സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ പ്രവർത്തനാനുമതിയുമായി ബന്ധപ്പെട്ട് അമേരിക്കൻ വ്യവസായി എലോൺ മസ്‌കിനെതിരെ വിമർശനവുമായി നടനും രാജ്യസഭാ എംപിയുമായ കമൽഹാസൻ. ഇന്ത്യയുടെ ദേശീയ താൽപ്പര്യവും സുരക്ഷാ മുൻകരുതലുകളും മുൻനിർത്തിയുള്ള തീരുമാനങ്ങളെ പ്രതിരോധിച്ച കമൽഹാസൻ, ഒരു ശതകോടീശ്വരനും രാജ്യത്തിന്റെ നയങ്ങൾ നിർദേശിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി.
സ്റ്റാർലിങ്കിന് 165-ലധികം രാജ്യങ്ങളിൽ പ്രവർത്തനാനുമതിയുണ്ടെന്നും ഇന്ത്യാ സർക്കാരിന്റെ നിയമങ്ങളും ആവശ്യകതകളും പാലിക്കാൻ അഞ്ച് വർഷം ചെലവഴിച്ചിട്ടും രാജ്യത്ത് ലൈസൻസ് ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും മസ്‌ക് വ്യാഴാഴ്ച സാമൂഹികമാധ്യമമായ എക്‌സിലൂടെ ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് മക്കൾ നീതി മയ്യം സ്ഥാപകൻ കൂടിയായ കമൽഹാസൻ രംഗത്തെത്തിയത്.
ഇന്ത്യയിലെയും വിദേശത്തെയും കമ്പനികളിൽനിന്നുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് മത്സരത്തെ രാജ്യം സ്വാഗതം ചെയ്യണം. എന്നാൽ ഉയർന്ന സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകളും ഉപകരണങ്ങളുടെ വിലയും സാധാരണ കുടുംബങ്ങൾക്ക് ഇത്തരം സേവനങ്ങൾ അപ്രാപ്യമാക്കരുത്. ഡിജിറ്റൽ വിടവ് വർധിപ്പിക്കുന്നതിന് പകരം അത് കുറയ്ക്കുകയാണ് കണക്റ്റിവിറ്റി സേവനങ്ങൾ ചെയ്യേണ്ടതെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു.
രാജ്യത്തെ ടെലികോം നെറ്റ്‌വർക്കുകളും സ്പെക്ട്രവും തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളാണെന്നും അവയെ വെറും വാണിജ്യ ആസ്തികളായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട മുൻകരുതലുകളിൽ വിട്ടുവീഴ്ച ചെയ്യാനാവില്ലെന്നും കമൽഹാസൻ വ്യക്തമാക്കി. ഓരോ രാജ്യവും സ്വന്തം താൽപ്പര്യങ്ങൾ പരിഗണിച്ചാണ് തീരുമാനങ്ങളെടുക്കുന്നതെന്നും ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്ന പാശ്ചാത്യ രാജ്യങ്ങൾ മറ്റുള്ളവരോട് മാത്രം സ്വതന്ത്ര വിപണിയുടെ തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ആവശ്യപ്പെടരുതെന്നും അദ്ദേഹം വിമർശിച്ചു.
ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് അമേരിക്ക 100 ശതമാനം തീരുവ ചുമത്തിയതും സുരക്ഷാ ആശങ്കകളുടെ പേരിൽ ഇന്ത്യയും അമേരിക്കയും ചൈനീസ് ടെലികോം കമ്പനിയായ ഹുവാവേയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം താൽപ്പര്യങ്ങൾക്കനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന രാജ്യങ്ങൾ മറ്റുള്ളവരിൽനിന്ന് മാത്രം തുല്യമായ മത്സരസാഹചര്യം ആവശ്യപ്പെടുന്നതിലെ വൈരുധ്യവും കമൽഹാസൻ ചോദ്യം ചെയ്തു.
രാജ്യത്തെ ഗ്രാമീണ മേഖലകളിൽ ബ്രോഡ്‌ബാൻഡ് കണക്റ്റിവിറ്റി വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട ഭാരത്‌നെറ്റ് പദ്ധതിയെക്കുറിച്ചും കമൽഹാസൻ പരാമർശിച്ചു. 39,888 കോടി രൂപ ചെലവഴിച്ചിട്ടും സേവനത്തിന് തയ്യാറായ ഗ്രാമപഞ്ചായത്തുകളുടെ 33.2 ശതമാനം മാത്രമാണ് പ്രവർത്തിച്ചിരുന്നതെന്ന കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) 2026-ലെ ഓഡിറ്റ് റിപ്പോർട്ടിലെ കണ്ടെത്തലുകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ലക്ഷ്യങ്ങൾ പൂർണമായി കൈവരിക്കാത്തതിന്റെ കാരണങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ഡാറ്റ ലഭ്യമാക്കി ദശലക്ഷക്കണക്കിന് ആളുകളെ ഓൺലൈനിലെത്തിച്ച ഇന്ത്യൻ ടെലികോം മേഖലയെയും അദ്ദേഹം പ്രശംസിച്ചു.
ഇന്ത്യ ഒരു ജനാധിപത്യരാജ്യമാണെന്നും കോളനിയല്ലെന്നും ഓർമിപ്പിച്ച കമൽഹാസൻ, രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത് ഇന്ത്യൻ ജനത തന്നെയാണെന്ന് വ്യക്തമാക്കി. വിദേശ താൽപ്പര്യങ്ങളോ ഇരട്ടത്താപ്പുകളോ ഏതെങ്കിലും ശതകോടീശ്വരനോ ഇന്ത്യയുടെ തീരുമാനങ്ങളെ നിയന്ത്രിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


