...
Home News Kerala ദയവു ചെയ്ത് അവസാനിപ്പിക്കൂ, ആദരാഞ്ജലികൾ നേരുകയെന്നത് ഒട്ടും സുഖമുള്ള കാര്യമല്ല

ദയവു ചെയ്ത് അവസാനിപ്പിക്കൂ, ആദരാഞ്ജലികൾ നേരുകയെന്നത് ഒട്ടും സുഖമുള്ള കാര്യമല്ല

ധീരജ് ഒരു തുടർച്ച മാത്രമാണ്. കൈയിലേന്തിയതു ശുഭ്ര പതാകയായിരുന്നു. കൃപേഷും ശരത് ലാലും കൈയിലേന്തിയതു മൂവർണ്ണക്കൊടിയായിരുന്നു എന്നതാണ് അവർക്കിടയിലുള്ള വ്യത്യാസം. ഇവരെല്ലാം മനുഷ്യരായിരുന്നു

371

| ഹരിമോഹൻ

ഒരു മനുഷ്യന്റെ പച്ചമാംസത്തിലേക്കു മരണമുറപ്പിച്ചു കത്തിയിറക്കാൻ ആർക്കെങ്കിലും കഴിയുന്നുണ്ടെങ്കിൽ അയാളെ മനുഷ്യനായി കാണാനുള്ള ഹൃദയ വിശാലതയൊന്നും എനിക്കില്ല. അയാളോടു തോന്നുന്നത്ര വെറുപ്പും ദേഷ്യവും അയാളുടെ നരഹത്യയെ ന്യായീകരിക്കാനും ആഘോഷിക്കാനും ഇറങ്ങുന്നവരോടുമുണ്ട്. ഇത്ര കാലവും അതങ്ങനെ തന്നെയായിരുന്നു. ഈ നിമിഷവും അതങ്ങനെ തന്നെയാണ്.

സ്വാഭാവിക മരണത്തിൽ രാഷ്ട്രീയം സംസാരിച്ചിട്ടുണ്ട്. വിയോജിപ്പുകളുള്ള മനുഷ്യരെ എല്ലാം മറന്നു വിശുദ്ധരാക്കാൻ ശ്രമിച്ചിട്ടില്ല. പ്രിയപ്പെട്ടവരുടെ മരണത്തിൽ അത്യധികം വൈകാരികമായി സംസാരിച്ചിട്ടുമുണ്ട്. പക്ഷേ, അസ്വാഭാവിക മരണങ്ങൾ അങ്ങനെയായി കണ്ടിട്ടില്ല. കുത്തിയും വെട്ടിയും പിടിച്ചുപറിച്ച ജീവനുകളോട് ഒരിക്കലും മനുഷ്യത്വ രഹിതമായി പെരുമാറാൻ ശ്രമിച്ചിട്ടില്ല. ഈ നിമിഷവും അതങ്ങനെ തന്നെയാണ്.

ധീരജ് ഒരു തുടർച്ച മാത്രമാണ്. കൈയിലേന്തിയതു ശുഭ്ര പതാകയായിരുന്നു. കൃപേഷും ശരത് ലാലും കൈയിലേന്തിയതു മൂവർണ്ണക്കൊടിയായിരുന്നു എന്നതാണ് അവർക്കിടയിലുള്ള വ്യത്യാസം. ഇവരെല്ലാം മനുഷ്യരായിരുന്നു. ഇതുവരെയും, ഇപ്പോഴും കൊല്ലപ്പെട്ടതു മനുഷ്യരാണ്. അവർക്കു വേണ്ടി കരഞ്ഞതും മനുഷ്യർ തന്നെയാണ്. അമ്മയുടെയും അച്ഛന്റെയും സഹോദരങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും കരച്ചിലുകൾ ഏറെക്കുറെ ഒന്നു തന്നെയായിരുന്നു. നാളെ ധീരജിന്റെ ശരീരം അവസാന കർമങ്ങൾക്കു ശേഷം ചിതയിലേക്കെടുക്കുമ്പോൾ വ്യത്യാസമുണ്ടാവുക മുഴങ്ങിക്കേൾക്കുന്ന മുദ്രാവാക്യങ്ങൾക്കും അവനെ പുതപ്പിച്ച ചുവന്ന തുണിക്കും മാത്രമാകും.

ഒരഭ്യർഥനയാണ്. ആദരാഞ്ജലികൾ നേരേണ്ടതില്ല, വിലപിക്കേണ്ടതില്ല, ന്യായീകരിക്കേണ്ടതില്ല, നിങ്ങളിതൊന്ന് ആഘോഷിക്കാതിരിക്കൂ. എല്ലാ കൂട്ടരോടുമാണ്. അടിക്കു തിരിച്ചടിയായി നിങ്ങളിത് ആഘോഷിച്ചാൽ ഏറ്റവുമധികം നിങ്ങളെ വെറുക്കുന്നതു പെരിയയിലും മഹാരാജാസിലുമൊക്കെ വെച്ചു പാതിവഴിയിൽ വീണുപോയ ആ ചെറുപ്പക്കാരാകും. അവർക്കറിയാം എത്ര വേദനയുണ്ടാകും സ്വന്തം പ്രാണൻ ശരീരത്തിൽ നിന്നു വേർപെടുമ്പോഴെന്ന്. എത്ര വേദനയുണ്ടാകും വേണ്ടപ്പെട്ടവരുടെ മുന്നിൽ ചേതനയറ്റു കിടക്കുമ്പോഴെന്ന്.

ദയവു ചെയ്ത് അവസാനിപ്പിക്കൂ. ആദരാഞ്ജലികൾ നേരുകയെന്നത് ഒട്ടും സുഖമുള്ള കാര്യമല്ല. ചുറ്റുമുള്ളവരാണു വീണുപോകുന്നത്. നാളെയത് ഏറ്റവും പ്രിയപ്പെട്ടവരാകാം

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.