...
Home News Kerala മൂന്നാറിനെ അറിയാൻ സൈറ്റ് സീയിങ് ട്രിപ്പുകളുമായി KSRTC

മൂന്നാറിനെ അറിയാൻ സൈറ്റ് സീയിങ് ട്രിപ്പുകളുമായി KSRTC

രാവിലെ 9 മണിയ്ക്ക് മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് 5 മണിയോടെ തിരികെ മൂന്നാറില്‍ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്

244

ലോകമെമ്പാടുമുള്ള നഗരങ്ങളിലെ വിനോദസഞ്ചാരത്തിന്റെ ഒരു പ്രധാന സവിശേഷതയായി മാറിയിരിക്കുന്ന സൈറ്റ് സീയിംഗ് ട്രിപ്പുകള്‍ കേരളത്തിലും സജീവമാകുന്നു. മിക്ക ജില്ലകളിലും വിനോദസഞ്ചാര മേഖലകളെ കോർത്തിണക്കി കെ എസ് ആർ ടി സി സൈറ്റ് സീയിംഗ് ട്രിപ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു. അതിമനോഹരമായ സൗന്ദര്യത്തിനും, പച്ചപ്പിനും, ആകർഷകമായ ഭൂപ്രകൃതിക്കും പേരുകേട്ട മൂന്നാറിലും സഞ്ചാരികൾക്കിനി സൈറ്റ് സീയിംഗ് ട്രിപ്പുകളുടെ സേവനം ലഭിക്കും. 300 രൂപ മുടക്കിയാല്‍ മഞ്ഞു വീഴുന്ന മലയിടുക്കുകളുടെയും തേയിലക്കാടുകളുടെയും ദൃശ്യഭംഗി ആസ്വദിച്ചു മടങ്ങാം.

പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നാറിലും സൈറ്റ് സീയിങ് ട്രിപ്പുകൾക്ക് കെ എസ് ആർ ടി സി തുടക്കം കുറിച്ചത്. മൂന്നാര്‍ മുതല്‍ മാട്ടുപ്പെട്ടിയും കുണ്ടളയും പിന്നിട്ട് ടോപ്പ് സ്റ്റേഷന്‍ വരെയാണ് ഒരു യാത്ര. ആനയിറങ്കലും പൂപ്പാറയും ചതുരംഗപ്പാറയുമൊക്കെ കണ്ടുമടങ്ങുന്നതാണ് രണ്ടാമത്തെ യാത്ര. വിനോദസഞ്ചാരത്തിനായി എത്തുന്നവരുടെ താല്‍പര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് കെഎസ്ആര്‍ടിസി ഓരോ റൂട്ടുകളും ഒരുക്കുന്നത്. ദിനംപ്രതി നൂറുകണക്കിന് ആളുകള്‍ സൈറ്റ് സീയിംഗ് ട്രിപ്പിനായി ഇവിടെ എത്തുന്നുണ്ട്.

രാവിലെ 9 മണിയ്ക്ക് മൂന്നാര്‍ ഡിപ്പോയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് 5 മണിയോടെ തിരികെ മൂന്നാറില്‍ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഒരു വണ്ടിയില്‍ 50 പേര്‍ക്കാണ് യാത്ര സൗകര്യം. ഒമ്പത് സ്ഥലങ്ങള്‍ ഒറ്റ ദിവസംകൊണ്ട് കണ്ട് ആസ്വദിക്കാം. ഓരോ ഇടങ്ങളിലും അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍വരെ സമയം ചിലവഴിക്കാനും സാധിക്കും. തേയില നുള്ളുന്നതും തേയിലയുടെ ഉല്‍പാദനവും നേരില്‍ കാണാനും സുഗന്ധവ്യഞ്ജനങ്ങളുടെ വിളവു മുതല്‍ ഉല്‍പാദനവും വിപണനവും വരെ സീസൺ അനുസരിച്ച് കാണാനും സഞ്ചാരികള്‍ക്ക് അവസരം ലഭിക്കുന്നു.

വിശദവിവരങ്ങള്‍ക്കും യാത്ര ബുക്ക് ചെയ്യാനും ഫോണ്‍: 9447331036, 9446929036, 9895086324.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.