...
Home News Kerala ഇത് സ്നേഹഭവനം…. മഹേഷിൻെറ സ്വപ്ന ഭവനം പൂർത്തിയായി

ഇത് സ്നേഹഭവനം…. മഹേഷിൻെറ സ്വപ്ന ഭവനം പൂർത്തിയായി

നിർമ്മാണം പൂർത്തിയാക്കിയ ഭവനത്തിന്റെ താക്കോൽദാനം പീരുമേട് എംഎൽഎ വാഴൂർ സോമൻ നിർവഹിച്ചു

145

| അനു ദേവസ്യ

ഇത് മഹേഷിൻെറ സ്വപ്ന ഭവനമാണ്. വീടെന്ന സ്വപ്നം പാതിവഴിയിലാക്കി മഹേഷ് യാത്രയായപ്പോൾ ഒരു കുടുംബത്തിൻെറ മുഴുവൻ പ്രതീക്ഷകൾക്കുമേലാണ് കരിനിഴൽ വീണത്. ശ്വാസതടസ്സത്തെ തുടർന്ന് ആരോഗ്യനില മോശമായ മകനെയും കൊണ്ട് അടിയന്തരമായി ആശുപത്രിയിലേക്ക് പോകുന്ന വേളയിലാണ് ഉപ്പുതറ പത്തേക്കർ സ്വദേശി മഹേഷ് ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. ഏറെ സാമ്പത്തിക പരാതീനതകളിലൂടെ കടന്നുപോയ മഹേഷിൻെറ കുടുംബത്തിൻെറ ഏറ്റവും വലിയ സ്വപ്നമായിരുന്നു അടച്ചുറപ്പുള്ള ഒരു വീട്. ഈ കുടുംബത്തിന്റെ വീടെന്ന സ്വപ്നത്തിന് തുടക്കം കുറിച്ചാണ് മഹേഷ് വിടവാങ്ങിയത്.

മഹേഷിൻെറ ഭാര്യയുടെയും രണ്ട് മക്കളുടെയും പ്രതിസന്ധി ഘട്ടത്തിൽ താങ്ങും തണലുമായി നമ്പികൈ ഹൗസ് ഓഫ് ഹോപ്പ് സൊസൈറ്റിയും, കെ.എം.ജി ചാരിറ്റബിൾ ട്രസ്റ്റും എത്തിയതോടെ ഒരു കുടുംബത്തിന് കരുതലിൻെറ ഭവനമാണ് ഒരുങ്ങിയത്. സൊസൈറ്റി ചെയർമാൻ രൂപൻ ഡാനിയേൽ, ട്രസ്റ്റ് ചെയർമാൻ എം ഗണേശൻ എന്നിവരുടെ നേതൃത്വത്തിലാണ് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. വീടെന്ന സ്വപ്നം പൂവണിഞ്ഞപ്പോൾ ഒപ്പം മഹേഷില്ലെന്ന വേദന കുടുംബത്തെ ഈറനണിയിപ്പിച്ചു. നിർമ്മാണം പൂർത്തിയാക്കിയ ഭവനത്തിന്റെ താക്കോൽദാനം പീരുമേട് എംഎൽഎ വാഴൂർ സോമൻ നിർവഹിച്ചു.

ഗൃഹപ്രവേശന ചടങ്ങിൽ ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജെ ജെയിംസ്, പഞ്ചായത്ത് അംഗങ്ങളായ ജെയിംസ് തോക്കൊമ്പേൽ, ഏ മാനുവേൽ, സൊസൈറ്റി ചെയർമാൻ രൂപൻ ഡാനിയേൽ, ട്രസ്റ്റ് ചെയർമാൻ എം ഗണേശ്, കൂടാതെ മറ്റ് വിവിധ സാമൂഹിക പ്രവർത്തകരും സന്നിഹിതരായിരുന്നു. ചടങ്ങിൽ ഭവന നിർമ്മാണത്തിന് ഭാഗമായ നിർമ്മാണ പ്രവർത്തകരെ ആദരിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.