11 September 2026
Home News National മണിപ്പൂർ: വടക്കുകിഴക്കിൽ രാഷ്ട്രീയം കൃഷി ചെയ്യാൻ ശ്രമിക്കുന്ന ബിജെപി വളരുമോ തളരുമോ?

മണിപ്പൂർ: വടക്കുകിഴക്കിൽ രാഷ്ട്രീയം കൃഷി ചെയ്യാൻ ശ്രമിക്കുന്ന ബിജെപി വളരുമോ തളരുമോ?

ജവഹര്‍ ലാല്‍ നെഹ്രു മുതല്‍ ഇന്ദിരാഗാന്ധി വരെയും രാജീവ് ഗാന്ധി മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുമുള്ള പ്രധാനമന്ത്രിമാര്‍ വടക്കു കിഴക്കിനെ അവരുടെ വഴിക്ക് വിടുകയും അതേ സമയം രാജ്യത്തിന് അവിടെ നിന്ന് വേണ്ടതൊക്കെ എടുക്കുകയും ചെയ്യുക എന്ന നയമാണ് സ്വീകരിച്ചു പോന്നത്.

159

| ബിനുരാജ്

മണിപ്പൂരിലെയും മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെയും സംസ്ക്കാരത്തെയും സാമൂഹിക അവസ്ഥയെ കുറിച്ചും അറിയാത്തവര്‍ ഡല്‍ഹി ഭരിച്ചാല്‍ സംഭവിക്കുന്നതൊക്കെയാണ് ഇപ്പോള്‍ മണിപ്പൂരില്‍ നടക്കുന്നത്. ഇന്ത്യ എന്നത് ഒരു സാംസ്ക്കാരിക ഭൂമികയാണെന്ന് തെറ്റിദ്ധരിക്കുകയോ അല്ലെങ്കില്‍ അങ്ങനെ ആക്കാന്‍ ശ്രമിക്കുകയോ ചെയ്തതിന്റെ ദുരന്തമാണ് ഇന്ന് മണിപ്പൂര്‍ നേരിടുന്നത്.

മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാല്‍ ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന സമതലത്തിലാണ് അവിടെയുള്ള ജനസംഖ്യയുടെ 60 ശതമാനവും കഴിയുന്നത്. അവിടെ മെയ്തെ വംശജരാണ് ഭൂരിപക്ഷം. സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളിലെ തസ്തികകളുടെ 65 ശതമാനവും കൈയടക്കി വച്ചിരിക്കുന്നത് ജനസംഖ്യയുടെ 55 ശതമാനം വരുന്ന മെയ്തെകളാണ്.

നാഗന്മാരും കുക്കികളും അടങ്ങുന്ന ഗോത്രവര്‍ഗക്കാരാണ് പര്‍വതപ്രദേശങ്ങളില്‍ താമസിക്കുന്നത്. ഇവരില്‍ 90 ശതമാനവും ക്രൈസ്തവരാണ്. താഴ്വരയിലെ മെയ്തേയിലെ 90 ശതമാനവും ഹിന്ദുക്കളും. എന്നാല്‍ പരമ്പരാഗത അര്‍ത്ഥത്തിലുള്ള ക്രൈസ്തവര്‍ എന്നോ ഹിന്ദുക്കളെന്നോ ഇവരെ വിവക്ഷിക്കാനുമാവില്ല. ഗോത്ര ആചാര രീതികള്‍ പിന്തുടരുന്നവരാണ് ഭൂരിഭാഗവും.

താഴ്വരയില്‍ താമസിക്കുന്ന മെയ്തെകള്‍ക്ക് പട്ടികവര്‍ഗ പദവി ഇല്ല. അതു കൊണ്ട് തന്നെ ഇവിടെ ആര്‍ക്കും ഭൂമി വാങ്ങാം. തങ്ങളുടെ ഭൂമി കുടിയേറ്റക്കാര്‍ കൈയടക്കുമെന്നതിനാല്‍ തങ്ങള്‍ക്കും പട്ടികവര്‍ഗ പദവി വേണമെന്ന് മെയ്തേകള്‍ ആവശ്യപ്പെടുന്നതാണ് ഇപ്പോഴത്തെ കലാപത്തിന്റെ തുടക്കം. ഇതിനെ നാഗന്‍മാരും കുക്കികളും നഖശിഖാന്തം എതിര്‍ക്കുന്നു.

ഇപ്പോള്‍ നാഗന്മാരില്‍ നിന്നും മെയ്തെയികളില്‍ നിന്നും എതിര്‍പ്പ് നേരിടുന്ന കുക്കികള്‍ മ്യാന്‍മറില്‍ നിന്നും മണിപ്പൂരിലേക്ക് അന്നത്തെ മണിപ്പൂര്‍ രാജാക്കന്‍മാര്‍ കൊണ്ടു വന്നതാണ്. തലവെട്ടുകാരായ നാഗന്മാരില്‍ നിന്നും മെയ്തെയികളെ രക്ഷിക്കാനാണ് ഈ വംശങ്ങള്‍ വസിക്കുന്ന പ്രദേശത്തിനിടയ്ക്ക് കുക്കികള്‍ള്‍ക്ക് ഇടം നല്‍കിയത്.

പൂര്‍ണമായും ഹിന്ദു മതത്തിലേക്ക് മാറിക്കഴിഞ്ഞിട്ടില്ലാത്ത മെയ്തെകളെ പരമ്പരാഗത ഹിന്ദു മതത്തിന്റെ ചട്ടക്കൂടിലേക്ക് കൊണ്ടു വരാന്‍ ഹിന്ദുത്വശക്തികള്‍ കഴിഞ്ഞ പത്ത് വര്‍ഷമായി കൊണ്ടു പിടിച്ചു ശ്രമിക്കുന്നുണ്ട്. ബിജെപി അനുകൂല വിഭാഗത്തെ മണിപ്പൂരില്‍ സൃഷ്ടിക്കുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യം. ഇതിനായി കുക്കികളും നാഗന്മാരും കുടിയേറ്റക്കാരാണെന്നും മറ്റുമുള്ള പ്രചരണം അഴിച്ചുവിട്ടു. ഇതേ പോലെ തന്നെ എല്ലാവരെയും ക്രിസ്ത്യാനികളാക്കുക എന്ന ലക്ഷ്യത്തോടെ മിഷണറി പ്രവര്‍ത്തനവും വടക്കു കിഴക്കന്‍ പ്രദേശത്തെ മറ്റ് സംസ്ഥാനങ്ങളിലെ പോലെ മണിപ്പൂരിലും ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. സഭ വോട്ട് ചെയ്യാന്‍ പറയുന്നവര്‍ക്ക് വോട്ട് ചെയ്യുന്ന ഒരു വര്‍ഗത്തെ സൃഷ്ടിക്കുക എന്നതും ഇവരുടെ ലക്ഷ്യമാണ്.

കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം മണിപ്പൂര്‍ നിര്‍ണായകമായ ഒരു സംസ്ഥാനമാണ്. മ്യാന്‍മറുമായുള്ള സുപ്രധാന റോഡ് കടന്നു പോകുന്നത് മണിപ്പൂരിലൂടെയാണ്. തെക്കു കിഴക്ക് ഏഷ്യയുടെ കവാടമാണ് മണിപ്പൂരെന്ന് വിശേഷിപ്പിക്കാം. മേഖലയില്‍ ചൈനയുടെ കടന്നുകയറ്റം പ്രതിരോധിക്കേണ്ടതും സര്‍ക്കാരിനെ സംബന്ധിച്ച് നിര്‍ണായകമാണ്. നിര്‍ഭാഗ്യവശാല്‍ വാഴയ്ക്ക് നനയ്ക്കുമ്പോള്‍ ചീരയും കൂടി നനയുമെന്ന മനോഭാവത്തോടെ ഇതിനിടയില്‍ ബിജെപിയെ കൂടി വളര്‍ത്താമെന്ന അമിത് ഷായുടെ അതിബുദ്ധിയാണ് ഇപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട നിലയില്‍ എത്തിച്ചിരിക്കുന്നത്.

ജവഹര്‍ ലാല്‍ നെഹ്രു മുതല്‍ ഇന്ദിരാഗാന്ധി വരെയും രാജീവ് ഗാന്ധി മുതല്‍ മന്‍മോഹന്‍ സിംഗ് വരെയുമുള്ള പ്രധാനമന്ത്രിമാര്‍ വടക്കു കിഴക്കിനെ അവരുടെ വഴിക്ക് വിടുകയും അതേ സമയം രാജ്യത്തിന് അവിടെ നിന്ന് വേണ്ടതൊക്കെ എടുക്കുകയും ചെയ്യുക എന്ന നയമാണ് സ്വീകരിച്ചു പോന്നത്. അവിടെ രാഷ്ട്രീയം കൃഷി ചെയ്യുാന്‍ മുതിരുന്നത് ബുദ്ധിമോശമാണെന്ന് അവര്‍ക്കറിയാമായിരുന്നു. ഇന്ത്യന്‍ സംസ്ക്കാരം എന്നത് ഏകശിലാ രൂപത്തിലുള്ള ഒന്നല്ലെന്നും ഗോത്രവിഭാഗങ്ങള്‍ക്കെല്ലാം അവരുടേതായ സംസ്ക്കാരമുണ്ടെന്നും അത് പൊതുബോധവുമായി ചേരുന്ന ഒന്നല്ലെങ്കില്‍ പോലും അതിനെ മാനിക്കണമെന്നും അവര്‍ക്ക് ബോധ്യമുണ്ടായിരുന്നു.

ഇന്നത്തെ കലാപങ്ങള്‍ക്ക് ഉത്തരവാദികള്‍ അക്രമങ്ങളെ പ്രോത്സാഹിപ്പിച്ച സംസ്ഥാന സര്‍ക്കാരും കൈയും കെട്ടി നോക്കി നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരുമാണ്. ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ അസംതൃപ്തിയും സംശയവും ഉടലെടുത്താല്‍ അത് കെടുത്താന്‍ വലിയ വില കൊടുക്കേണ്ടി വരും. ഇതിനിടയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ കുറിച്ചുള്ള ചില അപ്രിയ സത്യങ്ങള്‍ പറയാതെ വയ്യ.

ഇവിടെയുള്ള ഏഴ് സംസ്ഥാന തലസ്ഥാനങ്ങളില്‍ ആറിനും റെയില്‍ കണക്ടിവിറ്റി ഇല്ല. ഇറ്റാനഗര്‍, കൊഹിമ, ഷില്ലോംഗ് എന്നീ നഗരങ്ങള്‍ക്ക് വിമാനത്താവളമില്ല. വ്യോമസേനയുടെ ലാന്‍ഡിംഗ് ഏരിയകളാണ് ഇവര്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ ആശ്രയം. ആരോഗ്യ,വിദ്യാഭ്യാസ രംഗങ്ങളിൽ ഇന്നും പിന്നോക്കാവസ്ഥ നേരിടുന്നു.
തൊഴിലില്ലായ്മ രൂക്ഷമാണ്. 15 ലക്ഷത്തിലധികം അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ ഉണ്ടെന്നാണ് കണക്ക്. പെട്ടെന്ന് പണം നേടാന്‍ വിഘടനവാദമാണ് യുവാക്കള്‍ തിരഞ്ഞെടുക്കുന്നത്.

പരമ്പരാഗ കാര്‍ഷിക രീതികള്‍ പിന്തുടരുന്നതിനാല്‍ അതില്‍ നിന്നുമുള്ള വരുമാനം കുറവാണ്. 2500 കോടി രൂപയുടെ നിത്യോപയോഗ സാധനങ്ങളാണ് ഇവിടേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇത്തരം അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തി രാഷ്ടീയം വില്‍ക്കാന്‍ ശ്രമിക്കുന്ന ഭരണകൂടമാണ് ഏറ്റവും വലിയ ദുരന്തം.