...
Home Entertainments അതിർവരമ്പുകളെ എന്നും മുറിച്ചുകടന്നാണ് കമൽഹാസന്റെ ശീലം

അതിർവരമ്പുകളെ എന്നും മുറിച്ചുകടന്നാണ് കമൽഹാസന്റെ ശീലം

ഇന്ത്യൻ സിനിമയിൽ 'മെത്തേഡ് ആക്ടിങ്' എന്ന സമ്പ്രദായത്തെ ഏറ്റവും മനോഹരമായി കൈകാര്യം ചെയ്തുകൊണ്ട്, വളരെ സങ്കീർണ്ണമായ കഥാപാത്രങ്ങളായി പോലും മാറാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയം ആണ്.

263

കമൽഹാസൻ – ഒരു പേരിൽ ഉണ്ട് ലോക സിനിമ മുഴുവൻ ആദരവോടെ നോക്കി കാണുന്ന ഒരു മഹാപ്രതിഭ. ആദ്യമായി സിനിമയിലേക്ക് കാലെടുത്ത് വെക്കുമ്പോൾ ആ പ്രതിഭക്ക് പ്രായം ആറു വയസ്സ്. ഇന്ന് ആറര പതിറ്റാണ്ട് നീണ്ട സിനിമ ജീവിതത്തിന്റെ നെറുകയിൽ നായകൻ ആയി നിലകൊള്ളുമ്പോൾ നേടാൻ ഇനി ഒന്നും ബാക്കി ഉണ്ടാവില്ല ഈ മനുഷ്യന്. ഈ ആഗസ്റ്റ് 12ന് സിനിമാ ലോകത്തിൽ കമൽഹാസൻ 65 വർഷം പൂർത്തിയാക്കി.

‘കളത്തൂർ കണ്ണമ്മ’ എന്ന സിനിമയിൽ തന്റെ ആറാം വയസ്സിൽ ബാലതാരം ആയി അരങ്ങേറി ആദ്യ സിനിമയിൽ തന്നെ ദേശീയ പുരസ്ക്കാരം നേടിയ കമൽഹാസൻ ഫിലിം ഫെയർ അവാർഡുകളും, സംസ്ഥാന പുരസ്‌കാരങ്ങളും, ദേശീയ പുരസ്‌കാരങ്ങളും, ഉൾപ്പെടെ പുരസ്‌കാരങ്ങളുടെ വലിയ ശ്രെണി തന്നെ നേടിയിട്ടുണ്ട്. ഒരുപക്ഷെ ഇത്രയധികം തവണ ദേശീയ പുരസ്‌കാരം നേടിയ മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല.

ബാലതാരം ആയി നിരവധി സിനിമകളിൽ പ്രത്യക്ഷപ്പെട്ടു എങ്കിലും മുതിർന്ന വേഷങ്ങളിലേക്കുള്ള അദ്ദേഹത്തിന്റെ പരിവർത്തനം ഇന്ത്യൻ സിനിമയെ പോലെ പുനർനിർവഹിക്കുന്നു ഒരു കരിയറിന് കളം ഒരുക്കി എന്ന് പറയാം. നടൻ എന്ന നിലയിൽ കമൽഹാസന്റെ വൈദഗ്ധ്യം സമാനതകൾ ഇല്ലാത്തതാണ്. നാടകീയമായ വേഷങ്ങൾ മുതൽ ആക്ഷൻ രംഗങ്ങൾ വരെ, കോമഡി മുതൽ റൊമാൻസ് വരെ, പ്രണയവും, ഹോററും എന്ന് വേണ്ട സകല മേഖലകളിലും കയ്യൊപ്പ് ചാർത്തിയിട്ടേ ഉള്ളു ഈ പ്രതിഭ.

ഇന്ത്യൻ സിനിമയിൽ ‘മെത്തേഡ് ആക്ടിങ്’ എന്ന സമ്പ്രദായത്തെ ഏറ്റവും മനോഹരമായി കൈകാര്യം ചെയ്തുകൊണ്ട്, വളരെ സങ്കീർണ്ണമായ കഥാപാത്രങ്ങളായി പോലും മാറാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രശംസനീയം ആണ്. മൂന്ദ്രാം പിറയ്, നായകൻ പോലെയുള്ള സിനിമകളിലെ കഥാപാത്രങ്ങൾ മാത്രം മതി തെളിവായി.

അഭിനയത്തിൽ മാത്രമായി ഒതുങ്ങുന്നത് ആയിരുന്നില്ല ഈ പേര്. എഴുത്ത്, സംവിധാനം, നിർമ്മാണം, സംഗീതം, നൃത്തം എന്നിങ്ങനെ ‘സകലകലാ വല്ലഭൻ’ ആയി തന്നെയാണ് അദ്ദേഹം ഇന്നും നിലകൊള്ളുന്നത്. ഹേ റാം എന്ന ഒരൊറ്റ സിനിമാക്കൊണ്ട് സംവിധാനത്തിൽ തന്റെ വൈജ്ഞാനം വെളിപ്പെടുത്തി. ഹേ റാം പോലെയുള്ള സിനിമ സംവിധാനം ചെയ്തും, വിശ്വരൂപം പോലെ ധീരവും വിവാദപരവുമായ വിഷയങ്ങളെ കൈകാര്യം ചെയ്യുന്ന സിനിമകളുടെ ഭാഗം ആയും ഒക്കെ സിനിമയോടുള്ള തന്റെ അഭിനിവേശത്തെ അദ്ദേഹം കൂടുതൽ മുറുക്കെ വരിഞ്ഞു കെട്ടി.

അതിർവരമ്പുകളെ എന്നും മുറിച്ചുകടന്നാണ് കമൽഹാസന്റെ ശീലം. അത് സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും രാഷ്ട്രീയ ബോധ്യങ്ങളിൽ ആയാലും അങ്ങനെ തന്നെ. അദ്ദേഹത്തിന്റെ സിനിമകൾ പലപ്പോഴും സങ്കീർണ്ണമായ സാമൂഹിക പ്രശ്നങ്ങളെ അഭിസംബോധന ചെയ്തിരുന്നു. കലയിലെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി നിരന്തരം കലഹിക്കുകയും ശബ്ദിക്കുകയും എഴുതുകയും ചെയ്തിരുന്നു.

ആറര പതിറ്റാണ്ടുകൾ ഇന്ത്യൻ സിനിമയിൽ ആഘോഷിക്കുമ്പോൾ ഭാവി സിനിമ പ്രവർത്തകരെ കൂടി ഉത്തേചിപ്പിക്കുകയാണ് കമൽ ഹാസൻ എന്ന ബഹുമുഖ പ്രതിഭ. മികവിന് വേണ്ടിയുള്ള ആശ്രാന്ത പരിശ്രമം, കലയോടുള്ള അടങ്ങാത്ത പ്രതിബദ്ധത, കഥപറച്ചിലിനോടുള്ള ആചഞ്ചലമായ അഭിനിവേശം, എന്നിവ ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ശ്രീ കമൽ ഹാസന് ഏറ്റവും മികച്ച ഒരു സ്ഥാനം നൽകുന്നു.

അന്നും ഇന്നും തളർച്ചയുടെ ലക്ഷണങ്ങൾ ഒന്നും കാണിച്ചിട്ടില്ല അദ്ദേഹം. നിരന്തരം സിനിമകളിലൂടെയും ടെലിവിഷനിലൂടെയും സംസാരിക്കാൻ ഇന്നും മുന്നണി പോരാളിയായി നിലകൊള്ളുകയാണ്. സിനിമയുടെ സ്ഥായിയായ ശക്തിയായി, കലയ്ക്കായി ജീവിതം ഉഴിഞ്ഞു വെച്ച്, മികച്ച സാമൂഹിക പ്രതിബദ്ധതയോടെ നിലകൊള്ളുന്ന ഒരു കലാകാരന്റെ അജയ്യമായ ചൈതന്യമായി തുടരുന്നു കമൽഹാസൻ എന്ന ഉലകനായകന്റെ യാത്ര

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.