...
Home News കഥാപ്രസംഗ കല ഇന്ന് അന്യം നിന്നു പോകുന്നുവോ?

കഥാപ്രസംഗ കല ഇന്ന് അന്യം നിന്നു പോകുന്നുവോ?

അന്യം നിന്നു പോകുവാൻ ഇടവരുത്താതെ കഥാപ്രസംഗ കലയെ പഴയതിലും ഉണർവോടെ നമുക്ക് ചേർത്തു നിർത്തുവാൻ സാധിച്ചെങ്കിൽ മാത്രമേ കലയെയും കാഥികരേയും അംഗീകരിക്കപ്പെടുന്ന ഒരു പുതിയ സമൂഹത്തെ വാർത്തെടുക്കുവാൻ സാധിക്കുകയുള്ളൂ.

296

| കാവ്യാ ദേവദേവൻ

മഹാത്മാ ഗാന്ധി സർവകലാശാല കലോത്സവത്തിന് (wake up call 2022) കൊടി ഇറങ്ങുമ്പോൾ അവസാന ദിവസം വേദി 3 ക്രിസോസ്റ്റം നഗർ കഥാ പ്രസംഗ മത്സരത്തിന് സാക്ഷ്യം വഹിച്ചപ്പോൾ അന്യം നിന്നു പോകുന്ന കലാ രൂപങ്ങളിൽ ഒന്നായി കഥാ പ്രസംഗവും അവശേഷിക്കപ്പെടുന്നുവോ എന്നൊരു ചോദ്യം കാഴ്ചക്കാരന് മനസ്സിൽ ഉടലെടുത്തേക്കാം. കഥയും സംഗീതവും പ്രസംഗവും ഒന്നിക്കുന്ന കലാരൂപമാണ് കഥാ പ്രസംഗം. കലോത്സവ വേദികളിൽ മാത്രമാണ് ഇന്ന് നമുക്ക് കഥാ പ്രസംഗം കാണുവാൻ സാധിക്കുന്നത്. കഥാപ്രസംഗ കുലപതി സംബശിവന്റെയും ഹാസ്യ കഥാ പ്രാസംഗികൻ വി ഡി രാജപ്പന്റെയും നാടാണ് കേരളം. ഒരു കാലത്ത് വേദികൾ കയ്യടികളാൽ ഏറ്റു വാങ്ങപ്പെട്ട കലാരൂപമായിരുന്ന കഥാപ്രസംഗം എന്നാൽ ഇന്ന് കലോത്സവ മത്സരങ്ങളിൽ ഇടം പിടിക്കുന്ന മത്സര ഇനമായി തന്നെ മാറിയിരിക്കുകയാണ്.

ഏറെ പുതുമകൾ കൊണ്ട് വരാൻ സാധിക്കുന്ന കഥയിൽ ഇന്ന് മത്സര വേദിയിൽ മതം, ജാതി എന്നിവയാണ് മുഖ്യമായി ഇടം പിടിച്ചത്. പലരും അവതരിപ്പിച്ച കഥയിൽ കലാപവും മതവെറിയും, യുദ്ധകളവും മാത്രമായി ഒതുങ്ങി പോയപ്പോൾ അമ്മിഞ്ഞപ്പാൽ ചുരത്തുന്ന അമ്മയുടെ വേദനകൾ തങ്ങിയ വികാര നിർഭരമായ പ്രമേങ്ങളും ഭൂമിക്കൊരു ചരമ ഗീതം കേന്ദ്ര ബിന്ദുവാക്കിക്കൊണ്ടുള്ള സന്ദർഭങ്ങളും വേറിട്ട് നിന്നു.

നാം അവതരിപ്പിക്കുന്ന കഥയിൽ പുതുമ ഉണ്ടാവണമെന്നും സാമൂഹിക വ്യവസ്ഥിതീകൾ നോക്കികാണുകയും,ധാരാളം പുതിയ പുസ്തകങ്ങൾ വായിച്ചും മാത്രമേ നമുക്ക് പുതിയ ആശയങ്ങൾ സൃഷ്ടിക്കുവാൻ പറ്റുകയുള്ളു. നിസ്സാരവത്കരിക്കാതെ വിഷയങ്ങളെ തീവ്രതയോടെ അവതരിപ്പിച്ചെങ്കിൽ മാത്രമേ അവതരിപ്പിക്കുന്ന കഥ പ്രേക്ഷകരിലേക്ക് എത്തുകയുള്ളു എന്നും പ്രശസ്ത കാഥികനും കേരള സംഗീത നാടക അക്കാഡമിയുടെ പ്രഥമശ്രീ പുരസ്‌കാര ജേതാവും 43 വർഷത്തെ പരിചയ സമ്പന്നനുമായ ഇടക്കൊച്ചി സലിം കുമാർ പറയുകയുണ്ടായി. ഓരോ കഥക്കും ഭാവ തീവ്രതയോടെയുള്ള അഭിനയം ഉണ്ടാകണം ഭാരതമുനിയുടെ നാട്യ ശാസ്ത്രം പറയുന്ന പ്രകാരം യതോ ഹസ്ത സ്തതോ ദൃഷ്ടി യതോ ദൃഷ്ടി സ്തതോ മനഹാ : യതോ മന സ്തതോ ഭാവോ യതോ ഭാവ സ്തതോ രസ:എന്നു തന്നെയാണ് കഥാപ്രസംഗത്തിലും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു

അന്യം നിന്നു പോകുവാൻ ഇടവരുത്താതെ കഥാപ്രസംഗ കലയെ പഴയതിലും ഉണർവോടെ നമുക്ക് ചേർത്തു നിർത്തുവാൻ സാധിച്ചെങ്കിൽ മാത്രമേ കലയെയും കാഥികരേയും അംഗീകരിക്കപ്പെടുന്ന ഒരു പുതിയ സമൂഹത്തെ വാർത്തെടുക്കുവാൻ സാധിക്കുകയുള്ളൂ. വരും കാലകലോത്സവങ്ങളിൽ പുതുമ നിറഞ്ഞ പ്രമേയത്തിനായി നമുക്ക് കാത്തിരിക്കാം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.