...
Home News കേന്ദ്രത്തിൽ നിന്നും ഹിന്ദിയിൽ ലഭിച്ച കത്തും നായനാരുടെ മലയാളത്തിലെ മറുപടിയും

കേന്ദ്രത്തിൽ നിന്നും ഹിന്ദിയിൽ ലഭിച്ച കത്തും നായനാരുടെ മലയാളത്തിലെ മറുപടിയും

രാജ്യത്ത് ആകെ 43 ശതമാനം പേരാണ് ഹിന്ദി ഉപയോഗിക്കുന്നത്. ജനസംഖ്യയുടെ പകുതി പോലുമില്ലെന്ന് അര്‍ത്ഥം. ഹിന്ദി ദേശീയഭാഷയാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്. അങ്ങനെ ഒരു ദേശീയ ഭാഷ രാജ്യത്തിനില്ല.

148

| ബിനുരാജ്

ഇ കെ നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്താണ്. അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഹിന്ദിയില്‍ ഒരു കത്ത് വരുന്നു. നായനാര്‍ അതിന് മറുപടി നല്‍കാന്‍ ഉദ്യോഗസ്ഥനെ ഏല്‍പ്പിച്ചു. കാര്യം വായിച്ച് മനസിലാക്കിയ ശേഷം നല്ല വെടിപ്പായ മലയാളത്തില്‍ മറുപടി നല്‍കാന്‍ നിര്‍ദേശിച്ചു. മലയാളത്തിലെത്തിയ കത്ത് വായിച്ച് ഡല്‍ഹിയിലെ ഹിന്ദിവാലയ്ക്ക് എന്ത് വികാരമായിരിക്കും ഉണ്ടായിരിക്കുക? ഹിന്ദിയിലെ കത്ത് കണ്ടപ്പോള്‍ നായനാര്‍ക്ക് ഉണ്ടായ അതേ വികാരം അങ്ങനെ അവിടെയും എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് നായനാരുടെ മിടുക്ക്.

ഹിന്ദിയിതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇംഗ്ലീഷിന് പകരം ഹിന്ദി ഉപയോഗിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞപ്പോള്‍ ഇതാണ് ഓര്‍മ്മ വന്നത്. രാജ്യത്ത് ആകെ 43 ശതമാനം പേരാണ് ഹിന്ദി ഉപയോഗിക്കുന്നത്. ജനസംഖ്യയുടെ പകുതി പോലുമില്ലെന്ന് അര്‍ത്ഥം. ഹിന്ദി ദേശീയഭാഷയാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ട്. അങ്ങനെ ഒരു ദേശീയ ഭാഷ രാജ്യത്തിനില്ല. സത്യത്തില്‍ കേരളത്തിലെ സ്ക്കൂളുകളില്‍ പത്താം തരം വരെ ഹിന്ദി പഠിപ്പിക്കേണ്ട ആവശ്യം തന്നെയില്ല. കേന്ദ്ര സര്‍ക്കാരുമായുള്ള കത്തിടപാടുകളില്‍ വര്‍ഷങ്ങളായി കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ ഇംഗ്ലീഷ് തന്നെയാണ് ഉപയോഗിക്കുന്നത്.

ഭാഷയുടെ കാര്യത്തില്‍ മാത്രമല്ല ഭക്ഷണത്തിന്റെ കാര്യത്തിലും ഈ അടിച്ചേല്‍പ്പിക്കല്‍ ബിജെപി സര്‍ക്കാര്‍ പല രീതിയില്‍ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോള്‍ നവരാത്രി കാലത്ത് മാംസഭക്ഷണം വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ പാടില്ലെന്നാണ് ഹിന്ദുത്വ കക്ഷികളുടെ നിലപാട്. നവരാത്രി കാലത്ത് മാംസഭക്ഷണം വില്‍ക്കന്ന കടകള്‍ തുറക്കാന്‍ പാടില്ലെന്ന് ആവശ്യപ്പെട്ട് ബിജെപി ഭരിക്കുന്ന തെക്കന്‍ ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ മുകേഷ് സൂര്യന്‍ കമ്മീഷണര്‍ക്ക് കത്ത് നല്‍കി. കഴിഞ്ഞ വര്‍ഷത്തെ നവരാത്രി കാലത്ത് ബിജെപി ഭരണത്തിലുള്ള വഡോധര, രാജ്കോട്ട്, ഭവനഗര്‍, ജുനഗഡ് എന്നീ മുനിസിപ്പാലിറ്റികള്‍ മാംസഭക്ഷണ ശാലകള്‍ അടപ്പിച്ചു.

2019ലെ ദേശീയ ആരോഗ്യ സര്‍വെ അനുസരിച്ച് രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ 90 ശതമാനം ജനങ്ങളും മീന്‍, മാംസം, മുട്ട, ചിക്കന്‍ തുടങ്ങിയ സസ്യേതര ഭക്ഷണം ഉപയോഗിക്കുന്നവരാണ്. നാല് സംസ്ഥാനങ്ങളില്‍ 75 മുതല്‍ 90 ശതമാനം വരെയുള്ള ജനങ്ങള്‍ സസ്യേതര ഭക്ഷണം ഉപയോഗിക്കുന്നു. പിന്നെ നിങ്ങള്‍ ആരുടെ ഇന്ത്യയെ കുറിച്ചാണ് സംസാരിക്കുന്നത്?

ഇനി ദുര്‍ഗാ പൂജയിലേക്ക് വരാം. ബംഗാളികളെ സംബന്ധിച്ച് മച്ച്, മാംഗ്സോ,മിഷ്ടി എന്നീ മൂന്ന് ഇനങ്ങളില്ലാതെ ദുര്‍ഗാ പൂജ ഇല്ല. മച്ച് എന്നാല്‍ മീന്‍, മാംഗ്സോ മാംസം. മിഷടി മധുരം. ദുര്‍ഗാ പൂജ ദിവസം ആട്ടിറച്ചിയാണ് വിശേഷ വിഭവമെന്ന് പലയിടത്തും വായിച്ചത് ഓര്‍ക്കുന്നു. ബംഗാളില്‍ മാത്രമല്ല ഹിമാലയത്തിന്റെ താഴ്വരയിലെ ചില ഗിരിവര്‍ഗക്കാരും മാംസം കഴിക്കുന്ന ദുര്‍ഗയെ തന്നെയാണ് പൂജിക്കുന്നത്.

ഇനി ഉപനിഷത്ത് നോക്കിയാലും അത് തന്നെയാണ് കഥ. നീ എന്താണ് അന്നമായി കഴിക്കുന്നത് അത് തന്നെ എനിക്ക് അര്‍ച്ചിക്കുക എന്നാണ് ഒരു ഉപനിഷത്തിൽ പറയുന്നത്. ശിവനെ ഒരു ബ്രാഹ്മണന്‍ പൂജിച്ച വേളയില്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറിയപ്പോള്‍ ഒരു ഇറച്ചി വെട്ടുകാരന്‍ വന്നുവെന്നും അയാള്‍ തന്റെ കൈയിലുള്ള ഇറച്ചിക്കഷ്ണം ശിവന് നല്‍കിയെന്നുമുള്ള കഥ കേട്ടിട്ടുണ്ട്. ബ്രാഹ്മണന്‍ മടങ്ങി വന്ന് സംഘിയെ പോലെ കലി തുള്ളിയപ്പോള്‍ ശിവഭഗവാന്‍ പറഞ്ഞുവത്രേ. “ഡേയ് ഇവന്റെ കൈയിലുള്ളത് ഇവന്‍ തന്നു. അത് അവന്റെ അന്നമാണ്. അവന്‍ ഭക്തിയോടെ അതെനിക്ക് സമര്‍പ്പിച്ചു. നീ ഒരു പൊടിക്ക് അടങ്ങ്”.

നിങ്ങള്‍ക്ക് നവരാത്രിക്ക് മാംസഭക്ഷണം കഴിക്കേണ്ട എങ്കില്‍ കഴിക്കേണ്ട. നോമ്പ് കാലത്ത് ഭക്ഷണം കഴിക്കേണ്ടെങ്കില്‍ കഴിക്കേണ്ട. പക്ഷേ മറ്റുള്ളവരും കഴിക്കാതെ സഹകരിക്കണമെന്ന വാദം അങ്ങ് കക്ഷത്തില്‍ വച്ചാല്‍ മതി. ഭാഷയിലും ഭക്ഷണത്തിലും മതം കലര്‍ത്തരുത്. ആദ്യം ജനങ്ങളുടെ നടുവൊടിക്കുന്ന ഇന്ധന വില പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കൂ, എന്നിട്ടാവാം ബാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.