...
Home News National ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റെയിൽ കോച്ച് ഫാക്ടറി തെലങ്കാനയിൽ തുറന്നു

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റെയിൽ കോച്ച് ഫാക്ടറി തെലങ്കാനയിൽ തുറന്നു

2014ലെ ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമത്തിന്റെ ഭാഗമായി, തെലങ്കാന രൂപീകരിച്ച് ആറുമാസത്തിനുള്ളിൽ ഒരു റെയിൽ കോച്ച് ഫാക്ടറി വാഗ്ദാനം ചെയ്തു. എന്നാൽ, സംസ്ഥാന സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടും ഇത് യാഥാർഥ്യമായിരുന്നില്ല.

232

ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റെയിൽ കോച്ച് ഫാക്ടറി ഹൈദരാബാദിന് സമീപം രംഗറെഡ്ഡി ജില്ലയിലെ കൊണ്ടക്കൽ ഗ്രാമത്തിൽ ഉദ്ഘാടനം ചെയ്തു. സങ്കീർണ്ണമായ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് റെയിൽവേ ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന തെലങ്കാന കമ്പനിയായ മേധ സെർവോ ഡ്രൈവ്സ് പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിച്ച ഇത് മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവാണ് ഉദ്ഘാടനം ചെയ്തത്.

ഒരു ഹോം ഗ്രോഡ് കമ്പനി സംസ്ഥാനത്ത് റെയിൽ കോച്ചുകൾ നിർമ്മിക്കുന്നതിൽ തെലങ്കാന അഭിമാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മുംബൈയിൽ നിന്ന് മോണോ റെയിൽ ഓർഡർ കമ്പനി സ്വന്തമാക്കിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. നേരത്തെ 2014ലെ ആന്ധ്രാപ്രദേശ് പുനഃസംഘടനാ നിയമത്തിന്റെ ഭാഗമായി, തെലങ്കാന രൂപീകരിച്ച് ആറുമാസത്തിനുള്ളിൽ ഒരു റെയിൽ കോച്ച് ഫാക്ടറി വാഗ്ദാനം ചെയ്തു. എന്നാൽ, സംസ്ഥാന സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടും ഇത് യാഥാർഥ്യമായിരുന്നില്ല.

ഒരു സ്വകാര്യ റെയിൽ കോച്ച് ഫാക്ടറി സ്ഥാപിക്കുന്നതിനായി 2017-ൽ മേധ ഗ്രൂപ്പ് തെലങ്കാന സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷനുമായി (ടിഎസ്ഐഐസി) ധാരണാപത്രം ഒപ്പുവച്ചിരുന്നു. 2020 ഓഗസ്റ്റ് 13 ന് വ്യവസായ മന്ത്രി കെ ടി രാമറാവു ഫാക്ടറിക്ക് തറക്കല്ലിട്ടിരുന്നു. 1,000 കോടി രൂപ മുതൽമുടക്കിൽ സ്വകാര്യ റെയിൽ കോച്ച് ഫാക്ടറിക്ക് പ്രതിവർഷം 500 കോച്ചുകളും 50 ലോക്കോമോട്ടീവുകളും ഉൽപ്പാദിപ്പിക്കാനുള്ള ശേഷിയുണ്ടാകുമെന്ന് അന്ന് പ്രഖ്യാപിച്ചു.

100 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഫാക്ടറി കോച്ചുകൾ, ട്രെയിൻ സെറ്റുകൾ, ലോക്കോമോട്ടീവുകൾ, മെട്രോ ട്രെയിനുകൾ, മോണോറെയിലുകൾ തുടങ്ങി എല്ലാത്തരം റെയിൽവേ റോളിംഗ് സ്റ്റോക്കുകളും വികസിപ്പിക്കും. ആദ്യഘട്ടത്തിൽ 400 കോടിയോളം രൂപ നിക്ഷേപിച്ചതായി മേധ മാനേജിങ് ഡയറക്ടർ കശ്യപ് റെഡ്ഡി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. 805 കോടി രൂപയാണ് പദ്ധതിക്കായി ഉദ്ദേശിക്കുന്ന നിക്ഷേപം.

558 പേർക്ക് ഇതിനകം ജോലി ലഭിച്ചിട്ടുണ്ടെന്നും 500 പേർക്ക് പരോക്ഷമായി പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമീപഭാവിയിൽ 1000 പേർക്ക് കൂടി തൊഴിൽ ലഭിക്കും. ഈ വർഷം അവസാനത്തോടെ മോണോറെയിൽ പദ്ധതിയുടെ മൊത്തം കോച്ചുകളുടെ നിർമാണം ഈ സ്ഥാപനത്തിൽ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളിലൂടെ റെയിൽവേ ഉൽപന്നങ്ങൾ ഇന്ത്യയ്ക്കുവേണ്ടി മാത്രമല്ല, ലോകത്തിനായും നിർമിക്കാൻ ഞങ്ങൾ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര ഗവേഷണ-വികസന സൗകര്യങ്ങളുള്ള ഏക ഇന്ത്യൻ കമ്പനിയാണ് തങ്ങളെന്ന് മേധ അവകാശപ്പെടുന്നു. ഇത് നിലവിൽ ഇന്ത്യൻ റെയിൽവേയ്‌ക്കായി ബോഗികൾ നിർമ്മിക്കുന്നു, കൂടാതെ സമ്പൂർണ്ണ മുംബൈ മോണോറെയിൽ ട്രെയിൻ സെറ്റുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും.

ലോകമെമ്പാടുമുള്ള റെയിൽവേ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിനായി സ്പെയിൻ, ഇറ്റലി, യുഎസ്എ, ബ്രസീൽ, പോളണ്ട് എന്നിവയുൾപ്പെടെ വിവിധ സബ്സിഡിയറി കമ്പനികളും മേധയുടെ ഉടമസ്ഥതയിലുണ്ട്. തെലങ്കാനയിൽ പുതിയ റെയിൽ കോച്ച് നിർമ്മാണ ഫാക്ടറിക്കായി സ്വിസ് റെയിൽവേ റോളിംഗ് സ്റ്റോക്ക് നിർമ്മാതാക്കളായ സ്റ്റാഡ്‌ലർ റെയിലുമായി സംയുക്ത സംരംഭ (ജെവി) കരാറിലും മേധ സെർവോ ഡ്രൈവ്‌സ് ഒപ്പുവച്ചു.

സ്വിറ്റ്‌സർലൻഡിലെ ബുസ്‌നാങ്ങ് ആസ്ഥാനമായ സ്റ്റാഡ്‌ലർ 80 വർഷത്തിലേറെയായി റെയിൽ വാഹനങ്ങൾ നിർമ്മിക്കുന്നു. ഇത് റെയിൽവേ റോളിംഗ് സ്റ്റോക്ക് നിർമ്മിക്കുകയും ആഗോള റെയിൽവേ വിപണിയിലുടനീളം പ്രബലമായ മാർക്കറ്റ് ഷെയറുമുണ്ട്.

ഇന്ത്യൻ വിപണിയിൽ നിന്നുള്ള ടെൻഡറുകളും ഏഷ്യാ പസഫിക് മേഖലയിലുടനീളമുള്ള ഉപഭോക്താക്കളിൽ നിന്നുള്ള കയറ്റുമതിയും നിറവേറ്റാൻ സംയുക്ത സംരംഭം നിർദ്ദിഷ്ട തെലങ്കാന യൂണിറ്റ് ഉപയോഗിക്കും. 1984-ൽ സ്ഥാപിതമായ മേധ, 1990 മുതൽ റെയിൽവേയ്ക്ക് വിവിധ ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നു. ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും വലിയ പ്രൊപ്പൽഷൻ ഉപകരണങ്ങൾ (ഇലക്‌ട്രോണിക്‌സ്) വിതരണക്കാരാണിത്.

റെയിൽവേയുടെ ഏറ്റവും വലിയ ട്രാക്ഷൻ മോട്ടോർ നിർമ്മാതാവും കൂടാതെ നൂതന സിഗ്നലിംഗ്, സുരക്ഷാ സംവിധാനങ്ങൾ നൽകുന്ന ഏറ്റവും വലിയ ഇന്ത്യൻ കമ്പനിയുമാണ് ഇത്. 2,500 കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ള കമ്പനിക്ക് ഏകദേശം 5,000 പേർക്ക് ജോലിയുണ്ട്.

സോളാർ ഇൻവെർട്ടറുകൾ, ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾക്കുള്ള പ്രൊപ്പൽഷൻ സിസ്റ്റം, കനാൽ ഓട്ടോമേഷൻ സിസ്റ്റം തുടങ്ങിയ മേഖലകളിലും മേധ നൂതന സാങ്കേതികവിദ്യകൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നുണ്ടെന്ന് കശ്യപ് റെഡ്ഡി പറഞ്ഞു. ഇന്ത്യൻ നാവികസേനയ്‌ക്കായി വലിയ പ്രൊപ്പൽഷൻ മോട്ടോറുകൾ വികസിപ്പിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചുകൊണ്ട് പ്രതിരോധ നിർമ്മാണത്തിലും ഇത് ചുവടുവച്ചു.

സോളാർ പിവി ഇൻവെർട്ടറുകൾ നിർമ്മിക്കുന്നതിനായി ടിഎസ്ഐഐസി മേധയ്ക്ക് ഇ-സിറ്റിയിൽ 25 ഏക്കർ സ്ഥലം അനുവദിച്ചിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി 80 കോടി രൂപ നിക്ഷേപിക്കുന്ന മേധ രണ്ട് ഘട്ടങ്ങളിലായി 210 പേർക്ക് തൊഴിൽ സൃഷ്ടിക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.