| നീരജ് രാമകൃഷ്ണ
സമകാലീക വിഷയങ്ങളെ അടിസ്ഥാനമാക്കി സിനിമ സംവിധാനം ചെയ്ത് വിജയിച്ച സംവിധായകനാണ് ഡിജോ ജോസ് ആന്റണി . അദ്ദേഹത്തിന്റെ മൂന്നാമത്തെ സിനിമയാണ് നിവിൻ പോളി നായകനായ മലയാളി ഫ്രം ഇന്ത്യ. കഴിഞ്ഞ സിനിമകൾ പോലെ തന്നെ ഇതിലും വളരെ ചർച്ച പ്രാധാന്യമേറിയ വിഷയം തന്നെയാണ് എടുത്തിരിക്കുന്നത് എന്ന് പറയാം. തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് സമകാലിക ഇന്ത്യയിലെ വിവിധ വിഷയങ്ങളിൽ നിന്നുകൊണ്ട് കഥ പറയാനുള്ള ശക്തമായ ശ്രമം നടത്തിയിട്ടുണ്ട്.
മതം രാഷ്ട്രീയം ദേശസ്നേഹം തുടങ്ങിയ വിഷയങ്ങളെ വിവിധ തലങ്ങളിലൂടെ അവതരിപ്പിക്കാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. നിവിൻ പോളി അവതരിപ്പിക്കുന്ന ‘ആൽപറമ്പിൽ ഗോപി’ എന്ന തൊഴിൽ രഹിതനായ യുവാവിലൂടെയാണ് കഥ നീങ്ങുന്നത്. കൃത്യമായ രാഷ്ട്രീയം പറയാൻ ശ്രമിക്കുമ്പോഴും ചില ഇടങ്ങളിൽ അതിന് കൃത്യമായ ഒരു ബന്ധം കിട്ടാത്തത് പോലെ തോന്നി. അത് ആസ്വാധനത്തിൽ ചെറുതായെങ്കിലും കല്ലുകടി ഉണ്ടാക്കുന്നുണ്ട് എന്ന് പറയേണ്ടി വരും.
ഗോപി കടന്ന് പോകുന്ന ജീവിത സാഹചര്യങ്ങളും സന്ദർഭങ്ങളും, അതിലേക്ക് രാഷ്ട്രീയം, മതം, ദേശസ്നേഹം ഇതൊക്കെ കൂടിച്ചേരുമ്പോൾ, പലയിടങ്ങളിലും ഈ കഥ പറച്ചിൽ പ്രേക്ഷകനെ വേണ്ട പോലെ തൃപ്തിപെടുത്താൻ കഴിയാത്തത് പോലെ തോന്നി. ഒന്നിൽ നിന്ന് തുടങ്ങി മറ്റൊന്നിൽ കഥ അവസാനിക്കുമ്പോൾ പലയിടത്തും പ്രേക്ഷകന് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തലത്തിൽ കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട് .
സിനിമയുടെ ആദ്യ പകുതി നിവിൻ – ധ്യാൻ ജോടികളുടെ തമാശകൾ കൊണ്ടും മറ്റും പ്രേക്ഷകരെ രസിപ്പിക്കുമ്പോൾ രണ്ടാം പകുതി ഒരു ഇമോഷണൽ രീതിയിലൂടെയാണ് കടന്ന് പോകുന്നത്. കുറച്ച് നാളുകൾക്ക് ശേഷം നിവിൻ പൊളിയുടെ മികച്ച ഒരു പ്രകാടനം കാണാൻ സാധിക്കുന്നുണ്ട്. കൂടെ ധ്യാനും തന്റെ ഭാഗം മനോഹരമാക്കാൻ ശ്രമിച്ചതായി കാണാം.
ചില ഭാഗങ്ങൾ ഒഴിച്ചാൽ തമാശകൾ ഒക്കെയും അത്യാവശ്യം കാണിക്കൾക്കിടയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് മനസിലാക്കാം. രണ്ടാം പകുതിയിൽ വരുന്ന സായിബ് എന്ന കഥാപാത്രം മികച്ച പ്രകടനത്തിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടി.
ജേക്സ് ബിജോയിടെ സംഗീതം മികച്ച അനുഭവം സിനിമയ്ക്ക് നൽകിയിട്ടുണ്ട്. സിനിമയിലെ ഗാനങ്ങളും അത്യാവശ്യം മികച്ചതായി കാണാൻ സാധിക്കുന്നുണ്ട്. രണ്ടര മണിക്കൂർ ദൈർഘ്യം ഉള്ള സിനിമയിൽ പല സ്ഥലങ്ങളിലും ഒരു ഇഴച്ചിൽ അനുഭവപ്പെട്ടു അത് സിനിമയുടെ ഒഴുകിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. പറഞ്ഞ് വെക്കുന്ന വിഷയം പല സ്ഥലങ്ങളിലും പൂർണത എത്താത്തത് പോലെ തോന്നി.
പലതും പ്രേക്ഷകന് മുൻകൂട്ടി ആലോചിക്കാവുന്നവ തന്നെ ആയിരുന്നു. കണ്ട് മടുത്ത ക്ളീഷേ സീനുകൾ തിരക്കഥയ്ക്ക് ബലം കുറച്ചു എങ്കിലും ഒരു മലയാളി എന്ന നിലയിൽ സിനിമ കണ്ടിറങ്ങുമ്പോൾ ഉള്ളിൽ ഒരു സന്തോഷം കിട്ടും. അതി ഗംഭീരം എന്ന് പറയാൻ ആകില്ല എങ്കിൽ പോലും മികച്ച സിനിമ അനുഭവം ‘മലയാളി ഫ്രം ഇന്ത്യ നൽകുന്നുണ്ട്’.



