...
Home News ലോകകപ്പ് കാണാൻ 600 സ്ക്വയർഫീറ്റ് വലിപ്പത്തിൽ കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സ്ക്രീൻ; ചരിത്രത്തിലേക്ക് കാസർകോട്

ലോകകപ്പ് കാണാൻ 600 സ്ക്വയർഫീറ്റ് വലിപ്പത്തിൽ കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സ്ക്രീൻ; ചരിത്രത്തിലേക്ക് കാസർകോട്

സന്ധ്യാരാഗം എന്ന ഓപ്പൺ തിയേറ്ററിനെ കാസർകോടുകാർ ഉപയോഗിക്കാൻ പഠിച്ചതും ഈ ഒരു വേൾഡ് കപ്പോടുകൂടിയാണ്. കളിയില്ലാത്ത ദിവസങ്ങളിൽ ഒരുക്കിയ സംഗീത വിരുന്നുകളും ഒന്നിനോടൊന്ന് കിടപിടിക്കുന്നതായിരുന്നു.

310

| കെപിഎസ് വിദ്യാനഗർ

കാസർകോട്ടുകാർക്കിപ്പോൾ നന്ദി ആരോട് ചൊല്ലേണ്ടു എന്ന ക്ലീഷേ ചൊല്ലിന് കൃത്യമായ ഉത്തരമുണ്ട്. നാട് ഒന്നടങ്കം കസർകോട് മർച്ചൻ്റസ് അസോസിയേഷനോടും അപ്ഷോട്ട് ഡിജിറ്റൽ മീഡിയക്കും പറഞ്ഞുതീർക്കാനാവാത്തത്രയും നന്ദി പറയുകയാണ്. ലോകം മുഴുവൻ കാൽപന്തുകളിയിലേക്ക് ചുരുങ്ങിയപ്പോൾ ഫ്ലക്സിന്റെ വലിപ്പം കൊണ്ട് കേരളക്കരയും ഫുട്ബാൾ ലഹരിയുടെ ആവേശക്കടലിലേക്ക് ചെക്കേറുകയായിരുന്നു.

കാൽപന്തുകളിയുടെ ആവേശത്തിൽ ഒരു തരിപോലും പിന്നോക്കമില്ലാത്ത കാസർകോട് ഒരുക്കിയ സ്ക്രീനിന്റെ വലിപ്പവും ശബ്ദ വിന്യാസവും, ഒരു മാസത്തോളം നീണ്ട കളി കാണാൻ എത്തിയ കാണികളുടെ എണ്ണവും, കേരളക്കര കവിഞ്ഞു ഭാരതമൊന്നാകെയും രാജ്യത്തിന് പുറത്തും ചർച്ചയായി കഴിഞ്ഞു. രാജ്യത്ത് വേൾഡ് കപ്പ് സപ്രേക്ഷണം ചെയ്യുന്ന സ്പോർട്സ് 18 ചാനലുകാർ ഇങ്ങു വടക്കേ കേരളത്തിലേക്ക് എത്തിയത് ഈ മഹിമയെ പുറം ലോകത്തിന് കാണിച്ചു കൊടുക്കാൻ വേണ്ടി തന്നെയാണ്.

600 സ്ക്വയർഫീറ്റ് വലിപ്പമുള്ള കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സ്ക്രീനിനു മുന്നിൽ ആവേശം അല തല്ലിക്കൊണ്ട് പാതിരാത്രിയിലെ ഇരുട്ടിനെ മുറിച്ചു കളഞ്ഞു കളി ലഹരിയിലാണ്ടത് പതിനായിരങ്ങളാണ്. ഖത്തറിലെത്താനാവാത്ത കാസർകോട്ടുകാർക്ക് മർച്ഛൻ്റ്‌സ് അസോസിയേഷനും അപ്-ഷോട്ട് ഡിജിറ്റൽ മീഡിയയും ഒരുക്കിയത് ഒരുപക്ഷേ സ്റ്റേഡിയത്തിലെ ദൂരകാഴ്ചയിൽ ഒതുങ്ങേണ്ടിയിരുന്ന ദൃശ്യത്തെ തൊട്ടുമുന്നിലെ ബിഗ് സ്ക്രീനിൽ ഡിജിറ്റൽ മികവോടെകാണാനുള്ള അവസരമാണ്.

ഇതാണ് കാസർകോഡ്. ലോകകപ്പ് കളിക്കുന്ന മിക്കടീമുകൾക്കും ആരാധകർ ഏറെയുള്ള കാസർകോഡ് പക്ഷേ കളികണ്ടു ആവേശം തീർത്തത് തികച്ചും സ്പോർട്സ്മാൻ സ്പിരിറ്റിൽ തന്നെയാണ്. ഈ മണ്ണിൽ കലകൾക്ക് സ്ഥാനമില്ല എന്ന് വെറുതെ സന്ദേഹിച്ച ഒരുപാടാളുകൾക്ക് നൽകിയ മറുപടിയാണ് ഈ ‘ബിഗ് മാച്ച് ബിഗ് സ്ക്രീൻ’.

സന്ധ്യാരാഗം എന്ന ഓപ്പൺ തിയേറ്ററിനെ കാസർകോടുകാർ ഉപയോഗിക്കാൻ പഠിച്ചതും ഈ ഒരു വേൾഡ് കപ്പോടുകൂടിയാണ്. കളിയില്ലാത്ത ദിവസങ്ങളിൽ ഒരുക്കിയ സംഗീത വിരുന്നുകളും ഒന്നിനോടൊന്ന് കിടപിടിക്കുന്നതായിരുന്നു. ഫൈനലിന് മുമ്പുള്ള രണ്ട് ദിവസങ്ങളും ഫൈനൽ കഴിഞ്ഞ പിറ്റേദിവസത്തെ മെഗാ ഇവൻ്റും കാസർകോടിന് സമ്മാനിക്കുക ചരിത്രത്തിലെ തങ്കലിപികളാൽ ചേർക്കപ്പെടാനുള്ള ഒരധ്യായമായിരിക്കും.

ഇത് കാസർകോടാണ്, കലയും കായികവും നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്നവരുടെ നാട്. ആ മനസ്സ് കണ്ടാണ് സംഘാടകർ ഇത്രയും വിഭവ സമൃദ്ധമായ വിരുന്നൊരുക്കിയത്. എത്ര പറഞ്ഞാലും തീരാത്തത്രയും നന്ദി കൊണ്ട് മാത്രമേ സംഘാടകരോട് സ്നേഹം നൽകാൻ നമുക്കാവൂ. ഇതൊരു തുടക്കമാവട്ടെ, നഗരങ്ങളിലെ രാത്രികൾ ഇനിയും കലാപൂർണ്ണമാകട്ടെ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.