...
Home News Kerala കെ-റെയിലിൽ നിലപാട് പറയുന്നതിന് എത്രയോ കാലം മുൻപേ കാരശ്ശേരിയെ സിപിഎം വേട്ടയാടാൻ തുടങ്ങിയതാണ്

കെ-റെയിലിൽ നിലപാട് പറയുന്നതിന് എത്രയോ കാലം മുൻപേ കാരശ്ശേരിയെ സിപിഎം വേട്ടയാടാൻ തുടങ്ങിയതാണ്

ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതു സി.പി.ഐ.എം ഇടപെട്ടിട്ടാണ് എന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞ വിവരക്കേടിനെ പണ്ടൊരിക്കൽ തെളിവുകൾ നിരത്തി മാഷ് പൊളിച്ചിട്ടുണ്ട്.

546

| ഹരിമോഹൻ

ഒരിക്കൽ സി.ആർ പരമേശ്വരൻ എഴുതിയതായി വായിച്ച ഒന്നുണ്ട്, “കൊന്നുകഴിഞ്ഞാൽ രണ്ടുകൂട്ടർ ഒളിവിൽപ്പോകും. കൊന്നവർ, സാംസ്കാരികർ. സാംസ്കാരികർ ഒരാഴ്ച കഴിഞ്ഞു ഗാന്ധി-ഗാന്ധിനി വേഷമണിഞ്ഞു വരും. സി.പി.ഐ.എമ്മിന്റെ സംഹാര ആവശ്യങ്ങൾക്കു കൊടി സുനി പോലെയാണു സാംസ്കാരിക ആവശ്യങ്ങൾക്ക് ഇടതുപക്ഷ സാംസ്കാരിക നായകർ പ്രയോജനപ്പെടുന്നത്.”

ഒരു കുത്തും കോമയും പോലുമൊഴിവാക്കാതെ യോജിക്കാൻ കഴിയും പരമേശ്വരനോട്. ഇങ്ങനെയാണു കേരളത്തിലെ സാംസ്കാരിക നായകരുടെ പൊതുബോധം പ്രവർത്തിക്കുന്നത്. ഇവരാണു കേരളത്തിന്റെ സാംസ്കാരിക പൊതുബോധം നിർമിക്കുന്നത്. എവിടെയൊക്കെ എങ്ങനെയൊക്കെ പ്രതികരിക്കണമെന്ന് ഇവർ തീരുമാനിക്കും. അതുകൊണ്ടാണു ധീരജ് കൊല്ലപ്പെട്ടപ്പോൾ ഒഴുക്കിയ കണ്ണുനീരിനെ ഗ്രാവിറ്റി കുറഞ്ഞ രൂപത്തിൽപ്പോലും കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടപ്പോഴോ ശ്രീജിത്ത്‌ എന്ന ചെറുപ്പക്കാരൻ പോലീസ് കസ്റ്റഡിയിൽ വെച്ചു കൊല്ലപ്പെട്ടപ്പോഴോ, വാളയാറിലെ പെൺകുട്ടികൾക്കു വേണ്ടിയോ കാണാത്തത്.

സംഘപരിവാറിന്റെ രാജ്യദ്രോഹിപ്പട്ടത്തിൽ അഭിരമിച്ചുകൊണ്ടു കേരളത്തിൽ സംസ്ഥാനദ്രോഹിപ്പട്ട സർട്ടിഫിക്കറ്റുകൾ ചെയ്യുന്ന പ്രത്യേകതരം ജീവിതമാണ് ഇവരുടേത്. കോവിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ഫോട്ടോ വെച്ചതിനേക്കാൾ അശ്ലീലമായി ഇത്തരം സർട്ടിഫിക്കറ്റുകളിൽ പിണറായി വിജയനെന്ന ഭരണാധികാരിയുടെ ഫോട്ടോകൾ അച്ചടിച്ചു സൂക്ഷിച്ചു വിതരണം ചെയ്യാൻ മടിയില്ലാത്തവരാണ് ഈ നായകർ.

ഇക്കൂട്ടത്തിലൊന്നും പെടാത്തവരെ വിവിധ രീതികളിൽ, രൂപങ്ങളിൽ ആക്രമിക്കുകയെന്നതു സി.പി.ഐ.എമ്മിനെ സംബന്ധിച്ച് അത്രയേറെ പ്രയാസമുള്ള കാര്യമൊന്നുമല്ല. അതിനുള്ള സംവിധാനങ്ങളൊക്കെയും ഇക്കാലത്തിനിടയിൽ സൈബർ ലോകത്തടക്കം അവർ ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതിനു തങ്ങളിൽപ്പെടാത്ത സാംസ്കാരിക നായകരാവണം അവർ എന്നൊന്നുമില്ല. ആ സംവിധാനം ഉപയോഗിച്ചാണു കെ.കെ രമയെ ടി.പിയെ കൊന്നതിനേക്കാൾ നികൃഷ്ടമായി ആക്രമിച്ചത്, ചിത്രലേഖയെന്ന ദളിതയെ വേട്ടയാടുന്നത്, ഇപ്പോൾ റഫീഖ് അഹമ്മദിനെയും എം.എൻ കാരശ്ശേരിയെയും ആക്രമിക്കുന്നത്.

കാരശ്ശേരി മാഷ് ജർമനിയിലെ അതിവേഗ ട്രെയിനിൽ യാത്ര ചെയ്തതിന്റെ ചിത്രമാണ് ഇപ്പോഴത്തെ ആയുധമെന്നു കണ്ടു. ജർമനിയിലെ അതിവേഗ ട്രെയിനിൽ യാത്ര ചെയ്തിട്ടു കെ-റെയിലിനെ വിമർശിക്കുന്നതിലെ യുക്തിയാണു പ്രശ്നം. അമേരിക്കൻ സാമ്രാജ്യത്വത്തോടു പോരാടാനായി ബൈഡന്റെ മടയിലേക്കു നേരിട്ടു ചെന്ന പിണറായി വിജയനു ബാധകമല്ലാത്ത യുക്തിയാണത്. ആ യുക്തി ഇനിയും അവർ പലരീതിയിൽ അവതരിപ്പിക്കും. വേണമെങ്കിൽ കാരശ്ശേരി മാഷ് യൂറോപ്യൻ ക്ലോസറ്റിൽ ഇരിക്കുന്നതിന്റെ ചിത്രം പ്രചരിപ്പിക്കുകയും, ക്യാപ്ഷനായി മാഷ് ‘സാമ്രാജ്യത്വത്തെ അനുകൂലിക്കുന്നതിന്റെ തെളിവ്’ എന്നു വേണമെങ്കിൽ എഴുതുകയും ചെയ്യും. അതു പ്രചരിപ്പിക്കാനും കാണും ചിലർ.

അപ്പോഴും ആക്രമണം നേരിടുന്നവരുടെ കൂട്ടത്തിൽനിന്നു കാരശ്ശേരി മാഷിനെ എടുത്തു പറയേണ്ടതുണ്ട്. കെ-റെയിലിൽ നിലപാട് പറയുന്നതിന് എത്രയോ കാലം മുൻപേ മാഷിനെ സി.പി.ഐ.എം വേട്ടയാടാൻ തുടങ്ങിയതാണ്. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചതു സി.പി.ഐ.എം ഇടപെട്ടിട്ടാണ് എന്നു കോടിയേരി ബാലകൃഷ്ണൻ പറഞ്ഞ വിവരക്കേടിനെ പണ്ടൊരിക്കൽ തെളിവുകൾ നിരത്തി മാഷ് പൊളിച്ചിട്ടുണ്ട്. അതിനൊക്കെ ശേഷം ആ മനുഷ്യനെ എവിടെക്കണ്ടാലും ഓടിച്ചിട്ടടിക്കണം എന്ന മനോഭാവത്തോടെ ഇക്കൂട്ടർ പെരുമാറുന്നതു കണ്ടിട്ടുണ്ട്.

അന്നു കാരശ്ശേരി മാഷ് പറഞ്ഞ വരികൾ വീണ്ടും ഇവിടെ ചേർക്കുന്നു-
“ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്ന് എത്രയോ കൊല്ലം ഇവർ പറഞ്ഞു. ഓഗസ്റ്റ് 15 കരിദിനമായി ആചരിച്ചു. റഷ്യൻ പ്രധാനമന്ത്രി ക്രൂഷ്ചേവ് വന്നു നെഹ്‌റുവിനെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചപ്പോഴാണ് സ്വാതന്ത്ര്യം കിട്ടിയതായി കമ്മ്യൂണിസ്റ്റുകാർക്കു മനസിലായത്. 42-ലെ ക്വിറ്റ് ഇന്ത്യാ മൂവ്മെന്റിനെ അവർ ഒറ്റുകൊടുത്തു. ആ മൂവ്മെന്റിന്റെ കാലത്ത് ബ്രിട്ടീഷുകാരുടെ കൂടെ നിന്നവരാണ് കമ്മ്യൂണിസ്റ്റുകാർ.”

തങ്ങൾ പറയുന്ന വിവരക്കേടുകൾ പ്രചരിപ്പിക്കാനും വേണമെങ്കിൽ ന്യായീകരിക്കാനും, തങ്ങൾ പറയുന്നിടത്തു നിശബ്ദരാകാനും വേണ്ടി സി.പി.ഐ.എം വളമിട്ടു വളർത്തുന്ന പാഴ്ച്ചെടികളിൽ ഒന്നിൽപ്പോലും കാരശ്ശേരി മാഷിന്റെ പേര് ഒരുകാലത്തും കൊത്തിവെയ്ക്കപ്പെട്ടിരുന്നില്ല എന്നത് ഓർക്കുക കൂടിയാണ് ആ മനുഷ്യനോട് ഐക്യപ്പെടുമ്പോൾ ചെയ്യേണ്ടുന്ന പ്രധാനപ്പെട്ട കാര്യം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.