...
Home News International ചുംബനവിവാദം: മുൻ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ മേധാവിക്ക് മൂന്ന് വർഷത്തെ വിലക്ക്

ചുംബനവിവാദം: മുൻ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ മേധാവിക്ക് മൂന്ന് വർഷത്തെ വിലക്ക്

മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിലെ ചുംബനം പരസ്പരസമ്മതത്തോടെ ആണെന്ന് 46 കാരനായ റൂബിയാലെസ് അവകാശപ്പെട്ടു

165

മുൻ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഫിഫ മൂന്ന് വർഷത്തേക്ക് വിലക്കി.

ഇംഗ്ലണ്ടിനെതിരെ സ്‌പെയിനിന്റെ വനിതാ ലോകകപ്പ് ഫൈനൽ വിജയത്തിന് ശേഷം റുബിയാലെസ് ഫോർവേഡ് ജെന്നി ഹെർമോസോയുടെ ചുണ്ടിൽ ചുംബിച്ചു. സമ്മതപ്രകാരമല്ലെന്ന് ഹെർമോസോ പറയുന്ന ചുംബനം പ്രതിഷേധത്തിന് കാരണമാകുകയും ഒടുവിൽ സെപ്റ്റംബറിൽ റൂബിയാലെസ് തന്റെ റോളിൽ നിന്ന് രാജിവയ്ക്കുകയുമായിരുന്നു.

പിന്നീട് ഹെർമോസോ റുബിയാലെസിനെതിരെ നിയമപരമായ പരാതി നൽകി. തുടർന്ന് ഫിഫ ഗവേണിംഗ് ബോഡി അച്ചടക്ക നിയമത്തിലെ ആർട്ടിക്കിൾ 13 ലംഘിച്ചതിന് മൂന്ന് വർഷത്തെ വിലക്ക് പ്രഖ്യാപിച്ചു.

നിരോധനത്തിനെതിരെ അപ്പീൽ പോകാനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് റൂബിയാലെസ് പറയുന്നു. നീതി നടപ്പിലാകുമെന്നും സത്യം വെളിച്ചത്തുകൊണ്ടുവരാനും താൻ അവസാന ശ്രമത്തിലേക്ക് പോകുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ പറഞ്ഞു.

2023 ഓഗസ്റ്റ് 20 ന് നടന്ന ഫിഫ വനിതാ ലോകകപ്പിന്റെ ഫൈനലിനിടെ നടന്ന സംഭവങ്ങളിൽ റൂബിയാലെസിനെ 90 ദിവസത്തേക്ക് താത്കാലികമായി സസ്‌പെൻഡ് ചെയ്യുകയും, ഫിഫ അദ്ദേഹത്തിനെതിരായ കേസ് സ്ഥിരീകരിക്കുകയും ചെയ്തു.

ഫിഫ അച്ചടക്ക കോഡിന്റെ ആർട്ടിക്കിൾ 13 കുറ്റകരമായ പെരുമാറ്റവും ഫെയർ പ്ലേയുടെ തത്വങ്ങളുടെ ലംഘനവുമായി ബന്ധപ്പെട്ടിരിക്കുന്നു.

മത്സരത്തിന് ശേഷമുള്ള അവതരണ ചടങ്ങിലെ ചുംബനം പരസ്പരസമ്മതത്തോടെ ആണെന്ന് 46 കാരനായ റൂബിയാലെസ് അവകാശപ്പെട്ടു, എന്നാൽ അത് അങ്ങനെയല്ലെന്ന് ഹെർമോസോയും പറഞ്ഞതോടെ സംഭവം വിവാദമായി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ സ്‌പെയിനിന്റെ ചരിത്ര വിജയത്തിന് കരിനിഴലായി ഈ സംഭവം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.