| വിപിൻ വിജയ്
അക്ഷയ് കുമാറിന്റെ സർഫിറാ എന്ന ചിത്രത്തിൻ്റെ ടീസർ ഇറങ്ങിയ മുതൽ നമ്മുടെ പല കമൻ്റ്ബോക്സുകളിലും വരുന്ന പരിഹാസ കമൻ്റുകൾ കണ്ടതു കൊണ്ട് ഞാനിവിടെ ചില വസ്തുതകൾ കുറിക്കുകയാണ്. അക്ഷയ് 2020ലോ മറ്റോ ഒരു ഇൻ്റർവ്യൂവിൽ പറഞ്ഞതാണ്, OTTയിൽ വല്യ ഹിറ്റായതു കൊണ്ടു തന്നെ തൻ്റെ ഫാൻസിന് തീരെ താല്പര്യമില്ലെങ്കിലും സൂരാരിപൊട്ര് എന്ന സിനിമയുടെ ക്വാളിറ്റിയാണ് തന്നെ ഇതിലേക്ക് ആകർഷിച്ചതെന്നാണ്.
ഇത് താൻ ചെയ്താൽ നോർത്തിലെയും ഈസ്റ്റ് വെസ്റ്റ് റീജിയണുകളിലെയും കുറച്ച് കൂടി വിപുലമായ ഓഡിയൻസിലേക്ക് ഈ നല്ല സിനിമയും ഇതിലെ സന്ദേശവും എത്തുമെന്ന വിശ്വാസത്തിലുമാണ് ഇത് കമ്മിറ്റ് ചെയ്തതെന്നും, ഈ സിനിമ വലിയൊരു സാമ്പത്തിക വിജയം നേടുന്ന മാതൃകയിലുള്ള ഒന്നല്ലെന്നും തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും അക്ഷയ് അന്ന് പറഞ്ഞിരുന്നു.
പാനഡെമിക്കിന് മുൻപ് ബോളിവുഡിൽ ഏറ്റവുമധികം ഹിറ്റുകൾ ഉണ്ടായിരുന്നതും ഏറ്റവുമധികം വ്യത്യസ്ത ജോണറുകളിൽ സിനിമകൾ ചെയ്ത് ഭൂരിഭാഗവും വിജയിപ്പിച്ചതുമായ ചരിത്രമുള്ള ഒരു താരം കൂടിയാണ് അദ്ദേഹം. പാനഡെമിക്കിന് ശേഷം ബോളിവുഡ് ഓഡിയൻസിന്റെ ടേസ്റ്റ് അപ്പാടെ മാറി, ( 2023ൽ ഷാരൂഖ് ഖാൻ ബോക്സോഫിൽ കാണിച്ച അദ്ഭുതകരവും ചരിത്രപരവുമായ തിരിച്ചു വരവ് മാറ്റി നിർത്തിയാൽ ) 2020 തുടങ്ങിയതിന് ശേഷം ഇറങ്ങുന്നതിൽ 95% നിനിമകളും പരാജയമായി, അക്കൂട്ടത്തിൽ വർഷം 3 – 4 ചിത്രങ്ങൾ വീതം ചെയ്യുന്ന അക്ഷയ്ക്കും തിരിച്ചടി കിട്ടി.
2020ന് ശേഷം തീയേറ്റർ റിലീസായ 10 ചിത്രങ്ങളിൽ 3 എണ്ണം വിജയിച്ചു, 7 എണ്ണം പരാജയപ്പെട്ടു. OTTയിൽ 2020,21, 22 വർഷമിറങ്ങിയ 3 അക്ഷയ് ചിത്രങ്ങളും അതാത് വർഷത്തിൽ ഡിസ്നി ഹോട്ട്സ്റ്റാർ പ്ലാറ്റ്ഫോമിൽ ഏറ്റവും അധികം വ്യൂവർഷിപ്പ് നേടി, വാണിജ്യാടിസ്ഥാനത്തിൽ വൻ വിജയങ്ങളായെങ്കിലും ക്രിട്ടിക്കലി സമ്മിശ്ര പ്രതികരണങ്ങളായിരുന്നു. പക്ഷേ ഇതേ കാലയളവിൽ തന്നെ മോഹൻലാൽ, ടോവിനോ, നിവിൻ , ആസിഫ്, കുഞ്ചാക്കോ, ബിജുമേനോൻ തുടങ്ങി നമ്മുടെ എണ്ണം പറഞ്ഞ പല മലയാളി നടന്മാരെക്കാളും ഭേദപ്പെട്ട പ്രകടനമാണ് ബോക്സ് ഓഫീസിൽ അക്ഷയുടേതെന്ന് ഈ ട്രേഡ് ശ്രദ്ധിക്കുന്നവർക്ക് അറിയാം.
റീമേക്ക് സിനിമകൾ അക്ഷയ് കൂടുതൽ ചെയ്യുന്നു എന്ന് പറഞ്ഞ് ” ആസ്മാൻ കാ ഖിലാഡി , ഹവാ കാ ഖിലാഡി , ബകരി കാ ഖിലാഡി , ഫ്ലൈറ്റ് കാ ഖിലാഡി എന്നൊക്കെയുള്ള കാലാവധി കഴിഞ്ഞ ആരോ പടച്ചു വിട്ട കോപ്പി പേസ്റ്റ് കമൻ്റുകൾ നമ്മുടെ പല കമൻ്റ് ബോക്സുകളിലും സ്ഥിരമായി കാണാറുണ്ട് , നമ്മുടെ ഹണി റോസിനെ മിന്നാമിന്നിയോട് താരതമ്യം ചെയ്ത ഒരു കമൻ്റ് വീണ്ടും വീണ്ടും ആയിരക്കണക്കിന് ആവർത്തിച്ച് ക്രിഞ്ചടിപ്പിക്കുന്നത് പോലെയുള്ള ഫീലാണ് ഈ ഖിലാഡി കമൻ്റുകൾ കാണുമ്പോഴും തോന്നാറുള്ളത്.
എന്നാൽ വാസ്തവത്തിൽ ഖിലാഡി എന്ന ടാഗിൽ വന്ന ഒറ്റ അക്ഷയ് സിനിമയും റീമേക്ക് അല്ല, അവയൊക്കെ തന്നെ നല്ല എണ്ണം പറഞ്ഞ ഒറിജിനൽ ആക്ഷൻ ഹിറ്റുകൾ ആയിരുന്നു എന്ന് ഹിന്ദി സിനിമയുടെ ചരിത്രം കുറച്ചെങ്കിലും മനസ്സിലാക്കിയിട്ടുള്ളവർക്ക് അറിയാം. റീമേക്കുകൾ ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും, അവയേക്കാൾ കൂടുതൽ ഒറിജിനൽ ചിത്രങ്ങൾ ചെയ്ത് ഹിറ്റുകൾ തൻ്റെ ഫിലിമോഗ്രാഫിയിൽ സൃഷ്ടിച്ച നടനാണ് അക്ഷയ്.
അക്ഷയേക്കാൾ കൂടുതൽ റീമേക്ക് സിനിമകൾ ചെയ്യുന്ന സൽമാനും , അജയും, അക്ഷയ് ഘന്നയും, ജോണും, ഇംഗ്ലീഷ് സിനിമകളിൽ നിന്ന് സ്ഥിരമായി കോപ്പിറൈറ്റ് പോലും എടുക്കാതെ കോപ്പിയടിക്കുന്ന ഹൃതിക്കുമൊക്കെ അവിടെയുണ്ടെങ്കിലും നമ്മൾ മലയാളികളുടെ വേട്ടമൃഗം മറ്റു പല കാരണങ്ങൾ കൊണ്ടും അക്ഷയാണ്. സമീപകാലത്തായി പരാജയ ചിത്രങ്ങൾ കൂടുതൽ ഉണ്ടെങ്കിലും ഇപ്പോഴും ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവുമധികം പ്രീ റിലീസ് ബിസിനസ് + OTT ഡീൽ കിട്ടുന്ന 2-3 നടൻമാരിൽ ഒരാളാണ് അക്ഷയ്.
നമ്മുടെ പോലുള്ള ചെറിയ ബഡ്ജറ്റ് ഉള്ള ഇൻഡസ്ട്രിയിൽ ഒരു വർഷം തന്നെ മമ്മൂക്ക നേടിയ 3 ഹിറ്റുകൾ വലിയൊരു നേട്ടമായി തന്നെ നമ്മൾ എടുത്തു പറയുമ്പോൾ,വലിയ ബഡ്ജറ്റ് ഉള്ള സിനിമകൾ നിർമ്മിക്കുന്ന ഉയർന്ന പരാജയ നിരക്കുള്ള ബോളിവുഡ് പോലുള്ള ഒരു ഇൻഡസ്ട്രിയിൽ ഒരു വർഷം തന്നെ മൂന്നോ അതിൽ കൂടുതലോ ഹിറ്റുകളുള്ള 7 വ്യത്യസ്ത കലണ്ടർ ഇയറുകൾ തന്റെ കരിയറിൽ രേഖപ്പെടുത്തി റെക്കോഡ് നേടിയ താരമാണ് അക്ഷയ്, 2020ന് മുൻപ് തുടർച്ചയായി 15 വിജയചിത്രങൾ തൻ്റെ പേരിൽ കുറിച്ച്, 70കളിൽ രാജേഷ് ഘന്ന സ്ഥാപിച്ച 18 തുടർവിജയങ്ങളുടെ റെക്കോർഡ് ഒരു ഘട്ടത്തിൽ തകർക്കുന്നതിന് അടുത്തുവരെ അദ്ദേഹം എത്തി.
മറ്റു നടൻമാരുടെ വമ്പൻ മാസ് ഇവൻ്റ് കാറ്റഗറിയിൽ വരുന്ന ചിത്രങ്ങൾക്ക് കിട്ടുന്ന അതേ പ്രീ-റിലീസ് OTT റവന്യൂ, ജോണറോ ബഡ്ജറ്റോ വ്യത്യാസമില്ലാതെ സാധാരണ ചിത്രങ്ങൾ കൊണ്ടു തന്നെ നേടുന്നുവെന്നതാണ് അക്ഷയുടെ പ്രത്യേകത. അതുകൊണ്ടുതന്നെയാണ് പ്രൊഡ്യൂസർമാർ അദ്ദേഹത്തിന് ഇപ്പോഴും ഭീമമായ തുക പ്രതിഫലമായി നൽകുന്നത്. തുടർച്ചയായി 12 വർഷത്തോളം ഫോർബ്സ് മാഗസിൻ്റെ Highest paid actors if india ലിസ്റ്റിൽ ടോപ്പ് രണ്ടിലും, highest paid actors of world list ടോപ്പ് 10ൽ 5 തവണയും വന്ന ഒരേ ഒരു ഇന്ത്യൻ സെലിബ്രിറ്റി അക്ഷയാണ്.
അദ്ദേഹത്തിൻ്റെ സാനിദ്ധ്യം കൊണ്ട് ഒരു സിനിമ generate ചെയ്യുന്ന ഭീമമായ പ്രീ -റിലീസ് റവന്യൂ കൊണ്ടാണ് പ്രൊഡ്യൂസർമാർ ഭീമമായ പ്രതിഫലം അദ്ദേഹത്തിന് ഇപ്പോഴും കൊടുക്കുന്നത്. ഉദാഹരണത്തിന് ഈ വർഷം വമ്പൻ പരാജയമായ ബഡേ മിയാൻ ചോട്ടേ മിയാൻ പ്രീ റിലീസ് ബിസിനസായി 250 കോടിയോളവും, OTT ഡീലായ് ആയി നെറ്റ്ഫ്ലിക്സിൽ നിന്ന് 200 കോടിയും കിട്ടിയതുകൊണ്ട് പ്രൊഡ്യൂസർമാരായ പൂജ എന്റർടൈൻമെൻ്റിന് ഈ പരാജയ ചിത്രം കൊണ്ട് യാതൊരു നഷ്ടവുമില്ല, ദോഷം സംഭവിച്ചത് ഡിസ്ട്രിബ്യൂട്ടേഴ്സിനാണ് , പക്ഷേ പ്രതിഫലം കൊടുക്കുന്നത് അവരല്ലാത്തതുകൊണ്ട് കക്ഷിയുടെ സാലറിക്ക് ഇടിവ് സംഭവിക്കുന്നില്ല.
അദ്ദേഹത്തിൻ്റെ വെറും extended ക്യാമിയോ മാത്രമുള്ള OMG2 എന്ന സിനിമ പ്രീ-റിലീസ് ബിസിനസും, OTT ബിസിനസ്സുമായി രണ്ടും വകയിലും ചേർത്ത് ഏകദേശം 275 കോടിയോളം നേടി. തിയേറ്റർ കളക്ഷൻ ഏകദേശം 230 കോടിയും . പാനഡെമിക്കിൽ നിന്ന് ബോളിവുഡിനെയും exhibitorsനെയും കൈപിടിച്ചുയർത്തിയ ചിത്രമായിരുന്നു അക്ഷയുടെ സൂര്യവംശി ,ഇന്ത്യയിൽ നിന്ന് മാത്രമായി ഈ ചിത്രം ഏകദേശം 230 കോടിയോളം 2021ൽ കളക്ട് ചെയ്തു ആ വർഷത്തെ highest grosser of the year ആയി.
നമ്മൾ അദ്ദേഹത്തിൻറെ പഴയ കാനേഡിയൻ പൗരത്വവും , ബിബിസി എഴുതിക്കൊടുത്ത സ്ക്രിപ്റ്റഡായ ചോദ്യങ്ങളുള്ള മോഡിയുടെ ഇൻറർവ്യൂന്റെ പേരും , ചെയ്യുന്ന റീമേക്കുകളുടെ പേരും പറഞ്ഞ് അദ്ദേഹത്തെ കളിയാക്കുന്നു. പക്ഷേ മലയാളത്തിൽ മമ്മൂട്ടിയും മോഹൻലാലിനെയും പോലെ, തമിഴിൽ രജനിയെയും കമലിനെയും പോലെ, ഹിന്ദിയിൽ എത്ര പരാജയങ്ങൾ സംഭവിച്ചാലും ഒരു കുലുക്കവും സംഭവിക്കാത്ത താരങ്ങളാണ് ഖാൻ ത്രയങ്ങളും അക്ഷയും.
തുടർച്ചയായി എത്ര പരാജയങ്ങൾ സംഭവിച്ചാലും ഒരൊറ്റ നല്ല സിനിമ കൊണ്ട് തന്നെ ആളുകളെ തിയേറ്ററിലേക്ക് ഇടിച്ചു കയറ്റാനുള്ള താരമൂല്യം ഉള്ള സൂപ്പർസ്റ്റാർ ആണ് അക്ഷയ്കുമാർ എന്ന് ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ട്രേഡനലിസ്റ്റുകളായ തരൺ ആദർശവും,ജോഗിന്ദർ ടുട്ടേജയും, രമേഷ് ബാലയും, ഭരദ്വാജ് രങ്കനും, ഹിമേഷ് മങ്കദുമൊക്കെ പലവട്ടം ആവർത്തിച്ച കാര്യമാണ്.
വലിയ മന്ത് ഒളിപ്പിച്ചു വെച്ചിട്ട്, ചെറിയ മന്തുള്ളവനെ കളിയാക്കുന്നവരെ പോലെ നമ്മുടെ താരങ്ങളുടെ പരാജയങ്ങളെ കണ്ടില്ലെന്ന് നടിച്ച് ഹിന്ദി സിനിമയുടെ ചരിത്രത്തിൽ ഏറ്റവുമധികം ഹിറ്റുകൾ ഉള്ള , ഏറ്റവുമധികം 200 കോടി ചിത്രങ്ങൾ ഉള്ള , 3000 കോടിയിലേറെ ടോട്ടൽ networth ഉള്ള , ഏറ്റവും അധികം രജിസ്റ്റേഡ് ഫാൻ ക്ലബ്സും ആരാധക വൃന്ദവുമുളള ഒരു നടനെ പൊട്ടക്കിണറ്റിലെ തവളകളെ പോലെ ഇരുന്നു പലരും പരിഹസിക്കുന്നു.
ആവറേജ് സ്ക്രിപ്റ്റും സ്ക്രീൻപ്ലേയുമുള്ള കുറച്ചധികം mediocre സിനിമകൾ ഒന്നിനു പുറകെ ഒന്നായി കോവിഡിന് ശേഷം മാറിയ അന്തരീക്ഷത്തിൽ തുടരെ തുടരെ റിലീസ് ചെയ്തതാണ് അവയുടെ പരാജയങ്ങൾക്ക് കാരണമെന്നും, അക്ഷയ്ക്ക് തിരിച്ചു വരാൻ ഓഡിയൻസുമായി കണക്ട് ചെയ്യുന്ന ശരിയായ ഒരൊറ്റ സിനിമ മതിയെന്ന തരൺ ആദർശന്റെ ട്വീറ്റ് ഇവിടെ ഒന്നു കൂടി കുറിച്ചു കൊണ്ട് പറഞ്ഞോട്ടെ. പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളെ ഇത്രയ്ക്ക് അനാവശ്യമായ പുച്ഛവും പരിഹാസവും നെഗറ്റീവിറ്റിയും നമുക്കും , നമ്മുടെ സമൂഹത്തിനും എന്ത് പ്രയോജനമാണ് ചെയ്യുന്നത് ?
ഉയരത്തിൽ നിൽക്കുന്നവരുടെ വീഴ്ചകൾ കാണാനും അത് ആസ്വദിക്കാനും പറ്റുന്ന ഒരു പ്രത്യേകതരം മെൻറാലിറ്റി ഉള്ള ആളുകളാണ് പൊതുവേ നമ്മൾ. വളർന്നുവരുന്ന യുവതലമുറയ്ക്ക് കൂടി തെറ്റായ ഒരു മാതൃക ആകാം എന്നതിൽ കവിഞ്ഞ് ഇതൊന്നും കൊണ്ട് വേറൊരു ഉപകാരവുമില്ല. നമ്മളെക്കാൾ പതിൻമടങ്ങ് ജീവിത വിജയം നേടിയവരെയും, ഔന്നത്യത്തിൽ നിൽക്കുന്നവരെയും ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കാതെയും പരിഹസിക്കാതെയും നമുക്ക് ഈ ലോകത്ത് coexist ചെയ്യാമെന്നത് മറക്കാതിരിക്കുക.



