Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
കവിയൂർ പൊന്നമ്മയെ തകർത്തത് മലയാളി ആണുങ്ങളുടെ ടിപ്പിക്കൽ അമ്മ ബോധം | Nalamidam
20 September 2026
Home Entertainments കവിയൂർ പൊന്നമ്മയെ തകർത്തത് മലയാളി ആണുങ്ങളുടെ ടിപ്പിക്കൽ അമ്മ ബോധം

കവിയൂർ പൊന്നമ്മയെ തകർത്തത് മലയാളി ആണുങ്ങളുടെ ടിപ്പിക്കൽ അമ്മ ബോധം

മലയാള സിനിമകളിലെ സ്ഥിരം പൊലീസ് കോൺസ്റ്റബിൾ പോലെ, ചായക്കടക്കാരൻ പോലെ കവിയൂർ പൊന്നമ്മ എന്ന അഭിനേത്രിയും ചുരുക്കപ്പെട്ടു. ഒരുപക്ഷെ നായികാ സങ്കൽപ്പങ്ങൾ ഈ ചുരുങ്ങിക്കൂടലിൽ അവരും മറന്നു പോയതാകാം.

420

| സാൻ

മലയാളിയുടെ ടിപ്പിക്കൽ ചിന്തകൊണ്ട് നേട്ടമുണ്ടായിട്ടുള്ള അനേകം വ്യക്തികളിൽ ഒരാൾ മാത്രമാണ് കവിയൂർ പൊന്നമ്മ. അമ്മയെന്നാൽ പൊന്നമ്മയെ പോലെ എന്ന് പാടി നടന്ന ഒരു സിനിമാ കാലഘട്ടമുണ്ടായിരുന്നു. അന്ന് പൊന്നമ്മയ്ക്ക് പൊന്നിന്റെ വിലയും ഉണ്ടായിരുന്നു. ദിലീപ് മോഹൻലാൽ ജയറാം തുടങ്ങിയ താരങ്ങളുടെയെല്ലാം സ്ഥിരം അമ്മവേഷം പൊന്നമ്മയ്ക്ക് ലഭിക്കുകയും, ആ സിനിമകളിൽ എല്ലാം തന്നെ സഹനത്തിന്റെയും, സഹാനുഭൂതിയുടെയും ചിറകുകൾ പൊന്നമ്മയ്ക്ക് സംവിധായകൻ വെച്ച് പിടിപ്പിക്കുകയും ചെയ്തതോടെ ഇത് മാത്രമാണ് അമ്മ മകൻ ബന്ധമെന്ന് വരെ മനുഷ്യർ കരുതിപ്പോന്നു.

സത്യത്തിൽ പൊന്നമ്മയുടെ കഥാപാത്രങ്ങൾ പോലെ ആൺമക്കളെ വഷളാക്കുന്ന അമ്മമാരായിരുന്നു അന്നത്തെ മലയാളികളുടെ ശാപമെന്ന് ഞാൻ വിലയിരുത്തുന്നു. സിനിമയുടെ നട്ടെല്ലും, വാരിയെല്ലും, തുടയെല്ലും, തോളെല്ലും വരെ ആണുങ്ങൾ അടക്കി വാണിരുന്ന കാലത്ത് അമ്മ എന്നതിനെ വ്യാഖ്യാനിക്കാൻ, വളരെ മൃദുവായ സമീപനമുള്ള, സ്വന്തം ഭക്ഷണം വരെ നമുക്ക് മാറ്റിവെച്ച് തരുന്ന, അച്ഛൻ കാണാതെ പാത്രിരാത്രി വൈകി വരുമ്പോൾ നമുക്ക് വാതിൽ തുറന്ന് തരുന്ന, എന്ത് നെറികേടിനും കൂട്ടുനിൽക്കുന്ന, ഭൂമിയോളം ക്ഷമയുള്ള ഒരാളെ തെരഞ്ഞെടുക്കുന്നതിൽ അത്ഭുതമില്ല. പക്ഷേ അതൊരു സംസ്കാരമായി മാറുമ്പോൾ അൽപ്പം പ്രശ്നമുണ്ട്.

ഒരു കാലഘട്ടത്തിനിപ്പുറം സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ട കവിയൂർ പൊന്നമ്മയ്ക്ക് പേര് പോലെ തന്നെ അമ്മ വേഷങ്ങളിൽ നിന്നും വ്യതിചലിച്ചു അഭിനയിക്കാൻ കഴിഞ്ഞില്ല. വ്യക്തമായി വിശകലനം ചെയ്യുമ്പോൾ മലയാളി ആണുങ്ങളുടെ, കുടുംബ പ്രേക്ഷകരുടെ അമ്മ ബോധം അവരുടെ അഭിനയ സാധ്യതകൾ സംസ്കാരം കൊണ്ട് തളച്ചിട്ടു എന്ന് വേണം പറയാൻ.

മലയാള സിനിമകളിലെ സ്ഥിരം പൊലീസ് കോൺസ്റ്റബിൾ പോലെ, ചായക്കടക്കാരൻ പോലെ കവിയൂർ പൊന്നമ്മ എന്ന അഭിനേത്രിയും ചുരുക്കപ്പെട്ടു. ഒരുപക്ഷെ നായികാ സങ്കൽപ്പങ്ങൾ ഈ ചുരുങ്ങിക്കൂടലിൽ അവരും മറന്നു പോയതാകാം. ഉർവശി, കെപി എസി ലളിത, സുകുമാരി തുടങ്ങി പൊന്നമ്മയ്ക്ക് ഒപ്പമുള്ളവരൊക്കെ വെല്ലുവിളികൾ നിറഞ്ഞ വേഷങ്ങളിലേക്ക് മൊഴിമാറ്റപ്പെട്ടപ്പോഴും മലയാളിയുടെ അമ്മബോധം അവരെ പിറകോട്ടടിച്ചു. ആജീവനാന്തം അമ്മയായി ജീവിച്ച് മരിക്കേണ്ടി വന്ന അഭിനേത്രി മാത്രമായി അവർ മാറി.

പൊന്നമ്മയുടെ കരിയർ പരിശോധിച്ചാൽ വ്യക്തമാണ്, ഒരു കാലഘട്ടത്തിനിപ്പുറത്തേക്ക് അവരിൽ നിന്നും അനുകമ്പയോ, ദയയോ, സ്നേഹമോ, നിർവികാരതയോ, ക്ഷമയോ, സഹനമോ ഒന്നുമല്ലാതെ മറ്റൊരു ഭാവവും ജനിച്ചിട്ടില്ല. ഉരച്ചുരച്ചു ആ പൊന്നിന്റെ മാറ്റ് കളഞ്ഞ ആൺ സംവിധായകർ തന്നെ ഏറ്റെടുക്കണം ആ തകർച്ചയുടെ എല്ലാ ബാധ്യതകളും.

‘ഉണ്ണീ എന്ന ആ വിളി, മുടിയിഴകൾക്കിടയിലൂടെയുള്ള തലോടൽ’

കിരീടത്തിലെ അമ്മു അമ്മ അതിമനോഹരമായ ഒരു സൃഷ്ടിയാണ്. പലർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു കാലഘട്ടത്തിന്റെ അമ്മയായിരുന്നു അവർ. അതുതന്നെ വരും സിനിമകളിലും പകർത്താതിരുന്നെങ്കിൽ പൊന്നമ്മയിൽ നിന്നും എത്ര നല്ല കഥാപാത്രങ്ങൾ ജനിക്കുമായിരുന്നു. മലയാളി ആണുങ്ങളുടെ അമ്മ ബോധം ഇല്ലായിരുന്നെങ്കിൽ അഭിനയം കൊണ്ട് അത്ഭുതപ്പെടുത്തിയേനെ ഒരുപക്ഷെ കവിയൂർ പൊന്നമ്മ.