...
Home News International എന്തുകൊണ്ട് സ്വതന്ത്ര പാലസ്തീൻ രാജ്യം സ്ഥാപിക്കണം; ചരിത്രത്തിലെ ഇസ്രയേലും ഹമാസും

എന്തുകൊണ്ട് സ്വതന്ത്ര പാലസ്തീൻ രാജ്യം സ്ഥാപിക്കണം; ചരിത്രത്തിലെ ഇസ്രയേലും ഹമാസും

ആദ്യകാലത്ത് ഈജിപ്റ്റിലെ മുസ്ലിം ബ്രദർ ഹുഡിന്റെ ഭാഗമായിരുന്ന ഹമാസ് പിന്നീട് സ്വതന്ത്ര സംഘടനയായി മാറി പാലസ്തീനിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു. അന്ന് ഇസ്രയേലിന്റെ എതിരാളിയായ PL0 യെ തളർത്താൻ ഇസ്രായേൽ തന്നെ ഹമാസിന് എല്ലാ വിധ സഹായവും നൽകി പ്രോത്സാഹിപ്പിച്ചു.

334

| പികെ സുരേഷ് കുമാർ

ആഗോള ഇസ്ലാമിക തീവ്രവാദം ആയുധവ്യാപാരികളായ സാമ്രാജ്യത്വ രാജ്യങ്ങളുടെ സൃഷ്ടിയാണ്… അതിന്റെ ഇരകൾ നിരപരാധികളായ മുസ്ലിങ്ങളും . മുസ്ലിം പ്രദേശങ്ങളിലെ ഉഭയകക്ഷി / മധ്യസ്ഥ ചർച്ചകളിലൂടെ ശാശ്വത പരിഹാരം കാണാൻ കഴിയുന്ന ചെറിയ വിഷയങ്ങൾ പോലും വഷളാക്കി സായുധ സംഘർഷങ്ങളിലേക്കും ആഭ്യന്തര കലാപങ്ങളിലേക്കും തള്ളിവിട്ട് സംഘർഷങ്ങളിൽ ഏർപ്പെടുന്നവർക്ക് ആയുധങ്ങൾ വിറ്റ് കൊള്ള ലാഭം ഉണ്ടാക്കാനുള്ള സാമ്രാജ്യത്വ രാജ്യങ്ങളുടെയും അവരുടെ കോർപ്പറേറ്റ് കമ്പനികളുടെയും കൂട്ടുകൃഷിയാണ് ആഗോള തീവ്രവാദവും ആഭ്യന്തര സംഘർഷങ്ങളും അയൽ രാജ്യങ്ങളുമായുള്ള സംഘർഷങ്ങളും.

ലോകത്തെ എണ്ണം പറഞ്ഞ മുസ്ലിം തീവ്രവാദി ഗ്രൂപ്പുകളായ അൽക്വയ്ദ , ബോക്കാ ഹാറം, താലിബാൻ , IS എന്നിവ സൃഷ്ടിച്ചത് അമേരിക്കയാണ്. ആ തീവ്രവാദി ഗ്രൂപ്പുകൾക്കുള്ള ആയുധ കച്ചവടത്തിലൂടെയുള്ള ലാഭം , പിന്നീട് അവിടങ്ങളിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള അമേരിക്കൻ സേനയുടെ സൈനിക നടപടികൾ , യുദ്ധാനന്തരമുള്ള റീഹാബിലിറ്റേഷൻ – റീ കൺസ്ട്രക്ഷൻ രംഗത്തുള്ള അമേരിക്കൻ കമ്പനികളുടെ ലാഭേച്ഛയോടെയുള്ള ഇടപെടലുകൾ എല്ലാം അമേരിക്ക ലക്ഷ്യം വെയ്ക്കുന്നു.

ഇറാൻ- ഇറാഖ് യുദ്ധം സൃഷ്ടിച്ചതും (1980 – 88 ) അമേരിക്കയായിരുന്നു. അന്ന് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന് എല്ലാ സഹായവും ചെയ്ത അമേരിക്ക 1990 ൽ ഇറാഖ് കുവൈറ്റിനെ കീഴ്പ്പെടുത്തിയപ്പോൾ കുവൈറ്റിന് ഒപ്പം നിന്ന് ഇറാഖിനെ തോൽപ്പിച്ചു. അതിലൂടെ മിഡിൽ ഈസ്റ്റിൽ സൈനിക താവളം , അവിടത്തെ അളവറ്റ എണ്ണ സമ്പത്ത്, മിഡ്ൽ ഈസ്റ്റ് രാജ്യങ്ങളുമായുള്ള ആയുധ കച്ചവടം, മറ്റ് വാണിജ്യ കരാറുകൾ , മിഡിൽ ഈസ്റ്റ്ൽ കൂടുതൽ അമേരിക്കൻ കമ്പനികൾക്ക് ആധിപത്യം എന്നീ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു.

ഇസ്രായേൽ – പാലസ്തീൻ തർക്കം പരിഹരിക്കാൻ , 1967 ലെ യുദ്ധത്തിന് മുമ്പുള്ള തൽസ്ഥിതി തുടരാനും വേണ്ടി അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൻ മുൻകൈ എടുത്ത് PL0 നേതാവ് യാസർ അറഫത്തും ഇസ്രയേൽ പ്രധാനമന്ത്രി യിറ്റ്സാക് റാബിനുമായി രൂപപ്പെടുത്തിയ ഓസ്ലാ ഉടമ്പടി അട്ടിമറിക്കപ്പെട്ടില്ലായിരുന്നെങ്കിൽ പാലസ്തീൻ പശ്ചിമേഷ്യയുടെ തോരാ കണ്ണീർ ആകില്ലായിരുന്നു. ആ ഉടമ്പടി നടപ്പാക്കണമെന്ന് ഇസ്രായേലിനും ആഗ്രഹമില്ല എന്നത് വേറെ കാര്യം.

ഈജിപ്തിലെ സിനായ് പ്രദേശത്തുള്ള ടാബയിൽ വച്ച് 1995 സെപ്തംബർ 24 ന് ഇസ്രയേൽ സർക്കാരും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനും ഒരു ധാരണയിലെത്തി. 1995 സെപ്തംബർ 28 ന് വാഷിംഗ്ടണിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്റെയും റഷ്യ, ഈജിപ്ത്, ജോർദാൻ, നോർവേ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി യിസാക് റാബിനും പിഎൽഒ ചെയർമാൻ യാസർ അറഫാത്തും ഈ കരാറിൽ ഔദ്യോഗികമായി ഒപ്പു വച്ചു. 1967ലെ യുദ്ധത്തിൽ ഇസ്രേയൽ കയ്യേറിയ സ്ഥലങ്ങളിൽ നിന്നും പിന്മാറി ഗാസായും വെസ്റ്റ്ബാങ്കും ചേർത്ത് പലസ്തീൻ രാഷ്ട്രം രൂപീകരിക്കുമെന്നതായിരുന്നു പ്രധാന വ്യവസ്ഥ ആ വ്യവസ്ഥ ഹമാസ് അംഗീകരിച്ചില്ല.

ആദ്യകാലത്ത് ഈജിപ്റ്റിലെ മുസ്ലിം ബ്രദർ ഹുഡിന്റെ ഭാഗമായിരുന്ന ഹമാസ് പിന്നീട് സ്വതന്ത്ര സംഘടനയായി മാറി പാലസ്തീനിൽ സന്നദ്ധ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു. അന്ന് ഇസ്രയേലിന്റെ എതിരാളിയായ PL0 യെ തളർത്താൻ ഇസ്രായേൽ തന്നെ ഹമാസിന് എല്ലാ വിധ സഹായവും നൽകി പ്രോത്സാഹിപ്പിച്ചു. പലസ്തീൻ മേഖലയിൽ ആഴത്തിൽ വേരോട്ടം ഉണ്ടായി കഴിഞ്ഞപ്പോൾ ഹമാസും അധികാരത്തിന് വേണ്ടിയുള്ള സായുധ പോരാട്ടത്തിലേക്ക് തിരിഞ്ഞു. അതിന് പിന്നാലെ ഇസ്രായേൽ ഹമാസിനെ വിട്ട് PLO യുമായി സന്ധി സംഭാഷണങ്ങളും അതിന്റെ തുടർച്ചയിൽ അമേരിക്കൻ ഇടപെടലിൽ ഓസ്ളോ കരാറും ഒപ്പിട്ടു.

ആ കരാറിനെ ഹമാസ് അംഗീകരിക്കില്ലെന്നും മേഖലയിൽ അസ്വസ്ഥതയും സംഘർഷവും തുടരുമെന്നും ഇസ്രായേലിനും അമേരിയ്ക്കയ്ക്കും അറിയാതെയല്ല കരാർ ഒപ്പിട്ടത്. പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകണമെങ്കിൽ ഇസ്രയേൽ – PLO – ഹമാസ് ഉൾപ്പെടുന്ന ത്രികക്ഷി കരാർ രൂപപ്പെട്ടാൽ മാത്രമേ സാദ്ധ്യമാകുമായിരുന്നുള്ളൂ.

ഇസ്രായേൽ രൂപീകരണം. ( സ്ഥാപിയ്ക്കൽ )

ബ്രിട്ടന്റെ പലസ്തീൻ മാൻഡേറ്റ് അവസാനിപ്പിക്കാനും യഹൂദർക്കായി ഇസ്രയേൽ രൂപീകരിക്കാനുമായി ഐക്യരാഷ്ട്രസഭ പ്രമേയത്തിലൂടെ നിർദ്ദേശിച്ച പദ്ധതിയാണ് ഐക്യരാഷ്ട്ര സഭയുടെ പലസ്തീൻ വിഭജന പദ്ധതി. 1947 നവംബർ 29 ന് യുഎൻ പൊതുസഭ പ്രമേയമായി പദ്ധതി അംഗീകരിച്ചു.

32 ശതമാനം വരുന്ന ജൂതന്മാർക്ക് 56 ശതമാനം ഭൂമി, 68 ശതമാനം അറബികൾക്ക് 42 ശതമാനം ഭൂമി, ജറൂസലമിന്റെ ബഹുസ്വരത സംരക്ഷിക്കാനായി അവിടെ ഐക്യരാഷ്ട്രസഭയുടെ ഭരണം എന്നിങ്ങനെയാണ് വിഭാവനം ചെയ്യപ്പെട്ടത്.32 ശതമാനം മാത്രം വരുന്ന ജൂതൻമാർക്ക് 56 ശതമാനം ഭൂമി നൽകാനുള്ള UN വിഭജന നിർദ്ദേശത്തെ സാമാന്യ യുക്തിയിൽ ആർക്കും അംഗീകരിക്കാനാവില്ല. അവിടെ ബ്രിട്ടീഷ് താൽപര്യം സംരക്ഷിക്കാൻ ഭൂരിപക്ഷം വരുന്ന പാലസ്തീനികളുടെ അവകാശങ്ങൾ UN നിഷേധിച്ചിടത്ത് നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം.

ഇസ്രായേലിന് 35 % പാലസ്തീന് 63 % ബാക്കി 2 % വരുന്ന ജറുസലേം UN നിയന്ത്രണത്തിൽ എന്ന നിർദ്ദേശം വരികയും അത് UN നടപ്പാക്കിയിരുന്നു എങ്കിൽ മേഖലയിൽ സംഘർഷം ഉടലെടുക്കില്ലായിരുന്നു. വിഭജന നിർദ്ദേശത്തെ ജൂതന്മാർ അംഗീകരിച്ചപ്പോൾ തങ്ങളുടെ ഭൂമിയിൽ നടക്കുന്ന ഏകപക്ഷീയമായ ഈ വിഭജനത്തെ അറബികൾ ശക്തമായി എതിർത്തു.

ഐക്യരാഷ്ട്രസഭയുടെ തന്നെ ചാർട്ടറിന്റെ 73-ആം അനുച്ഛേദത്തിന്റെ ഭാഗം ബി പ്രകാരം പലസ്തീന്റെ ഭരണം അവിടത്തെ നിവാസികൾക്ക് ലഭിക്കണമെന്നതായിരുന്നു അറബികളുടെ വാദം. ഇതിൽ ഐക്യരാഷ്ട്രസഭക്ക് പ്രത്യേക വിഭജനാധികാരമില്ലെന്ന് അവർ വാദിച്ചു. അറബികളുടെ വാദങ്ങൾ തള്ളി UN ഇസ്രായേൽ രാജ്യം സ്ഥാപിച്ചതോടെ മേഖല യുദ്ധഭൂമിയായി മാറി.

1948 ൽ ഇസ്രായേൽ രൂപം കൊണ്ടതിന് ശേഷം നടന്ന 1948 – 49 ലെ ഇസ്രയേൽ അറബ് ലീഗ് ( ഈജിപ്ത് , ലെബനോൻ , സിറിയ , ജോർദ്ദാൻ, ഇറാഖ് ) യുദ്ധത്തിൽ നേട്ടം ഇസ്രായേലിനും ഈജിപ്തിനും ജോർദ്ദാനും ആയിരുന്നു. നഷ്ടങ്ങൾ പാലസ്തീനികൾക്കും.ജോർദ്ദാൻ കിഴക്കൻ ജറുസലേമും വെസ്റ്റ് ബാങ്കും കീഴടക്കിയപ്പോൾ ഗാസ ഈജിപ്തിന്റെ അധീനതിയിൽ ആയി. ജോർദ്ദാൻ നദിക്ക് പടിഞ്ഞാറ് ഉള്ള ഭൂമി ഇസ്രായേലിന്റെ കൈവശവുമായി. 1967 ലെ രണ്ടാം യുദ്ധത്തിലും ഇസ്രായേൽ വിജയിക്കുകയും പാലസ്തീന്റെ കൂടുതൽ പ്രദേശങ്ങൾ ഇസ്രായേലിന്റെ കൈവശമാകുകയും ചെയ്തു.

രണ്ട് യുദ്ധങ്ങളുടെ ഭാഗമായി ലക്ഷക്കണക്കിന് പാലസ്തീനികൾ അഭയാർത്ഥികളായി അയൽ രാജ്യങ്ങളിൽ എത്തിപ്പെട്ടു. 1967 ലെ ആറു ദിന യുദ്ധം ഇസ്രായേൽ ഏകപക്ഷീയമായി സൃഷ്ടിച്ചതായിരുന്നു.. ഈജിപ്ത് , സിറിയ , ജോർദ്ദാൻ രാജ്യങ്ങളുമായിട്ടായിരുന്നു 1967 ജൂൺ 5 മുതൽ പത്ത് വരെ നടന്ന യുദ്ധം. അതിൽ ഈജിപ്റ്റിൽ നിന്ന് ഗാസ മുനമ്പും സിനായ് ഉപദ്വീപും പിടിച്ചെടുത്ത ഇസ്രയേൽ, കിഴക്കൻ ജറുസലേം ഉൾപ്പെടെയുള്ള വെസ്റ്റ് ബാങ്ക് ജോർദാനിൽ നിന്നും, ഗോലാൻ കുന്നുകൾ സിറിയയിൽ നിന്നും പിടിച്ചെടുത്തു.

രണ്ട് യുദ്ധങ്ങളിലൂടെയും പാലസ്തീൻ മണ്ണ് സ്വന്തമാക്കി കഴിഞ്ഞിട്ടും അവശിഷ്ട പാലസ്തീൻ മണ്ണ് കൂടി സ്വന്തമാക്കാൻ ഗാസയിൽ ഇസ്രയേൽ നടത്തുന്ന അനധികൃത കുടിയേറ്റമാണ് ഇപ്പോഴത്തെ സംഘർഷത്തിന്റെ കാരണം.. ജറുസലേം നിഷ്പക്ഷ ഭൂമിയായി UN നിയന്ത്രണത്തിൽ നിർത്താനുള്ള UN നിർദ്ദേശം ഇസ്രായേൽ നിരാകരിച്ച് ജറുസലേം ഇസ്രായേലിന്റെ അധീനതയിൽ ആക്കി എന്ന് മാത്രമല്ല ടെൽ അവീവിന് പകരം ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമാക്കി മാറ്റുകയും ചെയ്തു. ഗാസ കൂടി ഇസ്രായേലിന്റെ അധീനതയിൽ ആക്കി പാലസ്തീൻ എന്ന രാഷ്ട്രത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ ആണ് ഇസ്രായേൽ നടത്തുന്നത്.

ഇപ്പോൾ ഹമാസ് നടത്തിയിട്ടുള്ള റോക്കറ്റ് ആക്രമണത്തിന് മറുപടിയും മറുപണിയുമായി ഇസ്രായേൽ നടത്തുന്ന സൈനിക നീക്കം ഗാസയിലെ പാലസ്തീനികളെ കൊന്നും തുരത്തിയോടിച്ചും ഗാസ കൂടി ഇസ്രയേലിന്റെ ഭാഗമാക്കാനാണ്. അതിൽ അവർ വിജയിക്കും. UN വെറും കാഴ്ചക്കാരായി നോക്കി നിൽക്കും. നൂറ്റാണ്ടുകളായി പാലസ്തീനികൾ ജനിച്ച് ജീവിച്ച മണ്ണ് , അവരുടെ രാജ്യം ഇന്ന് ഇല്ലാതായി കഴിഞ്ഞു. ആ അനീതി ചെയ്ത ഇസ്രായേലിനെ തിരുത്തുന്നതിന് പകരം ഇസ്രായേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് UN ഉം അമേരിക്ക, ബ്രിട്ടൻ, കാനഡ ,ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങൾ ചെയ്യുന്നത്..

പാലസ്തീൻ വിഭജിച്ച് ഇസ്രായേൽ രൂപീകരണത്തിൽ തന്നെ അനീതി ഉണ്ടെങ്കിലും 1948 ലെ ഇസ്രായേൽ രൂപീകരണത്തിലെ വ്യവസ്ഥകൾ പ്രാവർത്തികമാക്കാൻ ലോക രാജ്യങ്ങൾ ഇസ്രായേലിന് മേൽ സമ്മർദ്ദം ചെലുത്തുകയും സ്വതന്ത്ര പാലസ്തീൻ രാജ്യം സ്ഥാപിച്ച് കൊടുക്കുകയുമാണ് വേണ്ടത്ചു രുങ്ങിയ പക്ഷം 1967 ലെ യുദ്ധത്തിന് മുമ്പുള്ള സ്ഥിതി എങ്കിലും അനുവദിച്ച് നൽകണം.

ഭരണകൂടം പ്രതിസന്ധികളിൽ പെടുമ്പോൾ അത് മറച്ച് പിടിക്കാൻ അതിർത്തിയിൽ സംഘർഷങ്ങൾ കൃത്രിമമായി സൃഷ്ടിക്കപ്പടുന്നതു പോലെ ഹമാസ് ഇപ്പോൾ നടത്തിയ ആക്രമണം ഇസ്രായേൽ പ്രധാനമന്ത്രിയ്ക്ക് നേട്ടമായി മാറുകയായിരുന്നു. രാഷ്ട്രീയ അസ്ഥിരതയിൽ കുറച്ച് കാലമായി നട്ടം തിരിയുന്ന ഇസ്രായേലി ഭരണകക്ഷിയ്ക്ക് ബമ്പർ അടിച്ചതാണ് ഇപ്പോഴത്തെ സംഭവം. അതിൽ ഇസ്രായേൽ ഭരണകൂടം നടത്തിയ ബോധപൂർവമായ സുരക്ഷാ വീഴ്ചയുണ്ട്.

ഹമാസിന്റെ അക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള സംവിധാനം ഇസ്രായേലിന് ഇല്ലാഞ്ഞിട്ടല്ലാ , പകരം കുറ്റകരമായ വീഴ്ച ബോധപൂർവം വരുത്തിയതാണ്. ഇപ്പോൾ ലോകം മുഴുവൻ ഹമാസിന് എതിരെയും ഇസ്രായേലിന് ഒപ്പവുമാണ്. ഈ സ്ഥിതി മുതലെടുത്ത് ഗാസയെ തരിപ്പണമാക്കി അവശിഷ്ട പാലസ്തീനികളെ കൊന്നും ആട്ടിപ്പായിച്ചും ഗാസ പൂർണ്ണമായി ഇസ്രയേൽ കൈപ്പിടിയിലാക്കും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.