...
Home Sports ഞാൻ എപ്പോൾ വിരമിക്കുമെന്ന് തീരുമാനിക്കുന്നത് ഒരു പേനയും പേപ്പറും ലാപ്‌ടോപ്പുമായി പുറത്തിരിക്കുന്നവരല്ല: രോഹിത്ശർമ്മ

ഞാൻ എപ്പോൾ വിരമിക്കുമെന്ന് തീരുമാനിക്കുന്നത് ഒരു പേനയും പേപ്പറും ലാപ്‌ടോപ്പുമായി പുറത്തിരിക്കുന്നവരല്ല: രോഹിത്ശർമ്മ

ജീവിതം അനുദിനം മാറുന്നു, കാര്യങ്ങൾ മാറുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ബോധ്യം എനിക്കുണ്ട്. അത്രത്തോളം പക്വത എനിക്കായി. രണ്ട് മക്കളുടെ അച്ഛനാണ് ഞാൻ.

208

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ അവസാന ടെസ്റ്റിൽ വിട്ടുനിൽക്കാൻ സ്വയം തീരുമാനിക്കുകയായിരുന്നു എന്ന് ഇന്ത്യൻ താരം രോഹിത് ശർമ. ഫോമിലല്ലെന്നതിന്റെ പേരിലാണ് രോഹിത് മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. തുടർന്ന് ജസ്പ്രിത് ബുമ്രയാണ് സിഡ്‌നിയിൽ ഇന്ത്യയെ നയിക്കുന്നത്.

പെർത്തിൽ, ആദ്യ ടെസ്റ്റിലും ബുമ്രയായിരുന്നു ഇന്ത്യയുടെ ക്യാപ്ടൻ. രണ്ടാം ടെസ്റ്റ് മുതലാണ് രോഹിത് ടീമിനൊപ്പം ചേരുന്നത്. പരമ്പരയിൽ കളിച്ച അഞ്ച് ഇന്നിംഗ്‌സിലും രോഹിത് നിരാശപ്പെടുത്തി. അഞ്ച് ഇന്നിംഗ്‌സുകളിൽ പത്ത് റൺസിനപ്പുറമുള്ള ഒരു സ്‌കോർ നേടാൻ രോഹിത്തിന് സാധിച്ചില്ല. ഇപ്പോൾ വിട്ടുനിൽക്കാനുണ്ടായതിനെ കുറിച്ച് ആദ്യമായി സംസാരിക്കുകയാണ് രോഹിത്. വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും രോഹിത് വ്യക്തമാക്കി.

ഇന്ത്യൻ ക്യാപ്ടന്റെ വാക്കുകൾ…

”സിഡ്‌നി ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനത്തെ കുറിച്ച് കോച്ചുമായും സെലക്ടർമാരുമായും ചർച്ച നടത്തിയിരുന്നു. ഞാൻ ഫോമിലല്ല, ഇതൊരു പ്രധാന മത്സരമാണ്, ഞങ്ങൾക്ക് ഫോമിലുള്ള ഒരു കളിക്കാരനെ വേണം. ടീമിനാണ് എപ്പോഴും മുൻഗണന നൽകേണ്ടത്. അത്രയാണ് ഞാനും ചെയ്തത്. സിഡ്‌നിയിൽ വന്നതിന് ശേഷമാണ് ഞാൻ ഈ തീരുമാനമെടുത്തത്. എനിക്ക് വലിയ സംഭാവനകൾ നൽകാൻ കഴിയാത്തതിനാൽ മാറി നിൽക്കുന്നതാണ് നല്ലതെന്ന് തോന്നി.”

”എന്റേത് ഒരു വിരമിക്കൽ തീരുമാനമല്ല, ഫോമിലല്ലാത്തതിനാൽ ഞാൻ മത്സരത്തിന് പുറത്താണെന്ന് മാത്രം. ഞാൻ എപ്പോൾ വിരമിക്കുമെന്ന് ഒരു പേനയും പേപ്പറും ലാപ്‌ടോപ്പുമായി പുറത്തിരിക്കുന്നവരല്ല തീരുമാനിക്കേണ്ടത്. ജീവിതം അനുദിനം മാറുന്നു, കാര്യങ്ങൾ മാറുമെന്ന് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്. എന്താണ് ചെയ്യേണ്ടതെന്ന വ്യക്തമായ ബോധ്യം എനിക്കുണ്ട്. അത്രത്തോളം പക്വത എനിക്കായി. രണ്ട് മക്കളുടെ അച്ഛനാണ് ഞാൻ. ടീമിന് എന്താണ് വേണ്ടതെന്ന് എനിക്ക് മനസിലാവും.

ടീമിനെക്കുറിച്ച് ചിന്തിക്കുന്നില്ലെങ്കിൽ, അത്തരം കളിക്കാരെ ആവശ്യമില്ല. ടീമിന് എന്താണ് വേണ്ടതെന്ന് എപ്പോഴും ചിന്തിക്കുക. ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ തുറന്ന മനസുള്ളവനാണ്.” രോഹിത്ശർമ്മ വ്യക്തമാക്കി.

മധ്യനിരയിൽ കളിക്കാൻ താരുമാനിച്ചതിനെ കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ. ”പെർത്തിൽ ഇന്ത്യ ജയിച്ചപ്പോൾ എന്തുകൊണ്ടാണ് ഞങ്ങൾ ആ കളി ജയിച്ചതെന്ന വ്യക്തമായ ബോധ്യമുണ്ടായിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ ഞങ്ങൾക്ക് 200 റൺസ് ഓപ്പണിംഗ് കൂട്ടുകെട്ട് ഉണ്ടായിരുന്നു, അതാണ് ഞങ്ങളെ കളി ജയിപ്പിച്ചത്. കെ.എൽ രാഹുലും ജയ്‌സ്വാളും നന്നായി കളിച്ചു. കളി ജയിക്കാനുള്ള സാഹചര്യമുണ്ടാക്കിയത് അവരാണ്. അതുകൊണ്ടാണ് ഓപ്പണിംഗ് സഖ്യം പൊളിക്കാതിരുന്നത്.” രോഹിത് കൂട്ടിചേർത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.