒരു മരത്തിന്റെ മാറിലേക്ക് മഴു ആഴ്ത്തുന്ന നാടത്തത്തിന്റെ നെറികേടിനെ കാടത്തത്തിന്റെ ജ്ഞാനം കൊണ്ട് ആകാശംമുട്ടെ വന്മരങ്ങൾക്കും തണലായി മാറുന്നുണ്ട് എഴുത്തുകാരൻ.അതിനെ മനുഷ്യപ്പറ്റ്എന്നല്ല മരപ്പറ്റ് എന്നുതന്നെയാണ് അയാൾ വിളിക്കുന്നത്.

അകക്കാടിന്റെ നിഗൂഢതയും വന്യതയും അങ്ങനെതന്നെ നിൽക്കട്ടെയെന്ന് ആഗ്രഹിക്കുമ്പോഴും പുതുതലമുറ ഇരുകൈകളിലും പ്ലാസ്റ്റിക് ബോട്ടിലുകൾ വലിച്ചെറിഞ്ഞു വഴിയരികിലെ കുരങ്ങിന് ചിപ്സും ലെയ്‌സും എറിഞ്ഞുകൊടുത്തു വാഹനങ്ങളിൽ വിനോദസഞ്ചാരത്തിനു പോകുമ്പോൾ മാത്രം കാണുന്ന കാടല്ല അക്ബർ വായിച്ചെടുക്കുന്ന കാട്. മനുഷ്യമണമടിച്ചാൽ അസ്വസ്ഥമാകുന്ന കാട്ടാനയുടെ ചൂരും ഇലയനക്കങ്ങളും മഴപ്പക്ഷികളും കാട്ടുഗുഹകളും മുനിയറകളുമെല്ലാമുള്ള കാടാണത്.മഴക്കാടുകളിൽ നിന്നും നിറഞ്ഞൊഴുകിയെത്തുന്ന മഴപ്പേടിയിൽപോലും നിറയെ കാടുണ്ട്.

നാടായി മാറിയ കാടിന്റെയും ആകാശത്തെ മേൽക്കൂരപോലെ കുത്തിനിർത്തിയ നേര്യമംഗലം മലകളും ചരിത്രവും മനുഷ്യനും പക്ഷികളും മൃഗങ്ങളുമെല്ലാം നിറഞ്ഞ അക്ബറിന്റെ പുസ്തകം ഇലകൾ തൊട്ട് കാടിനെ വായിക്കുമ്പോൾ ഒരു സർവൈവൽ സിനിമയിൽ ഒരു ഗൈഡിനൊപ്പം മുൻവിധികളേതുമില്ലാത്ത ഒരുകൂട്ടം മനുഷ്യർ നാടുവിട്ടു കാടുകയറി പുഴയിൽ നീന്തി ഊടുവഴികൾ താണ്ടി തേയിലക്കാടുകൾ പിന്നിട്ടു കടന്നുപോകുന്നതുപോലത്തെ അനുഭവമാണ് വായനക്കാരന് ഉണ്ടാകുക.സൈകതം ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന ഈ കാടറിവ് ഹരിതാഭമായ ഒരു ചരിത്രരേഖ കൂടിയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.