...
Home News International ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ നാല് സ്ഥാനം താഴോട്ട്; ഇന്ത്യയേക്കാൾ മെച്ചപ്പെട്ട് അയൽ രാജ്യങ്ങൾ

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ നാല് സ്ഥാനം താഴോട്ട്; ഇന്ത്യയേക്കാൾ മെച്ചപ്പെട്ട് അയൽ രാജ്യങ്ങൾ

പുതിയ ആഗോള പട്ടിണി സൂചിക പ്രകാരം പോഷകാഹാരക്കുറവ് വർധിക്കുകയാണെന്നാണ് വിലയിരുത്തൽ

210

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ നൂറ്റിപതിനൊന്നാം സ്ഥാനത്തെത്തി. 2022ലെ കണക്കുകൾ അനുസരിച്ച് 121 രാജ്യങ്ങളുടെ പട്ടികയിൽ നൂറ്റിയേഴാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഇപ്പോൾ 125 രാജ്യങ്ങളുള്ള സൂചികയാണ് പുറത്ത് വന്നിട്ടുള്ളത്. അയൽരാജ്യങ്ങളായ പാകിസ്താൻ (102), ബംഗ്ലാദേശ് (81), നേപ്പാൾ (69), ശ്രീലങ്ക (60) എന്നിവ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലാണ്.

പുതിയ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സ്ഥിതി ഗുരുതരമാണെന്നാണ് വിലയിരുത്തൽ. എന്നാൽ ദുഷ്ടലാക്കോടെയാണ് സൂചികയെന്ന് ആരോപിച്ച് ഇന്ത്യ ഈ റിപ്പോർട്ട്‌ തള്ളിയിട്ടുണ്ട്. ഇത് രാജ്യത്തിന്റെ ശരിയായ നില വ്യക്തമാക്കുന്നതല്ലെന്നും റിപ്പോർട്ട് തെറ്റാണെന്നും കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമായ പിഴവുകളുള്ള സൂചികയാണ് പുറത്ത് വിട്ടിരിക്കുന്നതെന്ന് കേന്ദ്ര വനിത-ശിശു വികസന മന്ത്രാലയവും പ്രതികരിച്ചു.

പുതിയ ആഗോള പട്ടിണി സൂചിക പ്രകാരം പോഷകാഹാരക്കുറവ് വർധിക്കുകയാണെന്നാണ് വിലയിരുത്തൽ. ലോകത്തിലാകെ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 572 ദശലക്ഷത്തിൽനിന്ന് 735 ദശലക്ഷമായി ഉയർന്നതായും റിപ്പോർട്ട് പറയുന്നു. സൂചിക പ്രകാരം ദക്ഷിണേഷ്യയും സഹാറക്ക് തെക്കുള്ള ആഫ്രിക്കയുമാണ് ലോകത്ത് ഏറ്റവും പട്ടിണിയുള്ള മേഖലകൾ.

ലോകത്തു തന്നെ കുട്ടികളിൽ ഏറ്റവുമധികം തൂക്കക്കുറവുള്ള രാജ്യമാണ് ഇന്ത്യ. 18.7 ശതമാനമാണ് ഈ നിരക്ക്. രാജ്യത്തെ പോഷകാഹാരക്കുറവ് നിരക്ക് 16.6 ശതമാനവും അഞ്ച് വയസ്സിന് താഴെയുള്ളവരുടെ മരണനിരക്ക് 3.1 ശതമാനവുമാണ്. 15നും 24നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ വിളർച്ചയുടെ വ്യാപനം 58.1 ശതമാനമാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.