...
Home Entertainments മഞ്ഞള്‍ പ്രസാദം ചാര്‍ത്തിവന്ന പ്രിയ നടി മോനിഷ വിടപറഞ്ഞിട്ട് 32 വര്‍ഷം

മഞ്ഞള്‍ പ്രസാദം ചാര്‍ത്തിവന്ന പ്രിയ നടി മോനിഷ വിടപറഞ്ഞിട്ട് 32 വര്‍ഷം

പതിനഞ്ചാം വയസ്സില്‍ എംടി വാസുദേവന്‍ നായര്‍-ഹരിഹരന്‍ ടീമിന്റെ നഖക്ഷതങ്ങളിലൂടെയാണ് സിനിമാ രേഗത്തേക്ക് മോനിഷയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ 1987ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മോനിഷയ്ക്ക് നേടാനായി.

347

ഇന്നും പ്രേഷകമനസ്സില്‍ മായാതെ നിറചിരിയോടെ നിറഞ്ഞുനില്‍ക്കുന്ന മുഖമാണ് നടി മോനിഷയുടേത്. മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലപ്പുഴ ചേര്‍ത്തലയിലുണ്ടായ വാഹനാപകടം നടിയുടെ ജീവന്‍ കവര്‍ന്നെടുത്തു. അഭിനയശൈലിയില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടി മോനിഷ. ഇരുപത്തൊന്നാം വയസ്സില്‍ വിടവാങ്ങിയെങ്കിലും മോനിഷയുടെ ശക്തമായ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷക ഹൃദയങ്ങളില്‍ ജീവിക്കുന്നു.

അഭിനയ മികവ്‌കൊണ്ടും നാടന്‍ ശാലീനതകൊണ്ടും നൃത്തത്തിലെ വൈദഗ്ധ്യവും മോനിഷയെ ജനപ്രീയ നടിയാക്കി. സിനിമയില്‍ മിന്നിത്തിളങ്ങിയ ഏഴ് വര്‍ഷങ്ങള്‍ മോനിഷ അഭിനയിച്ചത് 21 സിനിമകളില്‍ ആയിരുന്നു. ചുരുങ്ങിയ കാലത്തെ അഭിനയ ജീവിതംകൊണ്ട് ഒരായുഷ്‌ക്കാലത്തെ ഓര്‍മ്മകള്‍ പ്രേക്ഷകരില്‍ നിലനിര്‍ത്തിയാണ് മോനിഷ യാത്രയായത്.

ഒരു നിറചിരിയോടെ മലയാളിയുടെ മനസില്‍ ഇടം നേടിയ നടിയാണ് മോനിഷ. ചുരുങ്ങിയ കാലം കൊണ്ട് ശക്തമായ കഥാപാത്രങ്ങള്‍ ഭാഗ്യം ചെയ്ത നടിയെന്ന് പേരുകേട്ട നടി. നഖക്ഷതങ്ങളിലെ ഗൗരിയും ഋതുഭേദത്തിലെ തങ്കമണിയും കടവിലെ ദേവിയും കമലദളത്തിലെ മാളവികയും കുടുംബസമേതത്തിലെ തുളസിയും വേനല്‍ക്കിനാവുകളിലെ നളിനിയുമൊക്കെ ഇന്നും അനശ്വരമായി നിലനില്‍ക്കുകയാണ്.

മലയാളത്തിന് പുറമെ പൂക്കള്‍ വിടും ഇതള്‍( നഖക്ഷതങ്ങളുടെ റീമേക്ക്), ദ്രാവിഡന്‍ എന്നീ തമിഴ് സിനിമയിലും ചിരംജീവി സുധാകര്‍ എന്ന കന്നട ചിത്രത്തിലും മോനിഷ അഭിനയിച്ചു.

പതിനഞ്ചാം വയസ്സില്‍ എംടി വാസുദേവന്‍ നായര്‍-ഹരിഹരന്‍ ടീമിന്റെ നഖക്ഷതങ്ങളിലൂടെയാണ് സിനിമാ രേഗത്തേക്ക് മോനിഷയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലെ അഭിനയത്തിന് തന്നെ 1987ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം മോനിഷയ്ക്ക് നേടാനായി. നാരായണന്‍ ഉണ്ണിയുടേയും ശ്രീദേവി ഉണ്ണിയുടെയും മകളായ മോനിഷയെ സിനിമയിലെത്തിച്ചത് കുടുംബസുഹൃത്തും എഴുത്തുകാരനുമായ എം ടി വാസുദേവന്‍ നായര്‍ തന്നെയായിരുന്നു.

കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ 1992 ഡിസംബര്‍ 5ന് ആയിരുന്നു ആ അപ്രതീക്ഷിത വിടവാങ്ങല്‍. ചെപ്പടിവിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ വീട്ടിലേക്ക് മടങ്ങുമ്പോൾ ആലപ്പുഴ ചേര്‍ത്തലയില്‍ വെച്ചുനടന്ന വാഹനാപകടം മോനിഷയുടെ ജീവന്‍ കവര്‍ന്നു. ഒരു മനോഹര ഈണം പോലെ മോനിഷ ഇന്നും ജീവിക്കുന്നു. അവര്‍ അഭിനയിച്ച് ഫലിപ്പിച്ച കഥാപാത്രങ്ങളിലൂടെ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.