...
Home News Kerala രാഷ്ട്രീയമല്ലാതെ ഒരു വാക്ക് പോലും വൈകാരികത പൊലിപ്പിക്കാൻ അയാൾ മിണ്ടിയിട്ടില്ല, മിണ്ടുകയുമില്ല

രാഷ്ട്രീയമല്ലാതെ ഒരു വാക്ക് പോലും വൈകാരികത പൊലിപ്പിക്കാൻ അയാൾ മിണ്ടിയിട്ടില്ല, മിണ്ടുകയുമില്ല

മണിപ്പൂരിൽ സംഘപരിവാർ ഭീകരവാദികൾ കൂട്ട കൊല നടത്തിയതും തീ വച്ച് നശിപ്പിച്ചു കളഞ്ഞതുമായ ക്രിസ്ത്യൻ പള്ളികളും ഗ്രാമങ്ങളും അയാൾ പോയി സഞ്ചരിച്ച് നമുക്ക് നൽകിയ വിവരണങ്ങൾ യൂ ട്യൂബിൽ ഇപ്പോഴും കിടപ്പുണ്ട്. ചെരിപ്പിടാതെ നൂറ് മീറ്റർ നടന്ന് വീഡിയോ ഫൂട്ടേജ് എടുത്ത് പതിറ്റാണ്ടുകൾ ഓടിക്കുന്ന ഷോ ഓഫ് പൊളിറ്റിക്സ് അല്ല അത്.

135

| ശ്രീകാന്ത് പികെ

വി.ഡി സതീശനെ നിയമ സഭയിൽ ആരെങ്കിലും വിമർശിച്ചാൽ സ്ഥിരമായി പറയുന്ന ഒരു ഡയലോഗാണ് ‘ ഇങ്ങോട്ട് പഠിപ്പിക്കേണ്ട, ഞങ്ങളൊക്കെ കുറെ കാലമായി ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് എന്ന് ‘. ഇപ്പോൾ പുതുപ്പള്ളിയിൽ വികസനം ചർച്ച ചെയ്യാൻ തയ്യാറാണോ എന്ന ഇടത് മുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചത് ‘നാലാം നിര നേതാക്കൾക്ക് മറുപടി പറയാനില്ല’ എന്നാണ്.

പെട്ടി ചുമന്നും, ആസനം താങ്ങിയും വേറെ പല പണിയുമൊക്കെ എടുത്ത് നിയമ സഭയിലേക്ക് ഒരു തവണ സീറ്റ് വാങ്ങി ജയിച്ചു പോയാൽ പിന്നെ ചാകും വരെ ആ സീറ്റ് ആർക്കും വിട്ട് കൊടുക്കാതെ അടയിരുന്നാൽ ഞാനിവിടെ കുറേ കാലമായി ഇരിക്കുന്നു എന്നാർക്കും പറയാൻ സാധിക്കും. നേരെ മറിച്ച് എം.എൽ.എ ആവലും മന്ത്രി ആവലും മാത്രമല്ല രാഷ്ട്രീയ പ്രവർത്തനമെന്ന് മനസിലാക്കി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് പുറത്തും രാഷ്ട്രീയ- സാമൂഹിക പ്രവർത്തനം നടത്തുന്ന മനുഷ്യർക്ക് സഭയിൽ കുറേ കാലം നിരങ്ങിയതിന്റെ കണക്ക് പറയാൻ പറ്റില്ല.

മന്ത്രിയാവാൻ വേണ്ടി പാർടി അധ്യക്ഷ സ്ഥാനം രാജിവെച്ചു പോകുന്നവരും, പാർടി സെക്രട്ടറിയാവാൻ വേണ്ടി മന്ത്രി സ്ഥാനം രാജിവെക്കുന്നരും തമ്മിൽ അജഗജാനന്തരമായ വ്യത്യാസമുണ്ട്. ഇപ്പോൾ തന്നെ 53 കൊല്ലത്തിന്റെ തുടർച്ചയുടെ കണക്ക് പറയുന്ന മണ്ഡലത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതായത് ഒരു കുഞ്ഞ് ജനിച്ച് വളർന്നു വലുതായി കല്യാണം കഴിച്ച്, അയാൾക്ക് കുഞ്ഞുണ്ടായി ആ കുഞ്ഞും വളർന്ന് വലുതായി കല്യാണം കഴിച്ച് കുഞ്ഞുണ്ടാകുന്ന കാലം ഒരേ സീറ്റിൽ മരണം വരെ എം.എൽ.എ ആയിരുന്ന്, മരണ ശേഷം ആ യോഗം മകന് തുടരാൻ കൊടുക്കുന്ന മണ്ഡലത്തിൽ.

പിന്നെ നാലാം കിട നേതാവ്. ജെയ്ക്ക് സി തോമസിന്റെ പിതാവ് സതീശന്റെ പാർടിക്കാരനായിരുന്നു, മാതാവും സഹോദരനും സതീശന്റെ പാർടിക്കാരായിരുന്നു. എന്ന് വച്ചാൽ സതീശനെ പോലെ ആരുടേം പെട്ടി താങ്ങിയും, ചാണ്ടി ഉമ്മനെ പോലെ അച്ഛന്റെ പേര് വിറ്റും അല്ല അയാൾ ഇന്നീ കാണുന്ന സ്ഥാനത്ത് എത്തിയതെന്ന്. അടിയുറച്ച പരമ്പരാഗത ക്രിസ്ത്യൻ കോൺഗ്രസ് കുടുംബത്തിൽ നിന്ന് എസ്.എഫ്.ഐയിലൂടെ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് നൂറ് കണക്കിന് സമരങ്ങൾ നടത്തി സംഘടനയുടെ സംസ്ഥാന പ്രസിഡന്റും ദേശീയ ഉപ ഭാരവാഹിയുമായി ആ ചെറുപ്പക്കാരൻ.

കുറച്ച് വർഷങ്ങൾക്ക് മുന്നേ ബിജെപി ഗവണ്മെന്റിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ സമരം ചെയ്യാൻ ജെയ്ക്കിന്റെ കൂടെ സതീശന്റെ പാർടിയുടെ കേരളത്തിന് പുറത്തുള്ള വിദ്യാർത്ഥി നേതാക്കളും ഉണ്ടായിരുന്നു. അവരുമൊക്കെ നാലാം കിട നേതാവാണെന്നാണോ സതീശൻ പറയുന്നത് എന്നറിയില്ല.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സീറ്റ് കിട്ടാനായി തെരുവിൽ ഷർട്ടൂരി പ്രകടനം നടത്തുന്ന യൂത്ത് കോൺഗ്രസുകാരുള്ള നാട്ടിൽ ഏറെ വർഷങ്ങൾക്ക് മുന്നേ വിദ്യാർത്ഥി നേതാവായിരുന്ന കാലത്ത് തന്നെ പാർടി ജെയ്ക്ക് സി തോമസിനെ സ്ഥാനാർത്ഥിയാക്കി. വീണ്ടും വീണ്ടും പരാജപ്പെടുമെന്ന് അറിഞ്ഞു കൊണ്ട് തന്നെ ആവേശത്തോടെ അയാൾ മത്സരിച്ച് സാക്ഷാൽ ഉമ്മൻ‌ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയാക്കി കുറച്ച് ഞെട്ടിച്ചു. ഉമ്മൻ‌ ചാണ്ടി പോലും തനിക്ക് ഏറ്റവും മികച്ച മത്സരം തന്ന സ്ഥാനാർത്ഥി എന്ന് അംഗീകരിച്ചു.

തുക്കടാ യൂത്ത് കോൺഗ്രസുകാർ പോലും ഇന്നോവയിൽ നിലം തൊടാതെ പറക്കുന്ന കാലത്ത്, പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ പാർടി മഷിനറിയെ ചലിപ്പിച്ച് ചുമതലയുള്ള പുതുപ്പള്ളി മണ്ഡല പരിധിയിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും ചെങ്കൊടി ഉയർത്തി പാറിച്ചു, അവർക്കൊപ്പമൊരാളായി നിന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു കൊടുത്തു.

രാഷ്ട്രീയമല്ലാതെ ഒരു വാക്ക് പോലും വൈകാരികത പൊലിപ്പിക്കാൻ അയാൾ മിണ്ടിയിട്ടില്ല, മിണ്ടുകയുമില്ല. മണിപ്പൂരിൽ സംഘപരിവാർ ഭീകരവാദികൾ കൂട്ട കൊല നടത്തിയതും തീ വച്ച് നശിപ്പിച്ചു കളഞ്ഞതുമായ ക്രിസ്ത്യൻ പള്ളികളും ഗ്രാമങ്ങളും അയാൾ പോയി സഞ്ചരിച്ച് നമുക്ക് നൽകിയ വിവരണങ്ങൾ യൂ ട്യൂബിൽ ഇപ്പോഴും കിടപ്പുണ്ട്. ചെരിപ്പിടാതെ നൂറ് മീറ്റർ നടന്ന് വീഡിയോ ഫൂട്ടേജ് എടുത്ത് പതിറ്റാണ്ടുകൾ ഓടിക്കുന്ന ഷോ ഓഫ് പൊളിറ്റിക്സ് അല്ല അത്. അങ്ങനെയൊരു നേതാവ് നിങ്ങൾക്ക് നാലാം നിര നേതാവാണെങ്കിൽ മൂന്നാം നിര, രണ്ടാം നിര, ഒന്നാം നിര നേതാക്കളൊക്കെ എമ്മാതിരി ക്വാളിറ്റിയുള്ളവരായിരിക്കും

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.