12 September 2026
Home News International സോഫ്റ്റ്‌വെയർ പ്രോഗ്രാം ചെയ്യുന്നതിടെ മർദ്ദനം; എഞ്ചിനീയറെ ആക്രമിച്ച് റോബോട്ട്

സോഫ്റ്റ്‌വെയർ പ്രോഗ്രാം ചെയ്യുന്നതിടെ മർദ്ദനം; എഞ്ചിനീയറെ ആക്രമിച്ച് റോബോട്ട്

വാഹനം നിര്‍മിക്കാനുള്ള അലുമിനിയം ഭാഗങ്ങള്‍ നീക്കാന്‍ ഉപയോഗിക്കുന്ന റോബോട്ടാണ് എൻജിനീയറെ ആക്രമിച്ചത്.

310

ഒരു ശാസ്ത്രജ്ഞൻ മനുഷ്യനെപോലെ പ്രവർത്തിക്കാൻ കഴിയുന്ന റോബോട്ടിനെ കണ്ടുപിടിക്കുന്നു. പിന്നീട് ആ റോബോട്ട് തന്നെ അയാൾക്കും നാട്ടുകാർക്കും ഒരുപോലെ ശല്യമാകുന്നു. 2010 ൽ ശങ്കർ സംവിധാനം ചെയ്ത എന്തിരൻ എന്ന സിനിമ ഈ പ്രേമേയവുമായി പുറത്തിറങ്ങിയപ്പോൾ ആളുകൾക്ക് അതിശയവും കൗതുകവും ആയിരുന്നു. ഇങ്ങനെ ഓക്കെ നടക്കുമോ എന്നതായിരുന്നു ആളുകളുടെ സംശയം. വർഷങ്ങൾ ഒരുപാട് എടുത്തേക്കാം എന്ന് ചിലർ പറഞ്ഞു. ആളുകളുടെ പ്രതീക്ഷ തെറ്റിക്കാതെ മനുഷ്യനെ പോലെ ജോലി ചെയ്യുന്ന റോബോട്ടുകൾ ഇന്ന് സജീവമാണ്.

ഇപ്പോൾ ടെസ്‌ല ഫാക്ടറിയില്‍ രജിനികാന്ത് ചിത്രം എന്തിരനെ അനുസ്മരിപ്പിക്കുന്ന സംഭവം ഉണ്ടായിട്ടുണ്ട്. സാങ്കേതിക തകരാറിനെ തുടർന്ന് ആക്രമണകാരിയായ റോബോട്ട്, എൻജിനീയറെ ആക്രമിച്ചു എന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. എന്നാൽ ഈ സംഭവം നടന്നത് 2021ലാണ്. ഇഞ്ചുറി റിപ്പോർട്ട്‌ പുറത്ത് വന്നത് ഇപ്പോഴാണ്, അതുകൊണ്ടാണ് സംഭവം പുറംലോകം അറിയാൻ വൈകിയതും. ടെക്‌സാസിലെ ഓസ്റ്റിനിലുള്ള ഫാക്ടറിയിലാണ് റോബോട്ടിന്റെ ആക്രമണം നടന്നത്. വാഹനം നിര്‍മിക്കാനുള്ള അലുമിനിയം ഭാഗങ്ങള്‍ നീക്കാന്‍ ഉപയോഗിക്കുന്ന റോബോട്ടാണ് എൻജിനീയറെ ആക്രമിച്ചത്.

റോബോട്ടിന്റെ സോഫ്റ്റ് വെയർ എൻജിനീയര്‍ക്കാണ് പരുക്കേറ്റത്. എൻജിനീയറെ കുത്തിപ്പിടിച്ച റോബോട്ട്, മുതുകിലും കയ്യിലും മുറിവുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. റോബോട്ടിന്റെ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം ചെയ്യുന്ന ജോലിയിലാണ് എൻജിനീയര്‍ ഏര്‍പ്പെട്ടിരുന്നത്. മറ്റൊരു സഹപ്രവര്‍ത്തകന്‍ എമര്‍ജന്‍സി സ്റ്റോപ് ബട്ടണ്‍ അമര്‍ത്തിയതുകൊണ്ടാണ്, എൻജിനീയറെ റോബോട്ടിന്റെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ സാധിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ പ്രതികരിക്കാന്‍ ഇതുവരെ ടെസ്‌ല പ്രതികരിച്ചിട്ടില്ല.

ഈ ഫാക്ടറിയില്‍ ജീവനക്കാര്‍ക്ക് അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നത് പതിവാണെന്നാണ് വിവരം. കഴിഞ്ഞവര്‍ഷം 21 ജീവനക്കാര്‍ക്കാണ് വിവിധ അപകടങ്ങളില്‍ പരുക്കേറ്റത്. ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ടെസ്‌ല വീഴ്ചവരുത്തുന്നുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ടെക്നോളജി വളർന്ന് മനുഷ്യൻ പുതിയ കണ്ടുപിടുത്തങ്ങൾ നടത്തുമ്പോഴും മനുഷ്യന്റെ ജീവന് തന്നെ ഭീഷണിയാണ് ഇത്തരം സംഭവങ്ങൾ.