...
Home Entertainments ഒരാൾ കണ്ട ജോൺ മറ്റൊരാൾക്ക് അജ്ഞാതനായിരുന്നു

ഒരാൾ കണ്ട ജോൺ മറ്റൊരാൾക്ക് അജ്ഞാതനായിരുന്നു

ഏറെക്കുറെ അനാഥമാക്കപ്പെട്ട മൗലികഭാവനയുടെ ആകാശങ്ങളിൽ 'എവിടെ ജോൺ?' എന്ന അന്വേഷണം പ്രതിദ്ധ്വനിക്കുന്നു!

153

| പി ജി പ്രേംലാൽ

ജോൺ ഓർമ്മയുടെ 35 വർഷങ്ങൾ.. 1987 മെയ് 31-ന്, കോഴിക്കോട്ട് അങ്ങാടിയില്‍ പണിനടന്നുകൊണ്ടിരുന്ന കെട്ടിടത്തിനു മുകളില്‍ നിന്നും വീണ് പരുക്കേറ്റ നിലയിൽ ആശുപത്രിയില്‍ എത്തിക്കപ്പെട്ട ജോൺ എബ്രഹാം ‘അജ്ഞാതനായ യാചകൻ’ എന്ന പേരിലാണ് അന്ന് ആശുപത്രി രേഖകളിൽ അടയാളപ്പെട്ടത്. ആ ജീവിതം പോലെ തന്നെ അവസാനനിമിഷങ്ങളിലും അദ്ദേഹം അടയാളപ്പെടുകയായിരുന്നുവെന്ന് പറയാം.

മദ്യപാനിയും അരാജകവാദിയും ബുദ്ധിജീവിയും അവധൂതജീവിതവും ജീനിയസ്സും… അങ്ങനെ പലര്‍ക്കും പലതായിരുന്നല്ലോ ജോൺ എബ്രഹാം ! ഒരാൾ കണ്ട ജോൺ മറ്റൊരാൾക്ക് അജ്ഞാതനായിരുന്നു! അദ്ദേഹത്തിൻ്റെ സിനിമകൾ പോലെ തന്നെ ആ ജീവിതവും നിയതമായ പൊതുബോധങ്ങളുടെ ചതുരക്കള്ളികളിലേയ്ക്ക് അത്രയെളുപ്പം വഴങ്ങിത്തരുന്നില്ല.

ഉറപ്പിച്ചു പറയാവുന്ന കാര്യം, നാലേ നാലു സിനിമകൾ കൊണ്ട് മലയാള സിനിമയിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ എക്കാലത്തെയും ശ്രദ്ധേയരായ, മൗലികതയുടെ ചലച്ചിത്രകാരന്മാരിൽ മുൻനിരക്കാരനായി ജോൺ എബ്രഹാം ഇന്നും അവശേഷിക്കുന്നുവെന്നതാണ് .

അനുകരണങ്ങൾക്ക് പിടികൊടുക്കാത്ത സിനിമയും ജീവിതവുമായി! അനുകരിക്കാൻ ആരെങ്കിലും ശ്രമിച്ചപ്പോഴൊക്കെ അതിനെ കൃത്രിമത്വമായി അനുഭവപ്പെടുത്തും വിധം അത്രമേൽ ‘ഒറിജിനൽ’ ആയി ജോണിൻ്റെ കലയും ജീവിതവും മലയാളത്തിൻ്റെ സാംസ്കാരിക പൊതുബോധത്തിൽ ഇന്നും ഇഴചേർന്നുകിടക്കുന്നു.

ആ ജീവിതത്തെ അരാജകത്വമായി വിശേഷിപ്പിക്കുന്നവർ പോലും ആ കലയെ ഏറ്റുവാങ്ങാനാളില്ലാതെ പോയ ദീപശിഖയായി, എന്നാലിന്നും ജ്വലിക്കുന്ന സർഗാത്മകതയുടെ തീമിനുക്കമായി, തിരിച്ചറിഞ്ഞുകൊണ്ടേയിരിക്കുന്നു. ഏറെക്കുറെ അനാഥമാക്കപ്പെട്ട മൗലികഭാവനയുടെ ആകാശങ്ങളിൽ ‘എവിടെ ജോൺ?’ എന്ന അന്വേഷണം പ്രതിദ്ധ്വനിക്കുന്നു!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.