...
Home News Kerala സ്റ്റാലിനും മാവോയും ഹോചിമിനും മുതൽ ഇങ്ങോട്ടുള്ള പേരുകളിൽ ഒന്നായി കോടിയേരിയും ഓർമ്മിക്കപ്പെടും

സ്റ്റാലിനും മാവോയും ഹോചിമിനും മുതൽ ഇങ്ങോട്ടുള്ള പേരുകളിൽ ഒന്നായി കോടിയേരിയും ഓർമ്മിക്കപ്പെടും

"ഇല്ല ഇല്ല മരിക്കുന്നില്ല - ജീവിക്കുന്നു, നമ്മളിലൂടെ" എന്ന് ഇന്നലെ മുഴങ്ങിയ മുദ്രാവാക്യം പ്രാവർത്തികമാക്കുക എന്നത് കോടിയേരി അടക്കം ഉള്ളവർ വളർത്തിയെടുത്ത ഈ പാർട്ടിയെ കൂടുതൽ ശക്തിപെടുത്തിയും ഇടതുബോധത്തിനെ വളർത്തിയും ആണ്.

132

| അനീഷ് മാത്യു

പുസ്തകത്തിലെ പശു പുല്ല് തിന്നില്ല എന്നോ മറ്റോ ഒരു പഴമൊഴി ഉണ്ട്. അധികാരത്തിൽ ഉള്ള കമ്യുണിസ്റ്റ് പാർട്ടികൾ വലിയ – മനുഷ്യചരിത്രത്തിൽ മുമ്പെങ്ങും ഇല്ലാത്ത മാറ്റങ്ങൾ വളരെ ചെറിയ കാലം കൊണ്ട് ഉണ്ടാക്കിയിട്ടുണ്ട്.

സാധാരണക്കാരുടെ, അധ്വാനിക്കുന്നവരുടെ, സ്ത്രീകളുടെ, എന്തെങ്കിലും തരത്തിൽ ഉള്ള പീഡനങ്ങൾ അടിച്ചമർത്തലുകൾ അനുഭവിക്കുന്നവരുടെ ജീവിതത്തിൽ കാണപ്പെടാവുന്ന മാറ്റം ഒരു മനുഷ്യജീവിതത്തിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്നത് കമ്യുണിസ്റ്റുകൾ അധികാരത്തിൽ വരുന്ന ഇടങ്ങളിൽ മാത്രമാണ് ( ഭീകരമായ ചൂഷണം ഉപയോഗിച്ച് ചെറിയ ജനതകളുടെ ജീവിതത്തിൽ ഉണ്ടാക്കുന്നത് അല്ല )
സ്റ്റാലിനും മാവോയും ഹോചിമിനും മുതൽ ഇങ്ങോട്ടുള്ള പേരുകളിൽ ഒന്നായി കോടിയേരിയും ഓർമ്മിക്കപ്പെടും. തുടര്ഭരണത്തിനു കാരണം – ഒരു പ്രധാന കാരണം ആണ് കോടിയേരി ബാലകൃഷ്ണൻ എന്ന പാർട്ടി സെക്രട്ടറി.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കുറ്റിയാടിയിൽ പാർട്ടി അംഗങ്ങൾക്കുള്ളിൽ സ്ഥാനാർഥി നിർണയത്തിൽ ചെറിയ അസ്വസ്ഥത ഉണ്ടായപ്പോൾ കോടിയേരി അദ്ദേഹത്തിന്റെ അസുഖത്തിന്റെ മൂർദ്ധ്യാന്യത്തിലും ബ്രാഞ്ച് സെക്രട്ടറിമാരെ നേരിട്ട് വിളിച്ചു സംസാരിച്ചു പ്രശ്നപരിഹാരത്തിലേക്ക് എത്തിച്ചു എന്ന് കേട്ടിരുന്നു. സംസ്ഥാന സെക്രട്ടറി എന്നാൽ ബ്രാഞ്ച് സെക്രട്ടറി പോലെ തന്നെ ഒരു സെക്രട്ടറി മാത്രം ആണ് എന്നതു അറിയാവുന്ന എല്ലാ സഖാക്കളുടെയും സംശയങ്ങൾ ആകുലതകൾ ആവശ്യമെങ്കിൽ നേരിട്ട് ഇടപെട്ടു പരിഹരിച്ച നേതാവ്.

കോടിയേരിയും പിണറായിയും ഒരുമിച്ചു ഒരു ശരീരം പോലെ പ്രവർത്തിച്ചത് ആണ് ഈ തുടര്ഭരണം. കോടിയേരിയും കാനവും ഒറ്റ കെട്ടായി നിന്നത് കൊണ്ടാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തെ ഇടതുപക്ഷത്തേക്ക് യാതൊരുവിധ ബുദ്ധിമുട്ടും ഇല്ലാതെ കൊണ്ടുവരാൻ സാധിച്ചത്.

പാർട്ടിയെ, മുന്നണിയെ, എല്ലാറ്റിനും ഉപരി കേരളത്തിലെ ഇടതുബോധത്തിനെ അതിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല അവസ്ഥയിൽ ആക്കിയിട്ടു പോയി എന്നത് ആണ് കോടിയേരിയുടെ ലെഗസി. “ഇല്ല ഇല്ല മരിക്കുന്നില്ല – ജീവിക്കുന്നു, നമ്മളിലൂടെ” എന്ന് ഇന്നലെ മുഴങ്ങിയ മുദ്രാവാക്യം പ്രാവർത്തികമാക്കുക എന്നത് കോടിയേരി അടക്കം ഉള്ളവർ വളർത്തിയെടുത്ത ഈ പാർട്ടിയെ കൂടുതൽ ശക്തിപെടുത്തിയും ഇടതുബോധത്തിനെ വളർത്തിയും ആണ്. മുദ്രാവാക്യം പ്രാവർത്തികമാക്കുക എന്നത് ആണ് കടമ – അത്ര എളുപ്പമുള്ള ജോലി അല്ല.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.