Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
കരിയറിന് മുൻഗണന നൽകുക, സാമ്പത്തിക സ്വാതന്ത്ര്യം നേടുക; യുവതികൾക്ക് ഉപദേശവുമായി കങ്കണ റണാവത്ത് | Nalamidam
27 October 2026
Home Entertainments കരിയറിന് മുൻഗണന നൽകുക, സാമ്പത്തിക സ്വാതന്ത്ര്യം നേടുക; യുവതികൾക്ക് ഉപദേശവുമായി കങ്കണ റണാവത്ത്

കരിയറിന് മുൻഗണന നൽകുക, സാമ്പത്തിക സ്വാതന്ത്ര്യം നേടുക; യുവതികൾക്ക് ഉപദേശവുമായി കങ്കണ റണാവത്ത്

കങ്കണയുടെ ഈ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്ത്രീ സ്വാതന്ത്ര്യം, വിവാഹ സുരക്ഷ, സ്ത്രീധന പീഡനം തുടങ്ങിയ വിഷയങ്ങളിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതു കാരണമായിട്ടുണ്ട്.

181

ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് യുവതികൾക്ക് നിർണായക ഉപദേശം നൽകി. വിവാഹത്തേക്കാൾ കരിയറിന് മുൻഗണന നൽകണമെന്നും സാമ്പത്തിക സ്വാതന്ത്ര്യം നേടിയ ശേഷമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കാവൂ എന്നും അവർ അഭിപ്രായപ്പെട്ടു. വിവാഹിതരായ സ്ത്രീകളുടെ മരണവുമായി ബന്ധപ്പെട്ട് അടുത്തിടെ ഉയർന്നുവരുന്ന വാർത്തകളുടെ പശ്ചാത്തലത്തിലാണ് കങ്കണയുടെ പ്രതികരണം.

ഭോപ്പാലിൽ ട്വിഷ ശർമ്മ (33) എന്ന വിവാഹിതയായ സ്ത്രീയുടെ മരണം ദേശീയതലത്തിൽ ശ്രദ്ധ നേടിയിരുന്നു. മെയ് 12ന് നോയിഡ സ്വദേശിനിയായ ട്വിഷ, ഭർത്താവ് സമർത് സിംഗിന്റെ വീട്ടിൽ വച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ സ്ത്രീധന പീഡനക്കുറ്റം ചുമത്തി ഭർത്താവ് സമർത് സിംഗ്, അദ്ദേഹത്തിന്റെ അമ്മയും വിരമിച്ച ജഡ്ജിയുമായ ഗിരിബാല സിംഗ് എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, ട്വിഷ മയക്കുമരുന്നിന് അടിമയായിരുന്നെന്നും മാനസിക ചികിത്സയിൽ ആയിരുന്നെന്നും പ്രതിഭാഗം അഭിഭാഷകർ വാദിക്കുന്നു.

ഇതിനൊപ്പം ഗ്രേറ്റർ നോയിഡയിലെ ദീപിക നഗർ എന്ന യുവതിയുടെ മരണവും വിവാദമായി മാറിയിട്ടുണ്ട്. ഈ കേസിലും സ്ത്രീധന പീഡന ആരോപണങ്ങളാണ് ഉയരുന്നത്.

ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കങ്കണ റണാവത്ത് ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ പ്രതികരിച്ചത്. “വിവാഹിതരായ സ്ത്രീകളുടെ മരണവാർത്തകൾ ദിവസേന നമ്മൾ കാണുന്നു. വിദ്യാഭ്യാസമുള്ള പെൺകുട്ടികൾക്കുപോലും പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്നില്ല. വിവാഹശേഷം സമൂഹം പലപ്പോഴും അവരെ ഒറ്റപ്പെടുത്തുന്നു,” എന്ന് അവർ പറഞ്ഞു.

“യുവതികൾക്ക് എന്റെ ഉപദേശം ഇതാണ്: കരിയറിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുക. സാമ്പത്തികമായി സ്വതന്ത്രരാകുന്നതിന് മുമ്പ് വിവാഹത്തെക്കുറിച്ച് ചിന്തിക്കരുത്. ആരും നിങ്ങളെ രക്ഷിക്കാൻ വരില്ല. നിങ്ങൾ തന്നെയാണ് നിങ്ങളുടെ ശക്തി. നിങ്ങൾ ആരാണെന്നതും നിങ്ങൾ എന്തുചെയ്യുന്നുവെന്നതും വിവാഹത്തേക്കാൾ പ്രധാനമാണ്,” എന്നും കങ്കണ തന്റെ കുറിപ്പിൽ വ്യക്തമാക്കി.

കങ്കണയുടെ ഈ അഭിപ്രായങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സ്ത്രീ സ്വാതന്ത്ര്യം, വിവാഹ സുരക്ഷ, സ്ത്രീധന പീഡനം തുടങ്ങിയ വിഷയങ്ങളിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇതു കാരണമായിട്ടുണ്ട്.