...
Home News Kerala വെറും 8 ലക്ഷം രൂപക്ക് പ്രൈം ടൈം പരസ്യം; റിപ്പോർട്ടർ ടിവി വാർത്തയ്‌ക്കെതിരെ വിമർശനവുമായി കെ...

വെറും 8 ലക്ഷം രൂപക്ക് പ്രൈം ടൈം പരസ്യം; റിപ്പോർട്ടർ ടിവി വാർത്തയ്‌ക്കെതിരെ വിമർശനവുമായി കെ കെ ഷാഹിന

രാൾക്ക് വീടില്ല എന്ന് മാത്രം പറഞ്ഞു വെച്ചാൽ വാർത്ത ആവില്ല. എന്ത് കൊണ്ട് വീടില്ല, ആരാണ് അതിന് ഉത്തരവാദികൾ എന്ന് കൂടി പറയുകയും അതിന് ഉത്തരവാദികൾ ആയവരെഅക്കൗണ്ടബിൾ ആക്കുകയും ചെയ്യുക എന്നതാണ് മാധ്യമപ്രവർത്തകരുടെ പണി.

434

സംഘപരിവാർ ചായ്‌വോടുകൂടി റിപ്പോർട്ടർ ചാനൽ പുതുമകളോടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയപ്പോൾ അതിൽ വന്ന ഒരു വാർത്ത ചൂണ്ടിക്കാട്ടി വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത മാധ്യമ പ്രവർത്തക കെ കെ ഷാഹിന. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എവിടെയും ചാനലിന്റെ പേര് എടുത്തുപറയാതെയായിരുന്നു അവരുടെ വിമർശനം.

മലയാളികൾക്ക് മുൻപിൽ പുതുക്കി അവതരിപ്പിക്കപ്പെട്ട റിപ്പോർട്ടർ ടിവിയുടെ മാർക്കറ്റിംഗ് വിഭാഗം എങ്ങിനെയാണ് പ്രവർത്തിക്കുക എന്നതിന്റെ കൃത്യമായ ഒരു രൂപം തന്റെ ഫേസ്ബുക്ക് കുറിപ്പിലെ വിമര്ശനത്തിലൂടെ അവതരിപ്പിക്കാൻ ഷാഹിനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

ലൈഫ് മിഷനിൽ വീട് ലഭിക്കാതെപോയ ഒരു വ്യക്തിയുടെ വാർത്തയിൽ എന്ത് കൊണ്ടാണ് ഇരുപത് വർഷമായിട്ടും അയാളുടെ അപേക്ഷ പരിഗണിക്കപ്പെടാതെ പോയത് എന്നത് സംബന്ധിച്ച് അതിന് ഉത്തരവാദികൾ ആയ ആളുകൾക്ക് പറയാൻ ഉള്ളത് കൂടി കേൾക്കുകയും അത് ജനങ്ങളെ കേൾപ്പിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് അതൊരു വാർത്തയാവുന്നത് എന്ന് ഷാഹിന പറയുന്നു.

കെ കെ ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണ്ണരൂപം:
·
പുരസ്കാരങ്ങൾ ഉത്തരവാദിത്തം കൂട്ടും. കൂടുതൽ ജാഗ്രത ആവശ്യപ്പെടും.
അഭിനന്ദനങ്ങളും സ്നേഹവും അറിയിച്ച എല്ലാവർക്കും നന്ദി.
അപ്പൊൾ അത് കഴിഞ്ഞു.

കേരളത്തിൽ പുതിയൊരു ചാനൽ മിഴി തുറന്ന ദിവസമാണല്ലോ. കുറച്ച് നേരം ആ ചാനൽ കാണാം എന്ന് തീരുമാനിച്ചു. കണ്ടു. ഏറ്റവും ഒടുവിൽ കണ്ട ഒരു പ്രോഗ്രാമിനെ കുറിച്ച് മാത്രം ചിലത് പറയണം എന്ന് തോന്നി. കോഴിക്കോട് സ്വദേശിയായ ഭിന്നശേഷിക്കാരനായ ഒരു ലോട്ടറി വിൽപ്പനക്കാരന് ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിട്ടും വീട് കിട്ടുന്നില്ല. ഇരുപത് വർഷമായി ഒരു വീട് വെക്കാനുള്ള സർക്കാർ സഹായത്തിനായി അയാൾ ഓഫീസുകൾ കയറി ഇറങ്ങുന്നു. അയാൾക്ക് ഇത് വരെയും സർക്കർ സഹായം കിട്ടിയിട്ടില്ല എന്നാണ് വാർത്ത.

വാർത്തയാണ് . സംശയമേയില്ല. തങ്ങളുടെ’ ഫൈറ്റ് ഫോർ ജസ്റ്റിസ് ക്യാമ്പയിൻ്റെ ‘ ഭാഗമായി അവതരിപ്പിക്കുന്ന വാർത്തയാണ് എന്നാണ് എഡിറ്റോറിയൽ ടീമംഗങ്ങൾ അവകാശപ്പെട്ടത്. ഫീൽഡിൽ നിന്നുമുള്ള റിപ്പോർട്ടറുടെ സ്റ്റോറിക്ക് ശേഷം വീടില്ലാത്ത ആ മനുഷ്യനെ ലൈവിലേക്ക് വിളിക്കുന്നു.
എഡിറ്റോറിയൽ ടീം അംഗങ്ങൾ ഓരോരുത്തരും അയാളോട് ചില കാര്യങ്ങൾ ചോദിക്കുന്നു. എന്ത് കൊണ്ടാണ് വീട് കിട്ടാത്തത്? അറിയില്ല എന്ന് അയാളുടെ മറുപടി.

വീട് വെക്കാൻ എത്ര രൂപ വേണം എന്ന് ചോദ്യം. ഏഴോ എട്ടോ ലക്ഷം രൂപ എന്ന് മറുപടി.
ശേഷം ഒരു സ്വകാര്യ കമ്പനിയുടെ തലവനായ ഒരു വ്യക്തി ലൈവിൽ വരുന്നു. അവരുടെ കോർപറേറ്റ് സോഷ്യൽ റസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്നും വീടിനാവശ്യമായ തുക നൽകും എന്ന് പ്രഖ്യാപിക്കുന്നു. വാർത്തയിൽ നിന്നോ അഞ്ച് എഡിറ്റർമാരുടെ അവതരണത്തിൽ നിന്നോ പ്രേക്ഷകർക്ക് മനസ്സിലാകാത്ത കാര്യങ്ങൾ ഇത്രയുമാണ്.

എന്ത് കൊണ്ടാണ് അദ്ദേഹത്തിന് ഇരുപത് വർഷം വീട് കിട്ടാതിരുന്നത്?
സർക്കാരിൻ്റെ ഏത് സംവിധാനമാണ് ഇതിന് അക്കൗണ്ടബിൾ ആയിട്ടുള്ളത്?
സർക്കാരിൻ്റെ ഒരു പ്രതിനിധിയുടെ പോലും ബൈറ്റ് ഈ വാർത്തയിൽ ഇല്ല. ജില്ലാ കളക്ടറുടയൊ, പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയൊ പോലും ബൈറ്റ് ഇല്ല.ഇന്ന് മനുഷ്യാവകാശ കമ്മീഷൻ്റെ സിറ്റിംഗ് ഉണ്ടായിരുന്നു. വീടില്ലാത്ത ഈ മനുഷ്യൻ അവരെ കണ്ടിരുന്നു. പക്ഷേ വാർത്തയിൽ മനുഷ്യാവകാശ കമ്മീഷൻ്റെ പ്രതികരണവും ഉൾപ്പെടുത്തിയിട്ടില്ല.

ഒരാൾക്ക് വീടില്ല എന്ന് മാത്രം പറഞ്ഞു വെച്ചാൽ വാർത്ത ആവില്ല. എന്ത് കൊണ്ട് വീടില്ല, ആരാണ് അതിന് ഉത്തരവാദികൾ എന്ന് കൂടി പറയുകയും അതിന് ഉത്തരവാദികൾ ആയവരെഅക്കൗണ്ടബിൾ ആക്കുകയും ചെയ്യുക എന്നതാണ് മാധ്യമപ്രവർത്തകരുടെ പണി.

എന്ത് കൊണ്ടാണ് ഇരുപത് വർഷമായിട്ടും അയാളുടെ അപേക്ഷ പരിഗണിക്കപ്പെടാതെ പോയത് എന്നത് സംബന്ധിച്ച് അതിന് ഉത്തരവാദികൾ ആയ ആളുകൾക്ക് പറയാൻ ഉള്ളത് കൂടി കേൾക്കുകയും അത് ജനങ്ങളെ കേൾപ്പിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് അതൊരു വാർത്തയാവുന്നത്.

പകരം ഒരു സ്വകാര്യ കമ്പനിയുടെ വക്താവ് വന്നിരുന്ന് ഇൻസ്റ്റൻ്റ് ആയി നീതി വിതരണം ചെയ്യുന്നു. അതും സി എസ് ആർ ഫണ്ട് ! എഡിറ്റർമാർ എല്ലാവരും കയ്യടിക്കുന്നു. ശേഷം ആ കമ്പനിയുടെ പ്രവർത്തനം/പ്രോഡക്ട് എന്താണ് എന്ന് വിശദീകരിക്കാൻ അദ്ദേഹത്തിന് സമയം കൊടുക്കുന്നു. ഇത് വാർത്തയല്ല, പരസ്യമാണ് എന്ന് മനസ്സിലാവാൻ ജേർണലിസം പഠിക്കണം എന്നില്ല . വെറും 8 ലക്ഷം രൂപക്ക് പ്രൈം ടൈം പരസ്യം.

സി എസ് ആർ ഫണ്ട് ചാരിറ്റി അല്ല എന്നതാണു മറ്റൊരു കാര്യം. കമ്പനി ആക്ട് 2013 ലെ സെക്ഷൻ 135 പ്രകാരം അത് നിർബന്ധമാണ്. നിയമപരമായ ബാധ്യതയാണ്. വീടില്ലാത്ത ഒരു മനുഷ്യന് ഒരു സ്വകാര്യ കമ്പനി സി എസ് ആർ ഫണ്ടിൽ നിന്ന് പണം എടുത്ത് വീട് വെച്ച് കൊടുക്കുന്നത് ചാരിറ്റി അല്ല എന്നും മറിച്ച് അത് അവരുടെ നിയമപരമായ ബാധ്യത ആണെന്നും അതീൻ്റെ പേരിൽ ആ മനുഷ്യന് അവരോട് നന്ദി ഉള്ളവൻ ആയിരിക്കാനുള്ള യാതൊരു ബാധ്യതയും ഇല്ലെന്നും അയാളെയും പൊതു സമൂഹത്തെയും ബോധ്യപ്പെടുത്തലാണ് മാധ്യമ ധർമം. നീതി എന്നാൽ മനുഷ്യാന്തസ്സ് കൂടിയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.