| ശ്രീകാന്ത് പികെ
“അതൊന്നും ഞങ്ങൾക്കറിയേണ്ട കാര്യമില്ല.”
“അതൊന്നും സംസാരിക്കാൻ എനിക്ക് താല്പര്യമില്ല..” നടൻ ജയസൂര്യ തുറന്ന് വിട്ട വിവാദത്തെ തുടർന്ന്, നടനും കർഷകനുമായ കൃഷ്ണ പ്രസാദിന്റെ വീട്ടിലെത്തിയ കൈരളി റിപ്പോർട്ടർ, നെല്ല് സംഭരണത്തെ കുറിച്ചും യൂണിയൻ ഗവണ്മെന്റ് നൽകാനുള്ള 20 രൂപ തരാതിരിക്കുന്നതിനെ കുറിച്ചും, അതിനാൽ കർഷകരെ സഹായിക്കാൻ സംസ്ഥാന സർക്കാർ പണം മുടക്കി ബാങ്ക് വായ്പ്പയായി അനുവദിക്കുന്നതിനെ കുറിച്ചുമൊക്കെ ചോദിച്ചപ്പോൾ അദ്ദേഹം കൊടുത്ത മറുപടിയാണ്.
കഴിഞ്ഞ ഇരുപത് വർഷക്കാലത്തിനിടെ ഏതാണ്ട് മൂന്നര ലക്ഷം കർഷകരാണ് നമ്മുടെ രാജ്യത്ത് ആത്മഹത്യ ചെയ്തിട്ടുള്ളത്. അതിൽ തന്നെ കഴിഞ്ഞ പത്ത് വർഷത്തെ ആത്മഹത്യാ നിരക്ക് അതിന് മുന്നിലെ പത്ത് വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അപകടകരമായ സ്ഥിതിയിലാണ് പോകുന്നത്. 2014-നും 2020 -നും ഇടയിലുള്ള 6 വർഷത്തിനിടയിൽ കർഷക ആത്മഹത്യകൾ ഏറെ ഉയർന്നതായി നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോയുടെ കണക്കുകൾ ചൂണ്ടി കാണിക്കുന്നു.
2014- ൽ 5, 600 കർഷകർ ആത്മഹത്യ ചെയ്തപ്പോൾ , 2020-ൽ 5,500 കർഷകരാണ് ആത്മഹത്യ ചെയ്തത്. 2020-ൽ കർഷകത്തൊഴിലാളികളെ കൂടി ചേർത്താൽ ആത്മഹത്യകളുടെ എണ്ണം 10,600 ആയി ഉയർന്നതായി ഒഫീഷ്യൽ റെക്കോർഡുകൾ മാത്രം പറയുന്നു. യഥാർത്ഥ കണക്കുകൾ ഇതിന്റെ എത്രയോ അധികമായിരിക്കും.
അതായത് ഏതാണ്ട് ഐസ്ലാന്റ് എന്ന രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ അത്രയും കർഷക ജനത രണ്ട് പതിറ്റാണ്ടുകൾക്കുള്ളിൽ ഈ രാജ്യത്ത് ജീവനൊടുക്കി. അപ്പോഴും കർഷക ആത്മഹത്യ ഏറ്റവും കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
കാർഷിക മേഖലയിലടക്കം ഗവണ്മെന്റ് നൽകി വന്നിരുന്ന എല്ലാ സബ്‌സിഡികളും അവസാനിപ്പിക്കാനുള്ള പരിപാടി യു.പി.എ കാലം മുതൽ തുടങ്ങിയതാണ്. സബ്‌സിഡികളാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ വേഗം കുറക്കുന്നതെന്ന് തുറന്ന് പറയുകയും സബ്‌സിഡികൾ പടി പടിയായി നിർത്തലാക്കാനുള്ള പണികൾ തുടങ്ങിയ ആളുമാണ് മൻമോഹൻ സിംഗ്. അതേ കാലത്ത് തന്നെ കോർപ്പറേറ്റ് ടാക്സുകളിൽ കൃത്യമായി ഇളവുകൾ നൽകിയും പോന്നിരുന്നു.
പാചക വാതക വിലയുടെ സബ്‌സിഡി പടി പടിയായി വളരെ തന്ത്ര പൂർവ്വം എടുത്തു കളഞ്ഞ് വില ഇരട്ടിയിലധികമാക്കി, ഇപ്പോൾ തെരഞ്ഞെടുപ്പ് പ്രമാണിച്ച് 200 രൂപ സബ്‌സിഡി പ്രഖ്യാപിച്ചപ്പോൾ അത് പോസ്റ്റർ അടിച്ച് ആഘോഷിക്കുന്ന കാലത്താണ് നാമുള്ളത്.
കാർഷിക മേഖലയും പൂർണ്ണമായും സ്വകാര്യ മേഖലക്ക് തീറെഴുതുക എന്നത് ബിജെപി ഗവണ്മെന്റിന്റെ അജണ്ട മാത്രമല്ല, അത്തരം നയങ്ങൾ പല സമയത്തായി അവർ രൂപീകരിക്കാനും ശ്രമിച്ചിട്ടുണ്ട്. കോർപ്പറേറ്റുകൾ പറയുന്ന വിള കോർപ്പറേറ്റുകൾ പറയുന്ന വിലക്ക് കർഷകർ കൃഷി ചെയ്യുകയും വിപണിയും അധികാരവും കോർപ്പറേറ്റുകൾക്ക് കൈമാറുകയും ചെയ്യുന്ന ലക്ഷ്യത്തോടെ പല പദ്ധതികളും ആവിഷ്കരിക്കപ്പെടുന്നു. ലെയ്സ് എന്ന ഏവർക്കും പ്രീയപ്പെട്ട ഉരുളക്കിഴങ്ങ് ചിപ്സ് ഉണ്ടാക്കുന്ന പെപ്സി കോ എന്ന കമ്പനി മാത്രം ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കർഷകരോട് ചെയ്തത് നമ്മുടെ മുന്നിലുണ്ട്.
അതിനിടയിൽ സംഘടിത കർഷക പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ചെറുതും വലുതുമായ അനേകം കർഷക പോരാട്ടങ്ങൾ ദിനേനെയെന്നോണം രാജ്യത്ത് നടക്കുന്നുണ്ട്. മുംബൈ – നാസിക് ലോങ്ങ് മാർച്ചും, മഹാരാഷ്ട്ര, രാജസ്ഥാൻ, ഒഡീഷ തുടങ്ങിയ അനവധി ഇടങ്ങളിൽ നടക്കുന്ന കർഷക സമരവുമൊക്കെ നമ്മൾ കണ്ടു. കാർഷിക ഭേദഗതി നിയമവും, പ്രതിഷേധ സമരങ്ങളും , ബിൽ പിൻവലിക്കലും രാജ്യം സാക്ഷ്യം വഹിച്ചു. ഇത്രയും, രാജ്യത്തെ സമീപ കാല സംഭവ വികസങ്ങൾ വെറുതെ കണ്ണോടിച്ചാൽ ഒരാൾക്ക് എളുപ്പം മനസിലാകുന്ന കാര്യങ്ങളാണ്, ഒരു കർഷകന് പ്രത്യേകിച്ചും.
കർഷകർക്ക് ഏറ്റെടുക്കുന്ന നെല്ലിൽ ഒരു കിലോ നെല്ലിന് 20 രൂപ കൊടുക്കേണ്ടത് യൂണിയൻ ഗവണ്മെന്റും, 8 രൂപ കൊടുക്കേണ്ടത് സംസ്ഥാന സർക്കാരുമാണ്. സപ്ലൈ കോ നെല്ല് സംഭരിക്കുന്നത് റേഷൻ ആവശ്യങ്ങൾക്കായി യൂണിയൻ ഗവണ്മെന്റ് സ്ഥാപനമായ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്ക് വേണ്ടിയാണ്. എന്നാൽ യൂണിയൻ ഗവണ്മെന്റ് ആ ഫണ്ട് വൈകിക്കുകയോ, അല്ലെങ്കിൽ തരാൻ അമാന്തം കാണിക്കുകയോ ചെയ്യുമ്പോൾ കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ സ്വന്തം നിലക്ക് പലിശക്ക് ലോണെടുത്ത് അത് വായ്പ്പയായി അനുവദിച്ച് സഹായിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.
രാജ്യത്ത് മറ്റേതെങ്കിലും സംസ്ഥാനത്ത് ഈ നിലയിൽ കർഷക സൗഹാർദ്ദമായ സമീപനം ഏതേലും ഗവണ്മെന്റ് ചെയ്യുന്നുണ്ടോ എന്നറിയില്ല. വിളകൾക്കുള്ള താങ്ങ് വിലയടക്കം രാജ്യത്ത് തന്നെ ഏറ്റവും ഉയർന്ന കാർഷിക സബ്‌സിഡികൾ നൽകുന്ന സംസ്ഥാനമാണ് കേരളം.
ഈ വസ്തുത ചോദിച്ചപ്പോൾ കൃഷ്ണ പ്രസാദ് പറഞ്ഞ മറുപടിയാണ് അതൊന്നും എനിക്കറിയണ്ട എന്ന്. മാത്രമല്ല യൂണിയൻ ഗവണ്മന്റിന്റെ കൈയ്യിൽ നിന്ന് സംസ്ഥാന സർക്കാർ പണം വാങ്ങിയെടുക്കണമത്രേ ! യൂണിയൻ ഗവണ്മെന്റ് യൂണിയൻ ടെറിട്ടറികൾ മാത്രം ഭരിക്കാൻ പണം ചെലവിടുന്ന ഒരു സംവിധാനമാണെന്ന പോലെയാണ് സംസാരിക്കുന്നത്, സംസ്ഥാനം നികുതിയായി ആവശ്യത്തിലധികം അങ്ങോട്ട് പിരിച്ച് കൊടുക്കുന്ന പണത്തിന്റെ അർഹതപ്പെട്ടതിലും ഏറെ കുറവ് ലഭിക്കുന്ന വിഹിതം പോലും ലഭിക്കാൻ ഇനി മുഖ്യമന്ത്രി പോയി കാല് പിടിക്കണമായിരിക്കും.
കൃഷ്ണ പ്രസാദ് അറിയപ്പെടുന്ന ബിജെപി പ്രവർത്തകനും, ബിജെപി പ്രാദേശിക നേതാക്കളും ജന പ്രതിനിധികളുമുള്ള കുടുംബത്തിൽപ്പെട്ടയാളും, ബിജെപി നോമിനിയായി സെൻസർ ബോർഡിൽ പോലും അംഗത്വം ലഭിച്ച ആളുമാണ്. പക്ഷേ അദ്ദേഹത്തിന് ഒന്നും കേൾക്കേണ്ട എന്നാണ് പറയുന്നത്, യൂണിയൻ ഗവണ്മെന്റുമായി ബന്ധപ്പെട്ട ഒരു ചോദ്യവും അദ്ദേഹത്തിന് കേൾക്കാനോ മറുപടി പറയനോ താല്പര്യമില്ല.
പക്ഷേ എല്ലാ മാദ്ധ്യമങ്ങൾക്കും അദ്ദേഹം ഇടക്ക് സിനിമയിലും സീരിയലിലും മുഖം കാണിക്കുന്ന പാവപ്പെട്ട കർഷകൻ മാത്രമാണ്. കൈരളി മാത്രം ചോദിച്ച ഈ ചോദ്യം അദ്ദേഹത്തോട് ചോദിക്കേണ്ടിയിരുന്നത് ഇവിടുത്തെ സോ കോൾഡ് മുഖ്യ ധാരകളായിരുന്നു. പക്ഷേ ബിജെപി ഗവണ്മെന്റ് നടത്തിയ കൃഷിയുടെ വിളകളായ അവർക്ക് ബിജെപിയുടെ കർഷക സ്നേഹത്തെ കുറിച്ച് മോശം പറയാൻ പറ്റില്ലല്ലോ.



