...
Home News International ജസിന്‍ഡയുടെ പടിയിറങ്ങൽ; അവർ അത് ചെയ്തില്ലെങ്കിൽ മറ്റാരു ചെയ്യാനാണ്

ജസിന്‍ഡയുടെ പടിയിറങ്ങൽ; അവർ അത് ചെയ്തില്ലെങ്കിൽ മറ്റാരു ചെയ്യാനാണ്

കണ്ടു പരിചയിക്കാത്ത അനേകം കാഴ്ചകളിൽക്കൂടി നേതാവായ സ്ത്രീ. നിങ്ങളേക്കാൾ മികച്ച ഭരണാധികാരി ഭാവിയിൽ ഉണ്ടായേക്കാം. അപ്പോഴും നിങ്ങളുണ്ടാക്കിയ ചരിത്രം ഇവിടെ ബാക്കിയുണ്ടാകും.

244

| ഹരിമോഹൻ

ഇനിയുമൊരു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഊർജം തന്നിൽ അവശേഷിക്കുന്നില്ലെന്നു സ്വയം തിരിച്ചറിയുക. മറ്റൊരാൾക്കു വേണ്ടി വഴിമാറിക്കൊടുക്കുക. ജീവനുള്ള കാലത്തോളം കൈയിൽവെച്ച് അനുഭവിക്കാനുള്ളതല്ല അധികാരമെന്നു പറയാതെ പ്രഖ്യാപിക്കുക.

ഈ പതിറ്റാണ്ടു കണ്ടതിൽ വെച്ചേറ്റവും മികച്ച രാഷ്ട്രനേതാക്കളിൽ ഒരാൾ പടിയിറങ്ങുന്ന കാഴ്ച പോലും ജനാധിപത്യത്തിന്റെ മനോഹാരിതയാണു കാണിക്കുന്നത്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡൻ ദിവസങ്ങൾക്കുള്ളിൽ സ്ഥാനമൊഴിയാൻ തീരുമാനിച്ചുവെന്ന വാർത്ത ആദ്യം ഞെട്ടിച്ചിരുന്നു. പിന്നീടു മനസിലായി, അതവർ ചെയ്തില്ലെങ്കിൽ മറ്റാരു ചെയ്യാനാണ് എന്ന്.

ചരിത്രത്തില്‍ കൃത്യമായി തന്റെ പേരും താനുണ്ടായിരുന്ന കാലത്തോളം ന്യൂസിലന്‍ഡ് എന്ന രാജ്യവും രേഖപ്പെടുത്തിയാണ് അവർ കടന്നുപോകുന്നത്. കേരളത്തിന്റെ പകുതിപോലും വരില്ല ഈ പസഫിക് ഐലന്റ് രാഷ്ട്രത്തിലെ ജനസംഖ്യ. വെറും 50 ലക്ഷം പേരടങ്ങുന്ന ഒരു കൊച്ചുരാഷ്ട്രം. പക്ഷേ അവർ സെറ്റ് ചെയ്തുവെച്ച മാതൃകകളുണ്ട്, ഏത് 130 കോടി ജനതയുടെ നേതൃത്വത്തിനും പരീക്ഷിക്കാവുന്ന, പിന്തുടരാവുന്ന മാതൃക.

മൂന്നു വെല്ലുവിളികളാണ് അധികാരത്തിലേറി മൂന്നുകൊല്ലത്തിനിടയില്‍ ജസിന്‍ഡയെ തേടിയെത്തിയത്. ആദ്യത്തേത് ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്‌ലീം പള്ളികളിലുണ്ടായ വെടിവെപ്പാണ്. വെടിയുതിര്‍ത്തയാളെ ‘പേരില്ലാത്തവന്‍’ ആക്കുകയാണ് ആദ്യം അതില്‍ ജസിന്‍ഡ ചെയ്തത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെക്കാണാന്‍ ഹിജാബ് ധരിച്ചെത്തുന്ന, ഖുർആൻ പാരായണത്തോടെ ആരംഭിച്ച പാര്‍ലമെന്റില്‍ അസ്സലാമു അലൈക്കും എന്നു സംസാരിച്ചു തുടങ്ങുന്ന ഒരു പ്രധാനമന്ത്രിയെ ചരിത്രത്തിലാദ്യമായി ന്യൂസിലന്‍ഡ് കണ്ടു, പിന്നീടുള്ള ദിവസങ്ങളില്‍.

അപ്രതീക്ഷിതമായുണ്ടായ അഗ്നിപര്‍വത സ്ഫോടനം ആ രാജ്യത്തെയാകെ വിറപ്പിച്ചപ്പോഴും പതറാതെ ഓടിയെത്തിയ രക്ഷാപ്രവര്‍ത്തകരും അവരെ ആലിംഗനം ചെയ്യുന്ന പ്രധാനമന്ത്രിയും മനസ്സു തണുപ്പിക്കുന്ന ഡിസംബറിലെ കാഴ്ചകളായി.

ശേഷം കോവിഡായിരുന്നു. കൃത്യമായ മുന്നൊരുക്കം നടത്തി വ്യാപനശേഷി കുറയ്ക്കാൻ സാധിച്ചൊരു രാജ്യം ലോകമൊട്ടാകെ ചർച്ചയായി. ആദ്യ കേസ് റിപ്പോർട്ട്‌ ചെയ്ത് 17 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ വിദേശ, ആഭ്യന്തര യാത്രികര്‍ക്ക് സെല്‍ഫ് ഐസൊലേഷന്‍ നിര്‍ബന്ധമാക്കി. അതിന് മൂന്നു ദിവസങ്ങള്‍ക്കു ശേഷം സ്വദേശികള്‍ക്കു മാത്രമായി അതിര്‍ത്തികള്‍ തുറന്നുവെച്ചു. ആദ്യ കേസിന് 26 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ രാജ്യം മുഴുവന്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കേസുകളുടെ എണ്ണം 102 എത്തിയതേയുള്ളൂ എന്നോര്‍ക്കുക.

ഗൂഗിള്‍ ട്രാക്കിങ് വഴി കണ്ടെത്തിയ ഒരു കണക്ക് ഇടയ്ക്ക് ജസിന്‍ഡ പുറത്തുവിട്ടിരുന്നു. ന്യൂസിലന്‍ഡിലെ ജനങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് നടത്തിയ മൂവ്മെന്റെന്നത് വെറും ഒമ്പതു ശതമാനമാണത്രെ. ലോക്ഡൗണിന് 11 ദിവസങ്ങള്‍ക്കുള്ളില്‍ നാലായിരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടല്‍. അതിനെ ആയിരത്തിലേക്ക് ഒതുക്കാന്‍ അവര്‍ക്കായി.

സാമ്പത്തിക മേഖലയിലും ജസിന്‍ഡ കൃത്യമായ ഇടപെടല്‍ നടത്തി. ആഭ്യന്തര ടൂറിസം തകരാതിരിക്കാന്‍ കമ്പനികളുടെ പ്രവര്‍ത്തന സമയം 60 മണിക്കൂറായി പുനര്‍നിശ്ചയിക്കണമെന്ന് ജസിന്‍ഡ നിര്‍ദേശിച്ചു. ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് 19 ദിവസത്തിനുള്ളില്‍ വേതന സബ്സിഡി പദ്ധതി ഉള്‍പ്പെട്ട ആദ്യ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. മറ്റു രാജ്യങ്ങള്‍ ആദ്യ സാമ്പത്തിക പാക്കേജിനായെടുത്തത് 40 ദിവസത്തോളമാണ്.

ഇടയ്ക്ക് പത്രസമ്മേളനങ്ങളേക്കാള്‍ അവര്‍ ചെയ്തത് ലൈവ് സ്ട്രീമിങ്ങുകളും ജനങ്ങളുമായി നേരിട്ട് വീഡിയോ കോണ്‍ഫറന്‍സ് വഴി സംവദിക്കുകയുമായിരുന്നു. മന്‍ കി ബാത്തായിരുന്നില്ല. ചോദ്യങ്ങളും ഉത്തരങ്ങളുമായിരുന്നു അവയുടെ ശൈലി.

ഒടുവിൽ സ്കൂൾ വിദ്യാർഥിനികൾക്കായി സാനിറ്ററി പാഡുകൾ സർക്കാർ ചിലവിൽ നൽകുന്ന പദ്ധതിയും പ്രധാനമന്ത്രിയുടേതായി വന്നു. മറ്റു ലോകനേതാക്കളെ കണ്ട് അസാധ്യമെന്നു നമുക്കു തോന്നിയതൊക്കെയും ഇങ്ങനെയിങ്ങനെ ഒരുപാടു തവണ സാധ്യമെന്നു തെളിയിച്ചതാണ് ഈ സ്ത്രീ. തന്റെ മൂന്നുമാസം പ്രായമായ മകൻ നീവുമായി ഐക്യരാഷ്ട്ര സഭയുടെ നെൽസൺ മണ്ടേല സമാധാന ഉച്ചകോടിയിൽ പങ്കെടുത്തും ചാനൽ ചർച്ചയ്ക്കിടെയുണ്ടായ ഭൂകമ്പത്തിൽ കുലുങ്ങാതെ ‘ഇവിടെയാകെ കുലുങ്ങുന്നുണ്ടല്ലോ’ എന്നു ചിരിച്ചുകൊണ്ടു പറഞ്ഞു സംസാരം തുടർന്ന സ്ത്രീ വരെയുണ്ട് ജസിൻഡക്കാലത്ത്.

കണ്ടു പരിചയിക്കാത്ത അനേകം കാഴ്ചകളിൽക്കൂടി നേതാവായ സ്ത്രീ. നിങ്ങളേക്കാൾ മികച്ച ഭരണാധികാരി ഭാവിയിൽ ഉണ്ടായേക്കാം. അപ്പോഴും നിങ്ങളുണ്ടാക്കിയ ചരിത്രം ഇവിടെ ബാക്കിയുണ്ടാകും. നന്ദി ജസിൻഡ കേറ്റ് ലോറല്‍ ആര്‍ദേന്

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.