...
Home News Kerala കോൺഗ്രസ്സുകാരുടെ പ്രധാന പ്രശ്നം വീണ്ടെടുക്കേണ്ടത് എന്താണെന്ന കാര്യത്തിലെ അബദ്ധധാരണയാണ്

കോൺഗ്രസ്സുകാരുടെ പ്രധാന പ്രശ്നം വീണ്ടെടുക്കേണ്ടത് എന്താണെന്ന കാര്യത്തിലെ അബദ്ധധാരണയാണ്

ഗാന്ധിജി എന്ന ആശയനിറവിൽ നിന്ന് കോൺഗ്രസ്സിനെന്നല്ല, മുഴുവൻ ഭാരതീയനും ഏറ്റെടുക്കാൻ തക്കവണ്ണം വിവിധ വൈയക്തിക- സാമൂഹ്യമൂല്യങ്ങൾ ഇന്നും പ്രസക്തമായി നിലകൊള്ളുന്നുണ്ട്

452

| പി ജി പ്രേംലാൽ

ബൽറാമിൻ്റെ മാത്രമല്ല,പൊതുവേ കോൺഗ്രസ്സുകാരുടെ പ്രധാന പ്രശ്നവുമതെ വീണ്ടെടുക്കേണ്ടത് എന്താണെന്ന കാര്യത്തിലെ ഈ അബദ്ധധാരണയാണ്. നെഹ്റുവിനെയും അദ്ദേഹത്തിൻ്റെ സോഷ്യലിസ്റ്റ് – മതേതരത്വ നിലപാടുകളെയും ഏറെക്കുറെ പരിപൂർണ്ണമായി കയ്യൊഴിഞ്ഞ കോൺഗ്രസ്സ് ഗാന്ധിജിയിൽ നിന്ന് സ്വാംശീകരിക്കാൻ താല്പര്യപ്പെടുന്നതും അദ്ദേഹത്തിൻ്റെ സത്യപക്ഷമോ അഹിംസാസങ്കല്പങ്ങളോ ജനാധിപത്യവിപുലീകരണ പരിശ്രമങ്ങളോ അല്ല, മറിച്ച് അദ്ദേഹത്തിൻ്റെ ‘ഹിന്ദുമത’ത്തെയും ഹിന്ദുവിശ്വാസത്തെയുമാണ് .

ഗാന്ധിജിയുടെ ഹിന്ദുമത സങ്കല്പം എന്നത് വർണ്ണാശ്രമധർമ്മത്തെ അടിസ്ഥാനമാക്കിയായിരുന്നു എന്നത് ചരിത്രത്തിലുണ്ട്. ബ്രാഹ്മണികവും വൈദികവുമായ മേധാവിത്വത്തെ അടിസ്ഥാനമാക്കുന്ന വർണ്ണധർമ്മത്തെ സ്വധർമ്മമായി വാഴ്ത്തിക്കൊണ്ട് ‘വർണ്ണാശ്രമധർമ്മം’ എന്ന പുസ്തകം വരെയെഴുതിയിട്ടുണ്ട്, ഗാന്ധിജി. ആഫ്രിക്കയിലായിരുന്ന കാലത്ത് കറുത്ത വർഗ്ഗക്കാരെ ‘കാഫിർ’ എന്ന് വിളിക്കുകയും ഇന്ത്യക്കാരടക്കമുള്ള മറ്റു വിഭാഗങ്ങളിൽ പെട്ടവർ ഉപയോഗിക്കുന്ന കക്കൂസുകളിൽ പോലും കറുത്ത വർഗ്ഗക്കാരെ പ്രവേശിപ്പിക്കില്ലെന്നുമൊക്കെയുള്ള ഞെട്ടിക്കുന്ന നിലപാടുകൾ കൈക്കൊണ്ട ആളായിരുന്നു.

ഇന്ത്യയിലെത്തിയതിനും സ്വാതന്ത്ര്യപ്പോരാട്ടത്തിൽ പങ്കാളിയാവുകയും ചെയ്തതിനു ശേഷമുള്ള ഗാന്ധിജിയിൽ വലിയ മാനസിക പരിവർത്തനങ്ങൾ ഉണ്ടായിയെന്നത് സത്യമാണ്. എങ്കിൽപ്പോലും, ജാതിയുടെ കാര്യത്തിൽ അത് പ്രകൃതിയുടെ നിശ്ചയമാണെന്നും ദൈവസൃഷ്ടമാണെന്നുമൊക്കെയുള്ള അറു പിന്തിരിപ്പൻ യാഥാസ്ഥിതിക നിലപാടുകൾ ഗാന്ധിജി വച്ചുപുലർത്തി.

ഓരോ ജാതിസമൂഹങ്ങളും അവരുടെ കുലത്തൊഴിലുകൾ (മാത്രം) നിർവ്വഹിച്ചുകൊണ്ട് ‘സ്വയംപര്യാപ്തത’ നേടുന്ന ഭാരതീയ ഗ്രാമം എന്ന സങ്കല്പത്തെയാണ് ഗാന്ധിജി ‘ഗ്രാമ സ്വരാജ്’ എന്ന സംജ്ഞയിലൂടെ വിവക്ഷിച്ചത്.എന്നാൽ അടിസ്ഥാനവർഗ്ഗങ്ങളെ അവരുടെ കുലത്തൊഴിലിനുള്ളിൽത്തന്നെ തളച്ചിടുന്നതും അതുവഴി ജാതി-വർണ്ണ ധർമ്മങ്ങളെ എന്തുമാത്രം അരക്കിട്ടുറപ്പിക്കുന്നതുമായിരുന്നു ആ കാഴ്ചപ്പാടെന്ന് പകൽ പോലെ വ്യക്തമാണല്ലോ.

മതങ്ങളെയും വംശത്തെയും സംബന്ധിച്ച നിലപാടുകളിൽ മാനവികതയെ മുൻനിർത്തി വലിയ ഔന്നത്യങ്ങൾ കീഴടക്കിയ ആളായിരുന്നു, ഗാന്ധിജി. എന്നാൽ മതത്തിനകത്ത് ജാതി സൃഷ്ടിക്കുന്ന അസമത്വമെന്നത് ഇന്ത്യയിലെ ഏറ്റവും വലിയ സാമൂഹ്യ യാഥാർത്ഥ്യമായിട്ടുപോലും അദ്ദേഹം പലപ്പോഴും ജാതി എന്ന കടമ്പയിൽ തട്ടി പതറിനിന്നു. അംബേദ്കർക്ക് ഗാന്ധിജിയോടുണ്ടായ പരസ്യവിയോജിപ്പുകളുടെ കാതലും ആ പതർച്ചയായിരുന്നു. നാരായണഗുരുവുമായുള്ള സംഭാഷണവേളയിലും ജാതിസംബന്ധിയായ തൻ്റെ യാഥാസ്ഥിതികചിന്ത ഗാന്ധിജി വെളിവാക്കിയതിന് മലയാളക്കരയും സാക്ഷി.

രാഷ്ട്രീയ ഉള്ളടക്കത്തിൻ്റെ കാര്യത്തിലാകട്ടെ, അദ്ദേഹം തൻ്റെ ദേശീയതാ സങ്കല്പങ്ങളിലേയ്ക്ക് ‘രാമൻ’ അടക്കമുള്ള ഹൈന്ദവപ്രതിരൂപങ്ങളെയും ചിഹ്നങ്ങളെയും സൃഷ്ടിച്ചും പ്രതിഷ്ഠിച്ചുംകൊണ്ട്, തെറ്റായ ഒരു രാഷ്ട്രീയ ഭൂമികയെ സൃഷ്ടിക്കുന്നതിന് കാരണമായി.

സാധാരണക്കാരും അടിസ്ഥാനവർഗ്ഗക്കാരുമായ ഗ്രാമീണജനങ്ങളുടെ ക്ഷേമത്തെ മുൻനിർത്തിയുള്ള ഒരു വിശാല സങ്കല്പത്തിൻ്റെ ഭാഗമായാണ് ഗാന്ധിജി ‘രാമരാജ്യം’ എന്ന ആശയത്തെ മുന്നോട്ടുവച്ചതെങ്കിലും അതിൽ ആകൃഷ്ടരായത് സവർണ്ണജനതയായിരുന്നു എന്ന വൈരുദ്ധ്യം സംഭവിച്ചു.

പൂണൂലിട്ടവരുടെ യാഗങ്ങളെയും അധികാരത്തെയും മേധാവിത്വത്തെയും ചോദ്യം ചെയ്ത, തടസ്സപ്പെടുത്തിയ രാക്ഷസന്മാരിൽ നിന്നും ഹീനജാതികളിൽ നിന്നും ബ്രാഹ്മണ – ക്ഷത്രിയജനതകളെ സംരക്ഷിച്ച മഹാപുരുഷനായും ദേവനായും ‘രാമൻ’ മേൽജാതി മനുഷ്യരെ പ്രചോദിപ്പിച്ചു.

പില്ക്കാലത്ത് സംഘപരിവാറിനാൽ വർഗ്ഗീയമായി അപനിർമ്മിക്കപ്പെട്ട ഒരു രാഷ്ട്രീയഭൂമിക ഇന്ത്യയിൽ രൂപം കൊണ്ടപ്പോൾ അതിൻ്റെ മൂലകേന്ദ്രമായി നിലകൊണ്ടത് ,നില കൊള്ളുന്നത് ഗാന്ധിജിയുടെ ‘രാമരാജ്യ’മെന്ന ആശയമാണ് എന്ന് ഖേദത്തോടെ നാം തിരിച്ചറിയേണ്ടതുണ്ട്. ഗാന്ധിജിക്ക് മുൻകൂട്ടി കാണാൻ കഴിയാതെ പോയ ദുരന്തം.

ഗാന്ധിജി എന്ന ആശയനിറവിൽ നിന്ന് കോൺഗ്രസ്സിനെന്നല്ല, മുഴുവൻ ഭാരതീയനും ഏറ്റെടുക്കാൻ തക്കവണ്ണം വിവിധ വൈയക്തിക- സാമൂഹ്യമൂല്യങ്ങൾ ഇന്നും പ്രസക്തമായി നിലകൊള്ളുന്നുണ്ട്. എന്നാൽ ആ കതിർക്കുലകളെ മാറ്റിനിർത്തി, പതിരും തേടി പോകുന്നിടത്താണ് ബൽറാമിൻ്റെയും കോൺഗ്രസ്സിൻ്റെയും പാപ്പരത്തം. തങ്ങൾ വിതച്ച മൃദുഹിന്ദുത്വലഹരിയാണ് ഇന്ന് തീവ്രഹിന്ദുത്വലഹരിയായി സംഘപരിവാർ കൊയ്തെടുക്കുന്നതെന്ന് കണ്ടറിയാനുള്ള വകതിരിവെങ്കിലും കോൺഗ്രസ്സിനുണ്ടാകട്ടെ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.