...
Home News Kerala മുസ്ലീങ്ങൾക്ക് പന്നിയിറച്ചി പൂർണ്ണമായും നിഷിദ്ധമാണോ?

മുസ്ലീങ്ങൾക്ക് പന്നിയിറച്ചി പൂർണ്ണമായും നിഷിദ്ധമാണോ?

മനുഷ്യർ ആഹാരം കഴിക്കുന്നത് മതനിയമങ്ങൾ നോക്കിയിട്ടല്ല, തിരിച്ച് മനുഷ്യരുടെ ആഹാരരീതിയ്ക്കനുസരിച്ച് മതനിയമങ്ങൾ ഉണ്ടാവുകയാണ് ചെയ്തിട്ടുള്ളത്.

272

| വി അബ്ദുൾ ലത്തീഫ്

മുസ്ലീങ്ങൾക്ക് പന്നിയിറച്ചി പൂർണ്ണമായും നിഷിദ്ധമാണോ? അല്ല. ജീവിതത്തിൽ നൂറുശതമാനം സാർവ്വത്രികമായ നിയമങ്ങൾ കുറവാണ്. മുസ്ലീങ്ങളെ സംബന്ധിച്ച് ഈമാൻ കാര്യവും ഇസ്ലാം കാര്യവുമൊക്കെയാണ് കടുകിട മാറ്റമില്ലാതെ പാലിക്കേണ്ട നിയമങ്ങൾ. ബാക്കിയെല്ലാം സവിശേഷ ജീവിതസാഹചര്യങ്ങൾക്കൊത്ത് മാറാൻ സാധ്യതയുള്ളവയാണ്.

കുറച്ചുപേർ തീരെ ഭക്ഷണമില്ലാത്ത സാഹചര്യത്തിൽ പെട്ടുപോവുകയും പന്നിമാംസം മാത്രം ലഭ്യമാവുകയും ചെയ്താൽ അയാൾക്ക് അത് കഴിച്ച് ജീവൻ നിലനിർത്താം. സവിശേഷസാഹചര്യങ്ങളിൽ മതനിയമങ്ങളിൽ പ്രാവീണ്യമുള്ള ആളുകൾക്ക് കാര്യങ്ങൾക്കൊത്ത് നിയമങ്ങളുണ്ടാക്കാം. അടിസ്ഥാനവിശ്വാസങ്ങളെ നിരാകരിക്കുന്നതാകരുതെന്നു മാത്രം. അതുമല്ലെങ്കിൽ ഒരു വ്യക്തിക്ക് സ്വന്തമായി ഇത്തരം ഘട്ടങ്ങളിൽ തീരുമാനമെടുക്കാനും മതം അനുവാദം നൽകുന്നുണ്ട്.

അതായത് കാര്യങ്ങൾ വളരെ ഫ്ലക്സിബിളാണ്. ബിസ്മി ചൊല്ലി (ദൈവനാമത്തിൽ) അറുക്കണമെന്ന് നിർബന്ധമുണ്ടോ? അതും പല മദ്ഹബുകളിലും നിർബന്ധമല്ല. കേരളത്തിലെ മുസ്ലീങ്ങൾ ഉൾപ്പെടുന്ന ഷാഫീ മദ്ഹബിൽ ബിസ്മി നിർബന്ധമല്ല. കഴിക്കുമ്പോൾ ബിസ്മി ചൊല്ലിയാൽ മതിയാകുമത്രേ! ഹലാൽ അല്ല എന്ന് ഉറപ്പിച്ചു പറയാൻ പറ്റാത്ത സാഹചര്യത്തിൽ എന്തു ചെയ്യും? സംശയത്തിന്റെ ആനുകൂല്യത്തിൽ കഴിക്കാം എന്നാണു വിധി.

മൃഗങ്ങളെയും പക്ഷികളെയും അറുത്ത ശേഷം മാത്രം ആഹാരമാക്കുക എന്നാണ് മതം അനുശാസിക്കുന്ന നിയമം. (എല്ലാ അർത്ഥത്തിലും ശരിയായി വളർത്തിയ മൃഗങ്ങൾ ആവുക എന്നതും ഹലാലിന്റെ നിർവ്വചനത്തിൽ പെടുന്നു.) ആരാണ് അറുക്കേണ്ടത്? വിശ്വാസിയായ മുസ്ലീം പുരുഷന് അറുക്കാം. ക്രിസ്ത്യാനികൾക്കും ജൂതന്മാർക്കും അറുക്കാം. (ഈ മൂന്നു കൂട്ടരും ഇല്ലാത്ത സാഹചര്യത്തിൽ എന്തു ചെയ്യണമെന്ന് പണ്ഡിതർക്ക് തീരുമാനിച്ചുകൂടേ എന്ന ചോദ്യം പ്രസക്തമാണ്.) അതായത് ഓപ്പൺ എന്റഡ് ആണ് ഈ നിയമങ്ങൾ.

വെടി വെച്ചോ അമ്പെയ്തോ വീഴ്ത്തിയ പക്ഷി മൃഗാദികളെ കൃത്യമായി അറുക്കേണ്ടതുണ്ടോ? അവയുടെ ജീവൻ പോകുന്നതിനു മുമ്പ് അറുക്കണമെന്നാണ് വിധി. അറുക്കാൻ ചെല്ലുമ്പോഴേക്കും ജീവൻ പോയാലും കഴിക്കാവുന്നതേയുള്ളൂ. കാത്തുനിൽക്കാതെ ശ്രമിക്കണമെന്നു മാത്രം. പട്ടികളെയും ഫാൽക്കണുകളെയും ഉപയോഗിച്ച് വേട്ടയാടിപ്പിടിക്കുന്ന ജീവികളുടെ കാര്യത്തിലും വലിയ ഇളവുകളുണ്ട്. അറുക്കാതെ ചത്ത ജീവികളെ കഴിക്കാൻ പാടില്ല എന്ന നിയമം മത്സ്യങ്ങളുടെ കാര്യത്തിൽ, അതെത്ര വലിയ മത്സ്യമായാലും നൂറു ശതമാനം ഇളവുണ്ട്. ഇനി വലവീശിപ്പിടിക്കുമ്പോൾ അതിൽ നേരത്തേ ചത്ത മത്സ്യങ്ങൾ കുടുങ്ങിയിട്ടുണ്ടെങ്കിൽ എന്തു ചെയ്യണമെന്നാവും മതവിധി എന്നറിയില്ല.

മുലകുടിക്കുന്ന മൃഗങ്ങളെ കൊല്ലാൻ പാടുണ്ടോ? ഗർഭിണിയോ മുലയൂട്ടുന്നതോ ആയ മൃഗങ്ങളെ കൊല്ലാൻ പാടുണ്ടോ? ഉണ്ടാവാൻ തരമില്ല. തനതു ജീവിതസാഹചര്യങ്ങളിൽനിന്നു വ്യത്യസ്തമായി ഫാമുകളിൽ വളർത്തുന്ന ആടുമാടുകളെയും കോഴികളെയുമൊക്കെ ഹലാലായിക്കണ്ട് ഭക്ഷിക്കാമോ? ബ്രോയിലർ കോഴി ഹലാലല്ലെന്ന് ആരും പറയുന്നതു കേട്ടിട്ടില്ല. കേരളീയർ പൊതുവെ എലികളെയും പാമ്പിനെയും പുഴുക്കളെയുമൊന്നും ഭക്ഷിക്കാറില്ല. വലിയ മാംസാഹരപ്രിയരായ ആളുകൾക്കു തന്നെ ആനയിറച്ചിയോ കഴുതയിറച്ചോ ഒക്കെ പഥ്യമാകുമോ എന്തോ? ഇതൊക്കെ ശരിക്കും ഹറാമാണോ? പന്നിയും പട്ടിയും മാത്രമാണ് 99 ശതമാനവും നിഷിദ്ധമായിട്ടുള്ളത്. (ഒരു ശതമാനം സവിശേഷ ആനുകൂല്യമുണ്ട്) എന്നാൽ പ്രാദേശികവ്യത്യാസങ്ങൾ ധാരളമുണ്ടെന്ന് നമുക്കു മനസ്സിലാകും.

ചില മുസ്ലീംവിഭാഗങ്ങൾക്ക് മീൻ അശുദ്ധിയുണ്ടാക്കുമെങ്കിൽ വേറെ കൂട്ടർക്ക് അതില്ല. പട്ടി തൊട്ടാൽ ഏഴു വട്ടം (അതിലൊന്ന് മണ്ണിട്ട്) കഴുകണമെന്നു നിയമമുള്ളപ്പോൾ വിവിധ രാജ്യങ്ങളിലെ മുസ്ലീങ്ങൾ വേട്ടയ്ക്ക് വ്യാപകമായി പട്ടികളെ ഉപയോഗിക്കുന്നുണ്ട്. വേട്ടപ്പട്ടി കൊണ്ടുവന്നത് ഹലാലാണ്. സാധ്യമായത്രയും എന്തും കഴിക്കാമെന്നാണ്, കഴിക്കരുത് എന്നല്ല ഇസ്ലാമിക നിയമം എന്നാണ് അതിലൂടെ കടന്നുപോകുന്നവർക്ക് മനസ്സിലാവുക. അതേ സമയം ചില നീതിബോധങ്ങൾ അതിലുള്ളടങ്ങിയിട്ടുണ്ടെന്നും കാണാം. യാത്ര ചെയ്യുന്നവർക്ക് വലിയ ഇളവുകളുണ്ട്. പ്രാദേശികമായി ലഭ്യമായത് കഴിക്കുക എന്നതിനു പ്രാധാന്യം കിട്ടുന്നു.

ഒരു നോർത്ത് ഈസ്റ്റ് യാത്രയിൽ പ്രഭാതഭക്ഷണമായി മുന്നിലെത്തിയത് ചോറും തൈരും ചക്കരയും. ഇത് മൂന്നുംകൂടി കൂട്ടിക്കുഴച്ചാണ് കഴിക്കേണ്ടത്. വേറൊരിക്കൽ അഹോം സിൽക്ക് ഉണ്ടാക്കുന്ന പട്ടുനൂൽപ്പുഴുക്കൾ അസ്സലായി വറുത്തത് മുന്നിലെത്തി. അരുണാചലിൽ യാക്കിന്റെ പാലും ഇറച്ചിയും മുന്നിലെത്തിയിരുന്നു. ഒക്ടോപ്പസ്, പലതരം ഓയിസ്റ്ററുകൾ, പാടത്തുണ്ടാകുന്ന ഞവണി ഇവയൊക്കെ വിഭവങ്ങളായി മുന്നിലെത്തിയിട്ടുണ്ട്. കാട്ടരുവിയിൽനിന്നു പിടിക്കുന്ന കരിഞണ്ടുകളെ പച്ചയ്ക്ക് ചമ്മന്തിയാക്കിയത് കഴിച്ചിട്ടുണ്ട്. ചെമ്മീൻപൊടി ചേർത്ത അച്ചാർ, ദ്വീപുകാരുടെ മാസ് ചേർത്ത ഹലുവ ഒക്കെ ആളുകൾ അറിഞ്ഞോ അറിയാതെയോ കഴിക്കുന്നു. തമിഴ്നാട്ടിലെ ഡയറികളിൽനിന്നെത്തുന്ന പാട്ടത്തൈര് പുഴുക്കളെ അരിച്ചുമാറ്റിയതാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഉപ്പും മുളകും ചേർത്ത് ഞരടിക്കഴിക്കുന്നു. പാമ്പും തേളും പഴുതാരകളും എലിയും പട്ടിയുമൊക്കെ ആഹാരസാധനങ്ങളായി നിരത്തിവെച്ച മാർക്കറ്റുകൾ ഇന്ത്യയിൽത്തന്നെ കണ്ടിട്ടുണ്ട്.

ആഹാരത്തെക്കുറിച്ചാലോചിക്കുമ്പോൾ അതിന്റെ വൈവിധ്യത്തെക്കുറിച്ചാലോചിക്കാതെ അതിനെ ബീഫ് വേഴ്സസ് പോർക്ക് എന്ന് ചുരുക്കുന്നത് തികഞ്ഞ സങ്കുചിതത്വമാണെന്നു പറയാതെ വയ്യ. മനുഷ്യർ ആഹാരം കഴിക്കുന്നത് മതനിയമങ്ങൾ നോക്കിയിട്ടല്ല, തിരിച്ച് മനുഷ്യരുടെ ആഹാരരീതിയ്ക്കനുസരിച്ച് മതനിയമങ്ങൾ ഉണ്ടാവുകയാണ് ചെയ്തിട്ടുള്ളത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.