| സുജീഷ് പിലിക്കോട്
സിനിമയുടെ സമവാക്യങ്ങൾ തിരുത്തിക്കുറിക്കുന്ന സിനിമയാണ്. നായകൻ/വില്ലൻ, നന്മ/തിന്മ,ശരി/തെറ്റ്,നല്ലശീലങ്ങൾ/ദുശ്ശീലങ്ങൾ എന്നിങ്ങനെയുളളവ പെറുക്കി വെച്ച് അതിൽ നിന്നും സാരോപദേശം വാറ്റിയെടുക്കുന്ന സിനിമയല്ല. ജീവിതത്തിൻ്റെ/ ജീവിതത്തിലെ ശരിയെ നിർവ്വചിക്കുന്നതെങ്ങനെയെന്ന് അന്തിച്ച് കുന്തിച്ചിരിക്കുന്നവരാണ് നമ്മിൽ പലരും. ജീവിതത്തിൽ ഒരു ശരിയുണ്ടോ എന്നതാണ് ഈ സിനിമ ആത്യന്തികമായും നമ്മളോട് ചോദിക്കുന്നത്.
പതിവ് വാർപ്പ് മാതൃകകൾ/പതിവ് രീതികളിൽ നിന്നെല്ലാം വിട്ട്, നമ്മുടെ ജീവിതം എങ്ങനെ പ്രവചനാതീതമായിരിക്കുന്നോ അത്തരത്തിൽ പ്രവചനാതീതമാണ് ഇതിൻ്റെ കഥയും സംവിധാനവും. അത് കൊണ്ട് തന്നെയാണ് ഈ സിനിമ വ്യത്യസ്തമായിരിക്കുന്നത്. സിനിമ എന്ന നിർവചനത്തിൽ നിന്നു തന്നെ കുതറി മാറാനുള്ള ഒരു ശ്രമമുണ്ട് ഈ സിനിമയ്ക്ക്.
പിന്നീട് ഈ സിനിമയുടെ സ്വാഭാവികതയാണ് എന്നെ അത്ഭുതപ്പെടുത്തിയത്. ഉടുത്തിരിക്കുന്ന വസ്ത്രങ്ങൾ, വസ്ത്രങ്ങളുടെ ചുളിവുകൾ,ചെരുപ്പ്, വഴികൾ എന്ന് വേണ്ട എല്ലാം കാലങ്ങളായി ഉള്ളതായി തോന്നും. ക്യാമറമാൻ വന്ന് ഷൂട്ട് ചെയ്തു, അത്രമാത്രം എന്ന് പറയുന്ന രീതി. മേക്കപ്പ് പോലും ചെയ്തതായി തോന്നുന്നില്ല എന്നതാണ് അതിൻ്റെ പ്രത്യേകത.
അപ്പുപ്പിള്ളയായി അഭിനയിച്ച വിജയരാഘവൻ അസാമാന്യമായ അഭിനയമാണ് കാഴ്ചവെച്ചത്. ഗോഡ്ഫാദറിലെ ‘അഞ്ഞൂറാ’ ൻ്റെ സ്വഭാവം ഇയാളിൽ കാണാം. അഞ്ഞൂറാനായി അഭിനയിച്ച ആളുടെ മകനായത് കൊണ്ട് നമുക്കത് കൂടുതൽ റിലേറ്റ് ചെയ്ത് തോന്നുന്നു എന്നത് നമ്മുടെ പ്രത്യേകതയാണ്. എന്നിൽ എൻ്റെ അച്ഛനെയോ അമ്മയെയോ നമ്മൾ അന്വേഷിക്കുന്നത് പോലെ. എന്നിട്ട് നീ ഇന്നയാളുടെ മകനല്ലെ എന്ന് പറയുമ്പോലെ. ഒരഞ്ഞുറാൻ മണമുള്ളതൊഴിച്ചാൽ വേറൊന്നും നമുക്ക് മറ്റൊന്നുമായും ബന്ധിപ്പിക്കാൻ കഴിയില്ല.
കഥയിലേക്ക് വീണ്ടും വന്നാൽ, ജീവിതത്തിൻ്റെ ഒരു അസന്നിഗ്ധതയാണ് സിനിമയുടെ കാതൽ. നായകൻ്റെ വിജയം / വില്ലൻ്റെ പരാജയം, നന്മയുടെ വിജയം / തിന്മയുടെ പരാജയം എന്ന ഒരു ജേണറിൽ നമ്മുടെ ജീവിതത്തെ അളക്കാൻ കഴിയില്ല എന്നത് പോലെ ഈ സിനിമയെയും അളക്കാൻ കഴിയില്ല. അതാണ് അതിൻ്റെ വ്യതിരിക്തതയും. ആ ആലോചനയിലൂടെ നോക്കുമ്പോൾ ഈ സിനിമ , കലർപ്പുകൾ ഏതും ചേർക്കാത്ത,ജീവിതത്തിൻ്റെ കൃത്യമായ പരിപ്രേക്ഷ്യമാകുന്നു.
ഒരു കല എത്ര കണ്ട് സത്യസന്ധമായിരിക്കണം എന്നു കൂടി ഈ സിനിമ പറയുന്നുണ്ട്. വലിയ കോലാഹങ്ങളോ അട്ടഹാസങ്ങളോ ഒന്നും ഈ സിനിമയിലില്ല. ദ്വയാർത്ഥ പ്രയോഗങ്ങൾ, അസമയത്തുള്ള തമാശകൾ, പാട്ടുകൾ എന്ന് തുടങ്ങി ഒരു സിനിമയ്ക്ക് അനാവശ്യമാണ് അവയൊക്കെയെന്ന് ഈ സിനിമ നമുക്ക് പറഞ്ഞു തരും. പുതിയ കാലത്തെ സിനിമയിൽ നിശ്ചയമായും കിഷ്കിന്ധാകാണ്ഡം പുതിയൊരു വഴി തുറന്നു വെച്ചിട്ടുണ്ട്.
ഈ സിനിമ ഒരൊറ്റ വാക്കിൻ്റെ മുകളിൽ നിർമ്മിച്ച സിനിമയാണ്,കൺസേൺ എന്ന് ഇംഗ്ലീഷിൽ പറയുന്ന കരുതൽ എന്ന വാക്കിൽ. ജീവിതം കൺസേൺ അല്ലാതെ മറ്റെന്താണ് എന്ന് സത്യത്തിൽ ആലോചിച്ച് പോകുന്നുണ്ട് ഈ സിനിമ കണ്ട് കഴിയുമ്പോൾ.എല്ലാ ബന്ധങ്ങളും ഊഷ്മളമാക്കുന്നത് അതിൽ അടങ്ങിയിരിക്കുന്ന കൺസേണിൻ്റെ അളവിന് അനുസരിച്ചാണല്ലോ എന്ന് ആ സിനിമ കണ്ടിറങ്ങുമ്പോൾ കൃത്യമായും തോന്നിയിരുന്നു.
നിങ്ങളുടെ ജീവിതത്തിൽ, സമൂഹത്തിൽ സൗഹൃദത്തിൽ, തൊഴിലിടങ്ങളിൽ, പ്രണയങ്ങളിൽ നിങ്ങൾ എത്ര കണ്ട് കൺസേൺ ആണോ അത്രകണ്ട് ആഴത്തിലായിരിക്കും നിങ്ങൾക്കുള്ള സ്വീകാര്യത. കൺസേൺഡ് ആവുക.



