| അഭിമുഖം: ജിയോ ബേബി/ ശ്യാം സോർബ
2016 ൽ രണ്ട് പെൺകുട്ടികൾ എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് സംവിധായകനായി പ്രവേശിച്ച കലാകാരൻ ആണ് ജിയോ ബേബി. പ്രേക്ഷകരുടെ മികച്ച പ്രശംസ നേടിയ ആദ്യ ചിത്രത്തിന് ശേഷം 2018 ൽ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം ആദിഷ് പ്രവീണിന് നേടി കൊടുത്ത കുഞ്ഞുദൈവം എന്ന സിനിമ സംഭവിച്ചു. പിന്നീട് മലയാള സിനിമയിൽ തന്റെതായ വ്യാഖ്യാന ശൈലി കൊണ്ടും, മൂർച്ചയുള്ള രാഷ്ട്രീയ – സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്തുകൊണ്ടും ജിയോ ബേബി ഒരേ സമയം ആരാധകരുടെയും വിമർശകരുടെയും ശ്രദ്ധ നേടി.
കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്, ഫ്രീഡം ഫൈറ്റ്, ശ്രീധന്യ കാറ്ററിംഗ്സ്, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, കാതൽ എന്നിങ്ങനെ ഒരുപിടി മികച്ച സിനിമകൾ ജിയോ ബേബി മലയാള സിനിമയ്ക്ക് വേണ്ടി കരുതിവെച്ചു. സംവിധായകന് പുറമെ നടനായും പത്തോളം സിനിമകളുടെ ഭാഗം ആയി ജിയോ ബേബി. നാലാമിടത്തിനായി റിപ്പോർട്ടർ ശ്യാം സോർബ, ജിയോ ബേബിയുമായി നടത്തിയ അഭിമുഖം
?: ഒരു ചലച്ചിത്ര സംവിധായകനാകാൻ താങ്കളെ പ്രേരിപ്പിച്ചത് എന്താണ്? എങ്ങനെയാണ് മലയാള ചലച്ചിത്ര മേഖലയിൽ താങ്കളുടെ യാത്ര ആരംഭിച്ചത്?
ജിയോ ബേബി: സ്കൂൾപഠനകാലം മുതൽ തന്നെ സിനിമാക്കാരൻ ആകണം, സംവിധായകൻ ആകണം, സിനിമ എഴുത്തുകാരൻ ആകണം എന്നൊക്കെ തന്നെ ആയിരുന്നു ആഗ്രഹം. ഞാൻ കോട്ടയം ജില്ലയിലെ ഒരു മലയോര മേഖലയിൽ നിന്നാണ് വരുന്നത്. അവിടെ നിന്നും ആഗ്രഹം മാത്രം മാത്രം ആയിരുന്നു, കാരണം ഇങ്ങനെ ഒരു പ്രദേശത്ത് നിന്ന് എങ്ങനെ സിനിമയിൽ എത്തിപ്പെടും എന്ന വല്ലാത്ത ആശങ്ക ഉണ്ടായിരുന്നു.
പിന്നീട് കോളേജിൽ എന്റെ ഡിഗ്രി പഠനകാലം, ഏകദേശം 2020 – 2021 കാലഘട്ടത്തിൽ ആണ് തൃശ്ശൂരിൽ വെച്ച് ആൻ കേരളത്തിലെ ആദ്യത്തെ ഷോർട് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ഗ്രാഫിക്സ് ക്രിയേഷൻ ആയിരുന്നു ആൻ അത് സംഘടിപ്പിച്ചത്. അതിൽ കോളേജിലെ സുഹൃത്തുക്കളെയൊക്കെ ചേർത്ത് ഒരു ഷോർട് ഫിലിം സംവിധാനം ചെയ്തു. കോളെജും സുഹൃത്തുക്കളും ഒക്കെ ആ നിർമ്മാണത്തിൽ പങ്കാളികളായിരുന്നു.
ഒരുപാട് പിഴവും തെറ്റുകളും പ്രശ്നങ്ങളും ഒക്കെ ഉള്ള, ആരെയും അങ്ങനെ കാണിക്കാൻ പോലും പറ്റാത്ത രീതിയിൽ ഉള്ള ഒന്നായിരുന്നു സത്യത്തിൽ അത്. ആ പിഴവുകളിൽ നിന്നും പഠിപ്പിക്കുകയും, പിന്നീട് ഗ്രാഫിക്ക്സ് ക്രിയേഷൻ സംഘടിപ്പിച്ച വർക്ഷോപ്പുകളിൽ പങ്കെടുക്കുകയും, നിരന്തരം ഷോർട് ഫിലിമുകൾ ചെയ്യുകയും സ്വയം നവീകരിക്കുകയും ചെയ്താണ് സിനിമയിലേക്ക് എത്തിപ്പെട്ടത്.

?: കേരളത്തിലെ സാംസ്കാരിക സാമൂഹിക ചുറ്റുപാടുകൾ താങ്കളുടെ സിനിമകളെ സ്വാധീനിക്കാറുണ്ടോ? എങ്ങനെയാണ് അവയെ വളരെ കൃത്യമായി ലയിപ്പിക്കാൻ സാധിക്കുന്നത്?
ജിയോ ബേബി: ചുറ്റുപാടുകൾ ഇപ്പോഴും നമ്മളെ ബാധിക്കാറുണ്ട്. പക്ഷെ അതൊന്നും ഒരിക്കലും മനഃപൂർവ്വം ചെയ്യുന്നതല്ല. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പോലെ, കാതൽ പോലെ ഒക്കെ ഉള്ള സിനിമ എന്നത്, നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ നമ്മളെ ബാധിക്കുന്നത് കൊണ്ട് സംഭവിക്കുന്നതാണ്. അല്ലാതെ ഒരിക്കലും അങ്ങനെ ഒരു സിനിമ ചെയ്യണം എന്ന് തീരുമാനിച്ചു ചെയ്യുന്നതല്ല. സാഹചര്യങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്, മാത്രമല്ല നമ്മളെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളെ പറ്റി സംസാരിക്കാതെയിരിക്കാൻ പറ്റാത്ത കൊണ്ട് സംഭവിക്കുന്നതാണ്.
?: താങ്കളുടെ സിനിമകൾ പലപ്പോഴും വളരെ ആഴത്തിലുള്ള സാമൂഹികവും വൈകാരികവുമായ വിഷയങ്ങളെ സ്പർശിക്കാറുണ്ട്. താങ്കൾ പറയാൻ ആഗ്രഹിക്കുന്ന ഒരു കഥയിലേക്ക് എങ്ങനെ ആണ് എത്തിച്ചേരുന്നത്?
ജിയോ ബേബി: അത് വളരെ സ്വാഭാവികമായി സംഭവിക്കുന്നതാണ്. ജീവിതത്തിലെ ഒരു ഘട്ടത്തിൽ അടുക്കളയിലെ ജോലികൾ ചെയ്യേണ്ട ഒരു സാഹചര്യം വന്നപ്പോഴാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമ ഉണ്ടാകുന്നത്. കാതൽ, ആദർശ്, പോൾസൺ എന്നിവരുടെ ആണ് കഥയും തിരക്കഥയും സംഭാഷണവും. അവർ ആ തിരക്കഥയുമായി എന്റെ അടുത്തു വന്നു.
എനിക്ക് കമ്മ്യൂണിറ്റിയിലുള്ള മനുഷ്യരെ പറ്റി കുറെയൊക്കെ അറിയാമായിരുന്നു. അവരുടെ തിരക്കഥ കേട്ടപ്പോൾ അത് പറയണം എന്ന് തോന്നി. പറയേണ്ട ഒന്നാണെന്ന് തോന്നി. അത് വിട്ടുകളയാൻ തോന്നിയില്ല. ചുറ്റുപാടുകളാണ് സ്വാധീനിക്കുന്നത്. അല്ലാതെ വളരെ നിർബന്ധത്തിനു വഴങ്ങി സാമൂഹിക വിമർശനം നടത്താനോ, സാമൂഹിക പ്രതിബദ്ധത കാണിക്കാനോ ശ്രമിക്കാറില്ല.
?: ഒരു സംവിധായകൻ എന്ന നിലയിൽ താങ്കളുടെ കഥാപാത്രങ്ങൾക്ക് വേണ്ടി അഭിനേതാക്കളെ എങ്ങനെ ആണ് ചിട്ടപ്പെടുത്തുന്നത്?
ജിയോ ബേബി: അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത്, പൊതുവെ കഥ എഴുതുമ്പോഴും കഥാപാത്രങ്ങളെ പറ്റി എഴുതുമ്പോഴും ചില മുഖങ്ങൾ ഒക്കെ മനസിലേക്ക് വരും. അത് വളരെ പ്രധാന കഥാപാത്രമായാലും, അപ്രധാന കഥാപാത്രമായാലും. വളരെ സ്വാഭാവികമായാണ് കാസ്റ്റിംഗ് സംഭവിക്കുന്നത്.
ഉദാഹരണത്തിന് നിമിഷ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയുടെ കഥ ആലോചനയിൽ ഉള്ള സമയത്ത് തന്നെ ആ കഥാപാത്രത്തിലേക്ക് നിമിഷ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. കാതൽ എന്ന സിനിമയിൽ മമ്മൂക്കയെക്കാൾ മുൻപേ എന്റെ മനസ്സിലേക്ക് വന്നത് മമ്മൂട്ടിയുടെ പാർട്ണർ ആയി അഭിനയിച്ച സുധി കോഴിക്കോടിന്റേതാണ്. അതുപോലെ ചെയ്തിട്ടുള്ള പല സിനിമകളിലും കഥ ആലോചിക്കുമ്പോൾ തന്നെ കഥാപാത്രങ്ങളായി പല മുഖങ്ങളും മനസിലേക്ക് വരാറുണ്ട്.
?: മലയാള സിനിമയുടെ പരിണാമത്തെ എങ്ങനെ നോക്കി കാണുന്നു? നിലവിലെ മലയാള സിനിമയുടെ യാത്രയെ പറ്റി ഒരു സംവിധായകൻ, നടൻ എന്നുള്ള നിലകളിൽ താങ്കളുടെ അഭിപ്രായം പങ്കുവെക്കാമോ?
ജിയോ ബേബി: മലയാള സിനിമയുടെ പരിണാമത്തെ വളരെ പോസിറ്റീവ് ആയിട്ടുതന്നെയാണ് ഞാൻ നോക്കികാണുന്നത്. എനിക്ക് തോന്നുന്നത്, നിലവിൽ മലയാള സിനിമ വളരെ ഭംഗി ആയി അതിന്റെ കർമ്മം നിറവേറ്റുന്നുണ്ട് എന്നാണു. നമ്മൾ കാണുന്ന സിനിമകൾ അല്ലാതെ സ്വതന്ത്ര സിനിമകൾ, പലപ്പോഴും പുറത്തേക്ക് എത്താത്ത ഒരുപാട് ഗംഭീര സിനിമകളുണ്ട്. ഇനി മുന്നോട്ടുള്ള മലയാള സിനിമയുടെ ഭാവി വളരെ ഗംഭീരം ആയിരിക്കും.
?: ആഗോളചലച്ചിത്രമേളകളിൽ പ്രാദേശിക സ്വതന്ത്ര മലയാള സിനിമകളുടെ നിലവിലെ പ്രാധാന്യത്തെ എങ്ങനെ നോക്കിക്കാണുന്നു? സ്വതന്ത്ര സിനിമ മേഖലയെ വളർത്താൻ സർക്കാർ തലത്തിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്ന് കരുതുന്നുണ്ടോ?
ജിയോ ബേബി: സ്വതന്ത്രസിനിമകളാണ് മലയാള സിനിമയെ പലപ്പോഴും ആഗോളതലത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളത്. ഇപ്പോൾ സ്വതന്ത്ര സിനിമ പ്രവർത്തകരുടെ എണ്ണവും കൂടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ഐ എഫ് എഫ് കെ യിൽ ഗംഭീരമായ പ്രകടനമാണ് സ്വതന്ത്ര സിനിമകൾ നടത്തിയത്, അതിൽ പലതും ഞെട്ടിക്കുന്നവയാണ്. അത് കൃത്യമായി കാഴ്ചക്കാരിലേക്ക് എത്തിക്കാൻ പറ്റുന്നില്ല എന്നതാണ്.
അത് വരും കാലത്ത് മാറുമെന്ന് തോന്നുന്നു. ലോകസിനിമാ ഭൂപടത്തിൽ മലയാള സിനിമയെയും ഇന്ത്യൻ സിനിമയെയും എല്ലാ കാലവും അടയാളപ്പെടുത്തിയത് സ്വതന്ത്ര സിനിമകൾ തന്നെയാണ്. അല്ലാത്ത സിനിമകളും ഇല്ല എന്ന് പറയുന്നില്ല. എങ്കിൽ സ്വതന്ത്ര സിനിമകൾക്ക് വലിയ സ്ഥാനം അവിടെ ഉണ്ട്.

?: താങ്കൾ പലപ്പോഴും വളരെ സേഫ് ആയ ഒരു സോണിൽ നിന്നുകൊണ്ട് ആണ് രാഷ്ട്രീയം പറയുന്നത് എന്ന് പറഞ്ഞാൽ, അത്തരം ഒരു വിമർശനത്തോടെ എങ്ങനെ പ്രതികരിക്കും?
ജിയോ ബേബി: അത് ഞാൻ അല്ലല്ലോ പറയേണ്ടത്. കാണുന്ന പ്രേക്ഷകന് അത് സേഫ് ആണെന്ന് തോന്നിയാൽ ആണ്, അല്ലെങ്കിൽ അല്ല. ഞാൻ പറയേണ്ട കാര്യങ്ങളെ എനിക്ക് അറിയുന്ന കാര്യങ്ങൾ, എനിക്ക് അറിയുന്ന രീതിയിൽ പറയുന്നു എന്ന് മാത്രം. ഞാൻ പറഞ്ഞല്ലോ ഒരു സിനിമ ചെയ്യാണ്ടിരിക്കാൻ ആവുമ്പോൾ മാത്രമാണ് സിനിമ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇതിനു പ്രത്യേകിച്ചൊരു ഉത്തരം പറയുന്നില്ല
?: താങ്കളുടെ വരാനിരിക്കുന്ന പ്രൊജക്റ്റുകളെ പറ്റി പ്രേക്ഷകരോട് പങ്ക് വെക്കാമോ?
ജിയോ ബേബി: വരാനിരിക്കുന്ന പ്രോജക്ടുകളുടെ ചർച്ചകളിലും ക്രിയേറ്റീവ് ചർച്ചകളിലും ഒക്കെ ആണ്. ഒന്നും പറയാൻ ആയിട്ടില്ല
?: അവസാനമായി, സിനിമ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന പുതിയ കാല സിനിമ പ്രവർത്തകരോട് ഒരു സംവിധായകൻ എന്ന നിലയിൽ താങ്കൾക്ക് എന്താണ് പറയാനുള്ളത്?
ജിയോ ബേബി: പുതിയ ഫിലിം മേക്കേഴ്സിനോട് നല്ല സിനിമകൾ ഉണ്ടാക്കു എന്നെ പറയാനുള്ളു. ഇതുവരെ കാണാത്ത തരത്തിലുള്ള സിനിമകൾ ഉണ്ടാവട്ടെ. പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുകയാണ്.



