...
Home News National ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഒരു വട്ടം കൂടി പിരിച്ചുവിടപ്പെട്ടിരിക്കുന്നു

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഒരു വട്ടം കൂടി പിരിച്ചുവിടപ്പെട്ടിരിക്കുന്നു

അമിത് ഷായുടെ, അദാനിയുടെ ഭാരതത്തെ വീണ്ടെടുക്കാൻ ഒടുവിൽ അയാളെ തിരഞ്ഞെടുത്തിരിക്കുന്നു. മല്ലികാർജുൻ ഗാർഗേ! പ്രതീക്ഷകൾ ഒടുങ്ങിയിരിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഒരു വട്ടം കൂടി പിരിച്ചുവിടപ്പെട്ടിരിക്കുന്നു.

315

| എം സുകുമാരൻ ലാൽ

പ്രിയപ്പെട്ട ശശി തരൂർ. സ്വാതന്ത്ര്യത്തിന് ശേഷം ഏകനായി നടന്നുപോയ ഒരാളുണ്ടായിരുന്നു. അയാൾക്ക് അങ്ങയുടെ മൂർച്ചയുള്ള നാവും പ്രകീർത്തിക്കപ്പെട്ട വസ്ത്രാലങ്കാരങ്ങളുമില്ലായിരുന്നു. വേഷം കൊണ്ടും ജീവിതം കൊണ്ടും കോൺഗ്രസിനെ മണ്ണിനോളം നിന്നു വലുതാക്കിയ ആ മഹാമനുഷ്യന്റെ പേരായിരുന്നു ഗാന്ധി. കാലം അയാളെ മഹാത്മാ ഗാന്ധിയെന്നു വിളിച്ചു. വർഗീയഹിന്ദുവിനൊഴികെ മറുവാദമുണ്ടായിരുന്നില്ല.

ഇന്നേക്ക് എഴുപത്തിയഞ്ചാണ്ടുകൾക്കു മുൻപ് ഹൃദയവും ജീവനും കൊടുത്തു വളർത്തിയ കോൺഗ്രസിനെ പിരിച്ചുവിടണമെന്നയാൾ പറഞ്ഞു. സ്വാതന്ത്ര്യം നേടുവാൻ പണിയെടുത്ത കോൺഗ്രസ് മരിച്ചുവെന്ന് ഗാന്ധി പറഞ്ഞു. ഗാന്ധിയ്ക്കു ചുറ്റും കൂട്ടം കൂടി നിന്നവർ പിരിഞ്ഞുപോയി. കോൺഗ്രസ്‌ മാത്രം പിരിച്ചുവിട്ടില്ല. അധികാരം ഒരു സ്വാതന്ത്ര്യത്തിന്റെ ബാക്കിപത്രം കൈമുതലായുള്ള പ്രസ്ഥാനത്തെ എത്രമാത്രം ഭീകരസംഘടനയാക്കുമെന്ന് കോൺഗ്രസ്‌ കാണിച്ചുതന്നു. അടിയന്തിരാവസ്ഥയും സിഖ് കൂട്ടക്കുരുതിയും ബോഫോഴ്‌സുമെല്ലാം കോൺഗ്രസിന്റെ തലപ്പാവിൽ കറുത്തയടയാളങ്ങളായി. ഒന്നും കാണുവാൻ നിൽക്കാതെ ഗാന്ധിയെ അവരും കൊണ്ടുപോയി.

കാലം മാറിയിട്ടും കോൺഗ്രസ്‌ മാറിയില്ല. ചെറുപാർട്ടികളെ പുച്ഛിച്ചും അവഗണിച്ചും സ്വാതന്ത്ര്യത്തിന്റെ കാലഘട്ടകൊമ്പേറി നടന്നുകൊണ്ടേയിരുന്നു കോൺഗ്രസ്. നിങ്ങൾ തകരുന്നല്ലോ കോൺഗ്രസ് എന്നു ചൂണ്ടിക്കാണിയ്ക്കുമ്പോൾ കേരളത്തിന്റെ ഇത്തിരിവട്ടത്തെ ചൂണ്ടി ഇതല്ലേ നിങ്ങൾ എന്നവർ പൊട്ടിച്ചിരിച്ചു. കാൽക്കീഴിലെ ഒലിയ്ക്കുന്ന മണ്ണിനെ പങ്കിട്ടെടുക്കാൻ പിന്നെ പോരടിക്കുകയായിരുന്നൂ അവർ. മറുപക്ഷം വളരുകയായിരുന്നു.

ചെങ്കോട്ടയിൽ കാവിപാറിക്കാനിറങ്ങിയവർ ദൗത്യം പൂർത്തീകരിച്ചിരുന്നു. മറ്റിടങ്ങളിൽ പ്രസ്ഥാനമില്ലാത്തവർ പ്രതീക്ഷയോടെ കോൺഗ്രസിനെ നോക്കിയിരുന്നു. വർഗീയസംഘചാലകരുടെ നിധിപ്പെട്ടിയിൽ ഉന്നം വയ്ക്കാത്ത ചെറുപാർട്ടികൾ നോക്കിനിൽക്കേ കോൺഗ്രസിലെ വാർദ്ധക്യം കാവിക്കൊടിയും കുത്തിപ്പിടിച്ചു കടന്നുപോയി. യുധിഷ്ഠിരന്റെ മനസായിരുന്നു ഇന്ദിരാഗാന്ധികുടുംബത്തിനെന്നും. ജനങ്ങളുടെ വിളികേൾക്കാതെ അവർ സ്വർഗം തേടിപോയി. ആരെയും തിരിഞ്ഞുനോക്കരുതെന്നായിരുന്നു യുധിഷ്ഠിരകല്പന.

കോൺഗ്രസിനെ രക്ഷിക്കാൻ ഒരാൾ വന്നു. ഗാന്ധിയല്ലെങ്കിലും ലോകം കണ്ടയാൾ. ആരാണ് ഹിന്ദുവെന്നു പരിവാരതിട്ടൂരങ്ങളെ അതിലംഘിച്ചുകൊണ്ട് ഭംഗിയായി പുസ്തകമെഴുതിയൊരാൾ. ആർക്കും വിധേയപ്പെടാത്ത സ്വാതന്ത്ര്യത്തെക്കുറിച്ചയാൾ പറഞ്ഞു. കടൽക്കിഴവന്മാരുടെ നേതൃത്വം വീണ്ടും വിളിച്ചുചേർക്കപ്പെട്ടു. ആരോടാണ് കൂറ്? ചോദ്യമുയർന്നു. കിഴവന്മാരിൽ നിന്നും ഉത്തരം വന്നു.

വെള്ളച്ചുരുൾ തലയണയിൽ അമർന്നുകിടന്നൊരാൾ ഞരങ്ങി മൂളി. ഇന്ദിരാ….. കുടുംബം.! മോഡിയുടെ, അമിത് ഷായുടെ, അദാനിയുടെ ഭാരതത്തെ വീണ്ടെടുക്കാൻ ഒടുവിൽ അയാളെ തിരഞ്ഞെടുത്തിരിക്കുന്നു. മല്ലികാർജുൻ ഗാർഗേ! പ്രതീക്ഷകൾ ഒടുങ്ങിയിരിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഒരു വട്ടം കൂടി പിരിച്ചുവിടപ്പെട്ടിരിക്കുന്നു. തരൂർ മടങ്ങിയിരിക്കുന്നു. ഗാന്ധി നടന്നുപോയ വഴിയിലൂടെയല്ലെങ്കിലും. യുധിഷ്ഠിരൻ സ്വർഗം പൂകിയിട്ടുണ്ടാകുമിപ്പോൾ

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.